UDF

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയ്ക്കുവേണ്ടി പ്രധാനമന്ത്രി എന്തു ചെയ്തു?



സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല വിഷയം കത്തിനിന്നപ്പോള്‍ പോലും പ്രതികരിക്കാതിരുന്ന മോദി ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും ശബരിമല വിഷയം പ്രസംഗിച്ചു നടക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയില്ല.

നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന മോദിക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ശബരിമല വിഷയത്തില്‍ ഉണ്ടായിരുന്നൈങ്കില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കുകയോ, പുന:പരിശോധനാ ഹര്‍ജി നല്കുകയോ ചെയ്യാമായിരുന്നു. ഏറ്റവുമധികം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സര്‍ക്കാരാണ് മോദിയുടേത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പോലും പുന:പരിശോധനാ ഹര്‍ജി നല്കിയപ്പോള്‍ ബിജെപിയും സിപിഎമ്മും നിശബ്ദത പാലിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബിജെപി നേതൃത്വം വഹിക്കുന്ന യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ ഹര്‍ജി നല്കിയ അന്നു മുതല്‍ ഒരു ദശാബ്ദമായി ബിജെപി വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ച് സത്യവാങ്മൂലം നല്കി അവരും വിശ്വാസികളെ വഞ്ചിച്ചു. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്കി വിശ്വാസികളോടൊപ്പം നിന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കാര്യം അന്നു പരസ്യപ്പെടുത്തുകപോലും ചെയ്തിരുന്നില്ല. കാരണം, യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ പവിത്രത തിരിച്ചറിയുകയും അവിടെ വിവാദമോ, കലാപമോ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

യുഡിഎഫിന്റെ സത്യവാങ്മൂലം തിരുത്തി പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയതോടെ വിശ്വാസികളുടെ മേല്‍ അവസാനത്തെ ആണിയും അടിച്ചു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. അതിനെ മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പല വഴികളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും അതു സുവര്‍ണാവസരം ആക്കിയതാണ് പ്രശ്നം വഷളാക്കാന്‍ കാരണം.

ശബരിമല വിഷയത്തില്‍ സ്ഥായിയായി വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് മാത്രമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തുറന്ന സംവാദത്തിന് തയ്യാറാണോ.