UDF

2016, ഡിസംബർ 31, ശനിയാഴ്‌ച

എണ്ണക്കമ്പനികളുടെ കൊള്ളലാഭം


ക്രൂഡോയിലിന്റെ വില പകുതിയിലേറെ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടുന്നത് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില പ്രകാരം പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കുമെന്നിരിക്കേ, വില വര്‍ധനവിനു പിന്നിലുള്ളത് സ്ഥാപിത താത്പര്യങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ഈ മാസം 16ന് പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന്റെ വില്‍പന നികുതി കൂടിയാകുമ്പോള്‍ പെട്രോളിന് ലിറ്ററിന് 72.32 രൂപയും ഡീസലിന് 61.05 രൂപയും ആകും.

യു പി എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ പെട്രോളിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു വില. അന്നത്തെ വിലയില്‍നിന്ന് ഇപ്പോള്‍ പെട്രോളിന് 2.10 രൂപയുടെ കുറവുണ്ട്. ഡീസലിന് 28 പൈസ വില കൂടുതലുമാണ്. അന്ന് ഒരു ബാരല്‍ ക്രൂഡോയിലിന് 112 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ക്രൂഡോയിലിന് 2016 ഡിസംബറില്‍ 53 ഡോളറാണ് വില. ഇതുമൂലം ഇവയുടെ ഇറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയില്‍ നിന്ന് 4.73 കോടി രൂപയായി കുറഞ്ഞു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാര്‍, ക്രൂഡോയിലിന്റെ വില പകുതിയിലധികം കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം പെട്രോളിനു വെറും 2.01 രൂപയുടെ കുറവും ഡീസലിനു 28 പൈസയുടെ വര്‍ധനയുമാണ്.

ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദന ചെലവ് ഏകദേശം 23 രൂപ 77 പൈസയാണ്. ഇതിന്റെ കൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍, വ്യാപാരികളുടെ കമ്മീഷന്‍, എണ്ണ കമ്പനികളുടെ ചെലവും ആദായവും എല്ലാം കൂട്ടിയാലും പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഇത്തരമൊരു നടപടി ശ്ലാഘിക്കപ്പെടുമായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് പെട്രോളിനും ഡീസലിനു യഥാക്രമം 2.21 രൂപയും 1.79 രൂപയും വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്ര നിലപാട്.യു പി എ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ ദിവസം കട്ട് ഓഫ് ഡേറ്റായി എടുക്കാന്‍ തയ്യാറായാല്‍ ജനങ്ങള്‍ക്ക് അത് വലിയ ആശ്വാസം നല്‍കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനും സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറക്കാനും വേണ്ടി പെട്രോള്‍, ഡീസല്‍ വില വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.