UDF

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

നീതി ആയോഗ്: സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു



നീതി ആയോഗ് യോഗത്തില്‍ കേന്ദ്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ രൂക്ഷ വിമര്‍ശം

സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രൂക്ഷ വിമര്‍ശനമുയര്‍ത്തി. 14ാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. 

നീതി ആയോഗിന്റെ ആദ്യയോഗത്തില്‍ എഴുതി തയ്യാറാക്കിയ ഏഴുപേജുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന യോഗത്തെക്കുറിച്ച് ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാനത്തെ അറിയിച്ചത്. ഇതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും പ്രസംഗത്തിന്റെ ആമുഖത്തില്‍ തന്നെ മുഖ്യമന്ത്രി ആരോപിച്ചു. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നിവ സംസ്ഥാനത്തിന് ആവശ്യമില്ലാത്തവയാണ്. 

സ്മാര്‍ട് സിറ്റി, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെക്കുറിച്ച് വ്യക്തതവരുത്തണം. ഇതിനെക്കുറിച്ച് കാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തശേഷം അറിയിക്കും. നബാര്‍ഡ് ലോണ്‍ ക്ഷീര, മത്സ്യകര്‍ഷകര്‍ക്കകൂടി ലഭ്യമാക്കണം. കബോട്ടാഷ് നിയമത്തില്‍ പത്ത് വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും അ്‌ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ കുടുംബശ്രീ, ആശ്രയ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന ശുപാര്‍ശയും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ട് വെച്ചു.