UDF

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

അതിവേഗം, ബഹുദൂരം: വിശ്രമരഹിതയാത്രയുമായി മുഖ്യമന്ത്രി


വടകര: സര്‍വകക്ഷിയോഗം കഴിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ വടകരയില്‍നിന്ന് മടങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കാലത്ത് ഏഴരയ്ക്ക് വീണ്ടും നാദാപുരം തൂണേരിയിലെത്തിയപ്പോള്‍ പോലീസുദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരും അമ്പരന്നു, 'എന്തൊരു സ്പീഡ്...!'

വടകരയില്‍ സമാധാനയോഗത്തില്‍ പങ്കെടുക്കുക എന്ന മുഖ്യലക്ഷ്യത്തോടെ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തലസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. വഴിമധ്യേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ഒരു ശവമടക്കം, ഏതാനും പൊതുപരിപാടികള്‍. അതുകഴിഞ്ഞ് വൈകീട്ട് ഏഴോടെ കോട്ടയം പഴയ സെമിനാരിയില്‍ ഒരു ചടങ്ങ്. എല്ലാം കഴിഞ്ഞ് വിശ്രമത്തിനായി എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ രാത്രി പത്തര. 

ശനിയാഴ്ച കാലത്ത് ആറരയോടെ മന്ത്രി തിരുവഞ്ചൂരിനൊപ്പം മോഹന്‍ലാലിന്റെ വീട്ടിലെത്തി. 'ലാലിസം' വിവാദങ്ങളുമായി ബന്ധപ്പെട്ട് അല്പനേരം ചര്‍ച്ച. എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ചു. ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കോഴിക്കോട് നഗരത്തില്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ അമ്മയുടെ നില ഗുരുതരമാണെന്നറിഞ്ഞ് അങ്ങോട്ടേക്ക്. അതുകഴിഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫിന്റെ അനൗദ്യോഗിക നേതൃയോഗം. നാദാപുരം സംഭവങ്ങള്‍ സംബന്ധിച്ച ആശയവിനിമയം. 

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്‍ വടകരയിലേക്കു പറപറന്നു. കൃത്യം പതിനൊന്നിനുതന്നെ സമാധാനയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം വടകര താലൂക്കോഫീസിലെത്തി. രണ്ടോടെ കരിപ്പൂരിലെത്തേണ്ടതിനാല്‍ യോഗം വേഗം തീര്‍ക്കണമെന്ന് അദ്ദേഹം നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിലെ ചര്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി സമയനിബന്ധന മറന്നു. മുഴുവന്‍സമയവും യോഗത്തിലിരുന്ന് പത്രസമ്മേളനവും നടത്തിയാണ് തിരികെപ്പോയത്. ബി.ജെ.പി. ഹര്‍ത്താല്‍ കാരണം അന്നുപേക്ഷിച്ച നാദാപുരം യാത്ര വൈകാതെ നടത്താമെന്ന ഉറപ്പുനല്‍കിയശേഷമായിരുന്നു മടക്കം. രണ്ടാം ദിവസം പുലരുമ്പോഴേക്കും അദ്ദേഹം വീണ്ടും തൂണേരിയില്‍ ഹാജരായപ്പോള്‍ അദ്ഭുതം സ്വാഭാവികം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് വടകരയില്‍നിന്ന് പോയ മുഖ്യമന്ത്രി കരിപ്പൂരില്‍നിന്നു വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് നേരേ ഡല്‍ഹിയിലേക്ക്. രാത്രി ഒമ്പതോടെ തലസ്ഥാനനഗരത്തിലെത്തി. 'നീതി ആയോഗ്' യോഗത്തില്‍ കേരളത്തിനുവേണ്ടി അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം ചര്‍ച്ച. ഞായറാഴ്ച കാലത്ത് നീതി ആയോഗ് യോഗത്തില്‍ പ്രസംഗിച്ച് ഉച്ചയ്ക്കുതന്നെ മടക്കം. വൈകീട്ട് നാലേകാലോടെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കോട്ടയം പരേഡ് ഗ്രൗണ്ട്. നെഹ്രു സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഒരുക്കിയ സ്വീകരണത്തിലും രാത്രി സംസ്ഥാനസര്‍ക്കാര്‍ ബാവയ്ക്കു നല്‍കിയ അത്താഴവിരുന്നിലും പങ്കെടുത്തു. പിന്നാലെ മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്കു തിരിക്കാനുള്ള പരിപാടി പൊളിഞ്ഞു. അത്താഴവിരുന്നുകഴിഞ്ഞ് എത്തുമ്പോഴേക്കും വണ്ടി പോയിരുന്നു. തുടര്‍ന്ന് 12 മണിക്കുള്ള മംഗലാപുരം എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക്. 

തിങ്കളാഴ്ച രാവിലെ 6.05-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലെത്തുമ്പോള്‍ 6.22. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമയം 6.50. കൊലപാതകവും മറ്റ് അതിക്രമങ്ങളും നടന്ന തൂണേരിയില്‍ മുഖ്യമന്ത്രി 7.40 കഴിയുമ്പോഴേക്കുമെത്തി. കൊല്ലപ്പെട്ട ഷിബിന്റെ വീടും തകര്‍ക്കപ്പെട്ട വീടുകളും കണ്ടശേഷം അവലോകനയോഗവും നടത്തി മുഖ്യമന്ത്രി വയനാട്ടിലേക്കുതിരിക്കുമ്പോള്‍ പത്തര. 

വയനാട്ടില്‍ ആറു പരിപാടികള്‍ കഴിഞ്ഞ് പൂക്കോട്ടുനിന്ന് എടപ്പാളിലേക്ക് തിരിക്കുമ്പോള്‍ അഞ്ചരകഴിഞ്ഞു. എടപ്പാളില്‍ പൊതുപരിപാടിയും കഴിഞ്ഞ് നെടുമ്പാശ്ശേരിയിലേക്ക്, അവിടെനിന്ന് തലസ്ഥാനത്തേക്കും...