UDF

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പെട്രോളിന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാവുന്ന സാഹചര്യം


വാളാട്(വയനാട്): യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് അസംസ്‌കൃത എണ്ണയുടെ വില മൂന്നില്‍ ഒന്നായി കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിന് നിലവിലുള്ള വിലയില്‍ നിന്ന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാന്‍ സാധിക്കുമന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പി.കെ. ഷൈബിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കണ്ണില്‍ യു.പി.എ സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിച്ചവരും മോദി സര്‍ക്കാര്‍ എണ്ണ വില കുറച്ചവരുമാണ്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ മറ്റ് വഴികളൊന്നും ഇല്ലാതായപ്പോഴാണ് യു.പി.എ സര്‍ക്കാര്‍ എണ്ണ വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് എം.പി മാരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് തവണ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി താഴെയങ്ങാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ്സ്‌റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.