UDF

Oommen Chandy

Peopels OC

Oommen Chandy

With Prince Charles

Oommen Chandy

CM's Mass Contact Program

Saturday, October 15, 2016

ഇ.പി ജയരാജന്റെ രാജി മറ്റുവഴികള്‍ ഇല്ലാത്തതിനാൽ


ഇപി ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. മറ്റു വഴികളില്ലാത്തതിനാലാണ് അദ്ദേഹം രാജി വെച്ചത്. രാജിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസിനെ ധാര്‍മികതയുടെ പേരില്‍ ഉപദേശിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരവകാശവും ഇല്ല.

രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോഴാണ് ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചത്. ഇതിനേക്കാളും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോഴും പാര്‍ട്ടി അതിനെ ന്യായീകരിച്ചും അനുകൂലിച്ചുമാണ് നിന്നിട്ടുള്ളത്.

ഇന്നത്തെ നടപടിയുടെ പേരില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള കോടിയേരിയുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. 


കഴിഞ്ഞ യൂ. ഡി. എഫ്. സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങൾ അന്വേഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ആ അന്വേഷണത്തെയും ഏക സ്വരത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിന്റെ പേരിൽ യൂ. ഡി. എഫ്. നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ എതിർക്കുക തന്നെ ചെയ്യും. 
Tuesday, October 11, 2016

സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റ്


സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടി പൊറുക്കാനാവാത്ത തെറ്റ്.  കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണ്.

ഇപ്പോൾ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുന്നു. അക്രമം കാണിച്ചാലും പൊതുമുതൽ നശിപ്പിച്ചാലും കേസ് എടുക്കുന്നത് മനസിലാക്കാം എന്നാൽ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുക എന്നാൽ ഇവിടെ പ്രതിഷേധിക്കാൻ അവകാശം ഇല്ല എന്നാണോ? വാ മൂടിക്കെട്ടി പോകണം എന്നാണോ? കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും   ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. കഴിഞ്ഞ അഞ്ചു വർഷം ഇവർ ചെയ്തത് എന്തെന്ന് മറക്കരുത്. ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുത്തു ആണ് മുന്നോട്ടു പോകുന്നതെങ്കിൽ അതിനു  എതിരെയും ശക്തമായീ പ്രതികരിക്കും.

#OommenChandy


Saturday, October 8, 2016

പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രം


സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീ ഏ.കെ. ആന്റണിയുടെ കാലത്തെ കരാറാണെന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രമാണ്.

സ്വാശ്രയ മേഖലയ്ക്ക് പച്ചക്കൊടി കാണിക്കുവാനുള്ള ശ്രീ ഏ.കെ. ആന്റണിയുടെ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തു ഉണ്ടാക്കിയ വൻപിച്ച മാറ്റം കേരളം എന്നും നന്ദിയോടുകൂടി സ്‌മരിക്കുകതന്നെ ചെയ്യും.

വിദ്യാഭ്യാസ രംഗത്തു ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ചു വർദ്ധിച്ച സൗകര്യങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിന് കഴിയാതെ പോയതുമൂലം ഉന്നത വിദ്യാഭാസം തേടി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിട്ടു പോകേണ്ട ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആന്റണി സർക്കാർ തീരുമാനിച്ചത്. 2001-വരെ കേരളത്തിൽ ആകെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജും 12 എഞ്ചിനീയറിംഗ് കോളേജും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ഇപ്പോൾ 24 സ്വാശ്രയ മെഡിക്കൽ കോളേജുകളും 119 എഞ്ചിനീയറിംഗ് കോളേജുകളും ഒട്ടനവധി നഴ്സിംഗ്, ഫർമസി, മാനേജ്‌മന്റ് സ്റ്റഡീസ് സ്ഥാപനങ്ങളും ഉണ്ടായതിന് കാരണം ആന്റണി സർക്കാരിന്റെ തീരുമാനമാണ്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി സർക്കാരിന്റേത് തന്നെയാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചർച്ചകൾക്ക് പോയതുമൂലം മാനേജ്മെന്റിന്റെ അമിതമായ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടി വന്നു. തങ്ങൾക്കു ലഭിച്ച ഫീസ് വർദ്ധനവ് അമിതമാണെന്ന ധാരണ മൂലമാണ് മാനേജ്‌മന്റ് തന്നെ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് . എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കൂടുതൽ ആനുകൂല്യം നഷ്ട്ടപ്പെടുത്തിയത്.Thursday, October 6, 2016

'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് മുഖ്യമന്ത്രിക്കു പറ്റിയതല്ല


പിണറായി വിജയൻ എന്ന വ്യക്തിക്ക് 'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് ആകാമെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ആ നയം തുടരുന്നതു ശരിയല്ലാ, ജനാധിപത്യ വ്യവസ്ഥിതിയിൽ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാര്യങ്ങൾ തിരുത്തണം. മാനേജ്മെന്റുകളുമായി കരാറിൽ ഒപ്പിട്ടു പോയെന്നും ഫീസ് കുറയ്ക്കാനാകില്ലെന്നുമാണ് ഇതു വരെ പറഞ്ഞിരുന്നത്. എങ്കിൽ, ഇപ്പോൾ മാനേജ്മെന്റുകൾ കുറയ്ക്കാൻ തയാറാണെന്നു പറയുമ്പോൾ അത് അംഗീകരിക്കേണ്ടതല്ലേ..

Wednesday, September 28, 2016

മദ്യനയം മാറ്റുമെന്നു കരുതുന്നില്ല


മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നില്ല. മാറ്റം വരുത്തിയാൽ ജനസമൂഹം ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മുൻ സർക്കാരിന്റെ മദ്യനയം തെറ്റാണെന്നു വരുത്താനായി ഓണക്കാലത്തു മദ്യം കൂടുതൽ വിറ്റതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷവും അതിനു മുമ്പത്തെ വർഷവും ഓണക്കാലത്തു മദ്യവിൽപന കുറഞ്ഞിരുന്നു. പിന്നെ ഈ വർഷം കൂടിയതെങ്ങനെയാണ്. മദ്യനയം തിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. 

Monday, September 26, 2016

കേരളത്തില്‍ ബി.ജെ.പി.ക്ക് മുന്നോട്ടുപോവാന്‍ പരിമിതികളുണ്ട്


കേരളത്തില്‍ നിലനില്‍ക്കുന്നത് സൗഹാര്‍ദപരമായ സാഹചര്യമാണ്. അത് മറികടക്കാന്‍ ബി.ജെ.പി.ക്ക് കഴിയില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടു. 

കോണ്‍ഗ്രസ്സുകാര്‍ ദേശീയതലത്തിലും സംസ്ഥാനത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് കോണ്‍ഗ്രസ്സിന് മുന്നോട്ട് പോവാന്‍ കഴിയും. 

പട്ടിണിരാജ്യമായ സൊമാലിയയെന്നു കേരളത്തെ വിളിച്ച പ്രധാനമന്ത്രി ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചതിൽ അഭിമാനമുണ്ട്. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും പ്രധാനമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളിൽ ഇതിനോടകംതന്നെ രാജ്യത്തെ മുൻനിര സംസ്ഥാനമാണ് കേരളം. സാമ്പത്തികവളർച്ച രംഗത്തും സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് കരുതുന്നു.

കേരളത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിനു നന്ദി. 

Friday, September 23, 2016

സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പാഠ്യവിഷയമാക്കണം

ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. 

കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നസ്വരം ഉയരാതിരിക്കാൻ കാരണം ശ്രീനാരായണഗുരു ദർശനത്തിന്റെ സ്വാധീനമാണ്. 

ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തിയോടെ ഉൾകൊള്ളേണ്ട കാലഘട്ടത്തിൽ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാവില്ല.

ജനങ്ങൾ ജാതി- മത ചിന്തകൾക്ക് അതീതമായി ശ്രീനാരായണഗുരുവിനെ ഉൾക്കൊള്ളാനും അദ്ദേഹത്തിന്റെ ദർശനങ്ങൾ സ്വീകരിക്കാനും തയാറായതു ശ്രീനാരായണഗുരു ദർശനങ്ങളുടെ നേട്ടം തന്നെയാണ്. പുതുതലമുറയിൽ ശ്രീനാരായണഗുരു ദർശനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചുവരികയാണ്.

നമുക്കു ജാതിയില്ലെന്ന ശ്രീനാരായണഗുരുവിന്റെ വിളംബരമുണ്ടായിട്ടു നൂറു വർഷം കഴിഞ്ഞിട്ടും അതിപ്പോഴും പ്രസക്തമാകുന്നത് ഇതുമൂലമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യ പദ്ധതിയിൽ ശ്രീനാരായണഗുരുദർശനം ഉൾപ്പെടുത്തിയിരുന്നു.സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പഠന വിഷയമാക്കേണ്ടതുണ്ട്. 

Tuesday, September 20, 2016

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം

ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കോട്ടയം ജില്ലാ തല പാലിയേറ്റിവ് കെയർ സെമിനാറും പ്രവർത്തക യോഗവും ഉത്ഘാടനം ചെയ്യുന്നു.

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. അനൂകുല്യങ്ങൾക്കു അർഹതയുണ്ടങ്കിലും പലർക്കും വേണ്ട വിധം പരിഗണന കിട്ടാറില്ല. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരാനും ദുരിതങ്ങളിൽ സഹായിക്കാനും പൊതു സമൂഹത്തിനു കഴിയണം. ദുരിത ബാധിതരോട് സഹതാപത്തിനപ്പുറം അവരുടെ ആവശ്യങ്ങൾ കണ്ടെത്തി സഹായിക്കുകയാണ് നമ്മുടെ കടമ.  Monday, September 19, 2016

സൗമ്യ വധം: കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച


സൗമ്യവധക്കേസ് സുപ്രിം കോടതിയില്‍ നടത്തിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. കേസ് നടത്തിപ്പില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഏകോപനത്തോടെയുള്ള സമീപനം സ്വീകരിച്ചില്ല. 

വീഴ്ച വരുത്തിയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. കേസിന്റെ ഗൗരവം മുഖ്യമന്ത്രിയെ  നേരിട്ട് ധരിപ്പിക്കും. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാത്തത് കേസില്‍ തിരിച്ചടിയായിട്ടുണ്ട്. 


വധശിക്ഷക്കെതിരായ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ നിലപാട് സുപ്രിം കോടതി വിധിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്‌.  വി.എസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ജനരോഷം തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. Friday, September 16, 2016

യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ കേസ് നടത്തിയത് ജാഗ്രതയോടെ


യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. സൗമ്യയുടെ അമ്മ സുമതിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. അമ്മയുടെ ഹിതപ്രകാരമുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. എ സുരേഷിനെ നിയോഗിച്ചത്.

വിചാരണ കോടതിയില്‍ നടന്ന ഏഴുമാസം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് ടീമും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവിടെയുള്ള മുതിര്‍ന്ന അഭിഭാഷകനെ സഹായിക്കാന്‍ അഡ്വ. സുരേഷിനെ ചുതതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. 

കേസ് നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പിന്നീട് നഷ്ടപ്പെട്ടു. കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കഠിനാധ്വാനം പാഴായി. അഡ്വ.സുരേശന്റെ സഹായം തേടണമെന്ന ഉത്തരവ് നടപ്പായില്ല.  സര്‍ക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി.