UDF

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.