UDF

2018, ജനുവരി 15, തിങ്കളാഴ്‌ച

പാസ്പോർട്ട് പരിഷ്ക്കരണം: വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ വിവേചനപരവും, പ്രതിഷേധകരവുമാണ്.



പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ് . നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്റെയും മറ്റും പേരിൽ പുനർജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിചേമതിയാകൂ. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.