UDF

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

ഇതു ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം


ശ്രീ അഹമ്മദ് പട്ടേലിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ചീഫ് ഇലക്ഷൻ കമ്മീഷണർ എടുത്ത നീതിപൂർവമായ തീരുമാനം സ്വതന്ത്ര ഇന്ത്യയിലെ തിളക്കമാർന്ന അദ്ധ്യായമാണ്.

പക്ഷേ നമ്മളെ എല്ലാം ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത ഗുജറാത്ത് രാജ്യസഭ ഇലക്ഷനിൽ കാണേണ്ടതുണ്ട്. ജയിക്കുവാൻ ആവശ്യമായ വോട്ട് ഇല്ലെന്നു വ്യക്തമായി അറിഞ്ഞിട്ടും ജനാധിപത്യ മര്യാദകളെ പരസ്യമായി വെല്ലുവിളിച്ചു രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രസിഡന്റ് തന്നെ നേരിട്ട് കുതിരക്കച്ചവടത്തിന് നടത്തിയ ശ്രമങ്ങളും അതിന്റെ പിന്നിലെ നാടകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണ്.

ഈ ഇലക്ഷൻ ഭാവിയിൽ രാജ്യം നേരിടുവാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും പണമൊഴുക്കിയും ഭരണസ്വാധീനങ്ങൾ ദുർവിനിയോഗിച്ചും രാഷ്ട്രീയ പ്രതിയോഗികളെ നേരിടുവാൻ രാജ്യം ഭരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്ന് നാം കണ്ടു.

ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുവാൻ ഗാന്ധിജി ആജ്ഞാപിച്ചതിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അതേ ജാഗ്രത ഇന്നും പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ബിജെപി ദേശീയാധ്യക്ഷൻ രാജ്യത്തെ ബോദ്ധ്യ- പ്പെടുത്തിയിരിക്കുന്നത്. നന്ദി, അമിത്ഷാ.

എല്ലാ തടസങ്ങളേയും തട്ടിനീക്കി വിജയിച്ച അഹമ്മദ് പട്ടേലിനു അഭിനന്ദനങ്ങൾ. താങ്കൾ അഞ്ചാം തവണ നേടിയ രാജ്യസഭാ അംഗത്വം ജനാതിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. രാഷ്രീയ കുതിരക്കച്ചവടത്തേയും പണത്തിന്റെ ശക്തിയേയും അതിജീവിക്കാൻ ജനാധിപത്യ ശക്തികൾക്ക് താങ്കളുടെ വിജയം കരുത്ത്‌ പകരുക തന്നെ ചെയ്യും.