UDF

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഹൊസൂര്‍ തീവണ്ടി അപകടം: നടപടികള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: െബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ ദുരന്തത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കി.

തലസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചു. റെയില്‍വേ ഡിവിഷണല്‍ മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടസ്ഥലത്തെത്തിയ കര്‍ണാടക അധികൃതരുമായും അദ്ദേഹം ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.

അപകടത്തില്‍പ്പെട്ട മലയാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും സ്ഥലത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുമായിരുന്നു ശ്രമം. ഇതിനായി റവന്യൂ- പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരില്‍ എത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 

മലപ്പുറം ജില്ലാ കലക്ടറോടും എറണാകുളം റേഞ്ച് ഐ.ജി.യോടും സംഭവ സ്ഥലത്ത് നേരിട്ടു പോയി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കര്‍ണാടക ആഭ്യന്തരമന്ത്രിയുമായി പല തവണ ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ച ഉടനെയാണ് അപകടം നടന്ന സ്ഥലത്തുപോയി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ചുമതലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രികളും സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. 

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്‍ട്രോള്‍ റൂം അടിയന്തരമായി തുറന്നു. നോര്‍ക്കയും കണ്‍ട്രോള്‍ റൂം തുറന്നു. നോര്‍ക്കയുടെ െബംഗളൂരുവിലെ ഓഫീസര്‍ ട്രീസ തോമസിനോട് അപകട സ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. 

പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹൊസൂരിലേക്ക് അയ്ക്കാനും ഇതിനിടെ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെ ആശുപത്രികളില്‍ എത്തുന്നതിന് ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.