UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2022, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിച്ചു

 


ലക്ഷക്കണക്കിന് പ്രവാസികള്‍ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ നാമമാത്രമായ നടപടികള്‍ പോലും സ്വീകരിച്ചില്ല.

ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇന്‍ഷ്വറന്‍സ് പോലെ ചില പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു പറയേണ്ടി വന്നത്. പ്രവാസി ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനോ യു.ഡി.എഫ്. തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളോടും മറുനാടന്‍ മലയാളികളോടും ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടിയ അവഗണന മറക്കാന്‍ സാധിക്കില്ല.

നിതാഖത്ത് മൂലം മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണ്ടി സമഗ്രമായ പുനരധിവാസ പദ്ധതിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ 2014-ല്‍ നടപ്പിലാക്കിയത്. മടങ്ങിവന്ന പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ഏര്‍പ്പെടുത്തി. ‘ചെയര്‍മാന്‍ ഫണ്ട്’ പദ്ധതി മുഖേന സാമ്പത്തിക ആനുകൂല്യങ്ങളും മരിച്ചവരുടെ ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘സ്വപ്നസാഫല്യം’ പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി. തിരിച്ചെത്തിയവര്‍ക്ക് നൈപുണ്യ പരിശീലന പദ്ധതിയും യുഡിഎഫ് നടപ്പിലാക്കി.

ഇറാഖിലും ലിബിയയിലും യുദ്ധം ഉണ്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നേഴ്‌സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്.

യു.ഡി.എഫ്. സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍.ആര്‍.കെ. മീറ്റില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘പ്രവാസി ഭാരതീയ ദിവസ്’ കോണ്‍ഫറന്‍സിന് 2013-ല്‍ കൊച്ചിയില്‍ ആദ്യമായും അവസാനമായും ആതിഥ്യമരുളുക വഴി പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞു.

പ്രവാസികാര്യ മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയ മോഡി സര്‍ക്കാരും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രവാസികള്‍ക്ക് പുതിയ പദ്ധതികളോ, ആനുകൂല്യങ്ങളോ നടപ്പിലാക്കാത്ത ഇടതുമുന്നണി സര്‍ക്കാരും പ്രവാസികളുടെ ആവശ്യങ്ങളോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അത് മൂടിവയ്ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്ത് വന്നത്.



2022, ജൂൺ 13, തിങ്കളാഴ്‌ച

'കറുത്ത മാസ്ക് പോലും പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'

 

 പുതുപ്പള്ളിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ..


പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി..

ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല...

കല്ലേറ് ഉൾപ്പെടെ ഇടതുപക്ഷം എനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും ഇതുപോലെ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല..

ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ഇത്തരം സുരക്ഷ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്..

2022, മേയ് 13, വെള്ളിയാഴ്‌ച

കടത്തിൽ മുങ്ങുന്ന കേരളത്തിൽ സർക്കാർ പരസ്യങ്ങൾക്ക് 100 കോടി ധൂര്‍ത്ത്

 

തൃക്കാക്കര UDF സ്ഥാനാർത്ഥി ശ്രീമതി ഉമാ തോമസിൻ്റെ തൃക്കാക്കര നേർത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു 

ജീവനക്കാർക്ക് ശബളം നൽകാനോ, പദ്ധതികൾ നടത്താനോ പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ എത്തിച്ചു എന്നതാണ് 6 കൊല്ലത്തെ പിണറായി ഭരണം കൊണ്ട് ഉണ്ടായ നേട്ടം.

പാർട്ടി സഖാക്കളുടെ കേസ് നടത്തിപ്പുകൾക്കുള്ള വക്കീൽ ഫീസിനും, പണിയില്ലാത്ത പാർട്ടി സഖാക്കൾക്ക് ലക്ഷങ്ങളുടെ ശബള തസ്തികകൾ സൃഷ്ടിച്ച് ജോലി നിയമനങ്ങൾ നടത്തിയും പൊതു ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം വാർഷീക ആഘോഷങ്ങൾക്കായി 100 കോടി രൂപയാണ് ചിലവാക്കുന്നത്. ഈ ധൂർത്തിൻ്റെ മറവിൽ പൊതു പണം പാർട്ടിക്കാർ വീതം വച്ച് എടുക്കുകയാണ്.

പെട്രോളിയം വില വർധനവിൻ്റെ മറവിൽ ജനങ്ങളുടെ ചുമലിൽ അധിക നികുതിദാരം അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാതെ കണ്ണടച്ച് കുടിക്കുന്ന പാല് ജനങ്ങളുടെ കണ്ണീരാണെന്നത് മറക്കേണ്ട. സംസ്ഥാനം വിചാരിച്ചാൽ ഗ്യാസിനും , പെട്രോളിയത്തിനും മാന്യമായ ഇളവ് അനുവദിക്കാനാകും.

എക്കാലത്തും വികസന വിരുദ്ധ സമരം നയിച്ചവർ സംസ്ഥാനത്തെ എത്ര ട്രാൻസ്പോർട്ട് ബസ്സുകളും, സർക്കാർ വാഹനങ്ങളും തകർത്തിട്ടുണ്ടെന്ന് ഓർക്കണം. അതെല്ലാം തന്നെയാകട്ടെ സംസ്ഥാനത്ത് വികസന പരിപാടികൾ പാടില്ലെന്നും നടത്തിക്കില്ലെന്നും പറഞ്ഞ് നടത്തിയിട്ടുള്ളതാണ്.

ഉമാ തോമസ് തൃക്കാക്കരക്കാരിയാണ്. തികഞ്ഞ മതനിരപേക്ഷതയാണ് അവരുടെ രക്തം. ജനങ്ങൾക്ക് നന്നായി നേരിട്ടറിയാവുന്ന പൊതുuപ്രവർത്തക കൂടിയാണ്. ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ജനങ്ങടെ ഈ ആവശ്യത്തിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്. അതു കൊണ്ട് തന്നെ ദുർഭരണത്തിൻ്റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും.

ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം. അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്. ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള എൻ്റെ താഴ്മയായ അഭ്യർത്ഥന.




2022, മേയ് 12, വ്യാഴാഴ്‌ച

തൃക്കാക്കരയില്‍ യുഡിഎഫ് ബഹുദൂരം മുന്നിൽ

 


ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.

എതിരാളികള്‍ പോലും അംഗീകരിക്കുന്ന പി ടി തോമസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് തൃക്കാക്കരക്കാര്‍ നല്‍കുന്ന ആദരം കൂടിയാവും ഈ തിരഞ്ഞെടുപ്പ്. ഉമാ തോമസിനെ മുന്നില്‍ നിര്‍ത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാന്‍ കൂടിയാണ്. കാരണം, രാഷ്ട്രീയമായി യുഡിഎഫിന്റെ അടിത്തറ ശക്തമായ തൃക്കാക്കരയില്‍ കൂടുതല്‍ വോട്ടു സമാഹരിക്കാന്‍ ഉമയ്ക്ക് സാധിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹത്തില്‍ വീര്‍പ്പ്മുട്ടുന്ന ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി തന്നെയാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്. കെ-റെയിലിന്റെ പേരില്‍ പരിസ്ഥിതിയെയും ജനതയെയും ദ്രോഹിക്കുന്നതിനെതിരെ, കൊച്ചി മെട്രോ തൃക്കാക്കര വരെ നീട്ടുമെന്ന വാഗ്ദാനം പാഴാക്കിയതിനെതിരെ, നിഷ്‌ക്രിയമായ സംസ്ഥാന ഭരണത്തിനെതിരെ, സ്വജനപക്ഷപാതിത്വത്തിനെതിരെ, തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളെ മറന്ന ഭരണാധികാരികള്‍ക്കെതിരെ കേരളീയ പൊതുസമൂഹത്തിന് പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കരയില്‍ ഒരുങ്ങുന്നത്.

 ഒന്നായി ജീവിക്കുന്ന, ഒരുമയോടെ കഴിയുന്ന നമ്മുടെ ഇടയില്‍ മതവൈര്യം വളര്‍ത്താനും വര്‍ഗീയത കുത്തിവെച്ച് സമൂഹമനസ്സിനെ വിഷമയമാക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനും ചില സംഘടനകള്‍ ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ തൃക്കാക്കരയില്‍ സാധിക്കണം.
 ഉമാ തോമസിനുവേണ്ടി ഞങ്ങളെല്ലാം തൃക്കാക്കരയില്‍ മുന്നോട്ടുവെക്കുന്നതും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാവും.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി തരംപോലെ വര്‍ഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഗുരുവായൂരും തിരൂരങ്ങാടിയിലും ഉള്‍പ്പെടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇത്തരം തന്ത്രങ്ങള്‍ അവര്‍ പയറ്റിയിട്ടുണ്ട്. അത്തരം ചൂണ്ടയില്‍ പ്രവര്‍ത്തകര്‍ ആരും കൊത്താതിരിക്കാനുള്ള ജാഗ്രത പാലിക്കണം. കാരണം, തിരഞ്ഞെടുപ്പിന് ശേഷവും കേരളം കേരളമായ് നില്‍ക്കണം.

 സ്ഥാനാര്‍ത്ഥി നിര്‍ണയവുമായ് ബന്ധപ്പെട്ട് സിപിഎമ്മിലുയര്‍ന്ന വിവാദങ്ങള്‍ അവരെ പരിഭ്രാന്തരാക്കിയിരിക്കയാണ്. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

 വിവാദങ്ങളില്‍ ഭാഗമാകാതെ, യുഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രചാരണം നടത്തി, മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ തൃക്കാക്കര നിലനിര്‍ത്തും.




ഇന്ധന വില: അന്നും ഇന്നും നികുതി എത്ര?

 


ഇന്ധന നികുതിയില്‍ (Fuel Tax)  സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി  ജനങ്ങളെ പറ്റിക്കുകയാണ്. പെട്രോളിന് 57.67ഉം  ഡീസലിന് 58.29ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് തത്തുല്യമായ  നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തിയിട്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുന്നത്. മൊത്തം ഇന്ധന വിലയുടെ പകുതിയിലധികം കേന്ദ്ര- സംസ്ഥാന നികുതികളായിരിക്കെ അതു ജനങ്ങളില്‍നിന്ന് മറച്ചുവച്ച് കീശവീര്‍പ്പിക്കുന്ന ചക്കളത്തിപ്പോരാട്ടമാണ് ഇരുവരും നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി  നാല് തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. കേന്ദ്രം വിലകൂട്ടിയപ്പോള്‍ നാലു തവണ കേരളം വിലകുറച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി കണ്ടു. ഏത് സര്‍ക്കാരാണ് ആണ് ഇപ്രകാരം കുറവ് നല്‍കിയതെന്ന് പറയാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കണം. ഇത്തരം പാഠങ്ങളൊന്നും ഗുജറാത്തില്‍ പോയാല്‍ പിണറായി സര്‍ക്കാരിന് പഠിക്കാനാകില്ല.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 21.80 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് ആറ് മടങ്ങുമാണ് വര്‍ധന! ഇതാണ് കേന്ദ്രത്തിന്റെ പകല്‍ക്കൊള്ള. എന്നിട്ടാണ് നേരിയ ആശ്വാസം നല്‍കി സത്യത്തിനു മറയിടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില  കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നതിന്  ആനുപാതികമായി  സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. വിവിധ നികുതികളിലായി   സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയും കിട്ടുന്നു. കേന്ദ്രത്തേക്കാള്‍ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ പകല്‍ക്കൊള്ള.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് 1,25,000 കോടി രൂപ സബ്‌സിഡി നല്‍കിയാണ് ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളര്‍ മാത്രമാണ്. പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 103 രൂപയുമായി കുതിച്ചു കയറിയത്  കേന്ദ്രം സബ്സിഡി നല്‍കുന്നില്ല എന്നതിനാലാണ്. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു നല്‍കുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണ്‌.  


(29-April 2022)

2022, ഏപ്രിൽ 11, തിങ്കളാഴ്‌ച

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

 

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമീപവാസി രത്നമ്മ കണിക്കൊന്ന പൂക്കൾ നൽകി സ്വീകരിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം.


സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിലവിലെ റെയിൽവേ ട്രാക്കിലൂടെ മുംബൈ സബർബൻ ടെയിൻ സർവീസുമായി സഹകരിച്ച് ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം ഉപയോഗിച്ച് ടെയിൻ ഓടിക്കുകയും വളവുകൾ നിവർത്തുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ പറയുന്ന കോടികളുടെ പകുതി പോലും ചെലവുണ്ടാകില്ല. 

ഞാൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് സിൽവർലൈൻ പദ്ധതിക്കു തുടക്കമിട്ടതെന്നു ചിലർ പറഞ്ഞു നടക്കുന്നുണ്ട്. അത് അവാസ്തവമാണ്. രാഷ്ട്രീയം നോക്കാതെ ജനം ഈ പദ്ധതിക്ക് എതിരെ മുന്നോട്ടുവരണം.

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.






2022, ഏപ്രിൽ 5, ചൊവ്വാഴ്ച

'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം

 


'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' എന്നതാണ് കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.

നിങ്ങള്‍ എത്ര ശ്രമിച്ചാലും എന്നെ വിവാദത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കേണ്ട. ഐഎന്‍ടിയുസി കോണ്‍ഗ്രസില്‍ എന്താണെന്ന് ബന്ധപ്പെട്ടവര്‍ പറയും.



2022, മാർച്ച് 25, വെള്ളിയാഴ്‌ച

സിൽവർലൈൻ ജനകീയ പ്രതിഷേധം; യൂ.ഡി.എഫ് എംപിമാരെ തല്ലിച്ചടച്ച പോലീസ് നടപടി അപലനീയം

 


സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

സമാധാനപരമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ ആക്രമിച്ചത് ഫാസിസ്റ്റ് നിലപാടാണ്. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ രമ്യാ ഹരിദാസ് എംപിയെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച സന്ദർഭത്തിൽ തന്നെയാണ് എംപിമാർക്കെതിരെ കിരാതമായ അക്രമം നടന്നത്. അക്രമം അഴിച്ചുവിട്ടു മർദ്ദിച്ച് ഒതുക്കിയും ആർക്കും വേണ്ടാത്ത കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാമെന്ന് സർക്കാർ ധരിക്കരുത്. 



2022, മാർച്ച് 19, ശനിയാഴ്‌ച

കെറെയില്‍; ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്

 


ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ല. ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്. കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെ റെയിലിന്റെ പഴയ പേരായ അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടിയുള്ള വിദഗ്ദ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 2011-ല്‍ ഞാന്‍ മുഖ്യമന്ത്രിയാകുന്ന സമയത്താണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചപ്പോള്‍ കേരളത്തിന് താങ്ങാന്‍ പറ്റാത്ത പദ്ധതിയാണെന്ന് മനസിലായി. അപ്പോള്‍ തന്നെ പദ്ധതി വേണ്ടെന്നുവച്ചു. പകരം പദ്ധതി മഹരാഷ്ട്ര സബര്‍ബന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള റെയില്‍ പാളം വഴി വേഗത കൂടിയ റെയില്‍ സര്‍വ്വീസുകള്‍ നടത്താനായിരുന്നു പദ്ധതി. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രതിഷേധങ്ങള്‍ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്.

കേരളത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഒരു വിധത്തിലും നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതിയാണിത്. വന്‍ സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ഥലം ഏറ്റെടുപ്പ് എന്നിവ പ്രശ്‌നമായി വരും. യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പദ്ധതി നീണ്ടുപോകാന്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറകല്ലുകളും മണ്ണും മറ്റ് നിര്‍മ്മാണ സാമഗ്രഹികളും എത്തിക്കാന്‍ സാധിക്കാത്തതിനാലാണ്. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പാറകല്ലുകളും മണ്ണും കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പാറകല്ലുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പ്രായോഗ്യമാകുന്നതല്ല.

സില്‍വര്‍ ലൈന് എതിരായി ഉയർന്നുവന്നിട്ടുള്ള എല്ലാ പോരാഴ്മകളുമില്ലാത്ത ഈ ബദല്‍ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. 

വിദ്യാര്‍ഥികൾക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.

 തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു നേതാക്കളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. (16-Mar-22)

ലോക സമാധാനത്തിന് വേണ്ടി മുഖ്യമന്ത്രി രണ്ട് കോടി മാറ്റിവയ്ക്കുമ്പോള്‍, അനുയായികളായ എസ്.എഫ്.ഐ നേതാക്കള്‍ കോളജ് ക്യാംപസിനകത്ത് പെണ്‍കുട്ടികളോടു പോലും ക്രൂരമായ അക്രമമാണ് അഴിച്ചുവിടുന്നത്.

അക്രമത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ മറുപടി പറഞ്ഞത് സി.പി.എം നേതാവിനെ പോലെയായിരുന്നു, ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി . നിയമം കൈയില്‍ എടുത്തവര്‍ക്കെതിരെയും സ്ത്രീകളോട് ക്രൂരമായി ആക്രമം നടത്തിയവര്‍ക്കുമെതിരെയും ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടത്. അക്രമികളെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ചാല്‍ നീതി എവിടെ നിന്ന് ലഭിക്കും.

ക്യാംമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ എല്ലാ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കോബ്, കട്ടപ്പന സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥി ഗായത്രി, തിരൂര്‍ കോളജിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.