UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

 


സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ്  നെടുമുടി വേണു.

അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല.  വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.

അഭിനയഗുരുവായ  അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്.

സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ്  അദ്ദേഹത്തിന്റ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലുന്നു

 


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ല.

കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു.

കര്‍ഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്ടവ, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമത്തിനെതിരേയുള്ള ഈ സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ആവശ്യപ്പെടുകയാണ്.


2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

നായരമ്പലം മോഡൽ കേരളത്തിനു മാതൃക

 

കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം വൈപ്പിനിൽ  നിർവഹിച്ചു.


കൂട്ടായ്മകൾ രൂപീകരിച്ച് ഞായറാഴ്ചകളിലും ഒഴിവു ദിനങ്ങളിലും ഒത്തുകൂടി വീട് നിർമ്മാണം പൂർത്തിയാക്കി പാവപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകിയ നായരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിന് മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവർത്തന മോഡൽ പാർട്ടി മാതൃകയാക്കണം.

മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എംപി, കെ. ബാബു എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് എന്നിവർ പങ്കെടുത്തു.

2021, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അഗതി മന്ദിരങ്ങളോടും സ്‌പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം

 


അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‌കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷല്‍ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു.  

അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്‌പെഷല്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്‌പെഷല്‍ സ്‌കൂള്‍ മാത്രം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതംപേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിര്‍ദ്ധനരാണ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വര്‍ഷവും 50, 25 കുട്ടികള്‍ ഉള്ള സ്ഥാപനങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എത്രയോ മനുഷ്യ ജീവിതങ്ങള്‍ പെരുവഴിയില്‍ കിടന്നു ദുരിതങ്ങള്‍ അനുഭവിച്ചു മരിക്കേണ്ടിവരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്‌നേഹവും കരുതലും നല്കി സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവണ്‍മെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കില്‍ അത് അന്വേഷിച്ചു  സര്‍ക്കാരിന് അവരെ മാറ്റി നിര്‍ നിർത്താം.

യു.ഡി.എഫ്. ഗവണ്‍മെന്റ് ആരേയും പ്രീണിപ്പിക്കുവാന്‍ എടുത്ത തീരുമാനമല്ലിത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവണ്‍മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുന:പരിശോധിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ നടപ്പിലാക്കണം.


2021, ജൂലൈ 14, ബുധനാഴ്‌ച

വ്യാപാരികളോടുള്ള ഭീഷണി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തത്

കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ല.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം.

ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.

കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്.


2021, ജൂലൈ 6, ചൊവ്വാഴ്ച

കോവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നത് വേദനാജനകം

 

കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു 


കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സര്‍ക്കാര്‍ പ്രസ്റ്റീജിന് വേണ്ടി നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നില്ല.

 ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാള്‍ ഇവിടെ നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്,ക്വട്ടേഷന്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികള്‍ക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു.ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലു പ്രവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടം സഹിച്ചത്. ഇന്ധവില വര്‍ധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിര്‍ത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവിഴിക്കണം. ഇതില്‍ 25 ലക്ഷം രൂപ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ചെലവഴിക്കണം.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഈ രീതിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാന്‍ 35 കോടി രൂപ മാത്രമേ ചെലവി വരുകയുള്ളു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കണം. എം എല്‍ എ ഫണ്ടില്‍ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളില്‍ തന്നെ വിനിയോഗിച്ചാല്‍ എം എല്‍ എമാരുടെ ആവശ്യവും സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കും.


കെ പി സി സി അധ്യക്ഷനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല

 


കെ പി സി സി അധ്യക്ഷനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണ്.


#OcSpeaks

2021, ജൂലൈ 1, വ്യാഴാഴ്‌ച

തിരുവഞ്ചൂരിനെതിരേയുള്ള വധഭീഷണി ഗുരുതരം

 


മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയക്കെതിരേ വധഭീഷണി ഉണ്ടായ സംഭവം അതീവ ഗുരുതരമാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നു.

മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണ്.

#OCSpeaks

2021, ജൂൺ 26, ശനിയാഴ്‌ച

വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിച്ചു


 ഏറ്റവും ദുഃഖകരമായ നാടിനെ നടുക്കിയ ഒരു സംഭവമാണിത്. വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നിന്ദ്യവും നീചവുമായ ഈ ക്രൂരതയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയയുടെ കുടുംബത്തിന് നീതി ലഭിക്കണം. ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്മുടെ നാടിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.

വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സ്ത്രീധനം തെറ്റാണ്, എന്നിട്ടും വലിയ തോതിൽ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചിട്ട്, അത് പോര എന്ന നിലയിൽ ഭാര്യയെ ആക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരം തന്നെയാണ്. 2014 ലെ സത്യവാങ്ങ്മൂലംനിയമത്തിന്‍റെ ഭാഗമായുളളതാണ് . എന്നിട്ടും അതിൽ വീഴ്ച വന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. 76 ലെ നിയമവും 2014 ലെ സത്യവാങ്മൂലവും ശക്തമായി നടപ്പാക്കണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നു.

സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്ന ഉത്തരവുണ്ടായിട്ടും അത് നടപ്പിലായോ എന്നത് പൊതുവിൽ പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ജീവനക്കാരുടെ കാര്യം മാത്രമല്ല പൊതുസമൂഹത്തിലും സ്ത്രീധനത്തിനെതിരെ കർശനമായ നടപടികളുണ്ടാകണം. 

2014 ൽ അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് കൊടുത്തിരുന്നു. 1961 ലെ ഗവൺമെന്‍റ് സർവെന്‍റ്സ് കോൺടാക്റ്റ് റൂളിലാണ് അതിന് നിയമപരമായ പ്രാബല്യമുളളത്. 1976 ലെ അമൻമെന്‍ഡിലുടെ സർക്കാ‍ർ ജീവനക്കാർ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാക്കിയതിന് കൂടുതൽ വ്യക്തത കൈവന്നു. ഈ നിയമത്തിൽ പരിഷ്കാരം വരുത്തിയാണ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം എന്ന് 2014 ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തീരുമാനിച്ചത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച വന്നുവെന്നതാണ് വിസ്മയ സംഭവം വ്യക്തമാക്കുന്നത്.


ഫേസ്ബുക്കിലെ 2014 ലെ കുറിപ്പ്

വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം. ഈ സത്യവാങ്‌മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത്‌ നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്‌.

(ഭർതൃവീട്ടിൽ ക്രൂരമർദനമേൽക്കുകയും വിസ്മയ മരിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. വിസ്‍മയുടെ ഭര്‍ത്താവ് കിരൺ സർക്കാ‍ർ ഉദ്യോഗസ്ഥനായിരുന്നു)


2021, ജൂൺ 9, ബുധനാഴ്‌ച

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നു.

 


കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകും.

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നു.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെയും  ഹാർദവമായി അഭിനന്ദിക്കുന്നു. ഇവർക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.


#OcSpeaks