UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ജൂൺ 8, ചൊവ്വാഴ്ച

പെട്രോൾ വില നൂറു കടന്നിട്ടും ഇടപെടുന്നില്ല ; സർക്കാരുകൾ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നു

 


പെട്രോള്‍ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ്. കഴിഞ്ഞ 37 ദിവസത്തിനിടയില്‍ 21 തവണ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരും നികുതിയിളവുപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാരും ഒരുപോലെ കുറ്റവാളികളാണ്. ഇത് വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി.

അന്താരാഷ്ട്രവിപണയില്‍ ബെന്‍റ് ഇനം ക്രൂഡിന് വില 71 ഡോളറാണ്. 2008ല്‍ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ധന വില കുറയ്ക്കും എന്നു വാഗ്ദാനം നല്കിയാണ്. പെട്രോളിന്‍റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്‍റെ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ ഇന്ധന വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്‍കി. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 23 ദിവസം തുടര്‍ച്ചയായി മോദി സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇന്ധനവില ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് വ്യക്തമാണ്.



2021, ജൂൺ 2, ബുധനാഴ്‌ച

'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണം

 


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ പ്രതിസന്ധി കാലഘട്ടത്തിൽ കാരുണ്യത്തിന്റെ കരസ്പർശമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളാണ് ഈ ചലഞ്ചിൽ കൈകോർത്തത്.

ഈ ചലഞ്ചിലേക്ക് 100 പൾസ് ഓക്സിമീറ്ററുകൾ നൽകിയ ഡോ. ഡാനിഷ് സലിം, അതോടൊപ്പം ഈ ചലഞ്ചിൽ പങ്കാളികളായ വാകത്താനത്തെ ഊർജ്ജസ്വലരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കാനഡയിലെ മലയാളി കൂട്ടായ്മ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാരായ ആളുകൾ, ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പൾസ് ഓക്സിമീറ്റർ ചലഞ്ചിൽ നിന്നും ലഭിച്ച ഓക്സിമീറ്ററുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസധനങ്ങൾ, CFLTC കൾ, DCC കൾ എന്നിവിടങ്ങളിലും ആശാ വർക്കറുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കും വിതരണം ചെയ്തു. ആവശ്യക്കാരിലേക്ക് ഓക്സിമീറ്ററുകൾ എത്തിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഈ നിമിഷം വരെ കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ ഭാഗമായി ആത്മാർഥമായി പ്രവർത്തിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..

#OcSpeaks 

2021, മേയ് 27, വ്യാഴാഴ്‌ച

ലക്ഷദ്വീപിലെ പരിഷ്‌കാരം: സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ അധിനിവേശം ദോഷകരം

 


ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണ്. ഇവ അടിയന്തരമായി പിന്‍വലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പകരം ബിജെപി നേതാവും ഗുജറാത്തില്‍ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയതാത്പര്യങ്ങള്‍ പരിഗണിച്ച് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ്ധമായത്.

കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തുക, എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ക്വാറന്റൈന്‍ രീതികളില്‍ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നത്.

ദീപില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയില്‍ നിന്നു ബേപ്പൂരിനെ നീക്കിയതു കേരളത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.


#OcSpeaks

2021, മേയ് 22, ശനിയാഴ്‌ച

വി.ഡി സതീശന് ആശംസകൾ ...

 


ജനാധിപത്യപ്രക്രിയയിൽ ഏറ്റവും സുപ്രധാനമായ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വിഡി സതീശനെ നിയോഗിച്ച അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണ്.

വിദ്യാർഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സതീശന് ജനാധിപത്യ കേരളത്തിന്റെ പൊതു ശബ്ദമായി മാറുമെന്ന് ഉറപ്പാണ്. ക്രിയാത്മക പ്രതിപക്ഷമായി ജനകീയ നിലപാടുകൾ ഏറ്റെടുത്തു നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി മുന്നോട്ട് പോകും.

വി.ഡി സതീശന്റെ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായ  പിന്തുണ ഉണ്ടാകും.

#OCspeaks

വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു

 


എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചർച്ചയും  നടത്തിയിട്ടില്ല.

മറിച്ചുള്ള മാധ്യമ വാർത്തകൾ അസത്യമാണ്.

 കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങൾ  സത്യവിരുദ്ധമാണ്. അത് സംബന്ധിച്ച് ചർച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാൻ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ.  

ബോധപൂർവം സൃഷ്ടിക്കപ്പെട്ട വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു .

#OCspeaks

2021, മേയ് 14, വെള്ളിയാഴ്‌ച

ബി വി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം: രാജത്തിനാകെ ലജ്ജാകരം

 


കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ പ്രതികാര നടപടിയുടെ ഭാഗമായ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്. 

രോഗാതുരമായ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവൻ പോലും പണയപ്പെടുത്തി രാഷ്ട്രീയം നോക്കാതെ ജീവവായു എത്തിച്ച യുവ പോരാളിയാണ് ശ്രീനിവാസ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  ധാരാളം അഭിനന്ദനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. 

രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ നേരെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വീഴ്ച്ചകൾ മറച്ചുവെക്കാനാണ് ഇത്തരം ദ്രോഹനടപടി. മനുഷ്യത്വ രഹിതമായ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ചിന്തിക്കുമെന്ന് എനിയുക്കുറപ്പുണ്ട്.

#OCspeaks

2021, മേയ് 3, തിങ്കളാഴ്‌ച

ഓക്സിജന്‍ ക്ഷാമം: കേന്ദ്ര സര്‍ക്കാർ സമ്പൂർണ പരാജയം

 


ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിന പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്‌സിജന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ മാത്രം അനേകർ നമ്മുടെ രാജ്യത്ത് മരിച്ച് വീഴുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാന്‍ ഇനിയും കൃത്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലായെന്നത് അതീവ ഗുരുതരമാണ്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജനുവേണ്ടിയുള്ള രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ദുരനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നു. ഈ ഗുരുതര അലംഭാവം കണ്ടുനില്‍ക്കാനാകാതെ ഒടുവില്‍ സുപ്രീംകോടതിയും ഹൈകോടതികളും ഇടപെട്ടിരുന്നു.

ഇന്ന് നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് കാരണം രാജ്യത്ത് കടുത്ത ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമുക്ക് ആവശ്യമായ ഓക്സിജന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞു.

2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം !!

 


യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. 

 ഇപ്പോൾ പുറത്തുവരുന്ന "എക്സിറ്റ് പോൾ " ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ.

 തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും . 

നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച ...

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കെ.എം.ചുമ്മാർസാർ: ആദർശ മുഖത്തിന്റെ ആൾരൂപം

 


കോൺഗ്രസ് പ്രസ്ഥാനത്തിലെ ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാർസാർ. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്  വരെ അദ്ദേഹം പാർട്ടിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തക്കുറിച്ചും ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ ഉജ്ജ്വല നേത്യനിരയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇന്നും ഓർക്കുന്നുണ്ട്. പുതിയ തലമുറയ്ക്കും വരും തലമുറകൾക്കും ചരിത്രപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും  കുറിപ്പുകളും.

കെ.എസ്.യു പ്രവർത്തകനായി കോട്ടയത്ത് സജീവമായ കാലയളവിലാണ് ചുമ്മാർ സാറിനെ പരിചയപ്പെടുന്നത്. ഏറ്റവും ആദരവോടെയാണ് അന്ന് അദ്ദേഹത്തെ നോക്കി കണ്ടത്. പിന്നീട് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയപ്പോൾ കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചു. കെ.എ സ് .യു, യൂത്ത്കോൺഗ്രസ് ക്യാമ്പുകളിൽ അക്കാലത്ത് പതിവ് പ്രഭാഷകൻ ആയിരുന്നു ചുമ്മാർ സാർ. ചുമ്മാർ സാറിന്റെ ക്ലാസ്സ് ഇല്ലാതെ കെ.എസ്.യു. യൂത്ത് കോൺഗ്രസ് ക്യാമ്പുകളൊന്നും ആ കാലയളവിൽ ഉണ്ടായിട്ടില്ല. 

എം.എ ജോൺ, വയലാർരവി, എ.കെ.ആന്റണി, എ.സി.ജോസ് തുടങ്ങിയ നേതാക്കൾ  സംസ്ഥാന തലത്തിൽ നയിച്ച കാലഘട്ടത്തിൽ ചുമ്മാർ സാറിന്റെ നേത്യത്വത്തിൽ കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർക്ക് ഒപ്പം കോട്ടയത്ത് പ്രവർത്തിച്ചത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ഒപ്പമുള്ളവർക്ക് വലിയ ആവേശമായിരുന്ന ചുമ്മാർ സാറിന് പാർട്ടിയോടുള്ള സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ല. 

പാർട്ടിയിൽ ഔദ്യോഗികമായി അദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വരെ മാത്രമേ എത്തിയുള്ളൂ എങ്കിലും അതിനും അപ്പുറം കോൺഗ്രസിന്റെ സമുന്നതമായ ഒന്നാം നേതൃനിരയിൽ പോലും ആദരവ് പിടിച്ചു പറ്റിയ ചുമ്മാർ സാർ എല്ലാവരുടെയും ഗുരുസ്ഥാനീയനായ കോൺഗ്രസ് നേതാവ് ആയിരുന്നു. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പോലും ആദരവ് ഏറ്റുവാങ്ങിയ അപൂർവമായ നേതാവായിരുന്ന ചുമ്മാർ സാർ. ഈ ആദരവിന് ഏറ്റവും അധികം അർഹനുമായിരുന്നു.  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.




2021, ഏപ്രിൽ 11, ഞായറാഴ്‌ച

എന്‍എസ്എസിനെതിരേ സിപിഎം കടന്നാക്രമണം അപലപനീയം.

 


എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്.

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല.


#OcSpeaks