UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം

 


കായംകുളം നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

ഈ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച്, എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് കഠിനാധ്വാനത്തിലൂടെ കടന്നുവന്ന ഊർജ്ജസ്വലയായ പെൺകുട്ടിയാണ് അരിത.

കായംകുളത്ത് അരിതയുടെ വിജയം ഉറപ്പായതോടെയാണ് സിപിഎം അക്രമ പ്രവർത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.



2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യൂ.ഡി.എഫ് കൈവിടില്ല

 


ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്കിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍  സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്കാതെ വഞ്ചിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. പണമില്ലാത്തതിന്റെ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നൽക്കുന്നു.

ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേരാണ്  ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നല്കുന്ന സഹായമാണ് മുടങ്ങിയത്.  സാമൂഹിക സുരക്ഷാമിഷന്‍  മുഖേനയാണ് ധനസഹായം നല്കുന്നത്.

ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാലംബര്‍ക്കു പ്രതിമാസം 600 രൂപയാണ് ധനസഹായം. 1,14,188 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 13 മാസമായി 89 കോടി രൂപയാണു ഈ പദ്ധതിയില്‍ മാത്രം കുടിശിക.

സമാശ്വാസം പദ്ധതികളില്‍  കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്ക്  പ്രതിമാസം 1100 രൂപ വീതം നല്കുന്നത് മാസങ്ങളായി മുടങ്ങി. 8382 രോഗികളാണ് പദ്ധയിലുള്ളത്.

സ്‌നേഹസ്പര്‍ശം- അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ധനസഹായം  11 മാസമായി മുടങ്ങി.  1614 ഗുണഭോക്താക്കള്‍.

സ്‌നേഹപൂര്‍വം- മാതാപിതാക്കളോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ മരിച്ച കുട്ടികള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെ ധനസഹായം 2019- 20 അധ്യയനവര്‍ഷത്തിനുശേഷം നല്കിയില്ല.

വി കെയര്‍- അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന വികെയര്‍ പദ്ധതിയില്‍ 3.60 കോടി രൂപ കെട്ടിക്കിടക്കുന്നു.

ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് മനഃസാക്ഷിയുള്ള കേരളം മാപ്പു നല്കില്ല.

പീയുഷ് ഗോയലിന്റെ നിലപാട് ന്യൂനപക്ഷ വിരുദ്ധം.

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.




2021, മാർച്ച് 26, വെള്ളിയാഴ്‌ച

ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

 


ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 

ആ ആത്മാവിനെ തകർക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. "കോൺഗ്രസ് മുക്ത ഭാരത "മാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് " കോൺഗ്രസ് മുക്ത കേരള "മെന്ന് ബി ജെ പി യും സി പി എമ്മും ഒരുമിച്ച് പറയുന്നു. അതിനായി എന്ത് അവിശുദ്ധ കൂട്ടുകെട്ടിനും അവർ തയ്യാറാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം 'ഡീൽ' വെളിപ്പെടുത്തിയത് ആർഎസ്എസിന്റെ  പ്രമുഖ നേതാവും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡോ. ബാലശങ്കറാണ്. 1977 മുതൽ തുടങ്ങിയതാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്.

 ബിജെപിയുടെ തെറ്റായ രാഷ്ട്രീയത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഈ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹമാണ്. രാഷ്ട്രീയ പ്രബുദ്ധമായ ഈ മണ്ണിൽ അത് നടക്കില്ല. ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇന്ത്യ എന്ന വികാരം ഉള്ള കാലത്തോളം ഈ മഹത്തായ പ്രസ്ഥാനം എന്നും നിലനിൽക്കും.

എല്ലാ ഡീലുകളെയും  പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിയുള്ള വൻ വിജയമാവും ഇത്തവണ യു ഡി എഫിനുണ്ടാവുക...


#നാട്_നന്നാകാൻ_യുഡിഎഫ്  | #KeralaElections2021 | #UDF #VoteForUDF  |   #Election2021 |   #OommenChandy

ക്ഷേമപെന്‍ഷന്‍ രാഷ്ട്രീയകാരണങ്ങളാല്‍ മുടക്കിയത് സിപിഎം

 



യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയകാരണങ്ങളാല്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ മുടക്കിയിട്ട്  അതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മറ്റുള്ളവരുടെമേല്‍ ചാരി കുപ്രചാരണം നടത്തുകയാണ്.

2016 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ 246 കോടി രൂപ എസ്ബിടിക്ക് അനുവദിച്ച് 20 ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. (ജിഒ (ആര്‍ടി) 1676/2016/ ഫിന്‍) അന്നുവരെ ഗുണഭോക്താക്കള്‍ക്ക് മണിയോര്‍ഡറായാണ് ക്ഷേമപെന്‍ഷന്‍ നല്കിയിരുന്നത്. മണിയോര്‍ഡറിന് വലിയ തുക കമ്മീഷനായ സാഹചര്യത്തിലാണ് പണം ബാങ്കിലേക്കു മാറ്റിയത്.  ബാങ്കില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തുക അനുവദിച്ചു. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്തില്ല.

ഇതിന് അപവാദമായിരുന്നു ഇടതുപക്ഷത്തിന്റെ കോഴിക്കോട് മേയറായിരുന്ന വികെസി മമ്മദ് കോയ. ഇതു പാവപ്പെട്ടവരുടെ പണമാണെന്നും വിതരണം ചെയ്യാതെ പിടിച്ചുവയ്ക്കരുതെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചു. 16 മാസം കുടിശിക വരുത്തിയെന്നു പറഞ്ഞ് ഇപ്പോള്‍ സിപിഎം പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ അന്നു തുക വിതരണം ചെയ്യാതിരുന്ന കൊടിയ വഞ്ചനയ്ക്ക്  സിപിഎം വൈകിയാണെങ്കിലും പാവപ്പെട്ട ജനങ്ങളോട് മാപ്പു പറയണം.

യുഡിഎഫ് കാലത്ത് 34 ലക്ഷം ആയിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം 59.5 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്  14 ലക്ഷം ഗുണഭോക്താക്കളായിരുന്നതാണ് യുഡിഎഫ് 34 ലക്ഷമാക്കിയത്. യുഡിഎഫ് കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒരേ സമയം  വാങ്ങിയിരുന്നു.  പിണറായി സര്‍ക്കാര്‍ 23.9.2020ല്‍ അതു നിര്‍ത്തലാക്കി ഒറ്റ പെന്‍ഷനാക്കി.( സ.ഉ. (എംഎസ്) നം 97/ 20 / ധന).  സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക കൂട്ടിയപ്പോള്‍  ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ചെറിയ തുകയുടെ  പെന്‍ഷന്‍ വാങ്ങിയവര്‍ കൂട്ടത്തോടെ സാമൂഹ്യസുരക്ഷാ പെന്‍ഷനിലേക്കു മാറി. അങ്ങനെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം കൂടിയത്. യുഡിഎഫ് കാലത്ത് ഇതു രണ്ടും രണ്ടായിട്ടാണ് കണക്കാക്കിയിരുന്നത്. രണ്ടും കൂടി ചേര്‍ത്താല്‍ എല്‍ഡിഎഫിന്റെ കാലത്തെ എണ്ണത്തിലെത്തും.

യുഡിഎഫ് കാലത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക 600 രൂപയായിരുന്നു എന്ന പ്രചാരണവും തെറ്റാണ്. 5 വിഭാഗമായി തിരിച്ച് 800 മുതല്‍ 1500 രൂപ വരെയായിരുന്നു അന്നത്തെ പെന്‍ഷന്‍ തുക.  ഇടതുസര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് പെന്‍ഷന്‍ 1500 രൂപയിലെത്തിയത്.


#OCspeaks |   #Election2021 |   #OommenChandy


2021, മാർച്ച് 25, വ്യാഴാഴ്‌ച

സോളാര്‍ കേസ്: ജനങ്ങളാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി

 


സോളാര്‍ കേസില്‍ തെളവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പോലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു.

നേരത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു.

സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി.

കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്കു വിട്ടു.

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല.

എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി.


#OCspeaks | #OommenChandy 

2021, മാർച്ച് 24, ബുധനാഴ്‌ച

നാമനിർദ്ദേശ പത്രിക: സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു

 


തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. 

ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500,  മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.  

ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല. 

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍  വാങ്ങാന്‍ പറ്റില്ല.  

ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 

ഉത്തരംഃ 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്. 

സത്യമേവ ജയതേ!!

കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം : കുറ്റക്കാര്‍ക്കെതിരെ നടപടി വേണം

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല്  കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച്  ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാര്‍ക്കെതിരേ  കര്‍ശന നടപടി എടുക്കണം.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന്  ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്.  വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ  ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ ഫാ സ്റ്റാന്‍ സ്വാമിക്ക്  ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം  നീളുകയാണ്.   പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ സ്റ്റാന്‍ സ്വാമി 6 മാസമായി ജയിലിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണ്.

ശബരിമല മുറിവില്‍ മുഖ്യമന്ത്രി മുളകു തേച്ചു



ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണു ചെയ്തത്.

തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണ്.

ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏക കാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യുഡിഎഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഇതു മറച്ചുവച്ച് കാനം രാജേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും വ്രണപ്പെടുത്തുകയാണ്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നത്.


2021, മാർച്ച് 20, ശനിയാഴ്‌ച

യൂ ഡി എഡഫിനു ശബരിമല രാഷ്ടീയ ആയുധമല്ല മറിച്ച് പുണ്യഭൂമിയാണ്

 



ശബരിമല പുണ്യഭൂമിയാണ് ; രാഷ്ട്രീയമല്ല...  പക്ഷെ,
വിശ്വാസികളുടെ മനസ്സിനേറ്റ ഉണങ്ങാത്ത മുറിവ് കണ്ടില്ലെന്ന് നടിക്കാനാവില്ല ...
മുറിവുണക്കാൻ യുഡിഎഫ്  പ്രതിജ്ഞാബദ്ധരാണ്. 

  • ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായ നിലപാടാണ് വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്. യുഡിഎഫ് നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. 
  • പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിതമേഖലയിൽ നിന്ന് നേടിയെടുത്തു.
  •  നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.
  • ശബരിമല വികസനം- 456.21 കോടി 
  • ശബരിമല മാസ്റ്റർ പ്ലാൻ- 115 കോടി 
  • ശബരിമല റോഡുകൾ- 1041 
  • കോടി സീറോ വേസ്റ്റ് ശബരിമല- 10 കോടി 
  • മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിച്ചു 
  • പമ്പ മുതൽ സന്നിധാനം വരെ നടപ്പന്തൽ - 
  • 8 ക്യൂ കോംപ്ലക്സം അണ്ടർപാസും 
  • സ്വാമി അയ്യപ്പൻ റോഡ് ടാക്ടർ ഗതാഗത യോഗ്യമാക്കി
  • നിലയ്ക്കലിൽ നടപ്പാതകളോടുകൂടിയ 14 മീറ്റർ വീതിയുള്ള റോഡുകൾ, പതിനായിരം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴൽക്കിണറുകൾ.