UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, മാർച്ച് 26, വെള്ളിയാഴ്‌ച

ക്ഷേമപെന്‍ഷന്‍ രാഷ്ട്രീയകാരണങ്ങളാല്‍ മുടക്കിയത് സിപിഎം

 



യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയകാരണങ്ങളാല്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ മുടക്കിയിട്ട്  അതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മറ്റുള്ളവരുടെമേല്‍ ചാരി കുപ്രചാരണം നടത്തുകയാണ്.

2016 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ 246 കോടി രൂപ എസ്ബിടിക്ക് അനുവദിച്ച് 20 ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. (ജിഒ (ആര്‍ടി) 1676/2016/ ഫിന്‍) അന്നുവരെ ഗുണഭോക്താക്കള്‍ക്ക് മണിയോര്‍ഡറായാണ് ക്ഷേമപെന്‍ഷന്‍ നല്കിയിരുന്നത്. മണിയോര്‍ഡറിന് വലിയ തുക കമ്മീഷനായ സാഹചര്യത്തിലാണ് പണം ബാങ്കിലേക്കു മാറ്റിയത്.  ബാങ്കില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തുക അനുവദിച്ചു. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്തില്ല.

ഇതിന് അപവാദമായിരുന്നു ഇടതുപക്ഷത്തിന്റെ കോഴിക്കോട് മേയറായിരുന്ന വികെസി മമ്മദ് കോയ. ഇതു പാവപ്പെട്ടവരുടെ പണമാണെന്നും വിതരണം ചെയ്യാതെ പിടിച്ചുവയ്ക്കരുതെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചു. 16 മാസം കുടിശിക വരുത്തിയെന്നു പറഞ്ഞ് ഇപ്പോള്‍ സിപിഎം പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ അന്നു തുക വിതരണം ചെയ്യാതിരുന്ന കൊടിയ വഞ്ചനയ്ക്ക്  സിപിഎം വൈകിയാണെങ്കിലും പാവപ്പെട്ട ജനങ്ങളോട് മാപ്പു പറയണം.

യുഡിഎഫ് കാലത്ത് 34 ലക്ഷം ആയിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം 59.5 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്  14 ലക്ഷം ഗുണഭോക്താക്കളായിരുന്നതാണ് യുഡിഎഫ് 34 ലക്ഷമാക്കിയത്. യുഡിഎഫ് കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒരേ സമയം  വാങ്ങിയിരുന്നു.  പിണറായി സര്‍ക്കാര്‍ 23.9.2020ല്‍ അതു നിര്‍ത്തലാക്കി ഒറ്റ പെന്‍ഷനാക്കി.( സ.ഉ. (എംഎസ്) നം 97/ 20 / ധന).  സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക കൂട്ടിയപ്പോള്‍  ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ചെറിയ തുകയുടെ  പെന്‍ഷന്‍ വാങ്ങിയവര്‍ കൂട്ടത്തോടെ സാമൂഹ്യസുരക്ഷാ പെന്‍ഷനിലേക്കു മാറി. അങ്ങനെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം കൂടിയത്. യുഡിഎഫ് കാലത്ത് ഇതു രണ്ടും രണ്ടായിട്ടാണ് കണക്കാക്കിയിരുന്നത്. രണ്ടും കൂടി ചേര്‍ത്താല്‍ എല്‍ഡിഎഫിന്റെ കാലത്തെ എണ്ണത്തിലെത്തും.

യുഡിഎഫ് കാലത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക 600 രൂപയായിരുന്നു എന്ന പ്രചാരണവും തെറ്റാണ്. 5 വിഭാഗമായി തിരിച്ച് 800 മുതല്‍ 1500 രൂപ വരെയായിരുന്നു അന്നത്തെ പെന്‍ഷന്‍ തുക.  ഇടതുസര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് പെന്‍ഷന്‍ 1500 രൂപയിലെത്തിയത്.


#OCspeaks |   #Election2021 |   #OommenChandy


2021, മാർച്ച് 25, വ്യാഴാഴ്‌ച

സോളാര്‍ കേസ്: ജനങ്ങളാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി

 


സോളാര്‍ കേസില്‍ തെളവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പോലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു.

നേരത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു.

സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി.

കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്കു വിട്ടു.

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല.

എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി.


#OCspeaks | #OommenChandy 

2021, മാർച്ച് 24, ബുധനാഴ്‌ച

നാമനിർദ്ദേശ പത്രിക: സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു

 


തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. 

ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500,  മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.  

ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല. 

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍  വാങ്ങാന്‍ പറ്റില്ല.  

ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 

ഉത്തരംഃ 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്. 

സത്യമേവ ജയതേ!!

കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം : കുറ്റക്കാര്‍ക്കെതിരെ നടപടി വേണം

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല്  കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച്  ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാര്‍ക്കെതിരേ  കര്‍ശന നടപടി എടുക്കണം.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന്  ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്.  വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ  ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ ഫാ സ്റ്റാന്‍ സ്വാമിക്ക്  ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം  നീളുകയാണ്.   പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ സ്റ്റാന്‍ സ്വാമി 6 മാസമായി ജയിലിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണ്.

ശബരിമല മുറിവില്‍ മുഖ്യമന്ത്രി മുളകു തേച്ചു



ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണു ചെയ്തത്.

തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണ്.

ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏക കാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യുഡിഎഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഇതു മറച്ചുവച്ച് കാനം രാജേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും വ്രണപ്പെടുത്തുകയാണ്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നത്.


2021, മാർച്ച് 20, ശനിയാഴ്‌ച

യൂ ഡി എഡഫിനു ശബരിമല രാഷ്ടീയ ആയുധമല്ല മറിച്ച് പുണ്യഭൂമിയാണ്

 



ശബരിമല പുണ്യഭൂമിയാണ് ; രാഷ്ട്രീയമല്ല...  പക്ഷെ,
വിശ്വാസികളുടെ മനസ്സിനേറ്റ ഉണങ്ങാത്ത മുറിവ് കണ്ടില്ലെന്ന് നടിക്കാനാവില്ല ...
മുറിവുണക്കാൻ യുഡിഎഫ്  പ്രതിജ്ഞാബദ്ധരാണ്. 

  • ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായ നിലപാടാണ് വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്. യുഡിഎഫ് നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. 
  • പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിതമേഖലയിൽ നിന്ന് നേടിയെടുത്തു.
  •  നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.
  • ശബരിമല വികസനം- 456.21 കോടി 
  • ശബരിമല മാസ്റ്റർ പ്ലാൻ- 115 കോടി 
  • ശബരിമല റോഡുകൾ- 1041 
  • കോടി സീറോ വേസ്റ്റ് ശബരിമല- 10 കോടി 
  • മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിച്ചു 
  • പമ്പ മുതൽ സന്നിധാനം വരെ നടപ്പന്തൽ - 
  • 8 ക്യൂ കോംപ്ലക്സം അണ്ടർപാസും 
  • സ്വാമി അയ്യപ്പൻ റോഡ് ടാക്ടർ ഗതാഗത യോഗ്യമാക്കി
  • നിലയ്ക്കലിൽ നടപ്പാതകളോടുകൂടിയ 14 മീറ്റർ വീതിയുള്ള റോഡുകൾ, പതിനായിരം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴൽക്കിണറുകൾ.



സിപിഎം - ബിജെപി അവിശുദ്ധ ഡീൽ ഞെട്ടിപ്പിക്കുന്നത്

 


സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ  വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത്  എത്രമാത്രം സുദൃഢമാണ് ഈ  ബന്ധമെന്ന് വ്യക്തമാക്കുന്നു.

സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജന്‍ഡ.

ബിജെപി- സിപിഎം അജന്‍ഡ നേരത്തെ  ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസാണു തോല്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.

സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍എസ്എസ് നേതാവ്  ടിജി മോഹന്‍ദാസ് കേസരി വാരികയില്‍ എഴുതിയത്. സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുവന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍  ഇനിയും മറനീക്കി പുറത്തുവരും

രമയ്ക്കെതിരെയുള്ള വ്യക്തിഹത്യ സി.പി.എമ്മിന്റെ അൻപത്തി രണ്ടാമത്തെ വെട്ട്

 


ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്നുമുതൽ കേരളത്തിന്റെ മുന്നിൽ വലിയ മുറിവു പോലെ കെകെ രമയുടെ സാന്നിധ്യമുണ്ട്. കാലങ്ങൾ എത്ര കൊഴിഞ്ഞാലും രമയുടെ ഉള്ളിലൊരു ദുഃഖസാഗരം അടങ്ങില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിച്ച ധീര സഖാവാണ് ടി പി ചന്ദ്രശേഖരൻ. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാർക്സിസ്റ്റുകൾ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓർമ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെ കെ രമ. 

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെകെ രമയും നിലകൊള്ളുന്നത്. രമയ്ക്ക് നേരെ ഫാസിസ്റ്റുകൾ നടത്തിയ വ്യക്തിഹത്യകളെ അൻപത്തി രണ്ടാമത്തെ വെട്ടായി മാത്രമേ കേരളം കാണുന്നുള്ളൂ. വടകരയിൽ കെ കെ രമയെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫിന് അഭിമാനമുണ്ട്. രമയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങാൻ എല്ലാവരുടെയും പിന്തുണയുമുണ്ടാകുമെന്ന് എനിക്കുറപ്പാണ്.


2021, മാർച്ച് 7, ഞായറാഴ്‌ച

കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്നത് ; തുടര്‍നിയമനടപടി സ്വീകരിക്കണം

 


സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അതീവഗുരുതര വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നിയമനടപടി അടിയന്തരമായി സ്വീകരിക്കണം. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഞെട്ടിക്കുന്നതാണ്.കേരള ചരിത്രത്തില്‍ ഇത്തരം ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടില്ല.രണ്ടുമാസം മുന്‍പ് 164 പ്രകാരമുള്ള മൊഴി കസ്റ്റംസിന് കിട്ടിയിട്ടും ഇത്രയും നാള്‍ അതിന്‍മേല്‍ നടപടിയെടുക്കാതിരുന്നത് സംശയം ഉണര്‍ത്തുന്നതാണ്.

കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി കെപിസിസി ആസ്ഥാനത്ത് വെച്ച് കൂടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍,വനിതകള്‍,പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നൽകും.

രണ്ടുതവണ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവര്‍ക്കും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല.പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് ചേരും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും.

ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അതും പൂർത്തിയാകും.




2021, മാർച്ച് 6, ശനിയാഴ്‌ച

പ്രളയസഹായം: സർക്കാർ കേസിൽകുടുക്കിയത് മനുഷ്യത്വരഹിതം

 


പ്രളയദുരിതബാധിതര്‍ക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യാന്‍ പിഎല്‍എ (പെര്‍മനന്റ് ലോക് അദാലത്ത്)യെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണ്‌.

സുപ്രീംകോടതിയില്‍ കേസുണ്ടെന്ന തൊടുന്യായം പറഞ്ഞും പിഎല്‍എയ്ക്ക് ആവശ്യമായ ജീവനക്കാരെയും മറ്റും നല്കാതെയും ദുരിതാശ്വാസ വിതരണം സ്തംഭനത്തിലാക്കി. ഫയലില്‍ സ്വീകരിച്ച് നമ്പരിട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎല്‍എയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പര്‍ നല്കാത്ത പതിനായിരക്കണക്കിന് അപേക്ഷകള്‍ വേറെയുണ്ട്. ആകെ 2 ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗല്‍ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്.

പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തിനാല്‍ പിന്നീട് അപേക്ഷ വാങ്ങുന്നതു തന്നെ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളത്തെ പിഎല്‍എ ചെയര്‍മാന്‍ രാജിവച്ച സംഭവം വരെയുണ്ട്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പുപോലും ഇല്ലാതെ അപേക്ഷിക്കാനും സാധാരണ കോടതികളിലെ നൂലാമാലകള്‍ ഒഴിവാക്കി അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎല്‍എയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡെപ്യൂട്ടി കളക്ടര്‍ക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീല്‍ ജില്ലാ കളക്ടര്‍ക്കും മുമ്പാകെയാണ് നല്‌കേണ്ടത്. ഇതു നിരസിച്ചാല്‍ പിഎല്‍എയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂമ്പാരമാണ് പിഎല്‍എയുടെ മുമ്പിലുള്ളത്.

സുപ്രീംകോടതിയില്‍ നല്കിയ സെപ്ഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചും പിഎല്‍എയ്ക്ക് കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നല്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ്.