UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്ത്


പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണം.

സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായി.

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം.

2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഇടത് സർക്കാർ തല്ലിക്കെടുത്തുന്നത് 45 ലക്ഷം യുവസ്വപ്നങ്ങൾ!


മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.

മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും

ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം.


2020, ജൂലൈ 30, വ്യാഴാഴ്‌ച

ക്രാന്ത ദര്‍ശനത്തിന്റെ വിപ്ലവകരമായ തെളിവ്: നവോദയാ സ്കൂളുകൾ


സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ (493/ 500) വിദ്യാര്‍ത്ഥി മൂവാറ്റുപുഴ മണിയടന്തനം മ്യാലില്‍ വീട്ടില്‍ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു കഴിഞ്ഞു. നവോദയ സ്‌കൂളുകള്‍ മാത്രമെടുത്താല്‍ കോമേഴ്‌സില്‍ ഒന്നാം റാങ്ക്. നവോദയ എല്ലാ വിഷയത്തിലും നോക്കിയാല്‍ നാലാം റാങ്ക്. മൂന്നു വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക്.

എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്. വിനായക് കേരളത്തിന്റ അഭിമാനമാണ്. അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച് വെന്നിക്കൊടി പാറിച്ച വിനായകിന്റെ അച്ഛന്‍ മനോജും അമ്മ തങ്കയും കൂലിപ്പണിക്കാരാണ്. കഠിനാധ്വാനത്തിലൂടെ മകന് മാര്‍ഗദീപം തെളിയിച്ച മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി തന്നെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന അദ്ദേഹത്തിന്റെ ആഗ്രവും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986ല്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിന്റെ ഭാഗമായി തുടങ്ങിയതാണ് രാജ്യമെമ്പാടുമുള്ള ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. ഒരു ജില്ലയ്ക്ക് ഒരു സ്‌കൂള്‍ എന്നതാണ് നയം. ഇതു പ്രകാരം രാജ്യത്ത് നിലവില്‍ 661 നവോദയ സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളില്‍ 75 % ഗ്രാമവാസികളായിരിക്കണം എന്നു നിബന്ധനയുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തില്‍ എസ് സി/ എസ്ടി വിഭാഗത്തിനു സംവരണം. കൂടാതെ പെണ്‍കുട്ടികള്‍ക്ക് മൂന്നിലൊന്നു സംവരണവുമുണ്ട്.

മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്‌കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയര്‍ന്നു. നവോദയ സ്‌കൂളുകള്‍ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി.

നിര്‍ഭാഗ്യവശാല്‍ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹര്‍ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിര്‍ത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം.

2020, ജൂലൈ 14, ചൊവ്വാഴ്ച

വിശ്വാസികളുടെ വികാരം മാനിക്കുന്ന വിധി; എൽഡിഎഫിന് തിരിച്ചടി


ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച സംവിധാനം ഏര്‍പ്പെടുത്തി.

ഒരു എസ്പിയുടെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂര്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത്. അവര്‍ക്ക് ക്ഷേത്രപരിസരത്ത് ക്യാമ്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉള്‍പ്പെടയുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചു. 25 കോടിയിലധികം രൂപ യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു.

ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

2020, ജൂലൈ 7, ചൊവ്വാഴ്ച

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.


സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.

സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു  നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.

വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.

എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.

ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.

ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ  അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം.  കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.

2020, ജൂൺ 16, ചൊവ്വാഴ്ച

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും


പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുത്.

ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കോവിഡ് 19നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോടു മുഖ്യമന്ത്രി സ്വീകരിക്കണം. .

കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ ഒരുപോറല്‍പോലും ഏല്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍ കൊറോണമൂലം സമ്പത്തും ആരോഗ്യവും ജോലിയും നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവുപോലും കേന്ദ്രം വഹിക്കുന്നതില്ല. വന്ദേഭാരത് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന മൂന്നുലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. അവരെ കൊണ്ടുവരാന്‍ ലോക്ഡൗണ്‍ കാലത്തു ലഭിച്ച മൂന്നു മാസം ഫലപ്രദമായി വിനിയോഗിച്ചില്ല.

ഈ പശ്ചാത്തലത്തിലാണ് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് പ്രവാസിലോകത്ത് വലിയ ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി. അതാണ് ഇപ്പോള്‍ അസ്ഥാനത്തായത്. പ്രവാസികള്‍ക്ക് രണ്ടരലക്ഷം കിടക്ക തയാറാണെന്നും തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും ക്വാറന്റീന്റെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.


കഴിഞ്ഞ ശനിയാഴ്ച രാത്രി ചാനല്‍ പരിപാടിയില്‍ പ്രവാസികളുടെ പ്രതിനിധിയായി പങ്കെടുത്ത സജീര്‍ കൊടിയത്തൂര്‍ പലവട്ടം കണ്ണീരണിഞ്ഞതു ലോകംമുഴുവന്‍ കണ്ടതാണ്. അതു പ്രവാസി ലോകത്തിന്റെ കണ്ണീരും തേങ്ങലുമാണ്. അവരുടെ വേദന കണ്ടില്ലെന്നു നമുക്ക് നടിക്കാനാകുമോ?

2020, ജൂൺ 15, തിങ്കളാഴ്‌ച

സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഇടതുസര്‍ക്കാരിന്‍റെ പിആര്‍ പരിപാടികള്‍; യുഡിഎഫ് കാലത്ത് ഉപയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സികളെ; സിപിഎം പുകമറ സൃഷ്ടിക്കുന്നു


സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. 12 ചാനലുകളില്‍ പ്രതിവാരം സംപ്രേക്ഷണം ചെയ്യാന്‍ 10 ലക്ഷം രൂപയാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടിയായി മാറിയത്. പാര്‍ട്ടിയുമായി ബന്ധമുള്ള കോഴിക്കോട്ടെയും എറണാകുളത്തെയും സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കിയിട്ടുണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ജോലിയുടെ ഭാഗമായി സിഡിറ്റ് ജീവനക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കി. വേറെ ആരെയും ഇതിനായി നിയമിച്ചില്ല. ടീമിലെ 70ശതമാനം ജീവനക്കാരും സിഐടിയു യൂണിയന്‍ അംഗങ്ങളായിരുന്നു. ഇവരുടെയും സെക്രട്ടേറിയറ്റില്‍ ക്രമീകരിച്ച പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെയും രണ്ടു വര്‍ഷത്തെ ശമ്പളമാണ് 3.5 കോടി രൂപ.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 6 പേരെ നിയമിച്ചു എന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതം. സിഡിറ്റിലെ വെബ്‌സര്‍വീസസ് വകുപ്പിലെ ജീവനക്കാരായ 6 പേരെ മേല്‍പറഞ്ഞ ജോലികള്‍ക്കായി പുനര്‍വിന്യസിക്കുക മാത്രമാണ് ചെയ്തത്. പുതുതായി ആരെയും നിയമിച്ചില്ല. അതേസമയം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകികയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 5 കോടി രൂപയുടെ ചെലവ്, 5 വര്‍ഷത്തേക്കുള്ള വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് ഇതിനുവേണ്ടുന്ന സെര്‍വര്‍ എന്നിവയുള്‍പ്പെടെ പരിപാലിക്കുന്നതിനുള്ള സാങ്കേതിക ചെലവാണ്. പൊതുഭരണവകുപ്പും ഐടി വകുപ്പും പിആര്‍ഡിയുടെ ഉന്നതതല മോനിട്ടറിംഗ് കമ്മിറ്റിയും അംഗീകരിച്ച തുകയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഈ പദ്ധതി ഉപേക്ഷിച്ചു.

മുന്‍ മൂഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് 808.78 കോടി രൂപ വിതരണം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മെയ് 28ന് മറുപടി നല്കിയിട്ടുണ്ട്. ഓഖി, രണ്ടു പ്രളയം എന്നിവയില്‍ ദുരിതം അനുഭവിച്ചവര്‍ക്കു നല്കിയ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്ക് പുറത്തുവിടുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 244 കോടി രൂപ വിതരണം ചെയ്‌തെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി വെറും ദുരിതാശ്വാസ വിതരണ പരിപാടി മാത്രമായിരുന്നില്ലെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ 45 സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

2020, ജൂൺ 14, ഞായറാഴ്‌ച

ചാർട്ടേഡ് ഫ്ലൈറ്റില്‍ വരുന്നവർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്


വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന്് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ആളുകള്‍ കേരളത്തിലേക്ക് വരുവാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. നമ്മുടെ ആളുകള്‍ക്ക് വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലയാളികളെ പ്രതിനിധീകരിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്.

അതുകൊണ്ട് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഈ അപ്രായോഗികമായി ഈ ഉത്തരവ് പിന്‍വലിക്കുകയും കോവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തയ്യാറാകണം.

2020, ജൂൺ 12, വെള്ളിയാഴ്‌ച

നിരക്കു കൂട്ടാതെ കെഎസ്ഇബി മലയാളികളെ ഷോക്കടിപ്പിച്ചു


വൈദ്യുതി ബോര്‍ഡ് നിരക്ക് കൂട്ടുമ്പോഴൊക്കെ ഷോക്കടിപ്പിച്ചു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിരക്കു കൂട്ടാതെ തന്നെ ഷോക്കടിപ്പിച്ചു എന്നതാണ് കോവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേകത.

ബോര്‍ഡിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് അതിനു കാരണം.

ബസ് ചാര്‍ജ്, മദ്യത്തിന്റെ വില തുടങ്ങി കൂട്ടാവുന്നതൊക്കെ കൂട്ടുന്നതിനിടയ്ക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പിച്ചത്.

ലോക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ നട്ടംതിരിയുമ്പോഴാണ് വെള്ളിടിപോലെ ഈ നിരക്ക് വന്നത്.

ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്‌സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കോവിഡുമൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിനു മുകളിലാകുകയും സബ്‌സിഡി നഷ്ടപ്പെട്ട അവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരുകയും ചെയ്തു.

മറ്റു സ്ലാബുകളില്‍ ഉള്ളവര്‍ക്കും കൂടിയ സ്ലാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ലാബുകളിലേക്കു മാറുകയും ചെയ്തു.

ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതു ശിക്ഷ ലഭിച്ചത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസില്‍ ചെന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. ആളുകള്‍ അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല്‍ കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്‍ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നത്.

ലോക്ഡൗണ് കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു.

വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം.

ഉപയോക്താക്കള്‍ക്ക് നീതി നല്കണം.

2020, ജൂൺ 11, വ്യാഴാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്നു.


അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോള്‍ പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു.

നാലു ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികമാണു വില വര്‍ധിച്ചത്. ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.

്അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത് മുച്ചൂടും ചൂഷണമാണ്.

കേന്ദ്ര- സംസ്ഥാന നികുതികളാണ് പെട്രോള്‍/ ഡീസല്‍ വില കുത്തനേ ഉയര്‍ത്തുന്നത്. നിലവില്‍ നികുതി പെട്രോളിന് 49.97 രൂപയും ഡീസലിന് 48.73 രൂപയുമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17.96 രൂപയും ഡീസലിന് 18.49 രൂപയും മാത്രമാണ് അടിസ്ഥാനവില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. അങ്ങനെയാണ് കേരളത്തില്‍ പെട്രോളിന്റെ വില 75.12 രൂപയും ഡീസലിന്റെ വില 69.28 രൂപയുമായി കുതിച്ചു കയറിയത്.

കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ ആനുപാതികമായ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല.

ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തങ്ങളുടെ ജീവിതം മെല്ലെ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ട സമയമാണിത്. അതിനു പകരം പെട്രോള്‍/ ഡീസല്‍ വിലയിലുണ്ടാകുന്ന വില വര്‍ധന ജനങ്ങളോടു കാട്ടുന്ന ക്രൂരതയാണ്.

2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയപ്പോള്‍ നികുതി കുറച്ച് പെട്രോള്‍ വില 85 രൂപ കടക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2014ല്‍ എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്കിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്

കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണം.