UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ഏപ്രിൽ 29, ബുധനാഴ്‌ച

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരണം


ലോക്ക് ഡൌൺ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്കി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറെടുത്തു കഴിഞ്ഞു. നിലവില്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കുവാന്‍ സാധിക്കണം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്കു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മാര്‍ച്ച് 31നു സര്‍വീസില്‍ നിന്നു വിരമിച്ച നിരവധി ജവാന്മാരും കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍: അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ 5 നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍. ഒരുമാസത്തിലേറെ ഈ കൊച്ചുകുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ തുടരുകയാണ്.

മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേര്‍. പ്രത്യേക പരിഗണന വേണ്ടുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണം.

വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍: മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. പ്രത്യേക ബസുകളില്‍ വരാന്‍ താത്പര്യപ്പെടുന്ന അവര്‍ക്ക് പാസ് കിട്ടിയിട്ടില്ല.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളേജില്‍ 170 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 28 വിദ്യാര്‍ത്ഥികള്‍. ചെന്നൈ താംബരം എം.എ. ചിദംബരം സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 8 വിദ്യാര്‍ത്ഥികള്‍. സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്‌സിംഗിലെ 57 വിദ്യാര്‍ത്ഥികള്‍.


മാര്‍ച്ച് 31 ന് സേവനം പൂര്‍ത്തിയാക്കിയ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ജവാന്മാര്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് 19 മഹാമാരി മൂലം ഗള്‍ഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാന്‍ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തു നല്കി. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള കാര്യത്തിലും ഇത് വരെ തീരുമാനം ആയിട്ടില്ല

ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം.

മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.

ഗള്‍ഫിലെ പ്രവാസികള്‍ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ചില സ്ഥലത്ത് അമ്പതു പേർ വരെ ഒന്നിച്ചാണു കഴിയുന്നത്. ഒരാള്‍ക്ക് രോഗംപിടിച്ചാല്‍ അതു മറ്റുള്ള എല്ലാവരിലും വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും ആവശ്യപ്പെട്ടു.

കോവിഡ് 19ന്റെ നിയന്ത്രണം മൂലമോ, വിമാനങ്ങള്‍ റദ്ദാക്കുന്നതു മൂലമോ യാത്ര മുടങ്ങുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിമാനക്കമ്പനികള്‍ പാലിക്കുന്നില്ല. മാര്‍ച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കേ ഇതു ബാധകമാകൂ എന്നാണ് വിമാനകമ്പനികളുടെ നിലപാട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും പ്രയോജനം കിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

#Covid19

ആദ്യം ധൂർത്ത് കുറയ്ക്ക്; എന്നിട്ട് കുത്തിന് പിടിച്ചു വാങ്ങാം


ചെലവു ചുരുക്കാനോ ധൂര്‍ത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകള്‍ നിര്‍ത്തലാക്കാനോ ശ്രമിക്കാതെ, ജീവനക്കാരുടെ ശമ്പളം കുത്തിനുപിടിച്ചു വാങ്ങുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനാ നേതാക്കളെ അവഹേളിക്കുന്നവര്‍ കഴിഞ്ഞകാല സമരങ്ങളും സമരരീതികളും മറക്കരുത്. തങ്ങള്‍ നേതൃത്വം നല്കുന്ന സംഘടനകളിലെ ജീവനക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളെ അവഹേളിക്കുമ്പോള്‍ അധികാരത്തേയും സംഘടനാബലത്തേയും ഭയപ്പെട്ട് ശബ്ദിക്കാന്‍ പോലും സാധിക്കാതെ ഭരണകക്ഷികളിലെ വലിയൊരു വിഭാഗം ജീവനക്കാരുണ്ട് എന്ന കാര്യവും മറക്കരുത്.

തിരിച്ചുനല്കുന്ന താത്ക്കാലിക വായ്പ എന്നു പ്രചരിപ്പിച്ച് ശമ്പളം പിടിക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടവിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു..
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു തലയൂരാനും ജീവനക്കാരോട് വാശിതീര്‍ക്കാനുമുള്ള ഒരു നടപടിയായിട്ടേ സാലറി ചലഞ്ചിനെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയൂ.

കോവിഡ് 19 മഹാമാരിക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ചുപോലും പോരാടുന്നവരാണ് ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍.
24 മണിക്കൂറും മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ലോക്ക്ഡൗണ്‍ വിജയിപ്പിക്കാന്‍ ഒരു മാസമായി അത്യധ്വാനം ചെയ്യുന്ന പോലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സുകാര്‍..
അങ്ങനെ നിസ്വാര്‍ഥ സേവനം നൽകുന്ന സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാമാരിക്കെതിരേ യുദ്ധം ചെയ്യുന്ന മുന്നണിപ്പോരാളികളുടെ മനോവീര്യമാണ്.

#Covid19

2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.



2020, ഏപ്രിൽ 5, ഞായറാഴ്‌ച

ലോക്ഡൗണ്‍: അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്‍കണം


ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

എല്ലാവര്‍ക്കും സൗജന്യമായി അരിയും ഗോതമ്പും നല്കുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കു കൂടി ബാധകമാക്കണം. കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങള്‍ക്ക് സൗജന്യമായോ അല്ലെങ്കില്‍ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്പും നല്കുന്ന കാര്യം മുഖ്യമന്ത്രി പ്രതേ്യകം പരിഗണിക്കണം.

സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക സഹിതം എത്രയും വേഗം നല്കണം. പുതിയവയുടെ അംഗീകാരത്തിനു ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലേയ്ക്ക് 2019 ഒക്‌ടോബര്‍ 19-ന് തെരഞ്ഞെടുപ്പു നടത്തി 5 അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതാണ്. സര്‍ക്കാര്‍ പ്രതിനിധികളായി 5 പേരെ നോമിനേറ്റ് ചെയ്യണം. എം.എല്‍.എ.മാരുടെ 3 പ്രതിനിധികളും എം.പി.മാരുടെ ഒരു പ്രതിനിധിയും കൂടി ചേര്‍ത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എത്രയും വേഗം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും വേണം.

ഗവമെന്റിന്റെ സഹായവും സന്നദ്ധ സംഘടനകളുടെയും ഉദാരമതികളായ വ്യക്തികളുടെയും സംഭാവനകൊണ്ട് മാത്രം നടുന്നുപോകുന്ന രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണിനുശേഷം വ്യക്തികളുടെയും സംഘടനകളുടെയും സഹായവും സാന്നിദ്ധ്യവും അനാഥാലയങ്ങള്‍ക്ക് ഇല്ലാതെയായി. സര്‍ക്കാര്‍ ഗ്രാന്റും കിട്ടുന്നില്ല. ബി.പി.എല്‍.-എ.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ അരി ലഭിക്കുമ്പോഴും അനാഥാലയങ്ങള്‍ കിലോയ്ക്ക് യഥാക്രമം 5.65 രൂപയും 4.15 രൂപയുമാണ് അരിക്കും ഗോതമ്പിനും നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കിലോയ്ക്ക് 1 രൂപ നിരക്കിലാണ് അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും നല്കിയിരുന്നത്.
APRIL 3, 2020

2020, ഏപ്രിൽ 4, ശനിയാഴ്‌ച

കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം


കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം എന്നവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി

കൊറോണബാധിതരാകുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു.

പോലീസുകാരെയും അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരെയും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇവരെല്ലാം സ്വന്തം ജീവന്‍ തൃണവത്കരിച്ചും കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നുമുള്ള ഒരു ബോധ്യം ഇപ്പോള്‍ അവര്‍ക്ക് ഉറപ്പായും നല്‌കേണ്ടതുണ്ട്.

കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ പോലീസുകാര്‍ 24 മണിക്കൂറും തെരുവുകളില്‍ തന്നെയാണ്. പട്രോളിംഗിനും പരിശോധനയ്ക്കും ആളുകളെ ബോധവത്കരിക്കുന്നതിലും അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസരോചിതവും പ്രശംസനീയവുമാണ്.

#Covid19India
#IndiaFightsCorona
#WarAgainstVirus
1 April 2020

സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരെക്കൂടി സർക്കാർ വിശ്വാസത്തിലെടുക്കണം


സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് തകർന്ന സാമ്പത്തിക സ്ഥിതിയിൽ നിന്നും കരകയറാൻ സർക്കാർ ജീവനക്കാരുടെ സഹകരണം തേടുന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണ്. എല്ലാപേരും അതിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ ഏകപക്ഷീയമായി ജീവനക്കാരിൽ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാർജ്ജിച്ചു വേണം സാലറി ചലഞ്ച് നടപ്പിലാക്കേണ്ടത്.

രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിൽ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗംപേരും. എന്നാൽ ഇന്ന് സംസ്ഥാനവും സർക്കാരും നേരിടുന്ന അനിതരസാധാരണ സാഹചര്യത്തിൽ എല്ലാപേരുടെയും ഏകമനസ്സോടെയുള്ള സഹവർത്തിത്വം അത്യന്താപേക്ഷിതമാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകരെയും ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കർമ്മനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും, ഫയർ ആൻറ് റെസ്ക്യു സർവീസ് ഉദ്യോഗസ്ഥരെയും ഡിസാസ്റ്റർ മാനേജ്മെൻറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസ വേതന ജീവനക്കാരേയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രി പരിഗണിക്കണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ സേവനങ്ങൾ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാൽ സംഭാവനയേക്കാൾ മഹത്തരമാണ് അവരുടെ സേവനങ്ങൾ എന്ന സന്ദേശമാണ് ഇന്ന് നമുക്ക് അവർക്കായി നൽകാനുള്ള ആദരവും അംഗീകാരവും.

#Covid19India
#IndiaFightsCorona
#WarAgainstVirus
1 April 2020

2020, മാർച്ച് 31, ചൊവ്വാഴ്ച

റെയില്‍വെ വാഗണിലൂടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരണം


കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണ്ണാടക ഗവണ്മെന്റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

പ്രധാനമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണ്ണതോതില്‍ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ വില കുതിച്ചു കയറും.

കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം) പെരുമ്പാട്ടി (മാക്കൂട്ടം) മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കു ലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കര്‍ണ്ണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകള്‍ കര്‍ണ്ണാടക ഗവണ്മെന്റ് മണ്ണിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അവശ്യ സാധനങ്ങള്‍, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.


28 March 2020

2020, മാർച്ച് 29, ഞായറാഴ്‌ച

കൊവിഡ്: കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ അടിയന്തരശ്രദ്ധ ചെലുത്തണം


കോവിഡ് 19 കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കാസർഗോഡ് ജില്ലയെയാണ്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ലാ എന്ന നിലയിലും കേരളത്തിലെ അതിർത്തി ജില്ല എന്ന നിലയിലും ചില അതീവഗൗരവമേറിയ പ്രശനങ്ങൾ കാസർഗോട്ട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ബഹു.മുഖ്യമന്ത്രിക്ക് കത്ത് നൽകി

കാസർഗോഡ് ജില്ലയിലെ സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിലുപരി കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സക്ക് മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്.
കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്റ് കേരള അതിർത്തി അടച്ചിട്ടിരിക്കുകയാണ് . ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കാസർഗോട്ടെ ജനങ്ങളെയും രോഗികളെയുമാണ് . ചരക്ക് നീക്കത്തെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പല റോഡുകളും മണ്ണിട്ട് തടഞ്ഞിട്ടിരിക്കുകയാണ് . ദേലമ്പടി പഞ്ചായത്ത്‌ പബ്ലിക് ഹെൽത്ത് സെന്ററിലേക്ക് പോകുവാൻ പോലും ഇപ്പോൾ സാധ്യമല്ല. ഇരുചക്രവാഹനങ്ങളക്ക് പോലും കേരളത്തിലെ പി. എച് . സി യിലേക്ക് പോകുവാൻ ഇതുമൂലം സാധിക്കുന്നില്ല.

കൊറോണ രോഗം പടര്ന്നു തുടങ്ങിയ സമയത്തു കർണാടക മെഡിക്കൽ ടീം പനി പരിശോധിച്ച് , ഇല്ലാത്ത രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിട്ടിരുന്നു. ഇപ്പോൾ ഗുരുതരമായ അസുഖങ്ങളുമായി വന്ന 30 ആംബുലന്സുകളെ തലപ്പാടി ചെക്പോസ്റ്റിൽ നിന്നും തിരിച്ചയതായി വിവരം ഉണ്ട് . ചെക്ക് പോസ്റ്റിൽ തടഞ്ഞ ഒരു ഗർഭിണി ആംബുലൻസിൽ പ്രസവിച്ചു. അബ്ദുൽ ഹമീദ് ( 60 വയസ്സ്) എന്ന വ്യക്തി ആശുപത്രിയിൽ പോകുവാൻ അനുവദിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചു. പ്രശ്നം അതീവ ഗുരുതരമാണ് . കൊറോണ രോഗികളെ തടയുന്നത്‌ മനസ്സിലാക്കാം , അല്ലാത്ത രോഗികളെ തടയുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടകം മുഖ്യമന്ത്രിയെ ധരിപ്പിച്ചു ഇപ്പോഴത്തെ മൊത്തമായ നിരോധനം മാറ്റുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഒപ്പം അവശ്യസാധനങ്ങളുടെ സുഗമമായ ചരക്കുനീക്കവും ചെക്ക്പോസ്റ്റിലുടെ നടക്കേണ്ടത് അനിവാര്യ്മാണ്.ഇല്ലെങ്കിൽ അത് കേരളത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.

ഇപ്പോൾ കാസർഗോഡ് ജില്ലയിലെ രോഗികളെയെല്ലാം അവിടുത്തെ ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ഡോക്ടർമാരും, നേഴ്സ്മാരും , മറ്റു സർക്കാർ സംവിധാനങ്ങളെല്ലാം ഈ പരിമിധിക്കുള്ളിൽ നിന്ന് തന്നെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. കൂടുതൽ കൊറോണ രോഗികൾ ഉള്ള സ്ഥിതിയിൽ സർക്കാർ ഇവിടെ നല്ല പരിഗണന നൽകുകയും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം .

പഞ്ചായത്തു- മുൻസിപ്പാലിറ്റി വാർഡുകളിൽ മെമ്പർമാർ അധ്യക്ഷന്മാരായി ജാഗ്രത കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ പലരെയും പോലീസ് തടയുന്നതായി പരാതിയുണ്ട് . അതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് വത്യസ്ത സാഹചര്യം ഉള്ള കാസർഗോട്ടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രി അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


28 March 2020

നവോദയ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നടപടി വേണം


മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തില്‍ നിന്നുള്ള നൂറ് നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉടനടി തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമാനവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാളിന് കത്തു നല്കി.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന പദ്ധതി പ്രകാരം സംസ്ഥാനത്തെ നവോദയ സ്‌കൂളുകളില്‍ പഠിക്കുന്ന 30 ശതമാനം കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷത്തെ പഠനത്തിന് അയച്ചിരിക്കുകയാണ്. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലെ കുട്ടികളാണ് ഈ പദ്ധതി പ്രകാരം പഠിക്കാന്‍ പോയത്. ക്ലാസ് തീര്‍ന്നതിനെ തുടര്‍ന്ന് 8 ജില്ലകളിലെ കുട്ടികള്‍ മടങ്ങിയെത്തിയെങ്കിലും ബാക്കി 5 ജില്ലകളിലെ കുട്ടികള്‍ക്ക് മടങ്ങാനാകുന്നില്ല.

കൊല്ലം ജില്ലയിലെ 18 കുട്ടികള്‍ മധ്യപ്രദേശിലെ ബെറ്റാല്‍, ആലപ്പുഴയിലെ 19 പേര്‍ യുപിയിലെ അമേത്തി, എറണാകുളം ജില്ലയിലെ 19 പേര്‍ യുപിയിലെ ബെല്യ, വയനാട്ടിലെ 21 പേര്‍ ഉത്തരഖാണ്ഡിലെ നൈനിറ്റാല്‍, തിരുവനന്തപുരത്തെ 23 പേര്‍ ഹരിയാനയിലെ കര്‍ണല്‍ എിവിടങ്ങളിലാണ് കുടുങ്ങിക്കിടക്കുന്നത്.

അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ എത്രയും വേഗം കേരളത്തില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കത്തുനല്കിയിരുന്നു.
MARCH 24, 2020

2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020