UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.


ശരത് ലാലിന്റേയും കൃപേഷിന്റെയും കുടുംബങ്ങൾക്ക് നീതി നിഷേധിച്ച കേരള ഗവണ്മെന്റിന്റെ നടപടിക്ക് കനത്ത തിരിച്ചടിയാണ് കേസ് സി.ബി.ഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈകോടതി വിധി. ഈ വിധിയിൽ കേസന്വേഷണത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത , അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നിൽക്കാൻ സാധ്യമല്ല. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം സത്യപ്രതിജ്ഞ ലംഘനമാണ്. അത് അദ്ദേഹത്തിന് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു.

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു


പാലാരിവട്ടം പദ്ധതി ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാന രഹിതം. മുഖ്യമന്ത്രി ഗൗരവത്തോടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണം. അതേസമയം പാലാരിവട്ടം കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ആരെയെങ്കിലും താൻ തള്ളി പറയുമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ല. മുഖ്യമന്ത്രി ആദർശം പറയുമെങ്കിലും സ്വന്തം കാര്യത്തില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ നിരവധി അഴിമതി ആരോപണങ്ങളാണ് ഇതിനോടകം ഉന്നയിച്ചത്. ഒരന്വേഷണത്തിനും യു.ഡി.എഫ് തടസം പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പോലും അവര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാനായില്ല.


2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം


പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റില്‍എറണാകുളം ജില്ലയിലെ താമസിക്കുന്നവരെ സന്ദർശിച്ചു.

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്.

സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ ശരിയായ വിവരം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.

മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്തണം.

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

മരട്; സര്‍വകക്ഷി യോഗം വിളിക്കണം


എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ 5 കെട്ടിട സമുച്ചയങ്ങള്‍ സെപ്റ്റംബര്‍ 20-ാം തീയതിക്കകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് ചെയ്യണമെുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച അതീവ ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേർക്കണം.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കുവാന്‍ കേന്ദ്രത്തെ സമീപിക്കണമെന്നും നിർദേശിക്കുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഖിലകക്ഷി നിവേദക സംഘം ഉടന്‍ ഡല്‍ഹിക്കു പോകണം.

സുപ്രീംകോടതി പരിശോധിച്ച നിയമ-സാങ്കേതിക വശങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു കാണിക്കുന്ന താല്പര്യവും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ല. എന്നാല്‍ നിയമവശങ്ങള്‍ പരിശോധിച്ചും ശരിയായ അനുമതി ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയും നിര്‍മ്മാണം നടത്തേണ്ട കെട്ടിട നിര്‍മ്മാതാക്കള്‍ വില്പന പൂര്‍ത്തിയാക്കിയതിനുശേഷം രംഗത്തില്ല. അവിടെ താമസിക്കു 357 കുടുംബങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രക്തസാക്ഷികള്‍. ഒരു തെറ്റും ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും കെട്ടിടം നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദു:ഖകരമായ സ്ഥിതയാണ് മരട് മുനിസിപ്പാലിറ്റിയില്‍ സുപ്രീം കോടതി വിധി മൂലം ഉണ്ടായിരിക്കുന്നത്. 

സുപ്രീംകോടതി വിധി നടപ്പിലാക്കുവാനുള്ള ഗവണ്‍മെന്റിന്റെ നിയമപരമായ ബാദ്ധ്യതയുടെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരുകയും മൂന്നു കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം.

1) അഞ്ച് വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ അവിടത്തെ വെള്ളക്കെട്ടുകളില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചെന്നൈ ഐ.ഐ.ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ഗുരുതരമെന്നു കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇത്രയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുവാനുള്ള സാങ്കേതിക-പ്രായോഗിക ബുദ്ധിമുട്ടുകളും കോടതിയെ അറിയിക്കണം. ഇതിനു വരുന്ന ഭാരിച്ച ചെലവും പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ലക്ഷക്കണക്കിനു ടണ്‍ വസ്തുക്കള്‍ വെള്ളക്കെട്ടുകള്‍ നശിപ്പിക്കുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയും അസ്ഥാനത്തല്ല.

2) പത്തു വര്‍ഷമായി അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ അറിയിക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയുള്ള സുപ്രീംകോടതി വിധി മൂലം എല്ലാവര്‍ക്കും നീതി ലഭിക്കുന്നുവെന്ന് അവകാശപ്പെടുവാന്‍ സാധിക്കില്ല. ഇവരുടെ വാദം കൂടി കേള്‍ക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന ഗവമെന്റ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) ഫ്‌ളാറ്റുകളില്‍ താമസിക്കുവരുടെ ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നതു കേന്ദ്ര ഗവണ്‍മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനമാണ്. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് പൊളിച്ചു മാറ്റുവാന്‍ നോട്ടീസ് നല്കിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ച് കളഞ്ഞ അതേ സ്ഥലത്ത് പുതുതായി പണിയാം. പുതിയ തീരദേശ വിജ്ഞാപനത്തില്‍ ഈ പ്രദേശത്തെ തീരദേശ നിയന്ത്രണ മേഖല കാറ്റഗറി 3-ല്‍ നിന്നും 2 ആക്കി മാറ്റിയതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഈ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ആവശ്യമായ നിയമ സാധുത ഇല്ലാതെ പണിത കെട്ടിട സമുച്ചയങ്ങള്‍ക്ക് പിഴ ഈടാക്കി, ഇവയെ നിയമാനുസൃതമാക്കുതിനു കേന്ദ്ര ഗവമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കുകയും വേണം.

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പോലീസിനെ ഇനിയും വിമര്‍ശിക്കും


അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.


2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

AICCയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി സോണിയ ഗാന്ധിക്ക് അഭിവാദ്യങ്ങൾ.


തൊണ്ണൂറുകൾക്കൊടുവിലെ കടുത്ത പ്രതിസന്ധികളുടെ കാലത്താണ് ശ്രീമതി സോണിയ ഗാന്ധി ആദ്യമായി കോൺഗ്രസ്സ് അധ്യക്ഷയാകുന്നത്. പ്രാദേശികമായ പല പിളർപ്പുകളിലൂടെ ദുർബലമായിരുന്ന കോൺഗ്രസ്സിനെ, ചിട്ടയായ പ്രവർത്തനത്തിലൂടെയും, പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്ന കരുതൽ നല്കിയുമാണ്, എല്ലാ രാഷ്ട്രീയ നിരീക്ഷണങ്ങളെയും ഞെട്ടിച്ചു കൊണ്ട് 2004ൽ സോണിയാജി കോൺഗ്രസ്സിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇന്ന് രാജ്യം തന്നെ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, AlCC അധ്യക്ഷ പദവിയിലേക്കുള്ള സോണിയാജിയുടെ തിരിച്ചു വരവ് ഏറെ പ്രതീക്ഷ നല്കുന്നതാണ്. ചിതറികിടക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് മതേതരചേരിക്ക് കരുത്ത് നല്കുവാനും, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുവാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിനു നേതൃത്വം നല്കുവാനും സോണിയാജിയുടെ നേതൃപാടവത്തിനു കഴിയും.

AICCയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി സോണിയ ഗാന്ധിക്ക് അഭിവാദ്യങ്ങൾ.


പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

പ്രകൃതിക്ഷോഭത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണിത്. പ്രകൃതി ദുരന്തത്തില്‍പെട്ട ഒന്നരലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യങ്ങളിലെ പോരാഴ്മകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കനത്ത മഴമൂലം സംസ്ഥാനം കടുത്ത ദുരിതം നേരിടുന്നതിനിടെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. വ്യാജ സന്ദേശങ്ങള്‍ വീണ്ടും മറ്റുള്ളവരിലേക്ക് കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുത്. അപകട സാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണം. അതിനു മുന്നില്‍ ഒരുകാരണവശാലും ഭയന്ന് നില്‍ക്കരുത്. പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

#ഒരുമിച്ചുനിൽക്കാം
#നേരിടാം_ഒറ്റക്കെട്ടായ്
#StandWithKerala
#KeralaFloods2019


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും


ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

'രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

 ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം  എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' 

ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 42 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.

കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 42 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നത്. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.

പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നത്.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


2019, ജൂലൈ 17, ബുധനാഴ്‌ച

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു. ശിവരഞ്ജിതിന്റെ വീട്ടില്‍നിന്നും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ എസ് യൂ വിന്റെ ആവശ്യം. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണമെന്നും രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഈ സമരത്തെ പിന്തുണയ്ക്ക്കും.  

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍ , അസ്ലം, ജെ എസ് അഖില്‍, ജോബിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. 


യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ അതീവ ഗുരുതരം


യൂണിവേഴ്‌സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിന് ആകെ അപമാനകരം ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല. കാരണം യൂണിവേഴ്‌സിറ്റി കോളജില്‍ പല അരുതാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ 1992ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി 92 ലെ ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ ഗവണ്‍മെന്റ് കോളേജ് തുടങ്ങി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചു.

കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കേളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള ഡിഗ്രി കോളേജ് തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. ഏതാണ്ട് 18 വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി എല്ലാ സംവിധാനങ്ങളും ഒരുക്കി. അപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുക. അവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമാവധി സൗകര്യങ്ങല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. ഡിഗ്രി കോളേജ് കാര്യവാട്ടത്ത് തുടങ്ങുക. എന്നാല്‍ 96 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതുമാറ്റി കാര്യവാട്ടത്തെ കോളേജ് നിലനിര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് വളരെ അപമാനകരമായ സംഭവങ്ങള്‍. 187 കുട്ടികള്‍ ടി.സി വാങ്ങിപ്പോകുക, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുക എന്നിവ കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്നു. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്.

യൂണിവേഴ്‌സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യുഡി.എഫ് കൈക്കൊണ്ട നടപടികളെയും മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തി.

ഇന്നിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ കോളേജുകളിലെ അഡ്മിഷന്‍ സംവിധാനം കേരളത്തില്‍ കുറ്റമറ്റ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതി അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ ചില തന്ത്രങ്ങള്‍ ചെയ്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂണിവേഴ്‌സ്റ്റി കോളേജിലെ എസ്.എഫ്.ഐ ഓഫീസിലും പ്രവര്‍ത്തകരുടെ വീടുകളിലും യൂണിവേഴ്‌സിറ്റ് എക്‌സാം പേപ്പറുകള്‍ കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.