UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ജൂൺ 15, ബുധനാഴ്‌ച

തുല്ല്യ നീതി ആദ്യം കണ്ണൂരില്‍ നടപ്പാക്കണം


 ജനാധിപത്യത്തിന്റെ സൗകര്യങ്ങളും അവസരങ്ങളും ആവോളം അനുഭവിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അത് മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഉള്‍ക്കൊള്ളണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി. - സി.പി.എം. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാക്കുകള്‍ പറയാന്‍ മാത്രമല്ല, പാലിക്കാനും കൂടിയാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അങ്ങനെയാണെങ്കില്‍ ആ നീതി കണ്ണൂരിലും മുഖ്യമന്ത്രിയുടെ നാട്ടിലു-മുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കേണ്ടത്. ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ മറ്റുള്ളവര്‍ക്കും കഴിയണം. അധികാരം ദുരുപയോഗം ചെയ്ത് എന്തുമാവാമെന്ന് സി.പി.എം. നേതാക്കള്‍ കരുതരുത്. അനുഭവത്തില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ സി.പി.എം. കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


സി.പി.എമ്മിനെപ്പോലെ ബി.ജെ.പിയും അക്രമത്തിന്റെ പാതയിലാണ്. അക്രമം നടത്തി എല്ലാം നേടിയെടുക്കാമെന്ന മോഹമാണ് ബി.ജെ.പിയേയും നയിക്കുന്നത്. ജനങ്ങളെ അണിനിരത്തി അക്രമങ്ങളെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം. ആ പാത തുടരും. അതിന്റെ തുടക്കമാണ് അക്രമത്തിനെതിരെയുള്ള ജനകീയ സദസ്സെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം വെല്ലുവിളിയായി സ്വീകരിക്കുന്നു. തെറ്റുതിരുത്തി, പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യു.ഡി.എഫ്. മുന്നോട്ടുപോകും- ഉമ്മന്‍ചാണ്ടി പറഞ്ഞു. 



2016, ജൂൺ 14, ചൊവ്വാഴ്ച

മുന്‍ മന്ത്രി അഡ്വ. ടിഎസ് ജോണിന് ആദരാഞ്ജലികൾ




മുന്‍ മന്ത്രിയും സ്പീക്കറുമായ അന്തരിച്ച അഡ്വ. ടിഎസ് ജോണിന്റെ ശവസംസ്‌ക്കാരം തിങ്കളാഴ്ച മൂന്നിന് കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് വലിയപ്പള്ളി സെമിത്തേരിയില്‍ നടന്നു.......

അഡ്വ. ടിഎസ് ജോണിന് എൻറെ ആദരാഞ്ജലികൾ

2016, ജൂൺ 9, വ്യാഴാഴ്‌ച

തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ പദവിയിൽ തുടരുന്നത് ശരിയല്ല


ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. അതേസമയം, യുഡിഎഫ് ചെയർമാനാകാൻ പൂർണസമ്മതം അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ തുടരുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമെങ്കിലും അതുവേണ്ടന്ന നിലപാടിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍  പിന്താങ്ങി. ആദ്യമായാണ് യു.ഡി.എഫ്. ചെയര്‍മാന്‍  പദത്തിലും നിയമസഭാകക്ഷിനേതൃ പദവിയിലും രണ്ടുപേര്‍ വരുന്നത്.

പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവരുടെയും അഭിപ്രായം.


നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയർമാനും രണ്ടുപേരാകുന്നത് ഇതാദ്യമാണ്. നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ഉമ്മൻ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

2016, മേയ് 29, ഞായറാഴ്‌ച

ഇനി ബസിലും ട്രെയിനിലും സഞ്ചരിച്ച് പൊതുപ്രവർത്തനം നടത്തും


ഇനി ബസിലും ട്രെയിനിലും കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ജനങ്ങളുമായുളള ബന്ധം തുടരുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന് ഒരു മുഴുവൻ സമയ പൊതുപ്രവർത്തകനായി തുടരും.

ഇന്നു ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഒരു തർക്കവുമില്ലാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ഇക്കുറി യു.ഡി.എഫിന് ഒരു നിയമ സഭാകക്ഷിയുണ്ടാകും. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് തന്നെയായിരിക്കും അതിന്റെയും ചെയൻമാൻ.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ യു.ഡി.എഫ് ചെയർമാൻ, മുഖ്യമന്ത്രി എന്ന നിലകളിൽ തനിക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയല്ലേ പ്രതിപക്ഷ നേതാവാകേണ്ടത് എന്ന ചോദ്യത്തിന് ഭരണ മുന്നണി പരാജയപ്പെട്ടാൽ മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകണമെങ്കിൽ പ്രതിപക്ഷ മുന്നണി ജയിച്ചാൽ പ്രതിപക്ഷ നേതാവായിരുന്നയാൾ മുഖ്യമന്ത്രിയാവണമല്ലോ എന്നും അദ്ദേഹം ചോദിച്ചു.



ഖജനാവ് കാലിയല്ല; 1009 കോടിയുണ്ട്


 കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയതുപോലെ സംസ്ഥാന ട്രഷറി കാലിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാധ്യത സ്വാഭാവികമായും ഉണ്ടാകും. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോഴും ഇതായിരുന്നു സ്ഥിതി. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. യഥാര്‍ത്ഥസ്ഥിതി ജനങ്ങള്‍ക്ക് അറിയാമല്ലോ.

ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കുന്നതിനെ പൊതുവില്‍ സ്വാഗതം ചെയ്യുന്നു. 600 രൂപയുള്ള പെന്‍ഷന്‍ 1000 ആക്കാം. എന്നാല്‍ 1100 ഉം 1500 ഉം ഉള്ള പെന്‍ഷന്‍ കുറക്കരുത്. 75 വയസ്സ് കഴിഞ്ഞവര്‍ക്കാണ് 1500 രൂപ നല്‍കുന്നത്. കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് 1100 രൂപ.

നിയമനനിരോധനം പിന്‍വലിക്കുമെന്ന മന്ത്രിസഭാ പ്രഖ്യാപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്ന് മാത്രമല്ല അടുത്ത ഒരു വര്‍ഷത്തേക്ക് ഉണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിയമനം നല്‍കുകയാണ് ചെയ്തത്. യു.ഡി.എഫ്. സര്‍ക്കാര്‍ റെക്കോര്‍ഡിട്ട് 1.67 ലക്ഷത്തില്‍പ്പരം പേര്‍ക്ക് നിയമനം നല്‍കി. 5000 പേര്‍ക്ക് അഡ്വൈസ് മെമ്മോയും നല്‍കി. ആശ്രിതനിയമനം സാധാരണ നിയമനത്തെ ബാധിക്കാത്തവിധം സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നടത്തി.

പെന്‍ഷന്‍ വിതരണം ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ ഉപഭോക്താവിന്റെ താത്പര്യപ്രകാരം നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. പോസ്റ്റല്‍ വിഭാഗം പെന്‍ഷന്‍ വിതരണം കൃത്യമായി ചെയ്യാഞ്ഞതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കിയത്.

മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്നതിനെ എതിര്‍ക്കുന്നില്ല. ഏറെ തെറ്റിദ്ധാരണകള്‍ക്ക് ഇടയായതാണവ. ആ ഉത്തരവുകള്‍ ഇറങ്ങിയത് എങ്ങനെ ?, ഇറക്കാനുള്ള സാഹചര്യമെന്ത് എന്നൊക്കെ അറിയാമല്ലോ- അദ്ദേഹം പറഞ്ഞു.

2016, മേയ് 28, ശനിയാഴ്‌ച

പെട്രോള്‍ വില 45 രൂപയാക്കണം


 കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കേന്ദ്രം കാണിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍ വില 45 രൂപയും ഡീസല്‍ വില 40 രൂപയും ആക്കി കുറയ്ക്കണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാവുന്ന സാഹചര്യം കേന്ദ്രം പ്രയോജനപ്പെടുത്തണം.  പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം.

ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളോട് കടുത്ത അവഗണനയാണ് മോദിസര്‍ക്കാര്‍ കാട്ടുന്നത്. വ്യക്തമായ വീക്ഷണമില്ലാതെയാണ് കേന്ദ്രം നീതി ആയോഗിന് രൂപം കൊടുത്തത്. അതിന് ഇപ്പോള്‍ ഒരു ഉപദേശക സമിതിയുടെ സ്ഥാനം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ പുതിയ സര്‍ക്കാരിന് യുഡിഎഫിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.


2016, മേയ് 27, വെള്ളിയാഴ്‌ച

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു


 അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി. 


അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവൃത്തിയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

2016, മേയ് 25, ബുധനാഴ്‌ച

മാർച്ച് 31ന് 1643 കോടി രൂപ മിച്ചം: മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനം


സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ല. റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 2016 മാർച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വർഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനമാണിത്.

സാമ്പത്തിക പ്രതിസന്ധിമൂലം പെൻഷൻ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങൾ ശരിയല്ല. സർക്കാർ ട്രഷറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുൻകാലങ്ങളിലെ പോലെ സുഗമമാണ്. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, ക്ഷേമപെൻഷൻ വിതരണം, യൂണിവേഴ്സിറ്റി നോൺ പ്ലാൻ ഫണ്ട് വിതരണം എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയിൽ 1000 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് അനുവദിച്ച വേയ്സ് ആൻഡ് മീൻസ് പരിധിയുടെ പകുതിപോലും സർക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂർണമായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശമ്പളവും പെൻഷനും മേയ് മാസം മുതൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഓൺലൈൻ
സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോൾ ഉണ്ടായ ചില സാങ്കേതിക തകരാർ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെൻഷനും നൽകുന്നതിൽ കാലതാമസം ഉണ്ടായത്. ഇതു ശ്രദ്ധയിൽപ്പെട്ട ഉടനേ ട്രഷറിയിലും ധനകാര്യ വകുപ്പിലും പ്രത്യേക ഹെൽപ്പ് ഡസ്‌ക് തുടങ്ങുകയും സമയബന്ധിതമായി പരാതികൾ പരിഹരിച്ചു വരുകയും ചെയ്യുന്നു. പരാതികൾ കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ പരിഹരിക്കപ്പെടാതെ വന്നാൽ ധനകാര്യ സെക്രട്ടറിക്കു നേരിട്ട് പരാതി നല്കാവുന്നതാണ്.

2016, മേയ് 23, തിങ്കളാഴ്‌ച

കേരളത്തിൻറ്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം


തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ്. മുന്നോട്ടുവച്ച ആശങ്കകൾ ശരിയാകുന്നതിന്റെ സൂചനകളാണോ കഴിഞ്ഞ രണ്ടുദിവസമായി കാണുന്നതെന്നു ഞാൻ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ നല്ല സൂചനയല്ല നൽകുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവർ പങ്കാളികളായ അക്രമങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടുപേരാണ്. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ ആസൂത്രിതമായ അക്രമങ്ങളിൽനിന്നാണ്. പ്രശ്നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എൽ.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണെന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി. മർദനമേറ്റ പെൺപിള്ളൈ ഒരുമ നേതാവ് രാജേശ്വരി ആശുപത്രിയിലാണ്. വടകരയിൽ കെ.കെ.രമയുടെ വീടിനു മുന്നിൽനിന്ന് അസഭ്യവർഷം നടത്തുകയും ആർ.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകൾ അടിച്ചുതകർക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും അക്രമം. കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങൾ. ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറിൽ ഒരു സി.പി.എം. പ്രവർത്തകൻ മരിച്ചു. ഇതിനെ തുടർന്ന് ഹർത്താൽ ആചരിച്ചതോടെ ഹർത്താലിനും തുടക്കംകുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എൽ.ഡി.എഫ്. ബി.ജെ.പി. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകൻ പ്രമോദ് മരിച്ചു. ഇതിന്റെ പേരിൽ തൃശൂരിൽ ബി.ജെ.പി. ഹർത്താൽ നടത്തി.

ഇവ നൽകുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സ്വൈര്യജീവിതം ഉറപ്പാക്കുന്നതെങ്കിൽ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറും. ഈ സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അണികളെ അക്രമങ്ങളിൽനിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എൽ.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും അഭ്യർഥിക്കുന്നു.


2016, മേയ് 22, ഞായറാഴ്‌ച

എല്ലാവർക്കും നന്ദി


അഞ്ച് വർഷം പൂർത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹ പ്രവർത്തകർക്കും നിങ്ങൾ നൽകിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും ഞാൻ എല്ലാവർക്കും വേണ്ടി നന്ദി പറയുന്നു.

കേവലം 2 എം. എൽ. എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂർത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവിൽ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അവസരം നൽകിയത്.

എന്നാൽ ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വർഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു.
ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്ക് വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാർട്ട്‌ സിറ്റി എന്നിവയെല്ലാം പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങൾക്ക്‌ യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടർന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

പുതിയ ഗവണ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു.