UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

2016, ഏപ്രിൽ 6, ബുധനാഴ്‌ച

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയി നിരാശരായവർ പുതിയ കഥകൾ മെനയുന്നു


കൊല്ലം: സിപിഎം നേതാക്കളും ബാർ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ തെളിവാണു ചവറയിലെ ഇടതുമുന്നണി സ്ഥാനാർഥിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതു സ്ഥാനാർഥി വിജയൻ പിള്ള നേരത്തേ കോൺഗ്രസുകാരനായിരുന്നു. സർക്കാർ ബാറുകൾ പൂട്ടിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. സമ്പൂർണ മദ്യനിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ യുഡിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കും. ഈ മദ്യനയം പുനഃപരിശോധിക്കുമെന്നാണു പിണറായി വിജയനും കാനം രാജേന്ദ്രനും ആവർത്തിക്കുന്നത്. അവർ ഉദ്ദേശിക്കുന്നതെന്താണെന്നും അതിന്റെ മെച്ചം ആർക്കാണെന്നും വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിലൂടെ ജനം തിരിച്ചറിഞ്ഞു.

തന്റെ അനുയായിയായ പി.കെ. ഗുരുദാസനു സീറ്റു നിഷേധിച്ചതിനെക്കുറിച്ചും കെ.ബി. ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റു നൽകിയതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദൻ അഭിപ്രായം പറയണം. ഒരുദിവസം താൻ കോട്ടയത്തേക്കുപോകാൻ ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ കോവൂർ കുഞ്ഞുമോൻ കാണാൻ വന്നിട്ടുണ്ടെന്ന് സ്റ്റാഫ് അംഗം പറഞ്ഞു. തിരിച്ചുവീട്ടിൽ കയറി കുഞ്ഞുമോൻ നൽകിയ നിവേദനം സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഉറച്ചുനിൽക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം പോയത്. താൻ കോട്ടയത്തെ ചടങ്ങുകൾ കഴിഞ്ഞ് എറണാകുളത്തേക്കു തിരിച്ചപ്പോൾ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്കുപോയെന്ന് അറിഞ്ഞു. സ്ഥാനത്തിനു വേണ്ടി കൂറുമാറിയവരെയാണ് അച്യുതാനന്ദൻ കൊണ്ടു നടക്കുന്നത്.

സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണു വിഷമം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാരിനു മടിയില്ല. പക്ഷേ, ഇല്ലാത്ത ആരോപണങ്ങൾക്കു പിന്നാലെ പോകാൻ തയാറല്ലെന്നു താൻ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ഇത്രയും ഹീനമായ ആരോപണങ്ങൾക്കു വിധേയനായ മറ്റൊരു പൊതുപ്രവർത്തകൻ ഇല്ല. ഇപ്പോഴും അതു തുടരുന്നു.

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയപ്പോൾ ഇപ്പോൾ എന്തോ വലിയ കാര്യം കിട്ടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരുണ്ട്. അതിൽ നിരാശരായവർ പുതിയ കഥകൾ മെനയുന്നു. ആരോപണവിധേയനായ താൻ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. താൻ കൊള്ളരുതാത്തവനാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലൂടെ യുഡിഎഫിനു തിരിച്ചടിയേൽക്കും. അതല്ലേ എൽഡിഎഫിനു നല്ലത്. ഇത്രയേറെ പരാജയപ്പെട്ട പ്രതിപക്ഷത്തിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സുധീരൻ നല്ല കെ.പി.സി.സി പ്രസിഡന്റ്, അടൂർ പ്രകാശ് സമുന്നതനായ നേതാവ്


വി. എം. സുധീരൻ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന പ്രസിഡന്റാണെന്ന് ഉമ്മൻ ചാണ്ടി. സുധീരൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ വിജയത്തിനും നന്മയ്ക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരനും ഉമ്മൻ ചാണ്ടിയും രണ്ടു തട്ടിലാണെന്ന് വാർത്തകൾക്കു പിന്നാലെയാണ് സുധീരനെ ഉമ്മൻ ചാണ്ടി പ്രശംസിച്ചത്.

ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി ആരോപണ വിധേയരായ മന്ത്രമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആർക്കും വഴങ്ങിയല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയാണ് ഹൈക്കമാൻഡ് ചെയ്യുകയെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തർക്കങ്ങൾ ഇത്തവണയുണ്ടായിട്ടില്ല. താൻ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ജനങ്ങൾ  തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്


അടൂർ പ്രകാശ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂർപ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേത്


കോട്ടയം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേതാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന്റെ മുമ്പിൽ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

2016, മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!


2016, മാർച്ച് 24, വ്യാഴാഴ്‌ച

യുവാവല്ലെന്ന് സ്വയം തോന്നുന്നവർക്ക് പിന്മാറാം


യുവാവല്ല എന്ന് സ്വയം തോന്നുന്നവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പിന്മാറണമെന്നുള്ളവർക്ക് പിന്മാറാം. മത്സരിക്കുന്നവരും പാർട്ടിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഒരാളെ നിർബന്ധിച്ച് മത്സരിപ്പിക്കാനാകില്ല. 

മത്സരിക്കുന്നത് ജനസേവനത്തിലുള്ള ആർത്തി കൊണ്ടുമാകാമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പരിഗണന നൽകാൻ മത്സരരംഗത്ത് നിന്ന് മാറുന്നതായി ടി.എൻ. പ്രതാപൻ അറിയിച്ചതിനെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ' പ്രതാപൻ യുവാവാണല്ലോ' മുഖ്യമന്ത്രി പറഞ്ഞു.

2016, മാർച്ച് 23, ബുധനാഴ്‌ച

ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്


കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന തിരഞ്ഞെടുപ്പാകും കേരള നിയമസഭയിലേക്ക് ഇത്തവണ നടക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്തു വിലക്കയറ്റത്തിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. 

എന്നാൽ, ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇപ്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിനാണ് കേന്ദ്രം തീരുമാനമെടുക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാധാരണക്കാർക്കു കൈമാറാൻ ഇനിയും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിഭാഗീയതയും തമ്മിലടിയും വളർത്തുന്നതിനുമാണ് ഇപ്പോൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തുടർച്ചയ്ക്കും വികസനത്തുടർച്ചയ്ക്കും സമാധാന തുടർച്ചയ്ക്കും വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു പല മണ്ഡലങ്ങളിലും നിർത്താൻ സ്ഥാനാർഥികളെ ലഭിക്കാത്ത സാഹചര്യമാണ്. സ്ഥാനാർഥികളെ കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു. 


യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യം പ്രഖ്യാപിക്കും


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏപ്രിൽ ആദ്യത്തോടെ സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ തിങ്കളാഴ്ച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡൽഹിയിൽ ഹൈക്കമാൻഡ് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. മാർച്ച് 28ന് കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും താനും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിക്ക് പോകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, മാർച്ച് 22, ചൊവ്വാഴ്ച

കുടിവെള്ളം മുട്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ല


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കുടിവെള്ള വിതരണംപോലും തടസപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ കൊല്ലത്ത് കുടിവെള്ള വിതരണംപോലും നിർത്തിവെക്കേണ്ടിവന്നു. ജനങ്ങൾ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഉടൻ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ഇലക്ട്രൽ ഓഫീസർക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശം. ചീഫ് ഇലക്ട്രൽ ഓഫീസർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശമാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സൗജന്യ അരി വിതരണം അടക്കമുള്ളവ തടസപ്പെട്ടുവെന്നാണ് വിമർശം.



2016, മാർച്ച് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ വിരോധികളെ സി.പി.എം കൊന്നൊടുക്കുന്നു


ഹരിപ്പാട്: രാഷ്ട്രീയ വിരോധികളെ ഭീകര സംഘടനകൾ ചെയ്യുന്നതു പോലെ സി.പി.എം കൊന്നൊടുക്കുകയാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഏവൂരിൽ കൊല്ലപ്പെട്ട യൂത്ത്  കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയുടെയും അമ്മയുടെയും കണ്മുന്നിലാണ് സുനിൽകുമാറിനെ വെട്ടി നുറുക്കിയത്. എന്തിന് വേണ്ടിയായിരുന്നു. ഭീകര സംഘടനകൾ ഇതേപോലുളള കൊലപാതകങ്ങൾ ചെയ്തതായി കേട്ടിട്ടുണ്ട്. ഏവൂരിൽ അതാണ് ആവർത്തിച്ചത്. ജനങ്ങളുടെ നന്മയ്‌ക്കോ നാടിന്റെ ഉന്നമനത്തിനോ വേണ്ടിയാണോ ഇത് ചെയ്യുന്നത്? അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പൊതു സമൂഹം ഇതൊന്നും അംഗീകരിക്കില്ല. എന്നിട്ടും കൊലപാതക രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാൻ സി.പി.എം തയ്യാറാകുന്നില്ല. ക്രൂരമായ സംഭവങ്ങളുടെ പേരിൽ സി.പി.എം നേതാക്കൾ  നിയമത്തിന് മുന്നിൽ എത്തിയിരിക്കുകായണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്.അസംബ്ലി തെരഞ്ഞടുപ്പിൽ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. സുനിൽകുമാറിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നാടിന്റെ നഷ്ടമാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.