UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ജനുവരി 12, ചൊവ്വാഴ്ച

പുതുശ്ശേരിയുടെ സാഹിത്യം ഭാഷയ്ക്ക് മുതല്‍ക്കൂട്ട്


തിരുവനന്തപുരം: പുതുശ്ശേരി രാമചന്ദ്രന് സാഹിത്യകാരന്മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്‌കാരദാനം.

പുതുശ്ശേരിയുടെ സാഹിത്യവും നേതൃത്വവും മലയാളഭാഷയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടുന്നതിനായുള്ള യാത്രയില്‍ അദ്ദേഹമുണ്ടായിരുന്നു. ഭാഷയോട് പുതുശ്ശേരി രാമചന്ദ്രന് എക്കാലവും സ്‌നേഹമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 10, ഞായറാഴ്‌ച

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കും


തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ടെക്, എം.ടെക്, എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പട്ടികജാതി വികസനവകുപ്പിന്റെ സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് പട്ടികജാതി വകുപ്പിന് മെഡിക്കല്‍കോളേജ് അനുവദിച്ചതോടെ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം


തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരഞ്ജന്റെ ഭാര്യ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എളമ്പുലാശേരിയിലെ സര്‍ക്കാര്‍ ഐ.ടി.ഐക്ക് നിരഞ്ജന്റെ പേര് നല്‍കും.

കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അധ്യാപക പാക്കേജ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമാകാത്തതിനാല്‍ അടുത്തയോഗത്തിലേക്ക് മാറ്റിവെച്ചു.

സി.പി.എമ്മിന് മദ്യനയമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടില്‍ കള്ളക്കളിയുണ്ട്‌. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സര്‍ക്കാര്‍ മദ്യനയം സ്വീകരിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് ആക്ഷേപിച്ചവര്‍ക്ക് കോടതി വിധി വന്നപ്പോള്‍ മറുപടിയില്ല.

തനിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭാ യോഗം കൂട്ടായി അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് മുമ്പാകെ കീഴടങ്ങാന്‍ പോയ വെള്ളാപ്പള്ളി നടേശനെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല രാജന്‍ബാബു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2016, ജനുവരി 7, വ്യാഴാഴ്‌ച

മദ്യനയത്തില്‍ സി.പി.എമ്മിന്‍െറ കള്ളക്കളി


തിരുവനന്തപുരം: താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിനും ആര്‍.എസ്.എസിനും കേരളത്തില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റുമുട്ടലല്ല, ആശയ സമരമാണ് വേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിക്കട്ടേയെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താന്‍. തന്നെ അറിയാവുന്നവരാരും അക്രമത്തിന് ആഹ്വാനം ചെയ്തതായി പറയില്ല.

തന്‍െറ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍പോലും ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ജനം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. പിണറായി വിജയന്‍െറ സമാധാന ആഗ്രഹത്തെ ആദ്യംതന്നെ സ്വാഗതം ചെയ്തിരുന്നു. ആത്മാര്‍ഥതയോടെയാണെങ്കില്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും വോട്ടുതട്ടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

1977ലെ അനുഭവം ചൂണ്ടിക്കാട്ടിയതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പ്രകോപിപ്പിച്ചത്. ജനസംഘത്തിന്‍െറ പുതിയ പതിപ്പുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 111 സീറ്റ് ലഭിച്ചു. ഇത് ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഇത് ഓര്‍മിപ്പിച്ചതിലെ അസ്വസ്ഥതയാണ് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയം തുടരുമോ എന്ന് വ്യക്തമാക്കാതെ സി.പി.എം കള്ളക്കളി നടത്തുകയാണ്. ഇത് കേരളം മനസ്സിലാക്കും.

മദ്യനയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന് നയം വേണ്ടേ?  ബാറുകള്‍ അടച്ചുപൂട്ടാന്‍  തീരുമാനിച്ചപ്പോള്‍  ഇടതുമുന്നണി അതിനെ വിമര്‍ശിക്കുകയായിരുന്നു.  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തര്‍ക്കമുണ്ടെന്നും കള്ളക്കളിയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. മദ്യലഭ്യത കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ തീരുമാനിച്ചിരുന്നു. അതിന്‍െറ ഒരുഘട്ടത്തിലാണ് ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ജനുവരി 5, ചൊവ്വാഴ്ച

ആര്‍.എസ്.എസ്സുമായി ചര്‍ച്ച വോട്ടിനെങ്കില്‍ സി.പി.എമ്മിനെ കേരളം ചവിട്ടിപ്പുറത്താക്കും


കാസര്‍കോട്: ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്താനുള്ള സി.പി.എമ്മിന്റെ ശ്രമം വോട്ടിനുവേണ്ടിയുള്ളതാണെങ്കില്‍ കേരളസമൂഹം രണ്ടുകാലും ഉപയോഗിച്ച് ചവിട്ടിപ്പുറത്താക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃനിര മുഴവന്‍ ഒറ്റക്കെട്ടായി അണിനിരന്ന് ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ ഉമ്മന്‍ചാണ്ടി പതാക വി.എം.സുധീരന് കൈമാറി.ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സി.പി.എമ്മിന്റെയും അതിനോട് അനുകൂലമായി പ്രതികരിച്ച ആര്‍.എസ്.എസ്സിന്റെയും നിലപാടുകളെ ചോദ്യംചെയ്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

യാഥാര്‍ഥ്യബോധമില്ലാത്തവരായി സി.പി.എം. മാറിക്കഴിഞ്ഞു. കാപട്യത്തില്‍ പൊതിഞ്ഞ നയങ്ങളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന്റെയും ആര്‍.എസ്.എസ്സിന്റെയും മനസ്സില്‍വന്ന മാറ്റം യഥാര്‍ഥ സമാധാനം ആഗ്രഹിക്കുന്നതാണെങ്കില്‍ സ്വാഗതംചെയ്യുന്നു. പക്ഷേ അതല്ല, തിരഞ്ഞെടുപ്പ് വരികയാണ്. എന്തും ചെയ്യാന്‍ മടിക്കാതെ ഓടിനടക്കുകയാണ് പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഇതെങ്കില്‍ 77-ലെ അനുഭവം പിണറായി വിജയന്‍ മറക്കരുത്. ജനതാപാര്‍ട്ടിയുമായി യോജിച്ചപ്പോള്‍ സി.പി.എമ്മിന് കനത്ത പരാജയമാണ് നേരിട്ടത്.

2016, ജനുവരി 4, തിങ്കളാഴ്‌ച

അസഹിഷ്ണുതയുടെ കാലഘട്ടത്തെ കൂട്ടായി ചെറുക്കണം


എടപ്പാള്‍: രാജ്യം അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ ഇത്തരം വാസനകളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എടപ്പാള്‍ ദാറുല്‍ ഹിദായ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായങ്ങള്‍ പറയാനും ആശയങ്ങള്‍ പങ്കുവെക്കാനും സ്വന്തം സൃഷ്ടികള്‍ സമൂഹത്തിലവതരിപ്പിക്കാനും ഓരോ പൗരനും അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പതിറ്റാണ്ടുകളായി ഇതനുവദിക്കുന്നതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ചില കോണുകളില്‍നിന്ന് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുന്നത്. ഇത്തരം അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനുമിടയ്ക്ക് പരസ്​പരസ്‌നേഹവും ശാന്തിയും വിളംബരംചെയ്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് നമുക്ക് പ്രത്യാശ നല്‍കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷ നഗരിയില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ മനോഹരമായ കവാടം പരിസ്ഥിതിക്കിണങ്ങുംവിധം നിര്‍മിച്ച ഡിസൈനര്‍ നാസറിനുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. 


എല്‍.ഡി.എഫിന് ആത്മവിശ്വാസമില്ല


തിരുവനന്തപുരം: എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് യു.ഡി.എഫില്‍ നിന്ന് ആരെങ്കിലും മുന്നണി വിട്ടുവരുമെന്ന് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി.

എം.പി വീരേന്ദ്രകുമാറിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ ശരിയാണ്. ഇതുവരെ തെറ്റായ ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോള്‍ നല്ലത് പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് മന്ത്രിസഭ വീഴാന്‍ പോവുകയാണെന്ന് കുറെ കാലമായി സി.പി.എം പറയാന്‍ തുടങ്ങിയതാണെന്നും ഇക്കുറിയും ഒന്നും സംഭവിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഡിസംബർ 31, വ്യാഴാഴ്‌ച

സോണിയ ഉദ്ഘാടകയാകണമെന്നത് ജനാഭിലാഷം


ആര്‍.ഐ.ടിയില്‍ ഓഡിറ്റോറിയം നിര്‍മിക്കും

കോട്ടയം: രാജീവ്ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രാജ്യത്ത് ആദ്യംതുടങ്ങിയ സ്ഥാപനമായ പാമ്പാടി ആര്‍.ഐ.ടിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ സോണിയാഗാന്ധിയെ കൊണ്ടുവരണമെന്നത് ജനാഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആധുനിക ഓഡിറ്റോറിയം നിര്‍മിക്കും. പുതിയ പ്ലെയ്‌സ്‌മെന്റ് സെന്റര്‍ തുറക്കും.

താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് രാജീവ്‌സ്മരണ നിലനിര്‍ത്താന്‍ കോളേജിന് പണം അനുവദിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സോണിയയെ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, അന്ന് സോണിയ എം.പി.ആയിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ഉദ്ഘാടനം നടത്താനായില്ല. അത് ആരുടേയും കുറ്റംകൊണ്ടല്ല. രണ്ടുതവണ ഉദ്ഘാടനം തീരുമാനിച്ചപ്പോഴും മാറ്റിവെയ്‌ക്കേണ്ടിവന്നു. ഇപ്പോള്‍ രജതജൂബിലിയാഘോഷങ്ങള്‍ അവര്‍ ഉദ്ഘാടനം ചെയ്തതില്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനവുമില്ല.

ആര്‍.ഐ.ടിയുടെ വരവോടെ സമീപത്തെല്ലാം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണ് രാജീവ് സ്വപ്‌നംകണ്ടത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ലോകനേതാക്കളുടെപോലും അംഗീകാരം നേടി. അതിനാല്‍ രാജീവ്ഗാന്ധിക്ക് ഉചിതമായ സ്മാരകമാണ് ഈ സ്ഥാപനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



2015, ഡിസംബർ 30, ബുധനാഴ്‌ച

മദ്യനയത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സുപ്രീംകോടതിയും അംഗീകരിച്ച പശ്ചാത്തലത്തില്‍, പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ മദ്യനയത്തില്‍ അവര്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആക്ഷേപിച്ചത്, സര്‍ക്കാരിന്റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആരെയോ സഹായിക്കാനാണെന്നും ഒക്കെയാണ്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബങ്ങളെ മദ്യമെന്ന വലിയ വിപത്തില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. മദ്യനയം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പുതിയ മദ്യനയം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന്റെ കാര്യത്തില്‍ എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനുഷികപ്രശ്‌നം അതിനുണ്ട്. സര്‍ക്കാരിന് ഈ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷംതോറും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 26 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിളമ്പുന്നതും സംസ്ഥാനത്ത് മൊത്തം മദ്യം വിളമ്പുന്നതും ഒരുപോലെയാണെന്നുപറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


2015, ഡിസംബർ 29, ചൊവ്വാഴ്ച

അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ഇനി പ്രഥമപരിഗണന


കോട്ടയം: അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്കായിരിക്കും ഇനി പ്രഥമ പരിഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ഔദാര്യമല്ല മറിച്ച് അവകാശമാണ്.ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ ദക്ഷിണമേഖലാ പ്രതിഭാ പുരസ്‌കാര വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.

സംഘടിത സമുദായങ്ങളുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകളും പട്ടിക വിഭാഗങ്ങള്‍ക്കായിരുന്നു. വീരശൈവസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാവിധ സഹകരണവും നല്‍കും. സാമൂഹ്യപരിഷ്‌കര്‍ത്താവും വീരശൈവധര്‍മ്മ പ്രചാരകനുമായ ബസവേശ്വരന്റെ തത്ത്വചിന്തകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസാപ്രസംഗം നടത്തി.