UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 21, ശനിയാഴ്‌ച

സബര്‍ബന്‍ തീവണ്ടിക്ക് ഉടന്‍ ധാരണാപത്രം


പുതിയ റെയില്‍പ്പാതയ്ക്കായി സമ്മര്‍ദ്ദം വേണം


തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ തീവണ്ടി നടപ്പാക്കുന്നതിന്‌ 
റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-ബെംഗളൂരു 
റെയില്‍പ്പാതയ്ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് പുതിയ തീവണ്ടി സര്‍വീസ് വേണം. ശബരി റെയില്‍പ്പാത നിര്‍മാണത്തിന് പൂര്‍ണ കേന്ദ്രപങ്കാളിത്തം വേണം.

വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 9ന് ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് എം.പി.മാര്‍ ഇരു സഭകളിലും ആവശ്യപ്പെടും. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയ്ക്കുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിലും എം.പി.മാരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നഷ്ടം നികത്താന്‍ 168 കോടിയുടെ ബജറ്റ് സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വല്ലാര്‍പാടം ടെര്‍മിനലിന്റെയും എല്‍.എന്‍.ജി. ടെര്‍മിനലിന്റെയും കഴിഞ്ഞ എട്ടുവര്‍ഷമായുള്ള സഞ്ചിത നഷ്ടം 478.77 കോടിയാണ്. തുറമുഖനിര്‍മാണത്തിന് 2010 വരെ 258.14 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 

ഇതിന്റെ പലിശയായി 263.53 കോടിയും പിഴപ്പലിശയായി 715.34 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിഴപ്പലിശ തടസ്സമായതിനാല്‍ ഇത് 14.5 കോടിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ റെയില്‍വേ വികസനം; എം.പിമാരുടെ ഇടപെടല്‍ അനിവാര്യം


കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള വികസന പദ്ധതികള്‍ക്കൊപ്പം പുതിയ പാതകളെ സംബന്ധിച്ചുള്ള ആവശ്യവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയില്‍പാത ഇതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബാംഗ്ലൂര്‍ പുതിയ പാതയും പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതാണ്. ഇതിന് പുറമെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. കൂട്ടായ ശ്രമത്തിലൂടെ ഇത് നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ക്കായി 2016-17ല്‍ 602 കോടി രൂപ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 

റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് റെയില്‍വേ മന്ത്രിക്ക സമര്‍പ്പിക്കും. ഇതിനായി ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എം.പിമാരുടെ യോഗം ചേരും. തുടര്‍ന്ന് പത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരില്‍കണ്ട് മുഖ്യമന്ത്രിയും എം.പിമാരുമടങ്ങുന്ന സംഘം കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനും ഇന്നലെ നടന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. 
സംസ്ഥാനത്ത് ഏറെ പ്രതിസന്ധിയുള്ള വൈദ്യുതി വകുപ്പ് നിരവധി പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 

വാതകാധിഷ്ഠിതമായ വൈദ്യുത നിലയങ്ങള്‍ക്ക് ആഭ്യന്തര പ്രകൃതി വാതകം അനുവദിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിലെ 18 എം.ഡബ്ല്യൂ ശേഷിയുള്ള യൂണിറ്റിന്റെ പാരിസ്ഥിക അനുമതി വേഗത്തിലാക്കുക, കായംകുളം വൈദ്യുതനിലയത്തിന്റെ നിലവിലുള്ള 360 എം.ഡബ്ല്യു ശേഷി നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുക, ബി.എസ്.ഇ.എസിന്റെ കൊച്ചിയിലെ നാഫ്ത വൈദ്യുതനിലയം വാതകാധിഷ്ഠിത നിലയമാക്കി മാറ്റുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

കൂടംകുളത്ത് നിന്നും അധിക വൈദ്യുതി അനുവദിക്കുക എന്ന ആവശ്യവും ഇത്തവണ ഊര്‍ജ്ജ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ ക്ലാസുകളിലേക്ക് വാപിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനമായും മുമ്പോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വകയിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അര്‍ഹമായ തുക വകയിരുത്തുന്നതിന് നടപടിയുണ്ടാകണം.

ഇതിനുപുറമെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, നാഷണല്‍ മീന്‍സ്-കം സ്‌കോളര്‍ഷിപ്പിന്റെ ഫണ്ട് ലഭ്യമാക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്താന്‍ 1000 കോടി, സാക്ഷരതാ മിഷന് കൂടുതല്‍ സഹായം, എസ്.എസ്.എ ഫണ്ട് വര്‍ധിപ്പിക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതിന് പുറമെ നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ എം.പിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിന് മുന്നോടിയായി ശീതകാല സമ്മേളനത്തില്‍തന്നെ പല പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കണമെന്നും സംസ്ഥാനം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. 

2015, നവംബർ 18, ബുധനാഴ്‌ച

പതിനെട്ടു തികഞ്ഞ കാൻസർ ബാധിതർക്ക് സൗജന്യ ജനറിക്ക് മരുന്നുകൾ


കോഴിക്കോട്: പതിനെട്ടുവയസ്സിനു മുകളിൽ പ്രായമുള്ള കാൻസർ രോഗികൾക്ക് ജനറിക്ക് മരുന്നുകൾ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള കെയർ ഫൗണ്ടേഷൻ ആരംഭിക്കുന്ന ചാത്തമം ഗലം ചൂലുർ എം.വി.ആർ കാൻസർ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജ്, എകെ.ജി ആശുപ്രതി, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയെല്ലാം എ.വി.ആർ എന്ന നേതാവിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. തൊട്ടത്തെല്ലാം വിജയിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല


തിരുവനന്തപുരം ∙ അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇതിനോടൊപ്പമുണ്ട്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബാർകോഴ ആരോപണം ഉയർന്നപ്പോൾ തന്നെ കെ.എം. മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാട് തന്നെയാണ് എനിക്കുള്ളത്. മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്. അദ്ദേഹം രാജിവച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ധനകാര്യവകുപ്പിന്റെ ചുമതല കൂടി ലഭിച്ചത് അധികഭാരമാണ്. മുൻപ് ഓഫിസിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു. ജനങ്ങൾക്കുവേണ്ടിയും സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2015, നവംബർ 17, ചൊവ്വാഴ്ച

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരണം



ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2015, നവംബർ 13, വെള്ളിയാഴ്‌ച

ബിജു രമേശിന്റേത് ഗൂഢലക്ഷ്യം


എക്‌സൈസ് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉയര്‍ത്തിയിരിക്കുന്ന പുതിയ ആരോപണങ്ങള്‍ ഗൂഡലക്ഷ്യം മുന്‍ നിറുത്തിയുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജു ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനത്ത് ഇവിടെ ഒരു രാഷ്ട്രീയ രഹസ്യം സൂക്ഷിക്കാനാകില്ല.

അഴിമതി ആരുനടത്തിയാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ കേവലം ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം കെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സാഹചര്യം നല്ലതല്ല. ഉദാഹരണമായി വിഴിഞ്ഞം പദ്ധതിക്കെതിരായ ആരോപണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് വികസനകുതിപ്പ് നല്‍കുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ ആറായിരം കോടിയുടെ അഴിമതിയാണ് ആരോപണം ഉയര്‍ന്നത്.  ആ ആക്ഷേപം ഉയര്‍ത്തിയവര്‍ ഇന്നെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

2015, നവംബർ 12, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല


അഴിമതിയാരോപിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനും ആത്മവിശ്വാസം തകര്‍ക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുവര്‍ഷമായി അക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴി കൊടുത്തെങ്കില്‍ രഹസ്യമാക്കി വെയ്ക്കാനാവില്ല. രഹസ്യമായി വെച്ചെങ്കില്‍ അതിനുത്തരവാദികള്‍ മാധ്യമങ്ങളാണ്. ബാര്‍ ഉടമ ബിജു രമേശ്, കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കുന്നെങ്കില്‍ സമീപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കുറ്റവിമുക്തനായി വന്നാല്‍ തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കണമോ എന്ന കാര്യം അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് യു.ഡി.എഫ്. തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികളും പിന്നീട് മുന്നണിയും ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം കൂടുതല്‍ കര്‍ശനമാക്കും

മദ്യനയം കുറേക്കൂടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യം നിരോധിച്ചശേഷമുള്ള നല്ലവശങ്ങള്‍ കൂടി പഠിച്ചാവും നടപടികള്‍ സ്വീകരിക്കുക. ഇത് ബാര്‍ ഉടമകളോടുള്ള പ്രതികാരമല്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

2015, നവംബർ 11, ബുധനാഴ്‌ച

മാണിയുടെ രാജി ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത്


തിരുവനന്തപുരം∙ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കെ.എം. മാണിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫോ താനോ കോൺഗ്രസ് ഹൈക്കമാൻഡോ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം കൈക്കൊണ്ടതാണ്. ബാർകോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം. മാണി രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും മാധ്യമങ്ങളെ കണ്ടത്.

കേസ് വന്ന അന്നുമുതൽ മാണി കുറ്റവാളിയാണെന്ന് യുഡിഎഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴുമുള്ളത്. മാണി തെറ്റുചെയ്തെന്ന് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചില ഹൈക്കോടതി പരാമർശങ്ങൾ വന്നിരുന്നു. സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം രാജിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താനോ യുഡിഎഫോ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം കൊടുത്തുവെന്ന വാർത്തയും തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി പറയുന്നതിനനുസരിച്ച് പുതിയ മന്ത്രിയുടെ കാര്യവും അദേഹത്തിന് നൽകുന്ന വകുപ്പിന്റെ കാര്യവും തീരുമാനിക്കും. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തുനിഞ്ഞ കോൺഗ്രസ് നേതാക്കളുടെ രീതിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


2015, നവംബർ 10, ചൊവ്വാഴ്ച

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് വിശ്വമാനവികതയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യം


കോട്ടയം: ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് സമഭാവനയിലും സഹാനുഭൂതിയിലും സഹവര്‍ത്തിത്വത്തിലുമൂന്നിയ വിശ്വമാനവികത വളര്‍ത്തിയെടുക്കാന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയറിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് രചിച്ച 'പാശ്ചാത്യ-പൗരസ്ത്യ തത്വചിന്തകള്‍' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മാര്‍ ഗ്രിഗോറിയോസിന്റെ ഇതര രചനകള്‍ സര്‍വകലാശാലാ ലൈബ്രറിക്ക് സമ്മാനിച്ചു.


2015, നവംബർ 9, തിങ്കളാഴ്‌ച

ശ്രീ കെ. ആർ. നാരായണന് സ്മരണാഞ്ജലികൾ


ഇന്ന് നവംബർ 9 മുൻ രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ ചരമ വാർഷികം. കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയ അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ...