UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നു


കൊച്ചി: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ രാജ്യത്തിനപവാദമാകുകയാണ്. ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലുള്ള മലയാളികള്‍ ഇപ്പോള്‍ 35 ലക്ഷത്തിനടുത്താണെന്നും ഇതില്‍ 90 ശതമാനത്തോളം കഷ്ടപ്പെടുന്നവരാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിര്‍മ്മാണ മേഖലകളിലും ഓയില്‍ കമ്പനികളിലും ജോലിയെടുക്കുന്നവരുടെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത് മനസ്സിലായത്. റിക്രൂട്ടിങ് മേഖലയില്‍ കൂടുതല്‍ കേസുകള്‍ വന്നത് മൂലമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റ് നഷ്ടമാക്കരുത്. ഗവ. ഏജന്‍സിയെ റിക്രൂട്ടിങ് ചുമതലയേല്പിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

അക്ഷയയുടെ നിലനില്പില്‍ ആശങ്കവേണ്ട


മലപ്പുറം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സംസ്ഥാനത്തിന് പ്രശസ്തിനേടിത്തന്ന അക്ഷയപദ്ധതിക്ക് കോട്ടംതട്ടാന്‍ അനുവദിക്കുകയില്ലെന്നും എന്തു വിലകൊടുത്തും പദ്ധതി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്ഷയ നേരിടുന്ന വിവിധപ്രശ്‌നങ്ങളില്‍ അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (എ.ഇ.യു) ഉള്‍പ്പെടെ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ തയ്യാറാക്കിയ അക്ഷയ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും പ്രതിവിധിയുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബഹിരാകാശനേട്ടങ്ങള്‍ മണ്ണിലേക്ക് എത്തിക്കാനായത് നേട്ടം


തിരുവനന്തപുരം: ബഹിരാകാശയുഗത്തിലെ നേട്ടങ്ങള്‍ മണ്ണിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പേസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനങ്ങള്‍ കേരളത്തിലാണ്. കൂടുതല്‍ വിജയങ്ങള്‍ക്ക് ജനങ്ങളും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

68 കൊല്ലംകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നാണ് നാം ബഹിരാകാശരംഗത്ത് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇതിലെ വിജയത്തിന്റെ നേട്ടങ്ങള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. ടെലിമെഡിസിന്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കടന്നു ചെല്ലുന്നവയാണവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകരുടെ വേതനപ്രശ്‌നം പരിഹരിക്കും


കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ താത്കാലികാധ്യാപകരുെടെ വേതനം കുറയാനിടയായത് അനീതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേതനം കുറച്ച പ്രശ്‌നം അടുത്തദിവസം തന്നെ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഈ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ത്തന്നെ പരിഗണിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവസവേതനത്തിന് പകരം മാസവേതനമാക്കാനും വേതനം കൂട്ടാനുമുള്ള നടപടികള്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ പരിഗണിക്കും - ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്നെ കാണാന്‍ പുലര്‍ച്ചെ തന്നെ എത്തിയ ദിവസവേതനക്കാരോട് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എല്ലാ നേട്ടങ്ങളെക്കാളും മഹത്തരം ഗാന്ധി ദർശനം


തിരുവനന്തപുരം: നേട്ടങ്ങളുടെ കാര്യത്തിൽ രാജ്യം ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും അതിനെക്കാളും മഹത്തരമാണ് ഗാന്ധിദർശനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗാന്ധി സ്മാരകനിധി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ തൈക്കാട് ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്മരണ സമൂഹത്തിൽ എപ്പോഴും ശക്തി പകരുന്ന  ഒന്നാണ്.

രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്താണ് ഗാന്ധിജി. നേട്ടങ്ങളു ടെ പട്ടികയിൽ ബഹിരാകാശം വരെ നാം എത്തിയെങ്കിലും ഗാന്ധി ദർശനങ്ങൾ അതിനെ പിന്തള്ളി മൂന്നിൽ നിൽക്കുകയാണ്. അത്തരം ദർശനങ്ങളെ പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

ഗാന്ധിസ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയത നേടിയതിന്റെ പേരിൽ ഉമ്മൻചാണ്ടിയെ ഗാന്ധിസ്മാരക നിധി ചെയർമാൻ ഗോപിനാഥൻ നായർ ആദരിച്ചു. 

രാഷ്ട്രഭാഷ പഠനഗവേഷണ പ്രചാരണ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. എൻ.ചന്ദ്രശേഖരൻ നായരെയും ഖാദി-ഗ്രാമവ്യവസായ പ്രവർത്തനങ്ങളിൽ നൽകിയ ആജീവനാന്ത സേവനങ്ങളെ മുൻനിർത്തി പി. കെ.മാധവൻ നമ്പ്യാർ, പി.സദാശി വൻ എന്നിവർക്കും ഗാന്ധിസ്മാരക നിധി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്ത പ്രവാസികളെ നാട്ടിലത്തെിക്കും


നാട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കണ്ടെത്തി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്. ഈ ലക്ഷ്യത്തോടെയാണ് എയര്‍കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 10, 7, 5 വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്തവരെ നാട്ടിലത്തെിക്കും. 

ചില വിമാനക്കമ്പനികള്‍ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാര്ട്ടര്‍ ചെയ്ത് നാട്ടിലത്തെിക്കാനാണ് ഉദ്ദേശിക്കുത്. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെുന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.