UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ് വിമുക്ത കേരളം അമിത്ഷാ സ്വപ്‌നം കണ്ടാല്‍ മതി


പാലക്കാട്: കോണ്‍ഗ്രസ്സിനെ തുടച്ചുനീക്കാന്‍ അര്‍ക്കും സാധിക്കില്ല. അമിത്ഷാ ഇക്കാര്യം പറയേണ്ടത് കേരളത്തിലല്ല. പാര്‍ലമെന്റില്‍ വളരെയേറെ മോഹങ്ങള്‍നല്‍കി വടക്കേ ഇന്ത്യയില്‍ നേടിയ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആഹ്വാനംചെയ്തു. ഇത് കേരളത്തെ സംബന്ധിച്ച് അസംബ്ലി തിരഞ്ഞെടുപ്പിന് തുല്യമാണ്. അതു കൊണ്ട് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു കൊണ്ടാവണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം തൊഴിലാളി സമരം: ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം


തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്

തൃശ്ശൂര്‍: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന പ്ലൂന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗവും അതിനുമുമ്പ് ചേരുന്ന മന്ത്രിസഭാ ഉപസമിതിയും പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.


2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാരനടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല


മൂന്നാര്‍ സമര നായികമാര്‍ പുതുപ്പള്ളിയില്‍

''എല്ലാവരുെടയും പോസിറ്റീവായ സമീപനംകൊണ്ടേ തൊഴില്‍പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ''-മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ ആെരയും അനുവദിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്‌നത്തിന് പരിഹാരംതേടി മൂന്നാര്‍സമരത്തിന് നേതൃത്വംനല്‍കിയ സ്ത്രീതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍. കഴിഞ്ഞദിവസംനടന്ന ചര്‍ച്ചയില്‍ അഞ്ഞൂറുരൂപ ദിവസവേതനമെന്ന ആവശ്യം നടപ്പാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തിയത്.

രാവിലെ എട്ടരയോടെയെത്തിയ ഇവരുമായി അരമണിക്കൂറോളം മുഖ്യമന്ത്രി ചര്‍ച്ചനടത്തി. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണം-തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബോണസ് പ്രശ്‌നംപരിഹരിച്ച മുഖ്യമന്ത്രിക്ക് കൂലിവര്‍ധനയെന്ന ആവശ്യവും നടപ്പാക്കിത്തരാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍ എത്തിയെതെന്ന് അവര്‍ മുഖ്യമന്ത്രിയോടുപറഞ്ഞു. ''അഞ്ചുതലമുറകളായി പാവങ്ങളായ ഞങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. മക്കളുടെ ഭാവിയെങ്കിലുംകരുതി സഹായിക്കണം''- തൊഴിലാളികള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ചിലര്‍ മുഖ്യമന്ത്രിയുടെ കാലില്‍വിണുകരഞ്ഞു. ''രണ്ടാഴ്ചയിലേറെ പണിയില്ലാതായപ്പോള്‍ വീട് പട്ടിണിയിലായി. സമരം നടത്തിയതിന്റെപേരില്‍ പലരെയും പീഡിപ്പിക്കുന്നു. 29-ാംതിയ്യതി നടക്കുന്ന ചര്‍ച്ചയ്കുമുന്‍പ് വീണ്ടുമൊരുസമരത്തിനില്ല''- ഇവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ലിസി, ഗോമതി, രാജേശ്വരി, കൗസല്യ, മുനിയമ്മ തുടങ്ങിയവരാണ് പുതുപ്പള്ളിയിലെത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഒപ്പമുണ്ടായിരുന്നു.


തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂ


 തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി താങ്ങാന്‍ പറ്റുന്നതുമാകണം. ആയതിനാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന മനസ്സോടെ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ സ്വീകരിക്കുന്നത് പ്രായോഗിക സമീപനമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

500 രൂപ ശമ്പളം നല്‍കിയാല്‍ കമ്പനി അടച്ചിടേണ്ടിവരുമെന്ന ഉടമകളുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോക്കൗട്ടിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ നികുതിയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്. പ്ലാന്റേഷന്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമായി വരുന്നതിനാണ് അധിക വരുമാനമുണ്ടാക്കുന്നതിനായി അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും മൂന്നാറില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തില്‍ അദ്ദേഹത്തിന്റെ കാലത്ത് കൂട്ടിക്കൊടുത്തത് വെറും 8.74 രൂപയാണ്. അതിന്റെ മൂന്നിരട്ടി 33.61 രൂപ അടിസ്ഥാന വേതനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധന വരുത്തി. ഇതാണ് വസ്തുത എന്നിരിക്കെയാണ് വി.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വെറും രാഷ്ട്രീയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്നകാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ല. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ നടപടിയെ സ്വാധീനിക്കില്ല. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

തോട്ടം മേഖല പ്രതിസന്ധിയില്‍, വേണ്ടത് സമവായം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയത്. മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.

ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍  കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.


2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുവൈത്ത് റിക്രൂട്ട്മെന്റ്: ഖദാമത്തിന്റെ അനുമതി റദ്ദാക്കണം


കുവൈത്തിലേക്കു തൊഴിൽ തേടിയും മറ്റും പോകുന്നവരെ മെഡിക്കൽ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനം കേരളത്തിന് ഒരു വിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അവർക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മ‍ൻചാണ്ടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു കത്തയച്ചു.

മറ്റു ഗൾഫ് രാജ്യങ്ങൾ ഇതിനായി ജിഎഎംസിഎയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇവർക്ക് ഓഫിസ് ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കേരളത്തിൽ നിന്നുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സ്ക്രീനിങ്ങിനും ടെസ്റ്റിനും ഖദാമത്തിനു സൗകര്യമില്ല. ഖദാമത്തിന്റെ അനുമതി തൽക്കാലം കുവൈത്ത് സർക്കാർ തട​ഞ്ഞിട്ടുണ്ട്. കുവൈത്ത് സർക്കാരിനെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാൻ നടപടി എടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടും


കൊച്ചി: തോട്ടം മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്‌നത്തില്‍ വ്യവസായം തകരാത്ത തരത്തിലുള്ള സമീപനമാണ് തൊഴിലാളികളില്‍ നിന്നുണ്ടാകേണ്ടത്. കേരള പ്ലാന്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നത് സമൂഹം ഉറ്റുനോക്കുകയാണ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പൂര്‍ണ മനസ്സോടെ തോട്ടം ഉടമകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്നു ലഭിക്കുന്ന വേതനം കുറവാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവര്‍ സമര രംഗത്തേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം വ്യവസായത്തിന് താങ്ങാനാകാത്ത രീതിയിലേക്ക് കൂലി ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ പറയുന്നതും ശരിയല്ല. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കിട്ടണം. അതേസമയം അത് താങ്ങാനാകാത്ത നിലയിലുള്ളതാണെങ്കില്‍ വ്യവസായം തകരും. തോട്ടം ഉടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

ജേക്കബ് തോമസിന്റെ നിലപാടുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി


തിരുവനന്തപുരം∙ ജേക്കബ് തോമസിനെ അഗ്നിശമന സേനയുടെ തലപ്പത്തുനിന്നും നീക്കിയത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കോ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്കോ പങ്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ അതിന്റെ പൂർണ ഉത്തരാവാദിത്തം തനിക്കാണ്. അഗ്നിശമനസേനാ മേധാവിയെന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി സ്ഥാനം മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചത്. ജേക്കബ് തോമസിന്റെ സ്ഥാനമാറ്റം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഫയർഫോഴ്സിനെ സമീപിച്ചപ്പോൾ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ല എന്നു പറഞ്ഞ് അവർ ഒഴിയുകയാണ് ചെയ്തത്. താമരശേരി ചുരത്തിൽ അപകടാവസ്ഥയിൽ മരം വീണ് കിടന്നത് വെട്ടിമാറ്റാൻ‌ പറഞ്ഞപ്പോഴും മരം വെട്ടുന്നതല്ല ഞങ്ങളുടെ ജോലിയെന്ന് പറഞ്ഞ് അവർ ഒഴിയുകയായിരുന്നു. പത്തനംതിട്ടയിലും സമാനമായ രീതിയിൽ ഫയർഫോഴ്സിന്റെ ഭാഗത്തുനിന്നും നിലപാടുണ്ടായി. ഇതെല്ലാം കോളജുകളിലെ വിവാദ ഓണാഘോഷങ്ങളെത്തുടർന്ന് ജേക്കബ് തോമസ് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിന്റെ മറപിടിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഗ്നിശമന സേനയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന സേവനങ്ങളെല്ലാം ജേക്കബ് തോമസ് ഇല്ലാതാക്കി. പ്രത്യക്ഷത്തിൽ ഈ നിലപാടുകളെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ അഗ്നിശമന സേനയുടെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൈലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനിലകെട്ടിടങ്ങൾക്ക് അനുമതി നിഷേധിച്ചു. സർക്കാർ സ്കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരിൽ അനുമതി നിഷേധിക്കുന്നത് ശരിയല്ല. ജേക്കബ് തോമസിനെ സ്ഥാനംമാറ്റിയതിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടിയേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്കൈലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലും


തിരുവനന്തപുരം ∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകാൻ സർക്കാർ സ്കൂളുകളിൽ ഈ വർഷം തുടങ്ങുന്ന ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു നല‍്കുന്ന റാസ്ബെറി പൈ കംപ്യൂട്ടറുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും റാസ്ബെറി പൈ കിറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും

'77ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം പൂര്‍ത്തിയാക്കും 

 1977ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി നടപടിക്രമം ലഘൂകരിക്കുമെന്നും വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല തരംതിരിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഉടന്‍ വിജ്ഞാപനമിറങ്ങുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് പട്ടയവിതരണം മുടക്കാനാകില്ല. നടപടി ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുെടയും വാര്‍ഷികാവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നടപടി കൈക്കൊള്ളാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. 100 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ സംരക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നത്തിന് മുഖ്യപരിഗണന നല്‍കും. 

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. റേഷന്‍കടകളില്‍ത്തന്നെ തിരുത്തല്‍ വരുത്താനുള്ള നടപടികളുണ്ടാകും. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. അതിനുശേഷമേ സ്ഥലമേറ്റെടുക്കാന്‍ തുടങ്ങൂ.

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും. ഭവനനിര്‍മ്മാണരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കും. ലക്ഷംവീട് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയിലാണ്. അത് മാറ്റണം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ ഡിജിറ്റല്‍ കേരള പദ്ധതിക്ക് പ്രാമുഖ്യം നല്‍കും. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.