UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

മാണിക്കെതിരായ വിജിലന്‍സ് കേസ്: രമേശുമായി ഭിന്നതയില്ല


കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ കെ.എം.മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നിയമവിദഗ്ദധര്‍ക്ക് രണ്ടഭിപ്രായമുണ്ടെന്നാണ് താന്‍ പറഞ്ഞത്. തനിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ അഭിപ്രായമാണുളളത്. ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ആശയക്കുഴപ്പമുളളത്. 

കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണുളളത്. ആഭ്യന്തരവകുപ്പുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാണിക്കെതിരായ കേസ് രാഷ്ട്രീയതീരുമാനമല്ല


തിരുവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ പേരില്‍, തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന മന്ത്രി കെ.എം.മാണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം രാഷ്ട്രീയകേന്ദ്രങ്ങളില്‍ മാത്രമല്ല, നിയമവൃത്തങ്ങളിലുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

എന്നാല്‍, ഇക്കാര്യത്തിലുണ്ടായ തീരുമാനം രാഷ്ട്രീയതീരുമാനമായിരുന്നില്ല; ഉദ്യോഗസ്ഥരുടെ തീരുമാനമായിരുന്നു. അന്വേഷണസംഘത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയാണ് ഇവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി.

ബാര്‍കോഴ േകസുമായി ബന്ധപ്പെട്ട് രണ്ടുതരം നീതി നടപ്പാക്കിയെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോപിച്ചതു സംബന്ധിച്ച ചോദ്യത്തിന് രണ്ടുനീതിയെന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി. കെ.എം.മാണി സീനിയര്‍ മന്ത്രിയാണ്. യു.ഡി.എഫ്. ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. 

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിച്ചിട്ട് അഞ്ചു മാസമായി. ഒരു തെളിവും ഹാജരാക്കാനായില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍.പ്രതാപനോട് വിശദീകരണം ചോദിക്കും


തിരുവനന്തപുരം: ബാര്‍കോഴ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'പ്രതാപന്‍ ചെയ്തത് വലിയ തെറ്റാണ്. എ.ജി. നല്ല നിലയിലാണ് കേസ് നടത്തിയത്. എന്തെങ്കിലും അഭിപ്രായവ്യത്യസം ഉണ്ടായിരുന്നെങ്കില്‍ പ്രതാപന് എന്നോട് പറയാമായിരുന്നു. പാര്‍ട്ടി പ്രസിഡന്റിനോട് പറയാമായിരുന്നു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസ്‌ െവച്ചുപൊറുപ്പിക്കില്ല' -മുഖ്യമന്ത്രി പറഞ്ഞു.

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു നീതിയുണ്ടാവില്ല; രാഷ്ട്രീയ തന്ത്രത്തെ ഒറ്റക്കെട്ടായി നേരിടും


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതി എന്ന സാഹചര്യം ഉണ്ടാകില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി കെ..എം മാണിയോടൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടായിരുന്നു എന്ന അഭിപ്രായം നിയമവൃത്തങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലുമുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അന്വേ,ഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് കെ.എം മാണി. അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും യു.ഡി.എഫ് ഒറ്റക്കെട്ടാണ്. അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജു രമേശിന് രാഷ്ട്രീയ ലക്ഷ്യമാണെന്നും പുതിയ ആരോപണങ്ങളുന്നയിക്കുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇടയ്ക്കിടയ്ക്ക് ഓരോന്നു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. 

കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ഒരാളും ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കില്‍ തെളിവ് നല്‍കണം. അഞ്ച് മാസമായി അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ യുഡിഎഫിന് ഒറ്റ നിലാപാടെയുള്ളു. ആരോപണം ഉന്നയിച്ചാല്‍ രാജിവെക്കേണ്ടതില്ല, ഉന്നയിച്ചവരാണ് ആരോപണം തെളിയിക്കേണ്ടത്.കെ.എം മാണിക്കെതിരെ ഒന്നും പറയാനില്ലെന്ന് വരുമ്ബോള്‍ അതിനെ മറികടക്കാനാണ് മറ്റ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിനെതിരെ നല്‍കിയ ഓഡിയോ സിഡിയില്‍ ഒന്നും ഇല്ല. ഈ നാഥനില്ലാത്ത് ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷം. 

ഇതിന് മുമ്ബ് സോളാര്‍ കേസിലും ഒരു തെളിവും കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ബഹിഷ്‌ക്കരിച്ചു. ആരും തെളിവ് കൊടുക്കാന്‍ പോയില്ല. അതിന് ശേഷം ദേശീയ ഗെയിംസ് വന്നപ്പോള്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ ഗെയിംസ് ഏറ്റവും മാതൃകാപരമായാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതിഷേധം പ്രകടിപ്പിച്ചവരുടെ എല്ലാ വാദഗതികളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടു വന്ന് മദ്യനിരോധനം നടപ്പിലാക്കുക എന്ന യു.ഡി.എഫിന്റെ നയത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിധിയാണ് വന്നത്. കേസ് ഏറ്റവും നല്ല രീതിയിലാണ് കോടതിയില്‍ നടത്തിയത്. പുതിയ ഉത്തരവ് വന്നതോടെ ബാര്‍ നയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്തവരുടെ വാദം പൊളിഞ്ഞു. പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി കത്ത് തന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യെമന്‍ : പ്രധാനമന്ത്രി ഉടനേ ഇടപെടണം


യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്‌കി.കേന്ദ്രസര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ്‌ എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്‌. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സാനയിലും യെമനിലെ മറ്റ്‌ വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‌കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്ക്‌ പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൗരന്മാരെ മുഴുവന്‍ യെമനില്‍ നിന്ന്‌ ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്ടെന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.  

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

പ്രവാസി മലയാളികളുടെ സേവനങ്ങളെ ദുബായ് ഭരണകൂടം അഭിനന്ദിച്ചു.


ദുബായ് സന്ദര്‍ശനം പ്രവാസി മലയാളികളെപ്പറ്റി തനിക്ക് അഭിമാനിക്കാന്‍ വകനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ മലയാളി സമൂഹത്തിന്‍െറ കഴിവുകളെയും നന്മകളെയും അദ്ദേഹം ഏറെ പ്രശംസിച്ചു . തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന സന്നാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബായില്‍ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു.

2015, ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.