UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 31, ചൊവ്വാഴ്ച

മൂന്നു പദ്ധതികളില്‍ കൂടി യു.എ.ഇ. നിക്ഷേപം

  

യുഎഇ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികള്‍ക്ക് കൂടിയാണ് ധനസഹായം നല്‍കുക. പദ്ധതികളുടെ മുന്‍ഗണനാക്രമം കേരളമാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . 

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഒരുക്കിയ അത്താഴവിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തു.   സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറര ലക്ഷം സ്ക്വയര്‍ ഫീറ്റാണ് സ്മാര്‍ട്ട് സിറ്റിയില്‍ പൂര്‍ത്തിയാവുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. 40 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണു രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി ഉയരുക. 50,000ലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം വല്ലാര്‍പാടത്തിനും സ്മാര്‍ട് സിറ്റിക്കും പുറമെയാണ് കേരളത്തില്‍ മൂന്നു പ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യുഎഇ ധനമന്ത്രി അറിയിച്ചിരിക്കുന്നത്‌ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തി . 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി ഒരുക്കുന്ന വിപുലമായ പ്രദര്‍ശനത്തില്‍ കേരള വ്യവസായവകുപ്പിന്റെ പവലിയനുമുണ്ട്. ടൂറിസം, ഐ.ടി., വ്യവസായം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് പവലിയന്‍. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ തലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും മുഖ്യമന്ത്രിക്കായി ഒരുക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ ക്ഷണിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ചൊവ്വാഴ്ച കാലത്ത് ഇന്ത്യ-യു.എ.ഇ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള മറ്റൊരു സെമിനാറിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാലരയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കും. രണ്ടാം തിയ്യതി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി പത്തരയോടെ ഷാര്‍ജയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.            


യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുണ്ട് ചെയ്യുന്നുണ്ട്.

 
 യെമനില്‍ കുടുങ്ങിയ മലയാളികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അവരുടെ മടക്കത്തിനായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മലയാളികളുടെ കാര്യം താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാസ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു. ആരും ഈ പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതായി കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 29, ഞായറാഴ്‌ച

തീരദേശമേഖലാ നിയന്ത്രണം: റിസോട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ല


 തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച കേന്ദ്രനിലപാട് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും റിസോര്‍ട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 

ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി ധനസഹായ വിതരണവും നടത്തുകയായിരുന്നു അദ്ദേഹം. 

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ചതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനം, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. അധികവരുമാനത്തില്‍നിന്ന് ഒരുഭാഗം, 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2015, മാർച്ച് 26, വ്യാഴാഴ്‌ച

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും


 രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.ഡി.എഫ്. തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ നടത്തുമായിരുെന്നന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമില്ലാത്തതിനാലാണ് ആ തിരഞ്ഞെടുപ്പ് ഒഴിവാക്കിയത്.

ഡെപ്യൂട്ടി സ്​പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍.എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ആര്‍.എസ്.പി. നേതാക്കള്‍കൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.മാണി രാജിവെക്കേണ്ടെന്നത് യു.ഡി.എഫ്. തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണി േനരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തെപ്പറ്റി ആരാഞ്ഞപ്പോള്‍, മാണി രാജിവെക്കേണ്ടെന്ന തീരുമാനം ജോര്‍ജുകൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ കണ്ടതിനെയും കേട്ടതിനെയും പറ്റി താന്‍ മിണ്ടാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 25, ബുധനാഴ്‌ച

യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിേക്കണ്ടെ


 യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവയില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍, ഇതിനെല്ലാം മര്യാദകളുണ്ട്.

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനം വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും തച്ചുടയ്ക്കുന്നതായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഭരണകക്ഷിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യമായിരുന്നു പ്രതിപക്ഷത്തിന്റേത്. നൂറോളം ക്യാമറകളാണ് നിയമസഭയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് പരിശോധിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഓടിഒളിക്കുകയായിരുന്നു. ഇപ്പോള്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതിയുടെ കാര്യത്തിലും തെളിവുകള്‍ കൊടുക്കാന്‍ കഴിയാതെ അവര്‍ വിഷമിക്കുകയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഇടത് നേതാക്കളുടെ അവസ്ഥ തന്നെയായിരിക്കും മന്ത്രി മാണിക്കെതിരെയുള്ള കാര്യങ്ങളിലും സംഭവിക്കുക. ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ തിരുത്താന്‍ തയ്യാറാണ് - മുഖ്യമന്ത്രി പറഞ്ഞു.

ഒരിഞ്ച് സര്‍ക്കാര്‍ഭൂമി പോലും വില്‍ക്കില്ല


 വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിഞ്ച് ഭൂമിപോലും സര്‍ക്കാര്‍ വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സം ഭൂമിയുടെ ലഭ്യതക്കുറവും അമിതവിലയുമാണ്. സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളുടെ വരുമാനവര്‍ദ്ധന ലക്ഷ്യമിട്ട് പാര്‍ട്‌നര്‍ കേരള മിഷനും നഗരസഭകളും നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ തനത് മാതൃകയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ല. ധനകാര്യ വകുപ്പില്‍നിന്ന് പണം കിട്ടാനുള്ള പ്രയാസം നമുക്കറിയാം. ഈ സാഹചര്യത്തിലാണ് 1700 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നത്. 

ശമ്പളവും പെന്‍ഷനും പലിശയുമാണ് സര്‍ക്കാര്‍ വഹിക്കേണ്ട പ്രധാന ചെലവുകള്‍. ആവശ്യങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. പഞ്ചായത്തുകളില്‍പ്പോലും അറവുശാലകള്‍ വേണ്ട സാഹചര്യമാണ്. മാടുകളെ ഏറ്റവും പ്രാകൃതമായ രീതിയിലാണ് കൊല്ലുന്നത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടയ്ക്കിടെ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് പറയാറുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പി.പി.പി. മോഡല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 24, ചൊവ്വാഴ്ച

സഭ നടത്താന്‍ പ്രതിപക്ഷം സമ്മതിച്ചില്ല, അങ്ങേയറ്റത്തെ പ്രയാസം


 ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു  തനിക്കറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുളള സിപിഎം നീക്കം ലാക്കാക്കി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്ഥാനമുള്ളതാണെന്നു സ്ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ് ഇതിനു കാരണം. 

സര്‍ക്കാരിനെതിരെ  പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ് സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല.  എന്നാല്‍ ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. 

ആദ്യം സ്പീക്കര്‍ക്കു പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ  കാട്ടിയ തെറ്റായ പ്രവൃത്തിയുടെ  ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിനു പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. 

സ്ത്രീകളോട് ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്.  പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല.   ബജറ്റ് അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ് ബജറ്റ് അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ് സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത്.

വീഡിയോദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല


 നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ അതിന് കാരണം എന്നറിയില്ല. വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന് പറയുന്നതല്ലാതെ ആരോപണം സ്ഥാപിച്ചെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരുവിധത്തിലും സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമാണ്. കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാതെ സഭ അവസാനിപ്പിക്കേണ്ടിവന്നതില്‍ സര്‍ക്കാരിന് വളരെ ദുഃഖമുണ്ട്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം മുന്നോട്ട്‌ െവച്ച് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു. നാടിനും കേരളജനതയ്ക്കും അപമാനം വരുത്തിയശേഷം അവിടം കൊണ്ടവസാനിപ്പിക്കാതെ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നമെടുത്തിട്ട് സങ്കീര്‍ണമാക്കി. 

പ്രതിപക്ഷനേതാവ് ആദ്യം സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എം.എല്‍.എ.മാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ കാട്ടിയ തെറ്റായ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിന് പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും തിങ്കളാഴ്ചയും പ്രതിപക്ഷത്തോട് പറഞ്ഞിട്ടും അവര്‍ യോജിച്ചില്ല.

ബജറ്റ് അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ തന്നോട് വിശദീകരണം തേടുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ബജറ്റവതരണം നിയമാനുസൃതമെന്ന് പറഞ്ഞത്.- മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 22, ഞായറാഴ്‌ച

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും


പീച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനപദ്ധതിയാക്കി മാറ്റുമെന്നും ഇതിനുവേണ്ട സാമ്പത്തികസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടന്ന ഗ്രാമീണ ഗവേഷകസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനഗവേഷണ സ്ഥാപനത്തിലെ 31 ഒഴിവുകളിലേക്കുള്ള നിയമനത്തിന് നടപടി സ്വീകരിക്കും. ഗ്രാമീണ ഗവേഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സാങ്കേതിക വിജ്ഞാനം നല്‍കാനും ഗ്രാമീണ ഗവേഷക സംഗമം പോലെയുള്ള വേദികള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് 'സ്റ്റെപ്'( സ്റ്റാര്‍ട്ട് അപ് ഓഫ് ടെക്‌നോ-ഇന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) എന്ന പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭകത്വം വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നോണ്‍ ഐ.ടി. മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭകത്വ വികസനമാണ് 'സ്റ്റെപ്പിലൂടെ വിഭാവന ചെയ്യുന്നത്. ഇതിനായി ഗവേഷണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ഗ്രാമീണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് റൂറല്‍ ടെക്‌നോളജി പാര്‍ക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവേഷക സംഗമത്തിലെ മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 

മാണിയെ ബലികൊടുത്ത് ഒരു തീരുമാനമെടുക്കില്ല


 ഒരു തെറ്റും ചെയ്യാത്ത കെ.എം.മാണിയെ ബലികൊടുത്തുള്ള ഒരു തീരുമാനവും യു.ഡി.എഫില്‍നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണം വന്ന് നാലു മാസമായിട്ടും തെളിവിന്റെ കണികപോലുമില്ലാത്ത കാര്യത്തിന്റെ പേരില്‍ കെ.എം.മാണിയെ തള്ളിക്കളയാന്‍ ആരു പറഞ്ഞാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 13 ബജറ്റവതരിപ്പിച്ച കെ.എം.മാണിക്ക് പാലായില്‍ യു.ഡി.എഫ്. നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനും യു.ഡി.എഫിനും പിടിവാശിയും ദുരഭിമാനവുമില്ല. പക്ഷേ, ജനാധിപത്യത്തില്‍ ചില മര്യാദകള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ചില അപശബ്ദങ്ങള്‍ നമുക്കിടയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല. കെ.എം.മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായം അതിന് അര്‍ഹതയുള്ളവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.