UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 5, വ്യാഴാഴ്‌ച

പി.എസ്.സി. സെക്രട്ടറി: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ഗവര്‍ണര്‍ക്ക് തീരുമാനിക്കാം


 പി.എസ്.സി. സെക്രട്ടറി നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് രണ്ട് തവണ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. പക്ഷേ, സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നിലപാടില്‍ മാറ്റംവരുത്തേണ്ടെന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതേസമയം, തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചെയര്‍മാന്‍മാത്രം വ്യത്യസ്ത നിലപാടാണല്ലോ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഒരാള്‍ അങ്ങനെനിന്നാല്‍ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംവരണം:നിലവിലുള്ളസ്ഥിതി തുടരും


പി.എസ്.സി. വഴി പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നടന്ന നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

ബജറ്റ് തടയല്‍: പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാട്

 ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം തീവ്രവാദികളുടേതിന് സമാനമായ നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവരുടേത് കൈയൂക്കിന്റെ നിലപാടാണ്. ജനാധിപത്യത്തില്‍ ഇത്തരം സമീപനങ്ങള്‍ പാടില്ല. അതിനാല്‍ അവര്‍ അത് മാറ്റണം- മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നില മോശമാകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുടെ നിലയാണ് മോശമാകാന്‍ പോകുന്നെന്ന് കാണാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തീവ്രവാദികളുടെ നിലപാടാണെങ്കില്‍ ആ രീതിയില്‍ തന്നെ അവരെ നേരിടുമോയെന്നാരാഞ്ഞപ്പോള്‍ എല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. അത് തടുക്കാന്‍ ആര്‍ക്കും അവകാശമില്ല.

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ളവരുടെ വൈദ്യുതിചാര്‍ജ് സര്‍ക്കാര്‍ വഹിക്കും


നാണ്യവിളകള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ അധിക വൈദ്യുതിനിരക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന വൈദ്യുതി ബോര്‍ഡിന് സാമ്പത്തികഭാരം താങ്ങാനാവാത്തതിനാലാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയില്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കും


ഇടുക്കി ജില്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരം ഇടുക്കി ജില്ലാ സഹകരണ ബാങ്ക് രൂപം നല്‍കിയ ഭവനവായ്പ പദ്ധതിയായ ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ജവഹര്‍ ഭവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ രൂപരേഖ സംസ്ഥാനത്തെ മറ്റു ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ജില്ലയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ്, പദ്ധതി കേരളം മുഴുവന്‍ നടപ്പാക്കുക. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാത്ത പദ്ധതി ഒരു മാതൃകാ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ഗ്രാമസഭകള്‍ തിരഞ്ഞെടുത്ത 150ല്‍പരം ഗുണഭോക്താക്കള്‍ക്കുള്ള വായ്പ വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.



2015, മാർച്ച് 2, തിങ്കളാഴ്‌ച

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതിയ്ക്ക് ധാരണ


നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകം . എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ കമ്പനിയാണിത് . ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു.  

ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ.  കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

മതേതരത്വം വെല്ലുവിളി നേരിടുന്നു


സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും ഇത് ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.വൈ.എസ്. അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സഹിഷ്ണുതയും വിശാല മനോഭാവത്തിലൂന്നിയതുമാണ് നമ്മുടെ പാരമ്പര്യം. മതസൗഹാര്‍ദവും മതേതരത്വവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്. എന്നാല്‍, ഇതിനെ വെല്ലുവിളിച്ച് ദുര്‍ബലപ്പെടുത്താനുള്ള ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. ഒരുവിധത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഈ തെറ്റായ പ്രവണതയെ എല്ലാവരും ഒന്നിച്ചെതിര്‍ക്കണം. വിഭാഗീയതക്കെതിരെ ഉയരുന്ന ശബ്ദവും വിഭാഗീയമാകരുത്. ഒരുമിച്ചുനിന്നുള്ള ചെറുത്തുനില്‍പ്പാണ് വേണ്ടത്. ഇതാണ് മതസൗഹാര്‍ദത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്


ജപ്പാന്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെയും പരിസരത്തെ 16 പഞ്ചായത്തുകളിലെയും താമസക്കാരായ 21 ലക്ഷം പേര്‍ക്ക് ദിവസം 17.4 കോടി ലിറ്റര്‍ കുടിവെള്ളം നല്‍കുന്ന പദ്ധതിയാണിത്.

സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത കടുത്ത വരള്‍ച്ചയെയാണ് നേരിടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സജ്ജമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാതല നടപടികളാണ് സ്വീകരിക്കുന്നത്. ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് പ്രാദേശിക കര്‍മപദ്ധതികള്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഫറോക്ക്, മാവൂര്‍, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ പ്രദേശങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാവൂര്‍ പഞ്ചായത്തിന് 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് നല്‍കുക. പെരുവണ്ണാമൂഴിയുടെ അയല്‍പ്രദേശങ്ങളായ ചങ്ങരോത്തിനും ചക്കിട്ടപാറയ്ക്കും പുതിയ പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം കുടിവെള്ളം നല്‍കും.

2036 വരെയുള്ള ജല ആവശ്യകത കണക്കിലെടുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 3.6 കോടി ലിറ്റര്‍ വെള്ളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 1, ഞായറാഴ്‌ച

വിഴിഞ്ഞം: മുഖ്യമന്ത്രി ചൊവ്വാഴ്ച മോദിയെ കാണും


വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും ചര്‍ച്ച നടത്തും. മന്ത്രി കെ.ബാബുവും ചര്‍ച്ചയില്‍ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കുന്നതില്‍ നിന്ന് അവസാനനിമിഷം കമ്പനികള്‍ പിന്‍മാറിയിരുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയെന്ന് ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് എന്നപോലെ വിഴിഞ്ഞത്തിനും നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ച.

ഇന്ത്യയിലെ ഒരു തുറമുഖത്തില്‍നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശക്കപ്പലുകളെ ചരക്ക് കടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് മാറ്റിയാലേ തുറമുഖം ലാഭകരമായി നടത്താനാവൂ. മുമ്പ് ഇക്കാര്യം കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ചില്ല. ഈ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. ഇത് മാറ്റിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
കബോട്ടാഷ് നിയന്ത്രണം ഉള്ളതിന്റെ ഗുണം ഇപ്പോള്‍ ഫലത്തില്‍ കൊളംബോ തുറമുഖത്തിനാണ്. വിദേശ കപ്പലുകള്‍ അവിടെ അടുപ്പിച്ചിട്ട് അവിടെനിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ ചെയ്യുന്നത്. 

കേന്ദ്ര ബജറ്റ്‌ കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചു



കേന്ദ്ര ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐഐടിയും എയിംസും നല്‍കിയില്ല. ഇവ രണ്ടിനും സ്ഥലംവരെ കണ്ടെത്തി കേരളം ഒരുങ്ങിയിരുന്നതാണ്. ഐഐടിക്കു പാലക്കാടും എയിംസിനു മറ്റു നാലു സ്ഥലവും നിര്‍ദേശിച്ചിരുന്നു. എയിംസിന്റെ നിര്‍ദിഷ്ടമായ നാലു സ്ഥലത്തില്‍ ഏതെങ്കിലും ഒന്നു നിര്‍ദേശിക്കാന്‍ കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ നിര്‍ദേശിക്കുമായിരുന്നു. 

ഐഐടിക്കു വേണ്ടി നിര്‍ദേശിച്ച പാലക്കാടാകട്ടെ കേന്ദ്ര സംഘം സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തി തിരികെ പോയതുമാണ്. നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കിയതും കൊച്ചി മെട്രോയ്ക്കു ധനസഹായം അനുവദിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുക വകയിരുത്തിയതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുകൊണ്ടു കേരളം അര്‍ഹിക്കുന്നതിന്റെ ഒരംശംപോലും ആകുന്നില്ല.

കോര്‍പറേറ്റ് നികുതി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവിന്റെ പരിധി കൂട്ടിയില്ല. റബറിന്റെ വിലയിടിവു തടയാനും സുഗന്ധവ്യഞ്ജന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാനും നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നു.