UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി

ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി

 

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 1200 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ജര്‍മന്‍-അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്.

ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. കേന്ദ്രങ്ങള്‍, വിനോദ സൗകര്യങ്ങള്‍, ചില്ലറ വില്പന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി.

ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്കര്‍ ഭൂമി, സെസ് പദവിയുള്ള 10 ഏക്കര്‍ ഭൂമി എന്നിവ ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി 90 വര്‍ഷത്തേക്കാണ് നല്‍കുന്നത്. പദ്ധതി 20,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരുമാസത്തിനകം ടോറസിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ടോറസ് ഇന്ത്യ എം.ഡി. അജയ് പ്രസാദ് പറഞ്ഞു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും: ഉമ്മന്‍ചാണ്ടി



സംസ്ഥാനത്തു കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്റ് തോമസ് കോളജിനു സ്വയംഭരണാവകാശം നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. കോളജുകളെ കൂട്ടിലിട്ട കിളികളുടെ അവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടക്കൂടിനുള്ളില്‍ നിന്നാല്‍ കോളജുകള്‍ക്കു വളരാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ, സ്വന്തം കഴിവ് ഉപയോഗിക്കാന്‍ കോളജുകള്‍ക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസരംഗത്തു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല. സ്വാശ്രയ മേഖലയില്‍ പ്രഫഷനല്‍ കോളജുകള്‍ അനുവദിച്ചതാണ് ഈ രംഗത്ത് ഉണ്ടായ ഏക നേട്ടം. ഇന്ത്യയില്‍ 507 കോളജുകള്‍ക്കു സ്വയംഭരണാവകാശം ഉണ്ട്. കേരളത്തില്‍ മാത്രം ഒറ്റ കോളജിനും ഇതില്ല. 

ഇതിനു മാറ്റംവരണമെന്ന ആഗ്രഹത്തിലും നിരന്തര ചര്‍ച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുമാണു സ്വയംഭരണാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ആശയങ്ങളുടെ പേരില്‍ ഇതു വേണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഏതു മാറ്റം വന്നാലും എതിര്‍ക്കുന്നതു പുതുതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്. 

മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു വരുമാന ഇനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ യുവാക്കളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവരിലൂടെ ഈ നഷ്ടം നികത്താന്‍ കഴിയുമെന്നാണു വിശ്വാസം. ബജറ്റില്‍ യുവാക്കള്‍ക്കായി തുക മാറ്റിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. 

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി: മുഖ്യമന്ത്രി  
 
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലിക്കു തുടക്കം  

കൊച്ചി സര്‍വകലാശാലയെ (കുസാറ്റ്) ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി) ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സെമിനാര്‍ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുസാറ്റിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഐഐഇഎസ്ടി പദവി അനിവാര്യമായതിനാല്‍ ആവശ്യം വീണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലാനിങ് കമ്മിഷന്‍ അംഗീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിഷന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുസാറ്റിനെ ഐഐഇഎസ്ടിയായി ഉയര്‍ത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.    കുസാറ്റിനെ 2004-05 കാലഘട്ടത്തില്‍ തന്നെ ഐഐഇഎസ്ടി ആയി ഉയര്‍ത്തണമെന്ന് തീരുമാനിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. കേന്ദ്രം പണവും അനുവദിച്ചു. 
ഇടയ്ക്കുണ്ടായ ചില നയപരമായ തീരുമാനങ്ങള്‍ കാരണം നടപടി മുന്നോട്ടുപോയില്ല.    വിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഈ മേഖലയിലെ കുറവു നികത്തുന്നതിന് ഒരു തീരുമാനം മാത്രമേ ഉണ്ടായുള്ളൂ. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അനുമതിയാണത്. അതോടെ ഏറെ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്കു കുറഞ്ഞു. ഇനി ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല: മുഖ്യമന്ത്രി 

 

മുഹമ്മ (ആലപ്പുഴ) * കുട്ടനാട് പാക്കേജിനു കേന്ദ്രം അനുവദിച്ചു തന്ന തുക നഷ്ടപ്പെടില്ലെന്നും ഇതുസംബന്ധിച്ച ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണത്തിന്റെയും നിലവിലുള്ള ഷട്ടറുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നവംബര്‍ ആറിനു കുട്ടനാട് സന്ദര്‍ശിക്കുമെന്നും അനുവദിച്ച തുക നഷ്ടമാവില്ലെന്നു കേന്ദ്രജലവിഭവമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രം ചോദിച്ച കുറേ കാര്യങ്ങള്‍ക്കു സംസ്ഥാനം ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. 1517 കോടി രൂപ കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ വേണ്ടിവരുമെന്നു സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 1891 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 1840 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ജോലികള്‍ പലതും ടെന്‍ഡര്‍ ചെയ്യുകയും ഉണ്ടായി. എന്നാല്‍ 390 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിനു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. 

കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഇതിനുള്ള പോംവഴി ആരായും. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 70 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മേയില്‍ പൂര്‍ത്തിയാക്കുമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടനാട് പാക്കേജിന്റെ ഗതിവേഗത്തെക്കുറിച്ചു വിമര്‍ശനമുണ്ടെന്നും കുട്ടനാട് താലൂക്കിലെ 397 ജോലികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 340 ജോലികളോടുമാത്രമേ കരാറുകാര്‍ പ്രതികരിച്ചുള്ളുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, എസി കനാല്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. 

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും

റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും-മുഖ്യമന്ത്രി













ചെങ്ങന്നൂര്‍:സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കെ.എസ്.ടി.പി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറ്റകുറ്റപ്പണിക്ക് ആവശ്യമായ ടാറും മറ്റ് സാമഗ്രികളും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. ടാറിന്റെ ക്ഷാമം, കരാറുകാരുടെ സമരം, പാറമട പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം റോഡുകളുടെ സ്ഥിതി ഇപ്പോള്‍ മോശമാണ്. സമയബന്ധിതമായി ഈ ശോച്യാവസ്ഥ പരിഹരിക്കും.
വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതിനനുസരിച്ച് റോഡുകള്‍ ഉണ്ടാകുന്നില്ല. തുകയില്ലെന്നുപറഞ്ഞ് സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളില്‍നിന്ന് ഒഴിയില്ല. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ബി.ഒ.ടി. വ്യവസ്ഥയിലും പണം കണ്ടെത്തി റോഡുകളുടെ വികസനം നടപ്പാക്കും. അമ്പതുവര്‍ഷംമുമ്പ് ചെയ്ത തെറ്റ് തിരുത്തുകയാണ് എം.സി. റോഡ് വികസനത്തിലൂടെ ഇപ്പോള്‍ ചെയ്യുന്നത്. 

തീരദേശത്തുകൂടി ആദ്യം ദേശീയപാത അനുവദിച്ചു. അതിന് ഫണ്ട് ഇല്ലായിരുന്നു. രണ്ടാമത് ഫണ്ടോടുകൂടി ദേശീയപാത അനുവദിച്ചെങ്കിലും രണ്ടുംകൂടി തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഒറ്റ റോഡായി. രണ്ടാമത്തെ ദേശീയപാത എം.സി. റോഡുവഴി ആയിരുന്നെങ്കില്‍ അരനൂറ്റാണ്ടുമുമ്പേ ഇവിടത്തെ ദുരവസ്ഥ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, മാത്യു ടി.തോമസ്, സി.എഫ്. തോമസ്, മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്, നഗരസഭാധ്യക്ഷ വത്സമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

 

 

ചെറുതോണി* സ്വന്തം പേരിലുള്ള ആദിവാസി കോളനിയിലെ താമസക്കാരുടെ ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മഴുവടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആദിവാസി കോളനി. സ്വന്തം പേരിലുള്ള കോളനിയുടെ മണ്ണില്‍ രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്. 18ന് രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി കോളനിയിലെത്തുന്നത്.   1976ല്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയില്‍ ആദിവാസികള്‍ക്കു വേണ്ടിയുള്ള ഈ കോളനി. അന്ന് ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ പ്രേരണയും പ്രചോദനവുമായിരുന്നു കോളനി രൂപീകരണത്തിന് അടിസ്ഥാനം.     

കോളനി രൂപീകരിച്ചിട്ട് 38 വര്‍ഷം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ ആദിവാസി കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പലതും സ്വപ്നമാണ്. ജനസമ്പര്‍ക്ക പരിപാടിയുമായി ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ എത്തിയപ്പോള്‍ ഊരു മൂപ്പന്‍ സുകുമാരന്‍ കാണിയുടെ നേതൃത്വത്തില്‍ കോളനിയില്‍ നിന്നു നിവേദകസംഘം എത്തി മുഖ്യമന്ത്രിയെ സ്വീകരിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുടിയിലെ ആവലാതികള്‍ക്ക് ഇനിയും പൂര്‍ണ പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മിയോടൊപ്പം ഉമ്മന്‍ ചാണ്ടി കോളനി സന്ദര്‍ശിക്കുന്നത്. കോളനിക്കാരുടെ 

ദുരിതത്തിന് അറുതി വരുത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി 18നു നടത്തുമെന്നാണ് അറിയുന്നത്.     

1976ല്‍ കോളനി രൂപീകരിച്ചപ്പോള്‍ 39 വീടുകള്‍ മാത്രമായിരുന്നു മഴുവടിയിലെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 38 വര്‍ഷം കൊണ്ട് വീടുകളുടെ എണ്ണം 85 ആയി. പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പേരിനുപോലുമില്ല. 35 വീടുകള്‍ വാസയോഗ്യമല്ലെന്നും കോളനിവാസികള്‍ പറയുന്നു. നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി കോളനിയില്‍ കുടിവെള്ളം എത്താത്തതിലും ആദിവാസികള്‍ക്ക് പ്രതിഷേധമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് സമീപ പ്രദേശത്ത് കുടിവെള്ള ലഭ്യതയ്ക്കായി കുളം നിര്‍മിച്ചെങ്കിലും ആദിവാസി ഊരുകളില്‍ ഇപ്പോഴും വെള്ളം എത്തിയിട്ടില്ല. കുടിവെള്ള വിതരണത്തിന് മതിയായ പണമില്ലാത്തതാണു കാരണം. ചുരുളി- ആല്‍പ്പാറ- ഉമ്മന്‍ ചാണ്ടി കോളനി- പട്ടയക്കുടി വഴി പൊതുമരാമത്തു റോഡിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇതിനൊപ്പം കോളനിയിലെ ചെറിയ റോഡുകളുടെ വികസനംകൂടി വേഗത്തിലാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. 

പട്ടികവര്‍ഗ വിഭാഗത്തിന് സൗജന്യമായി നല്‍കിയിരുന്ന വൈദ്യുതി വിതരണ പദ്ധതി നിര്‍ത്തലാക്കിയതോടെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ പല വീടുകളിലും മണ്ണെണ്ണ വിളക്കുകളുടെ അരണ്ട വെളിച്ചം മാത്രമാണുള്ളത്.     ഉമ്മന്‍ ചാണ്ടി ആദ്യമായി കോളനി സന്ദര്‍ശനത്തിന് എത്തുന്നതോടെ തങ്ങളുടെ ആവലാതികള്‍ക്കെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍. ഉമ്മന്‍ ചാണ്ടിക്കു കോളനിയിലേക്കു പരമ്പരാഗത രീതിയില്‍ വന്‍ സ്വീകരണം നല്‍കുന്നതിന് ഒരുങ്ങുകയാണ് കോളനി നിവാസികള്‍.  

 

മുഖ്യമന്ത്രി കോളനി

മുഖ്യമന്ത്രി കോളനി

സ്വന്തം പേരില്‍ കോളനിയുള്ള രണ്ടു മുഖ്യമന്ത്രിമാരാണ് കേരള ചരിത്രത്തിലുള്ളത്. പട്ടം താണുപിള്ളയും ഉമ്മന്‍ ചാണ്ടിയും. രണ്ടു കോളനികളും ഇടുക്കി ജില്ലയിലാണ്. 

നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പട്ടംകോളനി 1955ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്ഥാപിച്ചതാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 1976ല്‍ ആദിവാസികളെ പാര്‍പ്പിച്ച മഴുവടി കോളനിയാണ് ഉമ്മന്‍ ചാണ്ടി കോളനിയെന്നറിയപ്പെടുന്നത്.

ഭാഷയുടെ പേരില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കപ്പെടുന്നത് തടയാന്‍ പട്ടം താണുപിള്ളയുടെ ആശയമായിരുന്നു കോളനി രൂപീകരണം. കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും 2000 രൂപയും വാഗ്ദാനം ചെയ്തു പത്രത്തില്‍ പരസ്യം കൊടുത്തു. 1350 കുടുംബങ്ങളെയാണ് ഘട്ടംഘട്ടമായി ഇവിടെ കുടിയിരുത്തിയത്. കാടു വെട്ടിത്തെളിച്ചു ജീവിതമുറപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു കടുത്ത ദുരിതങ്ങളാണു നേരിടേണ്ടിവന്നതെന്നു പഴയ ആളുകള്‍ ഇപ്പോഴുമോര്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ, വന്യമൃഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിദ്യാഭ്യാസത്തിനോ ചികില്‍സയ്‌ക്കോ സൗകര്യങ്ങളില്ല. കപ്പയും നെല്ലുമായിരുന്നു ആദ്യ കൃഷികള്‍. പട്ടിണിമൂലം കുപ്പച്ചീരയും ചേമ്പും കഴിച്ചു കഴിഞ്ഞുകൂടിയ നാളുകളും ഇവരുടെ ഓര്‍മയിലുണ്ട്. 2000 രൂപയെന്ന ആദ്യ വാഗ്ദാനം ഇതിനിടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. രണ്ടും അഞ്ചും പത്തും രൂപ വീതം പല തവണയായാണ് പണം നല്‍കിയത്. 

ദുരിതങ്ങള്‍കൊണ്ടു പൊറുതിമുട്ടി 1957ല്‍ കര്‍ഷകര്‍ പട്ടിണിജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തേക്ക് 25 പേരടങ്ങുന്ന സംഘം നടത്തിയ ജാഥയുടെ ഫലമായി പല ആനുകൂല്യങ്ങളും നേടിയെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി 1976 ല്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയിലെ കോളനി. അന്ന് 39 വീടുകള്‍ മാത്രമായിരുന്നു. ഇപ്പോഴത് 85 ആയി. ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി സ്ഥാപിച്ച കോളനിക്ക് ആദിവാസികള്‍ അദ്ദേഹത്തിന്റെ പേരു നല്‍കുകയായിരുന്നു. മന്നാന്‍ കുടുംബങ്ങളെയാണു പട്ടയത്തോടെ ഇവിടെ അധിവസിപ്പിച്ചത്. സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 

 

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും- മുഖ്യമന്ത്രി

 

തിരുവനന്തപുരം: മറയൂര്‍-ചിന്നാര്‍ വന്യജീവിസങ്കേതത്തിനടുത്ത് ഒലിക്കുടിയില്‍ 2009ലെ മലയിടിച്ചിലില്‍ ഭൂമി നഷ്ടപ്പെട്ട 44 കുടുംബങ്ങള്‍ക്ക് മുളകാംപെട്ടിയില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അഞ്ചേക്കറില്‍ കവിയാത്ത സ്ഥലമാണ് താമസത്തിനു കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പഞ്ചായത്തധികാരികളും വനംവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കണം. പ്രദേശത്ത് ഭവന നിര്‍മാണത്തിനായി ആദിവാസിക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഒലിക്കുടിയില്‍ ഇവര്‍ നിലവില്‍ കൃഷിചെയ്യുന്ന സ്ഥലം തുടര്‍ന്നും കൃഷിക്കായി അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം-മുഖ്യമന്ത്രി

 


കൊച്ചി: താരപ്രഭയെക്കാള്‍ വലുതാണ് മമ്മൂട്ടിയിലെ മനുഷ്യത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങളിലൂടെ മമ്മൂട്ടി അവര്‍ക്ക് തിരിച്ചുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ പാലാരിവട്ടത്തെ ആശുപത്രിയുമായും അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക ഡോ. സുശീല ജോര്‍ജിന്റെ യോശുവ ചാരിറ്റബിള്‍ ട്രസ്റ്റുമായും സഹകരിച്ച് പാവപ്പെട്ടവരിലെ നേത്രരോഗ ചികിത്സയ്ക്കായി മമ്മൂട്ടി നടപ്പാക്കുന്ന 'കാഴ്ച 2020' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മമ്മൂട്ടിയെ നയിക്കുന്നത് സ്വാര്‍ഥതയും സങ്കുചിത ചിന്താഗതിയുമല്ല. സമൂഹ നന്മയ്ക്കുവേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമമാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസി ഊരുകളിലെ നേത്ര പരിശോധനയ്ക്കുള്ള കാഴ്ചസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു.

'കാഴ്ച 2020' മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി കെ. ബാബു, അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പിന്റെയും മുരളീയ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കെ. മുരളീധരന് നല്‍കി പുറത്തിറക്കി. സാമൂഹിക പ്രതിബദ്ധതയില്‍ മറ്റാരെക്കാളും മുമ്പിലാണ് മമ്മൂട്ടിയെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ''സിനിമയില്‍ മാത്രമേ മമ്മൂട്ടി അഭിനയിക്കാറുള്ളൂ. ജീവിതത്തില്‍ അദ്ദേഹത്തിന് നാട്യങ്ങളില്ല''-മന്ത്രി പറഞ്ഞു.
''ഞാന്‍ ഒരു ഭിത്തിയാണ്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പോലെ എന്റെ മേല്‍ ഒട്ടിക്കാം. ഒരു മടിയുമില്ലാതെ ഞാന്‍ നിന്നുതരാം'' - മമ്മൂട്ടി പറഞ്ഞു. 

നേത്രചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ. ടോണി ഫെര്‍ണാണ്ടസിന് ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നല്‍കുന്ന ഓണററി എഫ്.ആര്‍.സി.എസ്. മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. സുശീല ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വകുപ്പും സര്‍ക്കാരും ചേര്‍ന്ന് മമ്മൂട്ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഡിക്ടഡ് ടു ലൈഫ് പദ്ധതി വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഈസി സോഫ്റ്റ് ടെക്‌നോളജീസ് സി.ഇ.ഒ. അബ്ദുള്‍ മനാഫിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ അക്കാദമി ഡയറക്ടര്‍ ഡോ. കെ. ജഗദീശന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഡോ. ഫ്രെഡി ടി. സൈമണ്‍, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സി.ഇ.ഒ. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ നോബി ഫിലിപ്പ് സ്വാഗതവും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് നന്ദിയും പറഞ്ഞു. 

എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാകുന്ന കാഴ്ച ആപ് വഴി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍: 0484 2346445, 2364446). മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്റെ അന്വേഷണത്തില്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മുന്‍ഗണനാ ക്രമത്തില്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്ക് പ്രവേശനം ലഭിക്കും. 25 ലക്ഷം സ്‌കാനിങ്ങും അര ലക്ഷം ശസ്ത്രക്രിയയുമാണ് കാഴ്ച 2020 പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലെ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 160 -ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ദൈവദശകം രചനാശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. 

കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന് ഏറ്റവും അധികം പ്രചോദനവും ശക്തിയും പകര്‍ന്നത് ഗുരുവിന്റെ ഉപദേശങ്ങളാണ്. എത്രനാള്‍ കഴിഞ്ഞാലും അവ നിലനില്‍ക്കും. നമ്മെ നാമാക്കിയ സാഹചര്യം പുതുതലമുറ പഠിക്കണം. അതിനാലാണ് ഗുരുദേവ ദര്‍ശനം കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.