UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ജൂലൈ 24, വ്യാഴാഴ്‌ച

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും- മുഖ്യമന്ത്രി

 

ഓണം - റംസാന്‍ ഫെയറുകള്‍ താലൂക്ക്തലം വരെ

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും. താലൂക്ക്തലം വരെ ഓണം- റംസാന്‍ ഫെയറുകള്‍ ആരംഭിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കെ.എം.മാണി, അനൂപ് ജേക്കബ്, കെ.പി.മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്.

സപ്ലൈകോ റംസാന്‍ ഫെയര്‍ ഉള്‍പ്പെടെ 58 മെട്രോ ഫെയറുകള്‍ ആരംഭിച്ചു. മെട്രോ ഫെയര്‍ ഓണം വരെ നീട്ടുന്നതിനും തീരുമാനമായി. രണ്ടാംഘട്ടമായി ആഗസ്ത് 13 മുതല്‍ ജില്ലകളിലും 20 മുതല്‍ താലൂക്ക്തലങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കും. 1500 ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, എം.പി.എ. എന്നിവയുടെ സ്റ്റാളുകള്‍ സപ്ലൈകോ ഫെയറിലുണ്ടാകും. 

കണ്‍സ്യൂമര്‍ഫെഡ് ഓണവിപണി ആഗസ്ത് മൂന്നുമുതല്‍ ആരംഭിക്കും. മൂവായിരത്തോളം ഓണവിപണികള്‍ ഒരുക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഓണത്തിന് ബി.പി.എല്‍. കിറ്റ് വിതരണം ചെയ്യും. 

50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി സാധനങ്ങള്‍ ലഭ്യമാക്കുന്നത്. വിപണിയില്‍ ഇടപെടുന്നതിനായി സപ്ലൈകോ 120 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ്പ് 20 കോടി രൂപയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ച് തീരുമാനമെടുക്കും.

 

 

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടും

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സപ്ലൈകോ, ഹോര്‍ട്ടി േകാര്‍പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവ ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.
 
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന പരീക്ഷാ അനുമതിക്കായുള്ള കേസിന്റെ വിചാരണവേളയില്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രിംകോടതിയിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി അന്വേഷിച്ച സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, രണ്ടു മിനിട്ട് കഴിഞ്ഞെത്തി-മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കടകളും വാണിജ്യസ്ഥാപനങ്ങളും 2014 ബില്‍ നിയമസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കും.
 

ബസ്‌റൂട്ട് വിവാദം: തിരുവഞ്ചൂരിനെ വിട്ടേക്കൂ; ഉത്തരവാദിത്വം എനിക്ക് - ഉമ്മന്‍ചാണ്ടി

ബസ്‌റൂട്ട് വിവാദം: തിരുവഞ്ചൂരിനെ വിട്ടേക്കൂ; ഉത്തരവാദിത്വം എനിക്ക് - ഉമ്മന്‍ചാണ്ടി

 

 

തിരുവനന്തപുരം: ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പ്രശ്‌നത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാത്രമായി ആക്രമിക്കുന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണ്. 2006-ല്‍ മുഖ്യമന്ത്രിയായിക്കുമ്പോഴാണ് റൂട്ട് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം.
പി.സി. ജോര്‍ജ് ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചില റൂട്ടുകളില്‍ സ്വകാര്യബസ് സര്‍വീസ് വീണ്ടും അനുവദിച്ചത്. ഈ തിരുമാനത്തിന് മന്ത്രിസഭയുടെ അനുമതിയുണ്ടായിരുന്നു-മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പുതിയ തീരുമാനം മാറ്റാനുതകുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ അതിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

2014, ജൂലൈ 22, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖം: എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം: എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ബോധവത്കരണം നടത്തേണ്ട ആവശ്യമൊന്നുമില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊന്നും തുറമുഖം വരുന്നതിനോട് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ എതിര്‍പ്പുള്ളത് ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മാത്രമാണ്. പദ്ധതിക്കെതിരെ കേസ് കൊടുക്കുന്നത് ചില പാവപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്കുവേണ്ടി കേസുവാദിക്കാനെത്തുന്നത് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന അഭിഭാഷകരും . അതുകൊണ്ടാണ് ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് പറയുന്നത്-ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ കാര്യത്തില്‍ നാം സമ്പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി. നമുക്ക് എടുത്തുകാട്ടാന്‍ വിജയകരമായ മാതൃകകളില്ലാത്തതാണ് കാരണം. അതുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നുമില്ല. എവിടെയെങ്കിലും ജനങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവിടെ അവര്‍ കുടുങ്ങിയിട്ടുമുണ്ട്. വിളപ്പില്‍ശാലയും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ കേരള വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ ഒരു ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ പരിപാടികള്‍ മാറുന്നത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റാണെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പിന്‍മാറാന്‍. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയും ജനമൈത്രി പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച നല്ല കാര്യങ്ങളായിരുന്നു. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണ്- അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് ധാരാളം അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്താന്‍ നമുക്കാവുന്നില്ലെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഈ സര്‍ക്കാരിന് ഏറ്റും സംതൃപ്തി നല്‍കിയ പരിപാടി യുവസംരംഭകത്വ പരിപാടിയാണ്. രണ്ടുകൊല്ലംകൊണ്ട് മികച്ച അംഗീകാരമാണ് ഇതിന് ലഭിച്ചത്. മുന്നൂറോളം കമ്പനികള്‍ ആരംഭിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് കൂടുതല്‍ ഇടപെടുന്നതിനാലാണ് അവരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമായി മനസ്സിലാക്കാനാകുന്നത്. തന്റെ പുസ്തകം ജനങ്ങളാണെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ചും മിഷന്‍ 676 സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ 'എക്‌സലന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് കേരള' പുരസ്‌കാരം നല്‍കി ആദരിച്ചു.
 

2014, ജൂൺ 28, ശനിയാഴ്‌ച

ലഹരിവിരുദ്ധദിനം ഡ്രൈഡേ ആക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ ലഹരിവിരുദ്ധദിനം 'ഡ്രൈഡേ' ആയി ആചരിക്കുമെന്നും ഘട്ടംഘട്ടമായി മദ്യം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലഹരിവിരുദ്ധ ദിനത്തില്‍ മദ്യവില്‍പനയുണ്ടാകില്ല. മദ്യവില്‍പന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല. ശക്തമായ ബോധവത്കരണ പരിപാടികളുമായി സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ജനകീയവേദിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം മദ്യവില്‍പന നിര്‍ത്തലാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഈ ഒരാഴ്ചക്കാലം ലഹരിമുക്തമാക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം അജണ്ടയില്‍ ലഹരിവിരുദ്ധനയം ഉണ്ടാകണമെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി പുലര്‍ത്തുന്ന നിലപാട് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞ എ.കെ. ആന്റണി ചൊല്ലിക്കൊടുത്തു.


2014, ജൂൺ 13, വെള്ളിയാഴ്‌ച

കടലാക്രമണം: അടിയന്തരസഹായം എത്തിക്കും

കടലാക്രമണം: അടിയന്തരസഹായം എത്തിക്കും-മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണംമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായം എത്തിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് അതത് ജില്ലാകളക്ടര്‍മാരോട് ചീഫ്‌സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെകൂടി അടിസ്ഥാനത്തില്‍ അത്യാവശ്യ സംരക്ഷണ പ്രവര്‍ത്തനം നടത്തും. ഓരോ ജില്ലയിലുമുണ്ടായ നാശനഷ്ടങ്ങള്‍ അനുസരിച്ച് ദുരിതാശ്വാസത്തിനായി ആവശ്യമായ തുക വ്യാഴാഴ്ചതന്നെ അനുവദിക്കും-മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യഫെഡില്‍ പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 113 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

പട്ടികജാതി വിഭാഗങ്ങള്‍ക്കായി വണ്ടൂരില്‍, ഇന്ദിരാജി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച കോളേജ്, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ കോളേജ് എന്ന പേരില്‍ തുടങ്ങും. ഈ കോളേജിനായി വണ്ടൂര്‍ വില്ലേജില്‍ അഞ്ചേക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് ഈ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കും.

നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
വയനാട് വില്ലേജില്‍ മാനന്തവാടി താലൂക്കില്‍ പനമരം വില്ലേജില്‍ പോലീസ്സ്‌റ്റേഷന്‍, പരേഡ്ഗ്രൗണ്ട്, പോലീസ് ഫാമിലി ക്വാര്‍ട്ടേഴ്‌സ് എന്നിവയ്ക്കായി 2.29 ഹെക്ടര്‍ സ്ഥലം റവന്യൂവകുപ്പില്‍നിന്ന് വിട്ടുകൊടുക്കും.
വയനാട് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക്കിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് പോലീസ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ െകട്ടിടം പണിയാന്‍ നന്താവനം പോലീസ് ക്യാമ്പിനോടനുബന്ധിച്ച് 10 സെന്റ് സ്ഥലം നല്‍കാനും തീരുമാനിച്ചു.
 

2014, ജൂൺ 3, ചൊവ്വാഴ്ച

അടിസ്ഥാന ശാസ്ത്രപഠനത്തിന് കൂടുതല്‍ അവസരമൊരുക്കും

അടിസ്ഥാന ശാസ്ത്രപഠനത്തിന് കൂടുതല്‍ അവസരമൊരുക്കും -മുഖ്യമന്ത്രി

 

കോട്ടയം: അടിസ്ഥാന ശാസ്ത്രത്തില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാമ്പാടിയില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ ആസ്ഥാനത്ത് ചേര്‍ന്ന ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍കാലങ്ങളേക്കാള്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിപ്രവര്‍ത്തനം സംബന്ധിച്ച് വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ തലവന്മാര്‍ ഉള്‍പ്പെടുന്ന സമിതിഅംഗങ്ങള്‍ ചര്‍ച്ചനടത്തി. ഇന്‍സ്റ്റിറ്റിയൂട്ടിനെ സ്വയംഭരണ സ്ഥാപനമാക്കി ഉയര്‍ത്താനുള്ള നടപടികളുമായി മുമ്പോട്ടുപോകാന്‍ തീരുമാനമായി.രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രി പങ്കെടുത്തു.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലോഗോ പ്രകാശനവും മുഖപത്രമായ 'ശാസ്ത്ര'യുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പശ്ചിമഘട്ടം : മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയുമായി ചര്‍ച്ച നടത്തി.

പശ്ചിമഘട്ടം : മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയുമായി ചര്‍ച്ച നടത്തി. 
 
 

ന്യൂഡല്‍ഹി : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് കേന്ദ്രം അനുകൂലമാണെന്ന വാര്‍ത്തകള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തി. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചു മാത്രമേ കേന്ദ്രം അന്തിമതീരുമാനമെടുക്കൂവെന്നാണ് മുഖ്യന്ത്രിക്ക് ലഭിച്ച മറുപടി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന വാര്‍ത്തകള്‍ മന്ത്രി ജാവ്‌ദേക്കര്‍ നിഷേധിച്ചു. 

കേരളത്തിന്റെ ആശങ്കകള്‍ പരിസ്ഥിതിമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും മുഖ്യമന്ത്രി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് കാര്യമായി ഉറപ്പോ മറുപടിയോ ഒന്നും ലഭിച്ചില്ല. ഉച്ചയ്ക്ക് പരിസ്ഥിതിമന്ത്രി ജാവ്‌ േദക്കറുമായി ഉമ്മന്‍ചാണ്ടി വിഷയം ചര്‍ച്ച ചെയ്തു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പരിഗണിച്ചുകൊണ്ടല്ലാതെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവില്ലെന്ന് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. 

പരിസ്ഥിതി സംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ പശ്ചിമഘട്ടമേഖലയിലെ കര്‍ഷകരെയും അവരുടെ ജീവനോപാധികളെയും ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. 

ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുമെന്നായിരുന്നു ജാവ്‌ദേക്കര്‍ നല്‍കിയ മറുപടി. പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതുപോലെ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കും. പരിസ്ഥിതിസംരക്ഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോവുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി നാലു സംസ്ഥാനങ്ങളുമായി വിശദമായി ചര്‍ച്ച നടത്തും. അതുകഴിഞ്ഞേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ - ജാവ്‌ദേക്കര്‍ അറിയിച്ചു.

ചര്‍ച്ച തൃപ്തികരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

2014, ജൂൺ 1, ഞായറാഴ്‌ച

മൂന്ന് കുട്ടികളെ സര്‍ക്കാര്‍ ദത്തെടുത്തു

മൂന്ന് കുട്ടികളെ സര്‍ക്കാര്‍ ദത്തെടുത്തു

 


തിരുവനന്തപുരം: കാസര്‍കോട്ട് നിന്നുള്ള അഖിലാമോഹന്റെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യത്തിന്, അച്ഛനും അമ്മയും നഷ്ടപ്പെട്ട മൂന്ന് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. മുഖ്യമന്ത്രിയുമായി യൂത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ സംവാദത്തിലാണ് വികാരനിര്‍ഭരമായ ചോദ്യവും അതിന് മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചത്. 

കാസര്‍കോട്ട് കുണ്ടംകുഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അഖില പഠിക്കുന്നത്. അവിടെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് അനാഥരായ മൂന്ന് കുട്ടികള്‍ വിവിധ ക്ലാസുകളിലായി പഠിക്കുന്നുണ്ട്. താമസിക്കാന്‍ വീടില്ല, പ്ലസ് വണ്ണിനുപഠിക്കുന്ന ആണ്‍കുട്ടിയാണ് മൂത്തയാള്‍. തീര്‍ത്തും ദുരിതത്തിലായ ഈ കുട്ടിക്ക് ഇളയ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും അസാധ്യമാവുകയാണ്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. നിറഞ്ഞ കണ്ണുകളോടെ അഖില ഇത് പറയുമ്പോള്‍ മുഖ്യമന്ത്രി അതേ വികാരത്തോടെ അതുള്‍ക്കൊണ്ട് മറുപടി നല്‍കി. കുട്ടികളെ സര്‍ക്കാര്‍ ദത്തെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചിന് കാസര്‍കോട്ട് എത്തുമ്പോള്‍ ഗസ്റ്റ്ഹൗസില്‍ കുട്ടികളെ കാണാമെന്നും കുട്ടികള്‍ക്കും സ്‌കൂള്‍ പ്രഥമാധ്യാപകനുമൊപ്പം അഖിലയുമുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയമുന്നയിച്ചതിന് അഖിലയെ നന്ദി അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. മാത്രവുമല്ല അഖിലയുടെ ഫോണ്‍ നമ്പരും മുഖ്യമന്ത്രി ചോദിച്ച് വാങ്ങി.

പ്ലസ് ടു സൗകര്യമില്ലാത്ത സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം പ്ലസ് ടു അനുവദിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷം പ്ലസ് ടു ഉള്ളിടത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കും. പ്ലസ് ടു പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം കാലതാമസ മുണ്ടാക്കുന്നുവെന്ന ഒരു യൂത്ത് പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി, പ്രവേശനം സുതാര്യതയാക്കുന്നുവെന്ന ഏകജാലക സംവിധാനത്തിന്റെ നേട്ടം എടുത്തുകാട്ടുകയും ചെയ്തു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന് പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇപ്പോള്‍ പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവര്‍ സംസാരിക്കുമ്പോള്‍ പുതിയ പുതിയ വാക്കുകളാണ് പ്രയോഗിക്കുന്നത്. അവര്‍ കരുതുന്നത് അവര്‍ പറയുന്ന വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റ് വാക്കുകളില്ലെന്നാണ്.

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍നിന്നായുള്ള 28 വിദ്യാര്‍ത്ഥികളാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ ചോദ്യങ്ങളുമായെത്തിയത്. വര്‍ത്തമാനകാല സംസ്ഥാന ദേശീയരാഷ്ട്രീയം, അന്തര്‍സംസ്ഥാന നദീജലപ്രശ്‌നം, മുല്ലപ്പെരിയാര്‍, മരുന്നുവില നിയന്ത്രണം, എസ്.എസ്.എല്‍.സി. ഗ്രേഡിങ് സമ്പ്രദായം, പശ്ചിമഘട്ടസംരക്ഷണം, സ്ത്രീ സുരക്ഷ, കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനം, ആറന്മുള വിമാനത്താവളം എന്നിവയ്ക്കുപുറമേ പ്രാദേശികമായ ആവശ്യങ്ങളും നിവേദനങ്ങളുമെല്ലാം മുഖ്യമന്ത്രിക്കുമുന്നില്‍ കുട്ടികളവതരിപ്പിച്ചു. 

കായികമേളകളില്‍ മികച്ച പ്രകടനം കാഴ്‌ചെവയ്ക്കുന്ന മാള ഉപജില്ലയ്ക്ക് സ്വന്തമായി സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യമാണ് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എച്ച്.എച്ച്.എസിലെ സിംസി പൗലോസ് ഉന്നയിച്ചത്. സ്ഥലം ലഭ്യമായാല്‍ സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിംസിക്ക് ഉറപ്പുനല്‍കി. വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന്മേലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണമാറ്റംവന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതെന്താണെന്ന ചോദ്യത്തിന് ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന വിദഗ്ദ്ധാഭിപ്രായം സാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് ശരിയായിരിക്കാം. എന്നാല്‍ അവിചാരിതമായ സാഹചര്യങ്ങളില്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനും പ്രദേശവാസികള്‍ക്കും ആശങ്കയുണ്ടെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കാമ്പസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തെ അംഗീകരിക്കില്ല. സ്ത്രീകളുടെ സുരക്ഷാകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലുമാരംഭിച്ച ഷീ ടാക്‌സി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്ത് മദ്യനിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യലഭ്യത കുറയ്ക്കുക, ബോധവത്കരണം നടത്തി മദ്യ ഉപഭോഗം കുറയ്ക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലെത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടി.വര്‍ഗീസ്, കണ്‍സള്‍ട്ടന്റ് ജയിംസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.