UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 31, വ്യാഴാഴ്‌ച

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍ - മുഖ്യമന്ത്രി



തിരുവനന്തപുരം: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളുടെ പട്ടികയുണ്ടാക്കി ഓരോരുത്തരെയായി കൊന്നുവെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പരസ്യമായി പറഞ്ഞത് ചെറുതായി കാണാനാവില്ല. നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ജനങ്ങളോടുള്ള കടമയാണ്-മുഖ്യമന്ത്രി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആരേയും പോലീസ് പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ് പോലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവര്‍ തന്നെ അവരുടെ ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ പോലീസ് പീഡനം നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആര് പീഡിപ്പിച്ചിട്ടാണ് എം.എം.മണി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പാര്‍ട്ടി വ്യക്തമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ കാലതാമസം ഉണ്ടാകില്ലെന്നും ഒരുദിവസംപോലും വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയും സ്മാര്‍ട്ട് സിറ്റി അധികൃതരുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് ആവശ്യമുള്ളത്. ഇത് ഉടനെ ലഭിക്കുമെന്നും പദ്ധതിക്ക് ആവശ്യമായ മറ്റ് അനുമതികള്‍ ലഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി കേരളത്തിന് നഷ്ടമാകില്ല. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു
.

2012, മേയ് 30, ബുധനാഴ്‌ച

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി 


 



സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1200 കി.മീ. റോഡുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് തുടക്കമായി. 5100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

1200 കി.മീ റോഡ് പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 1100 കോടിരൂപയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്ന് 1500 കോടിരൂപയോളം വായ്പയെടുക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ നിന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ബാക്കി തുക സമാഹരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേകളേയും പ്രധാന ജില്ലാ റോഡുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് സെക്രട്ടറി പി.എച്ച്. കുര്യന്‍, റോഡ്ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

2012, മേയ് 29, ചൊവ്വാഴ്ച

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മെന്റര്‍ സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം 10 ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്കറ്റ് ഹോട്ടലില്‍ സാം പിത്രോഡ സംഘം നിര്‍ദേശിച്ച പദ്ധതികളുടെ വിശദ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കപ്പല്‍ഗതാഗതം, നോളജ് സിറ്റി, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ-ഗവേണന്‍സ് എന്നീ അഞ്ചു മേഖലകളിലുള്ള ബിസിനസ് പ്ലാനുകളാണ് സമ്പൂര്‍ണ വിശദാംശങ്ങളോടെ അവതരിപ്പിക്കുന്നത്.
നേരത്തെ 10 മേഖലകളാണ് പിത്രോഡ തെരഞ്ഞെടുത്തിരുന്നത്. ഇവയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവികസനവും, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിച്ച ജീവനക്കാരെ വീണ്ടും പ്രയോജനപ്പെടുത്തല്‍, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം, അതിവേഗ റെയില്‍ ഇടനാഴി എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ പദ്ധതികളുടെയും പൊതു ഏകോപനത്തിനു വേണ്ടി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍,ധനകാര്യ സെക്രട്ടറി വി.പി. ജോയി, പ്ലാനിങ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, സാം പിത്രോഡ സംഘാംഗങ്ങള്‍ തുടങ്ങിയവരടങ്ങിയ സമിതി രൂപവത്കരിച്ചു. പൊതുഖജനാവില്‍ നിന്നുള്ള പണം മാത്രം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സാം പിത്രോഡ ചൂണ്ടിക്കാട്ടി.

 എന്നാല്‍ നിലവാരമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 10 ശതമാനം വരുമാനം ഉറപ്പാക്കാമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുതന്നെ സാമ്പത്തികസഹായം ലഭിക്കും. അമേരിക്കയില്‍ രണ്ട് ശതമാനമാണ് പലിശ നിരക്ക്.

ലോകത്ത് എവിടെയും നിക്ഷേപം നടത്താന്‍ അമേരിക്കയില്‍ നിന്നുള്ള സംരംഭകര്‍ സന്നദ്ധരാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പരമാവധി സഹായം തേടിയും പദ്ധതികള്‍ നടപ്പാക്കും.
രാഷ്ട്രീയഇച്ഛാശക്തിയും ഭരണപരമായ പിന്തുണയുമാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൂടാതെ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ തുടങ്ങിയവര്‍ പിട്രോഡയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

2012, മേയ് 27, ഞായറാഴ്‌ച

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല: മുഖ്യമന്ത്രി  

 കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

 തിരൂര്‍ * രാഷ്ട്രീയവിരോധംവച്ച് സര്‍ക്കാര്‍ ആരെയും ദ്രോഹിക്കില്ലെന്നും എന്നാല്‍, നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    

നിയമത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. സമാധാനം നിലനിര്‍ത്തുന്നതിന് പൊലീസ് സേനയുടെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയക്കാര്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടരുതെന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും എത്ര വലിയവനായാലും മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയ്ക്ക് സര്‍ക്കാര്‍ എല്ലാ പരിഗണനയും നല്‍കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിനിധി സമ്മേളനം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.   ജോലി സമയക്രമീകരണം കൂടുതല്‍ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നതും ഉദ്യോഗക്കയറ്റ നടപടികള്‍ ലഘൂകരിക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ വിവിധ മന്ത്രിമാര്‍ പ്രഖ്യാപിച്ചത് ആറായിരം പ്രതിനിധികള്‍ പങ്കെടുത്ത സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

 

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി


നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി

തിരുനാവായ: നിയമവാഴ്ച തകര്‍ക്കുന്നത് സാമൂഹിക വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ 29ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നിയമത്തിന്റെ വഴി എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നതിനാല്‍ നിയമവാഴ്ച നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഇരിക്കുന്ന കൊമ്പ് മുറിക്കലാവും സ്ഥിതി.

 
പൊലീസിന്റെ കാര്യക്ഷമതയും അര്‍പ്പണ ബോധവും സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായതിനാല്‍ സന്തുഷ്ടമായ പൊലീസ് എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പൊലീസില്‍ 1200 പുതിയ പോസ്റ്റുകള്‍ സൃഷ്ടിച്ചെന്നും കാസര്‍കോടിനു വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനത്തോടെ മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കാതിരിക്കാനും സമാധാനം കെടുത്തുന്നവരെ നിലക്കു നിര്‍ത്താനും പൊലീസിനു കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 2500 പേര്‍ക്ക് പ്രമോഷന്‍ നല്‍കും. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്നത് പടിപടിയായി പരമാവധി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 50 വയസ്സ് കഴിഞ്ഞവരെ എച്ച്.സി പരീക്ഷയില്‍ നിന്നൊഴിവാക്കും. വനിതാ പൊലീസില്‍ 500 പേരെക്കൂടിയെടുത്ത് 10 ശതമാനമാക്കും. പൊലീസ് പരിശീലനം പരിഷ്കരിക്കും.

 
സ്റ്റുഡന്റ്സ് പൊലീസിന് റഫറഷ്മെന്റിനാവശ്യമായ തുക നല്‍കും. ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കും. ആരോഗ്യ സുരക്ഷാ പദ്ധതി ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും കെ.എ.പി ഒന്നാം ബറ്റാലിയന്‍ സ്ഥല ലഭ്യതക്കനുസരിച്ച് എറണാകുളത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

2012, മേയ് 25, വെള്ളിയാഴ്‌ച

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

 

അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം അടയ്ക്കാ കര്‍ഷകരെ ദോഷമായി ബാധിക്കുമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. കൃഷിമന്ത്രി കെ.പി. മോഹനന്‍ ഇതു സംബന്ധിച്ചു കര്‍ഷകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരിനെ ഇറക്കുമതിക്കെതിരെയുള്ള പ്രതിധേഷം അറിയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

 

നെല്ലിന്റെ സംഭരണ വില മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഫണ്ട് സഹകരണ മേഖലയില്‍നിന്ന് അഡ്വാന്‍സ് നല്‍കും.

 

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിന് സി.പി.എം സഹകരിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം കണ്ണൂരില്‍ ചിലയിടത്തുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ എന്ത് നടപടി വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം ബ്ലോക്കിന്റെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയം എവിടെയെത്തിയെന്നതിന്റെ അവസാന ഉദാഹരണമാണ് ടി.കെ. ഹംസയുടെ പ്രസംഗം. സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കപ്പുറത്താണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എടുത്ത സമീപനവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞതും ഗൗരവമായി കാണണം. കേരളത്തിലെ മഹാഭൂരിപക്ഷവും സ്വൈരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ഭീതി പരത്തുന്നതാണ് ചന്ദ്രശേഖരന്‍ വധം. ഒരു രാഷ്ട്രീയവുമില്ലാത്ത മോഹന്‍ലാലിന്റെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്. 

 
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അനാവശ്യമായി ദ്രോഹിക്കുമെന്നോ ശിക്ഷിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. കേസ് അട്ടിമറിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഇങ്ങനെയൊരു പരാതി ആര്‍.എം.പിക്കാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയെന്നതിലാണ്.
വി.എ. അരുണ്‍കുമാറിനെതിരെയുള്ള നടപടികളുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. സന്തോഷ് മാധവനുമായി ബന്ധപ്പെട്ട അരുണ്‍കുമാറിനെതിരായ കേസ് പിന്‍വലിച്ചത് തെളിവുകളുടെ അഭാവം മൂലമാണ്. അരുണ്‍കുമാര്‍ കേസ് സംബന്ധിച്ച് സി.പി.എം നേതാവ് എ.കെ.ബാലന് വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ നല്‍കാം. പുതിയ സാഹചര്യത്തില്‍ താങ്കള്‍ വി.എസിന്റെ പക്ഷത്താണോയെന്ന ചോദ്യത്തിന് താന്‍ സി.പി.എമ്മില്‍ അല്ലല്ലോയെന്നായിരുന്നു മറുപടി. സി.പി.എമ്മില്‍ ഇത്തരമൊരു ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ കാണാനാണ് നെയ്യാറ്റിന്‍കരയില്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. ഇനി ലംഘിക്കുകയുമില്ല. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ദുര്‍വിനിയോഗം ചെയ്തിട്ടില്ല. വേറെ ഒന്നും പറയാനാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിക്കുന്നു. പി.ആര്‍.ഡി മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് സംബന്ധിച്ച് തനിക്കെതിരെ ഒരു പരാതി നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.


പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി

പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി - മുഖ്യമന്ത്രി

 

 രാഷ്ട്രീയ ശത്രുക്കളെ വകവരുത്തിയശേഷം സി.പി.എം പറയുന്നവരെ പ്രതികളാക്കി കേസ് ചുമത്തുന്ന സമ്പ്രദായം കേരള പോലീസ് നിര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടന്ന ശേഷം പാര്‍ട്ടി പറയുന്നവരെ പ്രതികളായി ചേര്‍ത്ത് കേസ്സെടുക്കുകയാണ് പതിവ്. ഇനി അത് നടക്കില്ല. ആ സമ്പ്രദായം നിര്‍ത്തി. അതുകൊണ്ടാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് അല്പം വൈകുന്നത്. എന്നാല്‍ എത്ര വൈകിയാലും യഥാര്‍ഥ പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരും. കേസ് നടത്തിപ്പിലും ഇതേ ജാഗ്രത തന്നെ സര്‍ക്കാരിനുണ്ടാകും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏറ്റവും മൃഗീയമായവിധമാണ് അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം പേരെ സാക്ഷിനിര്‍ത്തി വിചാരണ ചെയ്ത് വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. അതില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാന്‍ കാലതാമസമെടുക്കുന്നുണ്ട്. അതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

2012, മേയ് 22, ചൊവ്വാഴ്ച

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും: മുഖ്യമന്ത്രി

 

തിരുവനന്തപുരം* മാനവമൂല്യങ്ങള്‍ക്കും മനുഷ്യജീവനും ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക സൗഹാര്‍ദവും ശാന്തിയും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ തീവ്രവാദ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

നാടിന്റെ പൈതൃകമായ അഹിംസയിലും സഹിഷ്ണുതയിലും ദൃഢവിശ്വാസമുള്ള പൗരന്‍മാരെന്ന നിലയില്‍ എല്ലാത്തരം ഭീകരവാദങ്ങളെയും സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്നു ഭീകരവിരുദ്ധ പ്രതിജ്ഞയില്‍ പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെപിസിസിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു.