UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും-മുഖ്യമന്ത്രി



കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും-മുഖ്യമന്ത്രിതിരൂര്‍ കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഖേദകരമായി. നേരത്തെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അവിടെയാണ് സി.പി.എമ്മുകാരുടെ കാര്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങിലേക്ക് പാലക്കാട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരെയും എം.പിമാരെയും വിളിക്കാതിരുന്നത് റെയില്‍വേയുടെ വീഴ്ചയാണ്. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടറോട് പോലും കൂടിയാലോചിച്ചില്ല. ചട്ടപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം. പദ്ധതി സംസ്ഥാനത്തിന്റെതായതിനാല്‍ അവ വകവെക്കാതെ എല്ലാ ഉദ്യോഗസ്ഥരോടും സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാലക്കാട്ടേത് രാജ്യത്തെ മികച്ച കോച്ച്ഫാക്ടറി



ലോകത്തെ മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കഞ്ചിക്കോട്ട് നിര്‍മിക്കുക ഹൈടെക് അലുമിനിയം കോച്ചുകള്‍. 555 കോടിരൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്നകഞ്ചിക്കോട് ഫാക്ടറി രാജ്യത്തെ ഏറ്റവുംമികച്ച കോച്ച്ഫാക്ടറിയായിരിക്കും. ആദ്യഘട്ടത്തില്‍ വര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അടുത്തഘട്ട വികസനവും യാഥാര്‍ഥ്യമാക്കും.

പാലക്കാട് ചെറിയ കോട്ടമൈതാനത്ത് ചൊവ്വാഴ്ച കോച്ച്ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഭാരംകുറഞ്ഞ അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറി കേരളത്തിനും ഇന്ത്യന്‍ റെയില്‍വേക്കും പൊന്‍തൂവലായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കോച്ച്ഫാക്ടറി സ്ഥാപിക്കുക. അനുബന്ധവ്യവസായങ്ങളുടെ വന്‍ശൃംഖല പാലക്കാട്ട് വരും. കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കോച്ച്ഫാക്ടറി വൈകാന്‍ കാരണം. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. വന്‍കിടഫാക്ടറിതന്നെയാണ് പാലക്കാട്ടും വരുന്നത്. ഇത് ആദ്യഘട്ടംമാത്രമാണ്. അടുത്തഘട്ടത്തിനുള്ള സ്ഥലം കിട്ടുന്നതോടെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, സ്‌കൂള്‍ തുടങ്ങി എല്ലാവിധസംവിധാനങ്ങളും വരും. ഇതോടെ റെയില്‍വേ വികസനത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരും.

സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങളാണ് റെയില്‍വേയുടെ വന്‍കിടപദ്ധതികള്‍ക്ക് തടസ്സം. പല പദ്ധതികളും നിര്‍ത്തിവെക്കാനും വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിനും കാരണമിതാണ്. സംസ്ഥാനങ്ങളുടെ സഹകരണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. റെയില്‍വേ വികസനത്തിന് സ്ഥലം നല്‍കാന്‍ പൊതുജനങ്ങളും മുന്നോട്ടുവരണം. ആധുനികവത്കരണം പൂര്‍ത്തിയാക്കാതെ റെയില്‍വേക്ക്മുന്നോട്ടുപോവാനാവില്ലെന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസനപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലുള്ളതാവണം. സുരക്ഷയും വികസനവുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് റെയില്‍വേയെ രക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തണം. വരുന്ന റെയില്‍വേബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

കോച്ച്ഫാക്ടറി കേരളവികസനത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി കേരളം ഒറ്റക്കെട്ടായി കോച്ച്ഫാക്ടറിക്കായി ശബ്ദമുയര്‍ത്തുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. വരുന്ന സാമ്പത്തികവര്‍ഷംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ഫാക്ടറിക്ക് എല്ലാവിധസഹകരണവും നല്‍കും. വര്‍ഷം 600 കോച്ചുകള്‍ നിര്‍മിക്കാനാണ് കഞ്ചിക്കോട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. തുടക്കത്തില്‍ 400 എണ്ണം. ആദ്യം വിഭാവനംചെയ്തത് 12000 കോടിയുടെ ഫാക്ടറിയായിരുന്നു. പിന്നീട് 5000 കോടിയും ഒടുവില്‍ 550 കോടിയുമാക്കി.ഇതൊരു കുറവല്ല.

ഘട്ടംഘട്ടമായി ആദ്യം വിഭാവനംചെയ്തരീതിയില്‍ തന്നെ കോച്ച്ഫാക്ടറി വികസിപ്പിക്കും. പൊതുമേഖലയില്‍ വരുന്നില്ലെങ്കില്‍ കോച്ച്ഫാക്ടറിതന്നെ വേണ്ട എന്നനിലപാട് ശരിയല്ല. ആഗോള ടെന്‍ഡറില്‍ സ്വകാര്യകമ്പനികള്‍ക്കൊപ്പം പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. കേരളത്തിന് റെയില്‍വേസോണ്‍ അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൊച്ചി മെട്രോ, അതിവേഗ റെയില്‍ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മോണോറെയില്‍, മെമുവണ്ടികള്‍, പാതയിരട്ടിപ്പിക്കല്‍ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ,മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരും സംസാരിച്ചു.

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം നല്‍കിയേ പറ്റൂ: മുഖ്യമന്ത്രി

നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം നല്‍കിയേ പറ്റൂ: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മിനിമം ശമ്പളം നാട്ടിലെ നിയമമാണ്. അത് എല്ലാവര്‍ക്കും ബാധകവുമാണ്. അതുപോലെ തന്നെ സംസ്ഥാനത്ത് സേവനമേഖലയില്‍ നിലനില്‍ക്കുന്ന ചില വ്യവസ്ഥകളുണ്ട്. അതും പാലിക്കപ്പെടണം. ഇതിന് അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ഓരോ മാനേജ്‌മെന്റുമായും പ്രത്യേകം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.

നഴ്‌സുമാര്‍ സമരത്തിലായ ആസ്​പത്രികളിലൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അത് തുടരുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കള്‍ക്കുള്ള പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂ - മുഖ്യമന്ത്രി

യുവാക്കള്‍ക്കുള്ള പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂ - മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കള്‍ക്കുകൂടി സ്വീകാര്യമായ പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തൊഴില്‍രഹിതരായ യുവാക്കളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച സജീവവുമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നയാവശ്യത്തിന് പ്രസക്തിയുണ്ട്. ഒപ്പം തന്നെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ ആശങ്ക കാണാതിരിക്കാനുമാകില്ല. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സമയമെടുക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഏകീകരിച്ചത് ധാരാളം പരാതിക്കിടയാക്കുന്നുണ്ട്. പ്രായോഗികമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഏകീകരണം നടപ്പാക്കിയതോടെ ഫലത്തില്‍ വിരമിക്കല്‍ 56 വയസ്സിലായിരിക്കയാണ്. ഈ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കും - മുഖ്യമന്ത്രി


ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കും - മുഖ്യമന്ത്രി 


ഐ.ഐ.ഡി ആസ്ഥാനത്തിന് കല്ലിട്ടു



തിരുവനന്തപുരം: വിപണിയില്‍ ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസിന്റെ (ഐ.ഐ.ഡി.) ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.

ജീവിത ശൈലീരോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാന്‍ നടപടിയെടുക്കും. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. ഐ.ഐ.ഡി. ഡയറക്ടര്‍ ഡോ. മീനുഹരിഹരന്‍, എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ചീഫ് എന്‍ജിനീയര്‍ പി. ചന്ദ്രകുമാര്‍, കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, കെ. സുരേഷ്‌കുമാര്‍, ശ്രീകുമാര്‍, ഡി.എം.ഇ. ഡോ. വി. ഗീത, ആരോഗ്യ കേരളം ജില്ലാ മാനേജര്‍ ഡോ. ബി. ഉണ്ണിക്കൃഷ്ണന്‍, ഐ.ഐ.ഡി. അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ആന്‍ഡ് ജീറിയാട്രിക് കെയര്‍ ആയി ഐ.ഐ. ഡിയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുലയനാര്‍കോട്ടയില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. 6.22 കോടി രൂപ മുടക്കി എച്ച്.എല്‍.എല്‍. ലൈഫ് കെയറാണ് മന്ദിരം നിര്‍മിക്കുന്നത്.


ജലനിധി: രണ്ടാംഘട്ട കരാര്‍ ഒപ്പുവെച്ചു

ജലനിധി: രണ്ടാംഘട്ട കരാര്‍ ഒപ്പുവെച്ചു 




തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി രണ്ടാംഘട്ടത്തിന്റെ കരാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ചു. 1022 കോടി രൂപ മുതല്‍മുടക്കില്‍ 200 ഓളം പഞ്ചായത്തുകളില്‍ ശുദ്ധജലവും ശുചിത്വ സംവിധാനവും ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത്.

കരാറില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വേണുരാജാമണിയും ലോകബാങ്കിനുവേണ്ടി ഓപ്പറേഷന്‍ അഡൈ്വസര്‍ ഹ്യൂബര്‍ട്ട് നോവെ ജൊസറാന്‍ദും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജലവിഭവകുപ്പ് സെക്രട്ടറി വി.ജെ. കുര്യനും പ്രോജക്ടിനു വേണ്ടി ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക്കുമാര്‍ സിങുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ചടങ്ങില്‍ ലോകബാങ്കില്‍ നിന്നും ലീഗല്‍ അഡൈ്വസര്‍ ജെസ്റ്റീന, സീനിയര്‍ വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ കണ്‍സള്‍ട്ടന്റ് ജി.വി. അഭയങ്കര്‍, ജലനിധി പ്രോജക്ട് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ്‌ജ്യോതിനാഥ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കുവേണ്ട സാമ്പത്തിക ഉറപ്പും ചെലവാകുന്ന മുറയ്ക്ക് തുക കേരള സര്‍ക്കാരിന് ലഭിക്കുന്നതിനുള്ള നിബന്ധനകളും പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരിന്റെ ചുമതലയുമാണ് കരാറിലെ മുഖ്യ വ്യവസ്ഥകള്‍.

അഞ്ചരവര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിച്ച് 20 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2000 ത്തില്‍ ആരംഭിച്ച ജലനിധി ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിലെ രണ്ടാമത്തെ മികച്ച ഗ്രാമീണ കുടിവെള്ള പദ്ധതിയായി ലോക ബാങ്കിന്റെ അംഗീകാരം നേടിയിരുന്നു. ഒന്നാം ഘട്ടത്തേക്കാള്‍ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയിലാണ് രണ്ടാംഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യബാച്ചില്‍ 22 ഗ്രാമപ്പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. ഇവയില്‍ രണ്ടെണ്ണം പട്ടിക വര്‍ഗ ഗ്രാമപ്പഞ്ചായത്തുകളാണ്. ഇതിനകം പദ്ധതി പഞ്ചായത്തുകള്‍, സഹായ സംഘടനകള്‍, മറ്റ് പഠന ഏജന്‍സികള്‍ എന്നിവയെ നിയോഗിച്ചു.

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കാര്‍ഷികമേഖലയിലൂടെ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ - മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ ഉണര്‍വോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തെ സാമ്പത്തികശക്തിയാക്കി മാറ്റുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇതിനായി കേരളീയര്‍ സ്വയംപര്യാപ്തത മുദ്രാവാക്യമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്തു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയില്‍ റബ്ബര്‍ കൃഷിയൊഴികെയുള്ളവയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാനായൊരു നേട്ടവുമില്ല. മറ്റൊരു കൃഷിമേഖലയിലും സംസ്ഥാനത്തിന് അവകാശവാദമുയര്‍ത്താനാകാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തമെന്നഭിമാനിച്ചിരുന്ന നാളികേരം, നെല്ല് എന്നിവയുടെ കാര്യത്തില്‍പോലും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ കാര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം കേരളം ആരംഭിക്കേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഏവരും തയ്യാറകണം. കാര്‍ഷികമേഖലയില്‍ അധ്വാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയും ജനം അറിയണം. അതിനുള്ള അവസരം മാധ്യമങ്ങള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അത്തരക്കാരിലെത്തുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.

കാര്‍ഷികമേഖല സംബന്ധിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ., കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അടിസ്ഥാനവിശ്വാസങ്ങളില്‍ ഹദീസിന് നിര്‍ണായകസ്ഥാനം - മുഖ്യമന്ത്രി

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഹദീസിന്റെ സ്ഥാനം വിശുദ്ധ ഖുര്‍ആന് തൊട്ടുപിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അറബിക് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദൈനംദിനജീവിതത്തില്‍ ഖുര്‍ആന്‍ തത്വങ്ങള്‍ പാവനമായ നിലയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് ഹദീസ്. പ്രവാചക ജീവിതത്തില്‍ പ്രവാചകന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ കാര്യങ്ങളടങ്ങുന്ന പവിത്രമായ പാഠങ്ങളാണ് ഹദീസ് . ആത്മീയതയുടെ കേന്ദ്രബിന്ദു മനുഷ്യമനസ്സാണെന്ന് ഹദീസ് വിളംബരം ചെയ്യുന്നു. നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും സംഭരണകേന്ദ്രം മനസ്സാകുന്നതിനാല്‍ അതിന്റെ ശുദ്ധീകരണം, ശാന്തവും നിയന്ത്രിതവുമായ ഒരു ജീവിതം നയിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഹദീസിന്റെ മഹത്തായ പാഠങ്ങള്‍ ലോകചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയം പറയാം. ഹദീസ് ഒരു സ്വതന്ത്രമായ പാഠ്യശാഖയാണ്. വിശുദ്ധഖുര്‍ആനിലെ നിരീക്ഷണങ്ങളെ കുറിച്ചുള്ള വ്യാഖ്യാനങ്ങളിലെ ചില അവ്യക്തതകള്‍ നീക്കാന്‍ ഇത് തീര്‍ച്ചയായും ഉപകരിക്കും. ധാര്‍മ്മിക, ആത്മീയ മൂല്യങ്ങള്‍ ദുഷിച്ചുക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് പ്രവാചകന്‍മാരുടെയും ആത്മീയനേതാക്കളുടെയും അധ്യാപനങ്ങള്‍ക്ക് വളരെയേറെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.ജയകൃഷ്ണന്‍ അധ്യക്ഷനായി. ശ്രീലങ്കന്‍ മന്ത്രി ബഷീര്‍ ഷേക്ക് ദാവൂദ് മുഖ്യാതിഥിയായി. സൗദി കള്‍ച്ചറല്‍ അറ്റാഷേ ഡോ. ഇബ്രാഹിം അല്‍ ബാത്ഷാന്‍, ജനശ്രീ ചെയര്‍മാന്‍ എം.എം.ഹസ്സന്‍, മുന്‍ മന്ത്രി എം.എ ബേബി, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ ഫൈസല്‍ഖാന്‍, ഏറം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ്, മുസ്‌ലീം വേള്‍ഡ്‌ലീഗ് പ്രതിനിധി അല്‍ ഗാമിഥി മിസ്ഫര്‍ ഷെഹീദ്, ഇ.എം.നജീബ് എന്നിവര്‍ സംസാരിച്ചു.

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

അതിവേഗ റെയില്‍പാത: പദ്ധതി റിപ്പോര്‍ട്ട് സപ്തംബറിനകം

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സപ്തംബര്‍ 30 നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകക്ഷിയോഗത്തെ അറിയിച്ചു. 2013 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതി തയ്യാറാക്കുന്നത്. ജപ്പാന്‍ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്ന ബാംഗ്ലൂര്‍ - ചെന്നൈ - കോയമ്പത്തൂര്‍ അതിവേഗ പാത തിരുവനന്തപുരം വരെ നീട്ടുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പാത തൃശ്ശൂര്‍ വരെ നീട്ടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂര്‍ പാതയിലേക്ക് പ്രവേശിക്കാനാകും.

തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 560 കിലോമീറ്റര്‍ നീളത്തിലാണ് അതിവേഗ റെയില്‍ പാത നിര്‍മിക്കുന്നത്. തിരുവനന്തപുരം - കാസര്‍കോട് പാതയ്ക്ക് 118050 കോടിയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കൊച്ചി വരെ മാത്രം 43254 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ചെലവിന്റെ 80 ശതമാനം ജപ്പാന്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല്പത് വര്‍ഷത്തേക്ക് ലഭിക്കുന്ന തുകയ്ക്ക് ആദ്യ പത്തുവര്‍ഷം മോറട്ടോറിയം ലഭിക്കും. മിച്ചം തുക പ്രവര്‍ത്തനലാഭത്തില്‍നിന്ന് അടച്ചുതീര്‍ക്കാനാകുമെന്ന് പദ്ധതി വിശദീകരിച്ച് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ പറഞ്ഞു.

കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം കൊണ്ട് കൊച്ചിവരെയുള്ള പാത പൂര്‍ത്തിയാക്കാം. കോഴിക്കോട് വരെ പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷവും മംഗലാപുരം വരെ ഏഴുവര്‍ഷവും മതിയാകും. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും ഒരേ സമയം നിര്‍മാണം ആരംഭിക്കാനാകും. നൂറുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുക. ഗ്രാമപ്രദേശങ്ങളില്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലത്തിലൂടെയും നഗരങ്ങളില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചും പാത നിര്‍മിക്കാനാകുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ആദ്യഘട്ട നിര്‍മാണത്തിനായി 242 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. 1806 പേരെ ഇത് ബാധിക്കും. രണ്ടാംഘട്ടമായി കൊച്ചി മുതല്‍ കാസര്‍കോട് വരെ 552 ഹെക്ടര്‍ സ്ഥലം എടുക്കേണ്ടിവരും. 4500 പേരെയാണ് ഇത് ബാധിക്കുക.

ഭൂമി ഏറ്റെടുക്കുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ദേശീയ പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന മാതൃക, നഷ്ടപരിഹാരത്തോടെ ദീര്‍ഘകാല പാട്ടം, പാത കടന്നുപോകുന്ന തൂണു നിര്‍മിക്കുന്നതിനുള്ള സ്ഥലം മാത്രം ഏറ്റെടുക്കല്‍, പകരം ഭൂമി നല്‍കല്‍, വിലക്ക് വാങ്ങല്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍.

അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജായിരിക്കും പാത. എട്ടുകോച്ചുകളില്‍ ആറെണ്ണം മോട്ടോറൈസ്ഡ് ആയിരിക്കും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത 3.4 മീറ്റര്‍ വീതിയിലുള്ളതായിരിക്കും കോച്ചുകള്‍. 817 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. നിന്ന് യാത്ര അനുവദിക്കില്ല. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നീ സൗകര്യങ്ങളാണ് ട്രെയിനില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസിന് ശതാബ്ദി എക്‌സ്​പ്രസ് എക്‌സിക്യൂട്ടീവ് ക്ലാസിന്റെ ഒന്നര ഇരട്ടി ചാര്‍ജ് ഈടാക്കും. ഫസ്റ്റ് ക്ലാസിന് ഇരട്ടിയും.

മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗം. പാത സജ്ജമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന്പതിനഞ്ച് മിനിറ്റുകൊണ്ട് കൊല്ലത്തും 37 മിനിറ്റ് കൊണ്ട് കോട്ടയത്തും എത്താനാകും. 53 മിനിറ്റ് മതി കൊച്ചിയിലെത്താന്‍. 72 മിനിറ്റുകൊണ്ട് തൃശൂരും 98 മിനിറ്റുകൊണ്ട് കോഴിക്കോട്ടും എത്താം. 119 മിനിറ്റ് മതി കണ്ണൂരിലെത്താന്‍. കാസര്‍കോട്ട് 142 മിനിറ്റുകൊണ്ടും മംഗലാപുരത്ത് 156 മിനിറ്റുകൊണ്ടും എത്താം.

സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, വിവിധ കക്ഷിനേതാക്കളായ സി.ദിവാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വര്‍ഗീസ് ജോര്‍ജ്, ജോയി എബ്രഹാം, ജെ.ആര്‍. പദ്മകുമാര്‍, സി. ശിവന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.


2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഹിന്ദുമതത്തിന്റെ വിശാല കാഴ്ചപ്പാട് ഉള്‍ക്കൊള്ളണം: ഉമ്മന്‍ചാണ്ടി

ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ഭാരതീയ സംസ്‌കാരം എല്ലാ വിശ്വാസങ്ങളെയും സ്വീകരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന സംസ്‌കാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുമഹാമണ്ഡലത്തിന്റെ നൂറാമത് ഹിന്ദുമത പരിഷത്ത് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് എന്നതാണ് ഭാരതീയ തത്ത്വചിന്ത. ഹിന്ദുമതത്തിന്റെ ഈ വിശാലമായ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം-മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സിരിഗിര്‍ സരളബാലു ബ്രഹ്മമഠത്തിലെ ശിവാചാര്യ മഹാസ്വാമി ശതാബ്ദി സമാപന സന്ദേശം നല്‍കി. ഭാരതം മുന്നോട്ടുവയ്ക്കുന്ന ശാന്തിയുടെ സന്ദേശം ലോകത്തിനു മുഴുവന്‍ വഴികാട്ടിയാണെന്ന് സ്വാമി പറഞ്ഞു. 54 വര്‍ഷം ഹിന്ദുമത പരിഷത്തിന്റെ പ്രസിഡന്റായ അഡ്വ. ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് ഹിന്ദുമതപരിഷത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമര്‍പ്പിച്ചു.