UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

മടക്കം നിറഞ്ഞ മനസ്സോടെ

മടക്കം നിറഞ്ഞ മനസ്സോടെ


ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്ന പത്തംഗ മന്ത്രിസംഘം തിരിച്ചുപോകുന്നത് നിറഞ്ഞ മനസ്സോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒറ്റയടിക്ക് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മടങ്ങാമെന്ന വിശ്വാസത്തോടെയല്ല ദല്‍ഹിയിലേക്ക് വന്നതെന്ന് മന്ത്രിസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി, ധനമന്ത്രി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ളെന്ന പോരായ്മയുണ്ട്. എങ്കിലും കേരളത്തില്‍നിന്നുള്ളവര്‍ അടക്കം 16 മന്ത്രിമാരെ കണ്ടു. അതുവഴി നല്ല തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം വരാന്‍ പരിപാടിയിട്ടെങ്കിലും ദല്‍ഹില്‍ മന്ത്രിമാരുടെ തിരക്കുകള്‍ കാരണം റദ്ദാക്കേണ്ടി വന്നു. ഇനിയിപ്പോള്‍ ഒന്നര മാസത്തേക്ക് നിയമസഭാ സമ്മേളനമാണ്. ഇപ്പോള്‍ നടന്നില്ളെങ്കില്‍ സന്ദര്‍ശനങ്ങള്‍ നീണ്ടുപോകും എന്നതുകൊണ്ടാണ് പ്രധാനമന്ത്രി അടക്കം ഇല്ളെങ്കില്‍ക്കൂടി ഇപ്പോള്‍ വരാന്‍ തീരുമാനിച്ചത്. തിരക്കുപിടിച്ച കൂടിക്കാഴ്ചകളും ചില വീഴ്ചകളുമൊക്കെ ഉണ്ടെങ്കിലും രണ്ടു ദിവസത്തെ പരിപാടി വിജയമായി.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ നാടകമാണ് ദല്‍ഹിയില്‍ നടന്നതെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍ പറഞ്ഞു. കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ കേരളത്തിന്‍െറ കാര്യത്തില്‍ വേണ്ടതു ചെയ്തില്ല. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയൊക്കെ പറയാനെങ്കിലും പ്രതിപക്ഷത്തിന് അവകാശമില്ളെങ്കില്‍ പിന്നെന്തു ജനാധിപത്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

എല്‍.ഡി.എഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അരിക്കുവേണ്ടി വഴിയില്‍ കുത്തിയിരിക്കാനാണ് ദല്‍ഹിക്ക് വണ്ടി കയറിയത്. എന്നിട്ട് എന്തു നേടി? ഫലം ഉണ്ടാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കൂടെ കൂട്ടാമായിരുന്നു എന്ന് മുന്‍മന്ത്രി സി. ദിവാകരന്‍ പറയുന്നു. സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന നാടകത്തില്‍ അഭിനയിക്കാനാണോ അപമാനിച്ചുവെന്ന പഴി കേള്‍ക്കാനാണോ പ്രതിപക്ഷത്തെ കൂടെ കൂട്ടേണ്ടത്? തിരിച്ചു ചെല്ലുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറയുന്നു. വയനാട്ടില്‍ കരിങ്കൊടി കാണിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തശേഷമാണ് താന്‍ ദല്‍ഹിക്ക് പോന്നതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ജഡ്ജിയെ അവിശ്വസിച്ചില്ല

കൊച്ചി: പാമോലിന്‍ കേസിലെ പ്രതികളാരും ജഡ്ജിയെയും കോടതിയെയും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിപരമായ ആക്ഷേപത്തിന്റെ പേരില്‍ പാമോലിന്‍ കേസില്‍ നിന്നും വിജിലന്‍സ് ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഇതുവരെയും ജഡ്ജിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ജഡ്ജി പിന്‍മാറിയതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. പാമോലിന്‍ കേസിനെ കുറിച്ചുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പീഡനത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറായിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവത്തോടെ പരിഗണിച്ച് വേഗത്തില്‍ നടപടികളുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. നമ്മുടെ സാസ്‌കാരിക പാരമ്പര്യത്തിന് നേര്‍ക്കുള്ള ചോദ്യ ചിഹ്നമാണിത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നേ മതിയാകൂ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും ഉണ്ടാകും. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെയുള്ള കര്‍ശന നിയമ നടപടികള്‍ ഇതിന്റെ ഭാഗമാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ട് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമം ഉറപ്പാക്കാനായാല്‍ മാത്രമേ മാതൃകാസംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ കേരളത്തിന് കഴിയൂവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എം.എല്‍.എ, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍, കല്‍പ്പന ജോസഫ്, ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പദ്മനാഭസ്വാമി ക്ഷേത്രം: അവസാനവാക്ക് സുപ്രീംകോടതിയുടേത്

ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യത്തോടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാണ് പ്രത്യേക കമ്മിറ്റിയെ നിയമിച്ചത്. അവരുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. സുരക്ഷയുടെയും സ്വത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതിയുടേതാവും അവസാനവാക്ക്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. സാധിക്കുമെങ്കില്‍ അത് ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം. അതിനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും. 233 പോലീസുകാരെ ക്ഷേത്രത്തിലേക്ക് കൂടുതലായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 14 കേന്ദ്രമന്ത്രിമാരെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണുന്നത്.

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെക്കുറിച്ച് അത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കാഡറിലാണെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹം അപ്പീല്‍ കൊടുത്തതില്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. താന്‍ ഏതായാലും ഈ കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കില്ല -അദ്ദേഹം വ്യക്തമാക്കി.

100 ദിന പരിപാടി സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മനസ്സുവെച്ചാല്‍ കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. അതിന് ഒരു ഉദാഹരണമാണ് 10,503 അധ്യാപകരെ സ്ഥിരപ്പെടുത്തി ശമ്പളം നല്‍കാനെടുത്ത തീരുമാനം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ഇതിലൂടെ പരിഹരിച്ചത്. കുട്ടികളുടെ തലയെണ്ണലും അധ്യാപകരെ പിരിച്ചുവിടലുമെല്ലാം ശാശ്വതമായി ഇല്ലാതാവുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത 6.68 കോടി രൂപയാണ്. വിദ്യാഭ്യാസ അവകാശനിയമം, സര്‍വശിക്ഷാ അഭിയാന്‍, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മൂന്നു പദ്ധതികളുടെ ഭാഗമായി കേന്ദ്രത്തില്‍നിന്ന് സഹായം ലഭിച്ചതോടെ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞു. കേന്ദ്രസഹായം ലഭിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ബാധ്യത ആറുകോടി രൂപയായി കുറഞ്ഞു -അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കലല്ല, ഫലം കാണിച്ചുകൊടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിന് നല്ല നിര്‍ദേശങ്ങള്‍ ഏതുഭാഗത്ത് നിന്നുണ്ടായാലും സ്വീകരിക്കും. ഡല്‍ഹിയില്‍നിന്ന് പൂര്‍ണ സഹകരണം സര്‍ക്കാറിന് ലഭിക്കുന്നുണ്ട് -ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അസഹിഷ്ണുതയ്ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം

വര്‍ക്കല: സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്ക് കാരണം സഹിഷ്ണുതയില്ലായ്മയാണെന്നും ഇതിനുള്ള പരിഹാരം ഗുരുദേവ ദര്‍ശനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്നുതുടങ്ങിയ ഗുരുവിന്റെ ലളിതമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് സമൂഹത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണം. ശ്രീനാരായണഗുരുവിന്റെ 84-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കാതെയും അവരെ ആദരിക്കുകയും ചെയ്തുകൊണ്ടുള്ള ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലം ചെല്ലുന്തോറും പ്രസക്തി ഏറിവരികയാണ്. ഗുരു ഒരു സമുദായത്തിനുമാത്രമല്ല സമൂഹത്തിനാകെത്തന്നെ പ്രചോദനം നല്‍കുന്ന ശക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശിവഗിരിയിലെ സാരഥികളുടെ ലക്ഷ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കലക്കും ശിവഗിരിക്കും പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കോവളം-കൊല്ലം ദേശീയ ജലപാതയുടെ നിര്‍മാണം അടുത്തഘട്ടത്തില്‍ ഏറ്റെടുക്കും. ഇതിനായി കേന്ദ്രത്തിന്റെ ഫണ്ടുണ്ടെങ്കിലും ജലപാതയ്ക്ക്‌വേണ്ട സ്ഥലസൗകര്യം ലഭിക്കാത്തതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി കെ.ബാബു അധ്യക്ഷനായിരുന്നു.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

നിക്ഷേപ അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കും

തിരുവനന്തപുരം: നിക്ഷേപ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തടഞ്ഞുവെച്ച പദ്ധതി അപേക്ഷകളില്‍ നയപരമായ തീരുമാനം ആവശ്യമില്ലാത്തതില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമമായ എമര്‍ജിങ് കേരള 2012-ന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനകാര്യത്തില്‍ പോസിറ്റീവായാണ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയാണ് എമര്‍ജിങ് കേരളകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: പിണറായിക്ക് അഭിപ്രായപ്രകടനത്തിന് അര്‍ഹതയില്ല

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരുവശത്ത് പൊതുമുതല്‍ നശിപ്പിക്കുകയും മറുവശത്ത് ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നുപറയുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ പിണറായി വിജയന് അര്‍ഹതയില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ രാഷ്‌ട്രത്തിന്റെ പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിന്‌ ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനം ഉണ്ടാക്കണമെന്നുമുളള സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയോട്‌ യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതു ക്ഷേത്രസ്വത്താണെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. ഒരു ഭാഗത്ത്‌ പൊതുസ്വത്ത്‌ നശിപ്പിക്കുന്നു. മറുഭാഗത്ത്‌ ക്ഷേത്ര സ്വത്ത്‌ പൊതുസ്വത്താണെന്ന്‌ പറയുന്നു. ആര്‍ക്കും അഭിപ്രായം പറയാം. സുപ്രീംകോടതി പറയുന്നതായിരിക്കും അവസാനം നടപ്പാകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുമേടു ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഉടന്‍തന്നെ നടപ്പാക്കേണ്ട പല നിര്‍ദേശങ്ങളും അതിലുണ്ട്‌.

ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം തിങ്കളാഴ്‌ച വിളിച്ചു കൂട്ടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ പദ്ധതികളുടെ കരടിനെക്കുറിച്ച്‌ മന്ത്രിസഭ ചര്‍ച്ച ചെയ്‌തു. അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്താനായി അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റിവച്ചു.


2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

മാരിടൈം സര്‍വകലാശാലയ്ക്കായി 60 ഏക്കര്‍ നല്‍കും

കൊച്ചി: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ സംസ്ഥാനത്തെ കാമ്പസ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് കൊച്ചിയില്‍ 60 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കൊച്ചി മുഖ്യ കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഐഐടി ക്കായി കേന്ദ്രം അനുമതി നല്‍കിയാല്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെന്നും ആധുനിക കോഴ്‌സുകളുടെ അഭാവം മൂലം പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ച് ജലഗതാഗതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ജലഗതാഗത ചരക്കു നീക്കത്തിനുള്ള സാഹചര്യമൊരുക്കുന്നതിനായി അടുത്ത വര്‍ഷം ഡിസംബറിന് മുമ്പായി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കബോട്ടാഷ് നിയമം സംബന്ധിച്ച് ഭേദഗതികള്‍ വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും ഇതിലൂടെ വല്ലാര്‍പാടത്തുള്‍പ്പെടെ കൂടുതല്‍ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണ നടപടികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞത് സംസ്ഥാനത്തിന് ഏറെ നേട്ടമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന് ചടങ്ങില്‍ മാരിടൈം മാനേജ്‌മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ് പറഞ്ഞു.

നോട്ടിക്കല്‍ സയന്‍സ് ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണത്തിനുള്ള നിയമനിര്‍മാണം പൂര്‍ത്തിയായതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതിനുള്ള അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മാരിടൈം സര്‍വകലാശാലക്ക് 60ഏക്കര്‍ നല്‍കും

കൊച്ചി: സംസ്ഥാനത്ത് മാരിടൈം സര്‍വകലാശാല സ്ഥാപിക്കാന്‍ 60 ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി മെയിന്‍ കാമ്പസ് അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന മാരിടൈം ബോര്‍ഡ് അടുത്തുതന്നെ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അതിനാവശ്യമായ 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുത്ത് നല്‍കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ റീജനല്‍ കാമ്പസ്, ജുഡീഷ്യല്‍ അക്കാദമി എന്നിവക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കൈമാറിയിട്ടുണ്ട്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.

1963ലെ കബോട്ടാഷ് നിയമം വല്ലാര്‍പാടം പദ്ധതിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ഈ നിയമം ഭേദഗതി ചെയ്ത് വിദേശ കപ്പലുകളുടെ സാന്നിധ്യം വല്ലാര്‍പാടത്ത് ഉറപ്പാക്കി പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.

ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം -കോട്ടപ്പുറം മേഖല 2012 ഡിസംബറോടെ പ്രവര്‍ത്തനയോഗ്യമാക്കും. തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കൊല്ലംവരെയും കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയുമുള്ള ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ ജലപാതക്കായി കേരളത്തിനനുവദിച്ച 225 കോടി ഇതിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.