UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പിള്ളയുടെ ശിക്ഷയിളവ്: തീരുമാനം എ.ജി.യുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം





കൊട്ടാരക്കര:മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പ്രായാധിക്യത്തിന്റെ പേരില്‍ ജയില്‍ശിക്ഷയില്‍ ഇളവുനല്‍കുന്നത് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജി.യുടെ റിപ്പോര്‍ട്ട് ഇതുവരെ തന്റെ കൈവശം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരിക്കാം. പക്ഷേ എന്റെ കൈയില്‍ കിട്ടിയിട്ടില്ല. അത് പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ നേതാവും ഘടകകക്ഷിയുടെ അധ്യക്ഷനുമാണ് പിള്ള. മുഖ്യമന്ത്രിസ്ഥാനമേറ്റശേഷം ഇതുവരെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് സന്ദര്‍ശിക്കാനെത്തിയത്. രാഷ്ട്രീയകാര്യങ്ങളും ആരോഗ്യകാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൂരനാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് മുഖ്യമന്ത്രി പിള്ളയുടെ വാളകത്തെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സന്ദര്‍ശനം നീണ്ടു. അടച്ചിട്ട മുറിയിലായിരുന്നു സംഭാഷണം.


എന്നാല്‍ ശിക്ഷയില്‍ ഇളവുവേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം പ്രതികരിച്ചു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് എനിക്ക് അഭിപ്രായമില്ല.
നീതി കിട്ടേണ്ടിയിരുന്നത് കോടതിയില്‍ നിന്നാണ്. അത് കിട്ടിയില്ല.

ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഉചിതമായ സ്മാരകം പണിയും

പതാരം (കൊല്ലം):മലയാളഭാഷയ്ക്ക് അഭിമാനകരമായ സംഭാവനകള്‍ നല്‍കിയ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭാഷാപണ്ഡിതനും മലയാള മഹാനിഘണ്ടുകാരനുമായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ജന്മശതാബ്ദി ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുതരത്തിലാവണം സ്മാരകമെന്നതു സംബന്ധിച്ച് സാംസ്‌കാരികവകുപ്പുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളത്തിന്റെ മഹാശക്തിയായ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സംഭാവനകള്‍ നിലനില്‍ക്കുന്നു. അദ്ദേഹത്തെപ്പോലെ മഹത്തായ സംഭാവനകള്‍ ഭാഷയ്ക്ക് നല്‍കിയിട്ടുള്ളവരാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, ജൂലൈ 31, ഞായറാഴ്‌ച

കൊച്ചി മെട്രോ: കുതിച്ചുചാട്ടത്തിന്റെ തുടക്കം




കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന്റെ തുടക്കമാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് കേവലം ഒരു പദ്ധതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തിന്റെഅടിസ്ഥാന സൗകര്യ വികസനരംഗത്തെ പുതിയ കാല്‍വെപ്പാണ്. മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് കിട്ടുന്ന ആത്മവിശ്വാസം കേരളത്തിന്റെ ഉജ്ജ്വലമുന്നേറ്റത്തിന് ശക്തിപകരും-മുഖ്യമന്ത്രി പ്രത്യാശിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ മെട്രോ റെയില്‍ അനുബന്ധപദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയില്‍ രാഷ്ട്രീയമില്ല. നാടിന്റെ വികസനം എന്ന ലക്ഷ്യമാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെയുള്ള മേഖലകളില്‍ കേരളം മന്നേറിയെങ്കിലും അടിസ്ഥാന സൗകര്യ വികസരംഗത്ത് പിന്നിലാണ്. നമ്മള്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാകണം. കൊച്ചി മെട്രോയ്ക്കു ശേഷം കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെയുള്ള ഹൈസ്​പീഡ് റെയില്‍ കോറിഡോറിലേക്കാവണം ശ്രദ്ധതിരിയേണ്ടത്-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡി.എം.ആര്‍.സിയുടെ തലവന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോ റെയിലിന് പിന്നിലെന്നത് ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനമായ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയതും ലോകോത്തരമായ ഡല്‍ഹി മെട്രോറെയില്‍ സമയബന്ധിതമായി തീര്‍ത്തതുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീധരന്റെ സാന്നിധ്യം കൊച്ചി മെട്രോറെയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സഹായകമാവും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.





സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കും




കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കിമാറ്റാനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  അറിയിച്ചു. കേരളത്തെ ലോകത്തിനുമുന്നില്‍ ബ്രാന്‍ഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഇതിനായി എമര്‍ജിങ് കേരള 2012 എന്ന പേരിലുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(കെ.എസ്.ഐ.ഡി.സി) സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.



വികസനത്തില്‍ രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്ക് സ്ഥാനമുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. യോജിക്കാവുന്നതിലൊക്കെ യോജിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയം. വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകാത്ത വിധത്തിലുള്ള സമീപനമാകും സ്വീകരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.




പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി ചെയര്‍മാനുമായ ടി.കെ.എ നായര്‍ സുവര്‍ണ്ണജൂബിലി പ്രഭാഷണം നടത്തി. നിക്ഷേപസൗഹൃദസംസ്ഥാനമല്ല കേരളമെന്ന ഇമേജ് മാറ്റിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്നും ഊര്‍ജ്ജമേഖലയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും ടി.കെ.എ.നായര്‍ പറഞ്ഞു. 50 പ്രമുഖ സംരംഭകര്‍ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്നുള്ള 50പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

മെട്രോ പദ്ധതി കേരളത്തിന്റെ വികസന കുതിപ്പാകും

കൊച്ചി മെട്രോ റെയില്‍ പദ്ധതി കേരളത്തിന്റെ അടിസ്ഥാന  സൗകര്യ വികസനത്തിന് കുതിച്ച് ചാട്ടമാകുമെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി.കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതി നിര്‍മാണോദ്ഘാടനം  എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി  വിജയമായാല്‍ കേരളത്തിന്റെ തെക്ക്- വടക്ക് ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ  കോറിഡോര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാഹചര്യമൊരുങ്ങും.ഇത്തരം  പദ്ധതികള്‍ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും.അടിസ്ഥാന  സൗകര്യ വികസനം, വിദ്യാഭ്യാസം,ആരോഗ്യം എന്നിവയില്‍ മുന്നിലെത്താന്‍ രാഷ്ട്രീയാധീതമായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരില്‍ നിന്ന്   ഉണ്ടാകണം.ദല്‍ഹി മെട്രോ റെയില്‍ എം.ഡി ഇ. ശ്രീധരന്റെ സാന്നിധ്യവും  നേതൃത്വവും പദ്ധതിയുടെ കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4500 കോടി മുതല്‍ മുടക്കുള്ള പദ്ധതി സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഗുണം  ചെയ്യുമെന്ന് തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍  മുഹമ്മദ് അഭിപ്രായപ്പെട്ടു.

കേവലം 1500 കോടിക്ക് തീര്‍ക്കാമായിരുന്ന പദ്ധതി ആറുവര്‍ഷം വൈകിപ്പിച്ച് 4500 കോടി  മുതല്‍ മുടക്കിലെത്തിച്ചത് വികസനത്തെ പിന്നോട്ട് വലിച്ചെന്ന് പി. രാജീവ് എം.പി അഭിപ്രായപ്പെട്ടു.  കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ സ്‌പെഷല്‍ ഓഫിസര്‍ ടോം ജോസ് പദ്ധതിയുടെ അവതരണം നിര്‍വഹിച്ചു.കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.  തോമസ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്‌സൈസ് മന്ത്രി കെ. ബാബു, സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ്, മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത
 
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ രണ്ടുമാസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി അതിശയിപ്പിക്കുന്ന വേഗതയിലാണ്. എന്നാല്‍ ഭരണയന്ത്രം  ഉമ്മന്‍ചാണ്ടിക്കൊപ്പമെത്താനാകാതെ മുടന്തുന്നു. ഘടകകക്ഷികളുടെ പ്രത്യേക  താല്‍പര്യങ്ങള്‍ക്കു പുറമേ ഉദ്യോഗസ്ഥതലത്തിലെ മുന്‍ഭരണത്തിന്റെ  അവശേഷിപ്പുകളും മധ്യതല ഉദ്യോഗസ്ഥവൃന്ദത്തിലെ രാഷ്ട്രീയതാല്‍പര്യങ്ങളും  ചേര്‍ന്ന പൊരുത്തക്കേടുകളാണ് വേഗത കുറക്കുന്നത്.എങ്കിലും  മുന്‍സര്‍ക്കാറിന്റെ നേട്ടങ്ങളെ മറികടക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ
ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി ഭരണ ഏകോപനത്തിനായി കെ.പി.സി.സി  രൂപവത്കരിച്ച സമിതി വിലയിരുത്തുന്നു.   ഭരണതലത്തെ ഉദ്ദീപിപ്പിക്കാനാണ്  നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. പരിപാടിക്കനുസൃതമായി വേഗത പ്രകടിപ്പിച്ചത്  മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും മാത്രമാണ്.

ഘടകകക്ഷികള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ മന്ത്രിമാരും ആ നിലവാരത്തിലേക്ക്  ഉയര്‍ന്നില്ല. ചിലരാകട്ടെ അബദ്ധങ്ങളില്‍ ചാടുകയുംചെയ്തു. കാലിക്കറ്റ്  സര്‍വകലാശാലാ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള ചുമതല മുസ്‌ലിം ലീഗിന്  നല്‍കിയത് പരസ്‌പരധാരണയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ അനുയോജ്യമായ നിയമനം നടത്തുന്നതിലുണ്ടായ പരാജയം സര്‍ക്കാറിന്  തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിയമനം  നടന്നുമില്ല. ഒരുമാസത്തിനുള്ളില്‍ മികച്ച വ്യക്തിയെകണ്ടെത്തി നിയമനം  നടത്താത്തപക്ഷം മുഖ്യമന്ത്രി പിന്നെയും പ്രശ്‌നത്തിലിടപെട്ടേക്കാം.

ബജറ്റായിരുന്നു മറ്റൊരു തിരിച്ചടി. നിയമസഭയില്‍ ബജറ്റിന്  കോണ്‍ഗ്രസില്‍നിന്ന് തന്നെ എതിര്‍പ്പുണ്ടായി. സഭാതലത്തിലെ ഭരണപക്ഷത്തിന്റെ ഈ  തിരിഞ്ഞുകുത്തല്‍ പ്രതിപക്ഷത്തിന് വേണ്ടവിധം മുതലാക്കാനായില്ല എന്ന്  സര്‍ക്കാറിന് ആശ്വസിക്കാം. ബജറ്റിനെതിരെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ്  മന്ത്രിമാരെ പാട്ടിലാക്കാന്‍ നിയമസഭയില്‍ സ്‌പീക്കര്‍ കാണിച്ച സാമര്‍ഥ്യം  ധനമന്ത്രിക്കു തുണയായി.

എന്നാലും ബജറ്റിനേറ്റ കളങ്കത്തില്‍നിന്ന് മോചിപ്പിക്കാന്‍ ധനമന്ത്രി  വോട്ടോണ്‍ അക്കൗണ്ട് ചര്‍ച്ചാവേളയില്‍ നടത്തിയ തിരുത്തലുകള്‍ക്കും  കഴിഞ്ഞില്ല. കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി അവതരിപ്പിച്ച  ധവളപത്രം കൊണ്ടുണ്ടായ മാനക്കേടിനും പരിഹാരമായില്ല. ബദല്‍ ധവളപത്രംകൊണ്ട്  പ്രതിപക്ഷം അതിനെ നേരിടുകയുംചെയ്തു.

ഉന്നതോദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി പൂര്‍ണമായിട്ടില്ല. ഇതാണ് വേഗത  കുറക്കുന്നതെന്ന അഭിപ്രായം കെ.പി.സി.സി ഉണ്ടാക്കിയ ഏകോപനസമിതിക്കുണ്ട്.  അതിനാല്‍ നൂറുദിന പരിപാടിയില്‍ ഉദ്യോഗസ്ഥരുടെ നിലപാടും പ്രവര്‍ത്തനവും  വിലയിരുത്തി മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍  ഒരുങ്ങുന്നത്.നൂറുദിനത്തിന് ശേഷം പൂര്‍ണമായ അഴിച്ചുപണി പ്രതീക്ഷിക്കാം.

എന്നാല്‍ മധ്യതല ഉദ്യോഗസ്ഥരില്‍ ഭരണപക്ഷത്തെ അനുകൂലിക്കുന്ന  വിഭാഗത്തിന്റെ ഇടപെടലുകളും നിലപാടും ഗുണകരമല്ലെന്നതാണ്   വിലയിരുത്തല്‍.മുന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രധാന പദവികളിലിരുന്ന  ഉദ്യോഗസ്ഥരോട് പകപോക്കല്‍ വേണ്ടെന്നതാണ് മുഖ്യമന്ത്രിയടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടെങ്കിലും എല്ലാവരെയും മാറ്റണമെന്ന് സംഘടനകള്‍  ശഠിക്കുന്നു. ഈ ശാഠ്യം അവരുടെ മെല്ലെപ്പോക്കിനും മറ്റ് ജീവനക്കാരുടെ  വിമുഖതക്കും ഇടവരുത്തുന്നതായും വിലയിരുത്തപ്പെടുന്നു.പരിചയസമ്പന്നതയും  വൈദഗ്ധ്യവുമുള്ള മന്ത്രിമാര്‍ കുറവാണെന്നതാണ് ഏകോപനസമിതിയുടെ മറ്റൊരു  വിലയിരുത്തല്‍.

എന്നാലും മികച്ച നിലവാരത്തിലേക്ക് മന്ത്രിസഭയെ ഉയര്‍ത്താനാകുമെന്ന  വിശ്വാസത്തിലാണ് മുഖ്യമന്ത്രി. നൂറുദിവസംകൊണ്ട് മുന്‍ മന്ത്രിസഭയെ  മറികടക്കുംവിധം നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ്  അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

നഗരവികസനത്തിനുള്ള വായ്‌പാ നിരക്കുകള്‍ കുറയ്ക്കണം





തിരുവനന്തപുരം: കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ വായ്പാനിരക്കുകള്‍ പരമാവധി കുറയ്ക്കാന്‍ ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്ന വികസനപദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും എ.ഡി.ബിയും സംയുക്തമായി സംഘടിപ്പിച്ച അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ അഞ്ച് നഗരങ്ങളുടെ വികസനവും സേവന നിലവാരവും ഉയര്‍ത്തുകയെന്നതാണ് കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ച് എ.ഡി.ബിയുടെ ചില നിരക്കുകള്‍ വായ്പ വാങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ കുറവുവരുത്തണം. ഈ വായ്പകളുടെ തിരിച്ചടവ് സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്വമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും-ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച് വളരെ വിശാലവും ഉയര്‍ന്നതുമായ ഒരു കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ വികസനലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന കാര്യങ്ങളില്‍ എ.ഡി.ബിക്ക് കേരളത്തെ സഹായിക്കാനാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വികസനാനുഭവങ്ങള്‍ പകര്‍ന്നുതന്നും പുതിയ ആശയങ്ങള്‍ പങ്കുവെച്ചും വായ്പകള്‍ നല്‍കിയും ഈ സഹായം ലഭ്യമാക്കാനാകും. 'എല്ലാവര്‍ക്കും കുടിവെള്ളം' എന്ന എ.ഡി.ബിയുടെ മുദ്രാവാക്യം കേരളത്തെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും എ.ഡി.ബിയില്‍ നിന്നും സാമ്പത്തിക-സാങ്കേതിക സഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളം 44 നദികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാണ്. ഇതിനുപുറമേ കായലുകളും തോടുകളും കനാലുകളും കേരളത്തെ ജലസമ്പന്നമാക്കുന്നു. ഭൂഗര്‍ഭജലവിതാനം താഴാതെ സംരക്ഷിക്കുന്നതിലും ഈ ജലസ്രോതസുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുന്‍കാലത്ത് ഈ നദികള്‍ യാത്രയ്ക്കും ചരക്കുകടത്തിനും ഉപയോഗപ്പെട്ടിരുന്നു.  ഇവ മെച്ചപ്പെടുത്തനായാല്‍ ചരക്കുകടത്തിലും ടൂറിസം മേഖലയിലും നേട്ടങ്ങള്‍കൈവരിക്കാനാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


ജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനഅവകാശ നിയമത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടനത്തിനുശേഷം പ്രതിനിധികളുമായി നടത്തിയ സംവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരുകളില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രതീക്ഷയോട്  നീതിപുലര്‍ത്തുകയെന്നതും ഈ നിയമനിര്‍മാണത്തിന്റെ പിറകിലുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്യാസ് തെര്‍മല്‍ പ്രോജക്ടാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതുവരെയും വികസനത്തിന്റെ വെളിച്ചം എത്താത്ത പ്രദേശങ്ങളില്‍ വസിക്കുന്നവരും ഒരുതരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങള്‍ ലഭിക്കാത്തവരുമായ ജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് 'ആശ്രയ' പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര സാമ്പത്തികകാര്യവകുപ്പ് സെക്രട്ടറി എല്‍.എം.വാസ് അധ്യക്ഷതവഹിച്ചു. സാമ്പത്തികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജാമണി സ്വാഗതവും എ.ഡി.ബി ഡയറക്ടര്‍ ഹുണ്‍കിം നന്ദിയും പറഞ്ഞു.



മരുന്നുവില: ചൂഷണം തടയാന്‍ കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

ജനങ്ങളെ ചൂഷണം ചെയ്‌തുകൊണ്ടുളള ചില മരുന്ന്‌ ഉല്‍പാദകരുടെയും വിതരണക്കാരുടെയും നടപടി ഇനിയും അനുവദിക്കുകയില്ലെന്നും മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനെ ശക്‌തിപ്പെടുത്തി ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലിനു സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉല്‍പാദനച്ചെലവിന്റെ പലമടങ്ങ്‌ പൊതുജനങ്ങളില്‍നിന്നു വിലയായി പിഴിഞ്ഞെടുക്കുന്ന രീതികണ്ട്‌ കൈയുംകെട്ടി നില്‍ക്കില്ല. സംസ്‌ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര ഇന്‍ഷുറന്‍സ്‌ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.

2011, ജൂലൈ 30, ശനിയാഴ്‌ച

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി







സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളില്‍ ഗുണനിലവാരവും
കൃത്യനിഷ്ഠതയും ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജല്രേസാതസ്സുകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഏഷ്യന്‍ വികസന ബാങ്കിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തിന് സംസ്ഥാനത്തിന് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എ.ഡി.ബി, കേരള, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കുകയായിരുന്നു
മുഖ്യമന്ത്രി. ഇതിന്‌സഹായം നല്‍കാമെന്ന് എ.ഡി.ബി കണ്‍ട്രി ഡയറക്ടര്‍ ഹുന്‍ കിം മറുപടിയും നല്‍കി.

സംസ്ഥാനത്തിന്റെ വികസന പരിശ്രമങ്ങള്‍ക്ക് പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ എ.ഡി.ബിക്ക് കാര്യമായി സഹായിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പ്രാദേശിക സാഹചര്യങ്ങള്‍ മൂലം ചില പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. ഇത് മനസ്സിലാക്കി എ.ഡി.ബി
വായ്പയുടെ പലിശനിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കണം.  

തൊഴിലവസരം സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, പരിസ്ഥിതി സംരക്ഷണം
തുടങ്ങിയവക്ക് സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റെയില്‍ എന്നിവക്കൊപ്പം 1000 കിലോമീറ്റര്‍ റോഡുകളുടെ നവീകരണം, കോട്ടയം മൊബിലിറ്റി ഹബ്ബ്, മലയോര ഹൈവേ, പ്രധാന നഗരങ്ങളില്‍ റിങ് റോഡുകളും ബൈപാസും തുടങ്ങിയവയെല്ലാം പരിഗണനയിലാണ്. 50 വര്‍ഷം മുന്നില്‍കണ്ടുള്ള ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിവരികയാണ്. ജലഗതാഗത സംവിധാനങ്ങള്‍ നവീകരിക്കും. ജലസംരക്ഷണം ഉറപ്പാക്കാന്‍ മഴക്കൊയ്ത്തും ചെക്ഡാമുകളും വ്യാപകമാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലാ പങ്കാളിത്തം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എല്‍.എം.വ്യാസ്, ജോയന്റ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഉള്‍നാടന്‍ ജലഗതാഗതത്തിന് എ.ഡി.ബി വായ്പ വേണം: ഉമ്മന്‍ചാണ്ടി











തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതം, ദേശീയ ജലപാതാ വികസനം,
ജലസ്രോതസ്സുകളുടെ സംഭരണം എന്നീ പദ്ധതികള്‍ക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ്ബാങ്കിന്റെ (എ.ഡി.ബി) ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



തിരുവനന്തപുരത്ത് കോവളം ലീലാ ഹോട്ടലില്‍ നടന്ന എ.ഡി.ബിയുടെ റിവ്യൂ മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തിരിച്ചടവ് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ ഇളവ് നല്‍കണമെന്ന്
മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



കേരളത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വൈദ്യുതിരംഗത്ത് കേരളം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്യാസ് ടെര്‍മിനല്‍ പ്രോജക്ടുകളെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി