UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

2015, മേയ് 27, ബുധനാഴ്‌ച

വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നത്


പള്ളിപ്പുറം(ചേര്‍ത്തല): വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആധുനികവത്കരിച്ച മലബാര്‍ സിമന്റ്‌സിന്റെ പള്ളിപ്പുറത്തെ സിമന്റ് ഗ്രൈന്‍ഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

മലബാര്‍ സിമന്റ്‌സിന്റേത് നേട്ടത്തിന്റെ ചരിത്രമാണ്. വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും വ്യവസായ വളര്‍ച്ചയില്‍ ഈ സ്ഥാപനം മുന്നിലാണ്. പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് മലബാര്‍ സിമന്റ്‌സാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ലാഭം 129 കോടിയുണ്ട്.

ലാഭത്തിനൊപ്പം സുതാര്യതയും സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.
ടെന്‍ഡര്‍, മാര്‍ക്കറ്റിങ് എന്നിവയിലെല്ലാം ഇത് പ്രകടമാണ്. സിമന്റ് വിലവര്‍ധനവിനെതിരേയുള്ള പ്രതിരോധം കൂടിയാണീ സ്ഥാപനം. പൊതുവിപണിയില്‍ 10-15 രൂപ വിലകുറച്ച് സിമന്റ് എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 26, ചൊവ്വാഴ്ച

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

2015, മേയ് 17, ഞായറാഴ്‌ച

അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനെ കെട്ടിയിടാനാവില്ല


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനെതിരെ കുറിച്ച് പോലും ആരോപണം ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ അതൊക്കെ മറന്നു. ഏത് ആരോപണം ഉണ്ടായാലും അതിനെ കുറിച്ച് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. എന്നാല്‍, ഈ ആരോപണങ്ങളുടെ തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണം എന്നു പറയുന്നതില്‍ ന്യായീകരണമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബാറുകള്‍ അടച്ചതുമൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യയും കുറഞ്ഞുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ അവകാശപ്പെട്ടു.

2015, മേയ് 1, വെള്ളിയാഴ്‌ച

ഒറ്റ ടെന്‍ഡറാണെങ്കിലും വിഴിഞ്ഞവുമായി മുന്നോട്ടുതന്നെ



 ഒറ്റ ടെന്‍ഡര്‍ എന്ന പ്രശ്‌നമുണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് സുതാര്യമായ നടപടികളിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറും ഫലവത്തായില്ല. മൂന്നാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ചു. 

പദ്ധതി നടക്കാതിരിക്കാന്‍ ചില കമ്പനികള്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്ത് പതിവുള്ളതാണെന്ന് പറയുന്നു. ആദ്യ രണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ് ഇപ്പോള്‍ രംഗത്ത് വന്നതെങ്കില്‍ അവര്‍ക്ക് മൂന്നാം ടെന്‍ഡറില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതാമായിരുന്നു. ഇത്തരം വേലകള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കണ്ട- മുഖ്യമന്ത്രി പറഞ്ഞു. 

ഈ ടെന്‍ഡറും വേണ്ടെന്നുെവച്ചാല്‍ ഈ പദ്ധതി തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റും പങ്കെടുത്ത രണ്ടുയോഗങ്ങള്‍ ചേര്‍ന്നു. തുടര്‍നടപടിയുണ്ടാകും -മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും; ഏതെന്ന് തീരുമാനമായില്ല


തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ലൈറ്റ് മെട്രോയാണോ മെട്രോയാണോയെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.  ഇ. ശ്രീധരനുമായി ആദ്യം താനും പിന്നീട് ബന്ധപ്പെട്ട മന്ത്രിമാരെല്ലാവരും ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

സ്വകാര്യ പങ്കാളിത്തമോ, ഡി.എം.ആര്‍.സി.യെ ചുമതല ഏല്പിക്കുന്നതോ ഒന്നും തര്‍ക്കവിഷയങ്ങളല്ല. സ്വകാര്യ പങ്കാളിത്തത്തോട് ഇ.ശ്രീധരനും എതിര്‍പ്പില്ല. എന്നാല്‍, അതിന് തയ്യാറായി ആളുകള്‍ വരുമോയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്- മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരുനഗരങ്ങളിലും റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം വേണം. സര്‍ക്കാരിന് വരുന്ന ചെലവ് കുറഞ്ഞിരിക്കണമെന്നും സമയ ബന്ധിതമാകണമെന്നുമുള്ള നിര്‍ബന്ധമേ സര്‍ക്കാരിനുള്ളൂ. ലൈറ്റ് മെട്രോയെന്ന ആശയത്തിനാണ് ഇ.ശ്രീധരന്‍ മുന്‍തൂക്കം നല്‍കുന്നത്. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സാധാരണ മെട്രോയാണ് വേണ്ടതെന്ന അഭിപ്രായവുംവന്നു. ലൈറ്റ് മെട്രോ റെയിലിന് 2.7 മീറ്ററും മെട്രോക്ക് 2.9 മീറ്റര്‍ റെയിലുമാണ് വേണ്ടത്.

ആദ്യം മോണോ റെയില്‍ എന്ന ആശയം ചര്‍ച്ചചെയ്തത് ഇ. ശ്രീധരന്റെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. മെട്രോ പദ്ധതിയില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഇ. ശ്രീധരനെയാണെന്നും ഇക്കാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: റോഡുകളുടെ വികസനത്തിന്‌ 850 കോടി


തിരുവനന്തപുരത്ത് കഴക്കൂട്ടം-കേശവദാസപുരം റോഡിന്റെ(8 കിലോമീറ്റര്‍) വീതി കൂട്ടാന്‍ 500 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ (ആറ് കിലോമീറ്റര്‍) വീതി കൂട്ടാന്‍ 350 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

മരാമത്തുപണിക്ക് പുറമേ ഭൂമിയേറ്റെടുക്കാനുള്ള ചെലവുകള്‍ക്കുമായാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലതാമസം ഒഴിവാക്കാനാണ് മരാമത്തുപണി നേരത്തെ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിരുന്നു. അവിടെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ വീതികൂട്ടല്‍ മൂലമുള്ള കാലതാമസം ഇതുമൂലം ഒഴിവാക്കാനായി. ലൈറ്റ് മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. 

ശ്രീധരനില്‍ പൂര്‍ണ വിശ്വാസം:

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇ.ശ്രീധരനില്‍ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീധരന്റെ അഭിപ്രായമറിയും. ഡല്‍ഹിയിലായതിനാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. 28ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അന്ന് സംസാരിക്കും. ഇക്കാര്യത്തില്‍  നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ട്. 

2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ആവശ്യമാണ്


 ഇ. ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ഏറ്റവും ആവശ്യമാ ണെന്നും അദ്ദേഹവും ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കേരളത്തിനു വേണ്ടി വളരെയേറെ പരിശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ സമയബന്ധിതമായി തന്നെ തീരും. അതിന് ഇ. ശ്രീധരന്റെ പങ്കു വളരെ വലുതാണ്. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍ പദ്ധതികള്‍ ടെന്‍ഡറിലേക്കു പോയപ്പോള്‍ അതിന്റെ സാധ്യതകളെപ്പറ്റി പൊതുവായി ഉയര്‍ന്ന സംശയങ്ങളും പ്രതികരണങ്ങളും പരിഗണിച്ചാണു ലൈറ്റ് മെട്രോ പദ്ധതിയിലേക്കു പോകാന്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ സംബന്ധിച്ച സംശയങ്ങള്‍ക്കു ശ്രീധരന്‍ തൃപ്തികരമായ മറുപടി നല്‍കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എല്ലാം ചര്‍ച്ചചെയ്തശേഷം മികച്ചത് ഏതാണോ അതു തീരുമാനിക്കും. 

തിരുവനന്തപുരത്തും കോഴിക്കോട്ടും പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പാക്കും. അത് എങ്ങനെ, ഏതു മോഡല്‍ എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ചകളാകാം. സര്‍ക്കാരിനു തുറന്ന മനസ്സാണ് ഇക്കാര്യത്തില്‍ - മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 31, ചൊവ്വാഴ്ച

മൂന്നു പദ്ധതികളില്‍ കൂടി യു.എ.ഇ. നിക്ഷേപം

  

യുഎഇ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികള്‍ക്ക് കൂടിയാണ് ധനസഹായം നല്‍കുക. പദ്ധതികളുടെ മുന്‍ഗണനാക്രമം കേരളമാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . 

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഒരുക്കിയ അത്താഴവിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തു.   സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറര ലക്ഷം സ്ക്വയര്‍ ഫീറ്റാണ് സ്മാര്‍ട്ട് സിറ്റിയില്‍ പൂര്‍ത്തിയാവുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. 40 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണു രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി ഉയരുക. 50,000ലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം വല്ലാര്‍പാടത്തിനും സ്മാര്‍ട് സിറ്റിക്കും പുറമെയാണ് കേരളത്തില്‍ മൂന്നു പ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യുഎഇ ധനമന്ത്രി അറിയിച്ചിരിക്കുന്നത്‌ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തി . 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി ഒരുക്കുന്ന വിപുലമായ പ്രദര്‍ശനത്തില്‍ കേരള വ്യവസായവകുപ്പിന്റെ പവലിയനുമുണ്ട്. ടൂറിസം, ഐ.ടി., വ്യവസായം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് പവലിയന്‍. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ തലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും മുഖ്യമന്ത്രിക്കായി ഒരുക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ ക്ഷണിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ചൊവ്വാഴ്ച കാലത്ത് ഇന്ത്യ-യു.എ.ഇ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള മറ്റൊരു സെമിനാറിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാലരയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കും. രണ്ടാം തിയ്യതി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി പത്തരയോടെ ഷാര്‍ജയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.            


2015, മാർച്ച് 16, തിങ്കളാഴ്‌ച

റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു. 

2015, മാർച്ച് 8, ഞായറാഴ്‌ച

ലൈറ്റ് മെട്രോ:സമയബന്ധിതമായിപൂര്‍ത്തിയാക്കും



തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

2015, മാർച്ച് 6, വെള്ളിയാഴ്‌ച

'നീര'യില്‍ പ്രശ്‌നമില്ല


കൃഷിവകുപ്പും എക്‌സൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കം 'നീര' പദ്ധതിയെ ബാധിച്ചെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യത്തിലൂന്നിയാണ് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് പരമാവധി ഗുണം കിട്ടണമെന്നതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഇതില്‍ ഒരഭിപ്രായം. മറിച്ച്, എക്‌സൈസ് വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആ വകുപ്പും മുന്നോട്ടുെവച്ചു. ഇതൊന്നും പദ്ധതിയെ ബാധിക്കില്ല. നീര നിര്‍മാണത്തിലുള്ള 14 ഫാക്ടറിയുടെ പണി നടന്നുവരികയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം ലാഭകരമായി പ്രവര്‍ത്തിക്കും


വല്ലാര്‍പാടത്തെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞത്ത് നിലവില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞം-ബാലരാമപുരം റെയില്‍ ലിങ്കിന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. പൊന്നാനി ഹാര്‍ബര്‍ വികസനത്തിനായും റെയില്‍ലിങ്കിന് ധാരണയായിട്ടുണ്ട്.

2015, മാർച്ച് 3, ചൊവ്വാഴ്ച

ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കും


ഇടുക്കി ജില്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരം ഇടുക്കി ജില്ലാ സഹകരണ ബാങ്ക് രൂപം നല്‍കിയ ഭവനവായ്പ പദ്ധതിയായ ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ജവഹര്‍ ഭവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ രൂപരേഖ സംസ്ഥാനത്തെ മറ്റു ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ജില്ലയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ്, പദ്ധതി കേരളം മുഴുവന്‍ നടപ്പാക്കുക. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാത്ത പദ്ധതി ഒരു മാതൃകാ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ഗ്രാമസഭകള്‍ തിരഞ്ഞെടുത്ത 150ല്‍പരം ഗുണഭോക്താക്കള്‍ക്കുള്ള വായ്പ വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.



2015, മാർച്ച് 2, തിങ്കളാഴ്‌ച

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതിയ്ക്ക് ധാരണ


നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകം . എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ കമ്പനിയാണിത് . ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു.  

ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ.  കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

2015, ജനുവരി 20, ചൊവ്വാഴ്ച

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല




തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 6, ചൊവ്വാഴ്ച

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല



കോഴിക്കോട്: വിമര്‍ശിക്കുന്നതിലല്ല, സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മാധ്യമങ്ങള്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്തതിലാണു തനിക്കു പരിഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനത്തിന് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയായി അഞ്ചു മാസം കഴിഞ്ഞു ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോള്‍ ചോദിച്ചതു കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ അക്ഷയ പദ്ധതിയെക്കുറിച്ചാണ്. അതേക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്നു  ചോദിച്ചപ്പോള്‍ മലപ്പുറത്തെത്തി നേരിട്ടു ബോധ്യപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം വികസന പദ്ധതികളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ തിരക്കാറില്ല. 

വികസന രംഗത്തു വലിയ മാറ്റമാണു കേരളത്തില്‍ സംഭവിക്കുന്നത്. ഇതുകാരണം ചെറിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്നവരെ മുന്നില്‍ നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുന്ന തീവ്ര നിലപാടുള്ള ചില സംഘടനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും

കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും



കോഴിക്കോട്: ദേശീയ ജലപാതയുടെ ആദ്യഘട്ടമായ കൊല്ലം-കോട്ടപ്പുറം പാത ഈ വര്‍ഷം തുറന്നു കൊടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്‌ള്യുആര്‍ഡിഎം) നടത്തിയ 'വാട്ടര്‍ വിഷന്‍ 2030 ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നദികളും ജലാശയങ്ങളുമാണു കേരളത്തിന്റെ സമ്പത്ത്. അതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജലമാര്‍ഗമുള്ള ചരക്കുനീക്കത്തിനു സബ്‌സിഡി നല്‍കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


2014, നവംബർ 30, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൌണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാനം മികച്ച വളര്‍ച്ചയാണ് പദ്ധതിയുടെ കീഴില്‍ നേടിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മോഡി അയച്ച കത്തില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നന്ദി. നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ മികച്ച വളര്‍ച്ചയും പ്രകടനവുമാണ് ഞാന്‍ ഈ കത്തെഴുതാന്‍ കാരണം. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന്‍ യോചന പദ്ധതി കൊണ്ട് സാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.

കേരളം പദ്ധതി നൂറ് ശതമാനം നടപ്പാക്കിയ സംസ്ഥാനമായതില്‍ സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേടിയത്. നിങ്ങളെയും നിങ്ങളുടെ സംഘത്തെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കേവലം സാമ്പത്തിക രംഗം എന്നതിലുപരി വളര്‍ച്ചയെ ബലപ്പെടുത്തുന്നതാണ് പദ്ധതിയെന്നും മോഡി കത്തില്‍ പറയുന്നു.