UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LDF_Rule എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഡിസംബർ 6, ഞായറാഴ്‌ച

സർക്കാരിന്റെ പിടിപ്പുകേട്: ക്ഷേമപെൻഷനുകളും കാരുണ്യ പദ്ധതിയും അവതാളത്തിൽ

 


ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി വ്യാജപ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന് സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും  നല്കികൊണ്ടിരുന്ന ധനസഹായം നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിനു രോഗികള്‍ മഹാദുരിതത്തിലായി. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതിനപ്പുറം ധനസഹായം കൂട്ടിയതുമില്ല.  കാരുണ്യ പദ്ധതിയും ഇപ്പോള്‍ പ്രതിസന്ധിയിലായി.

ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്കുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍  2019 ഒക്‌ടോബര്‍ മുതല്‍ ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ 2019 മെയ് മുതല്‍ കുടിശിക. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കു ധനസഹായം നല്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നല്കിയില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‌കേണ്ട തുകയാണ്.  
ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള യാത്രാബത്തയായ 12,000 രൂപ നല്കുന്നില്ല. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുകയായ 28,500 രൂപയില്‍ നിന്ന് 12,000 രൂപ കിഴിച്ച് 16,500 രൂപയേ നല്കൂ. ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയുള്ള കുട്ടികളാണിവര്‍.

8700 എച്ചഐവി ബാധിതര്‍ക്ക് നല്കുന്ന പ്രതിമാസ 1000 രൂപ ധനസഹായം നിലച്ചിട്ട് 18 മാസം. 2019 സെപ്റ്റംബര്‍ മുതല്‍ കുടിശിക. ചികത്സയ്ക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും പണം കണ്ടെത്താനാവാതെ സമൂഹത്തില്‍നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ നട്ടംതിരിയുന്നു.

വയനാട്ടിലെ 1000 അരിവാള്‍ രോഗികള്‍ക്ക് 2000 രൂപവച്ചുള്ള ധനസഹായം മാസങ്ങളായി മുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് ആര്‍സിസി വഴി നല്കിവരുന്ന 1000 രൂപ ധനസഹായം ഒരു വര്‍ഷമായി നിലച്ചു. 8700 രോഗികളുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍  1.42 ലക്ഷം പേര്‍ക്ക് 1200 കോടി നല്കിയ  കാരുണ്യ ധനസഹായ പദ്ധതി ഇല്ലാതായി. ഈ പദ്ധതി ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധതിയുടെ കീഴിലാക്കി. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. നേരത്തെ അനായാസം മുന്‍കൂറായി ചികിത്സാ സഹായം കിട്ടിയിരുന്ന പദ്ധതി  ആയുഷ്മാന്റെ കീഴിലാക്കിയതോടെ കടമ്പകളേറെയായി.

2020, ഡിസംബർ 1, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ കൃത്യവിലോപം: ‍ നഷ്ടപ്പെട്ടത് 2500 എംബിബിഎസ് സീറ്റുകൾ

 


സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതോടൊപ്പം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട്  2500 ഓളം സൗജന്യ എംബിബിഎസ്  സീറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.  സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതുമൂലം നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് നല്‌കേണ്ടി വരും.

500 ലധികം സീറ്റുകളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് യുഡിഎഫ് കാലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ആയിരുന്നത് ഇപ്പോള്‍ ഏഴു ലക്ഷമായി.   ഇരുപത് ലക്ഷമാക്കാന്‍ നീക്കം നടക്കുമ്പോള്‍ കനത്ത ഫീസ്  കണ്ടെത്താന്‍ മാതാപിതാക്കള്‍ കിടപ്പാടം പണയപ്പെടുത്തേണ്ടി വരും.

2011-12 വര്‍ഷങ്ങളില്‍  പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിര്‍മ്മാണം തുടങ്ങുകയും ചെയ്ത കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോന്നി,  തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2011ല്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായി 850 സീറ്റുകള്‍ ആയിരുന്നത് 2015 ആയപ്പോള്‍ പത്ത് മെഡിക്കല്‍ കോളജുകളിലായി 1350 സീറ്റായാണ് വര്‍ദ്ധിച്ചത്. 2016ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയോടനുബന്ധിച്ച മെഡിക്കല്‍ കോളജിന് അനുമതിയും ലഭിച്ചിരുന്നു. അതുകൂടി ചേര്‍ത്താല്‍ 1450 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ അന്ന് ലഭ്യമായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ സീറ്റ് 1300 ആയി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. രണ്ടായിരത്തിനു മുകളില്‍ സീറ്റ് ഉണ്ടാകേണ്ടതാണ്.  

ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍  ആരംഭിക്കുകയും നിയമനം വരെ നടത്തുകയും ചെയ്‌തെങ്കിലും  2017ന് ശേഷം തുടര്‍ അംഗീകാരം നഷ്ടമായി. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് 2015ല്‍ തന്നെ കെട്ടിടനിര്‍മ്മാണവും പൂര്‍ത്തിയാക്കി അധ്യാപകരെയും നിയമിച്ച് 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സില്‍ പ്രാഥമിക അനുമതിയും ലഭിച്ചതാണ്.  എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചു. കോന്നി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും ചെയ്താണ്.

മഞ്ചേരി മെഡിക്കല്‍ കോളജ് 2013ലും പാലക്കാട് 2014ലും  പ്രവര്‍ത്തിച്ച് തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജും കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളും ഏറ്റെടുത്തു.

പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി മാത്രം ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്‌പെഷ്യല്‍ ഓഫീസറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

പിന്നാക്ക പ്രദേശങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാക്കുകയും  കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ പഠനം സാധ്യമാക്കുകകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 2011ല്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണു ചെയ്തത്.


2020, നവംബർ 29, ഞായറാഴ്‌ച

സിൽവർലൈൻ അനുമതി നിഷേധം: പ്രായോഗികം, യൂ.ഡി.എഫിന്റെ സബർബൻ പദ്ധതി

 


ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണം.  ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കില്‍ അത് ഇതിനോടകം യാഥാര്‍ത്ഥ്യമാകുമായിരുന്നു.

സില്‍വര്‍ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ്  പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്.  മര്‍മപ്രധാനമായ കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല.  സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നനുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം.  കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ   സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

വിഎസ് അച്യുതാനന്ദര്‍  സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച  കേരള ഹൈസ്പീഡ് റെയില്‍  പദ്ധതിയുടെ താങ്ങാനാവാത്ത  ചെലവും (1,27,000 കോടി രൂപ) സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ചാണ് യുഡിഎഫ്   സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.

ഇടതുസര്‍ക്കാര്‍ ഹൈസ്പീഡ് പദ്ധതിയെ പൊടിതട്ടിയെടുത്താണ് അര്‍ധഅതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതി രൂപീകരിച്ചത്. ഇതിന്  തിരുവനന്തപുരം മുതല്‍  തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്.  ഇതിന്റെ ഡിപിആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി  കേരള റെയില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും  പാര്‍ട്ടിക്കാരെ  കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും  സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


2020, നവംബർ 28, ശനിയാഴ്‌ച

ഇടതുപക്ഷത്തിന്റേത് കള്ള പ്രചാരണം; ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍

 


സാമൂഹിക ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണ്.  ഇക്കാര്യത്തില്‍ ഇടതുപക്ഷം അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണ്.

വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു.  ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന  യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും  പെന്‍ഷന്‍കാരുടെ എണ്ണവും കുത്തനെ കൂട്ടി. പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമായി.

ആദ്യവര്‍ഷം 300 രൂപയില്‍ നിന്ന് 400 രൂപയാക്കി (GO (ms) 60/2011, SWD-13/12/2011). 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി.  അഗതി  (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ  700 രൂപയായി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,000 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,100 രൂപയുമായി.

2014ലെ വര്‍ധന ( സാമൂഹികക്ഷേമ വകുപ്പ്: സ.ഉ (സാധാ) നം 571/2014/ സാനീവ, 10.9.2014). പ്രകാരം അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി.

2016ല്‍  75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി  (സ.ഉ.(എംഎസ്) നം 24/2016, സാനീവ, 1.3.2016). ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ളത് ഈ വിഭാഗത്തിലാണ്. 2015ല്‍ 12.21 ലക്ഷം പേര്‍.

യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാം എന്നും തീരുമാനിച്ചു ( GO (ms) 52/2014, 20.6.2014).

ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന  വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വൃദ്ധജനങ്ങള്‍ക്കും  കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു.


2020, നവംബർ 23, തിങ്കളാഴ്‌ച

പോലീസ് നിയമഭേദഗതി: ജനാധിപത്യവിരുദ്ധം, അപകടകരം

 


മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ല. അഴിമതിയുടെയും ആരോപണങ്ങളുടെയും  ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം  പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍  കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും  പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം.  

അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.  എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും.

2020, നവംബർ 18, ബുധനാഴ്‌ച

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: സർക്കാരിന്റെ ജാള്യത മറക്കാൻ

 

സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത്  ജനശ്രദ്ധ തിരിക്കാനാണ്  ശ്രമിക്കുന്നത്.   തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത  നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.  

2017 ഒക്‌ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ്  സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്.  2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍  കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്. പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍  ഒപ്പിടുക മാത്രമാണ്  മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം പലിശയോടെ തിരിച്ചടക്കുകയും ചെയ്തു.

പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ഡിഎസ്  കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍,  20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്കിയത്. പാലത്തിന്റെ ലോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി. മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ലഭിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച  245 പാലങ്ങളും  ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നിലനില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നത്.


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

എം.ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രി അധികാരം ഒഴിയണം

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള  ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം  ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ്.

എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നതു കേരളത്തില്‍ ആദ്യമാണ്.

2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കാണ്ടാമൃഗം തോൽക്കുന്ന വ്യാജപ്രചാരണം


നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്.

കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ  പ്രവൃത്തിയായിരുന്നു അത്.

എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല.  പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം  മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.

വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.  

ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഓർമ്മിപ്പിയ്ക്കട്ടെ.



2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സെക്രട്ടേറിയറ്റ് തീപിടുത്തം: കള്ളൻമാർ കപ്പലിൽ തന്നെയോ?

 

തിരുവനന്തപുരത്തിന്റെ  മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!

കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.

എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.  

ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍  പരിശോധിച്ചപ്പോള്‍  അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്.  സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.

അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി.

സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം.

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്

വ്യവസായ അനുകൂല പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതു വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്. അതായത് ഏറ്റവും അവസാന സ്ഥാനത്ത്!

നിക്ഷേപകര്‍ക്കിടയില്‍ സര്‍വേ നടത്തി അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ പ്രോത്സാഹന- ആഭ്യന്തര വ്യാപാരവകുപ്പ് (ഡിപിഐഐടി) റാങ്കിംഗ് നടത്തുന്നത്. സംസ്ഥാനങ്ങള്‍ നല്കുന്ന ഡേറ്റയുടെയും കൂടി അടിസ്ഥാനത്തിലാണിത്. 2015-16 മുതലാണ് ലോകബാങ്കിന്റെ സഹകരണത്തോടെ ബിസിനസ് പരിഷ്‌കാര കര്‍മസമിതി (ബിആര്‍എപി) പട്ടിക തയാറാക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ 18-ാം റാങ്ക് ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20ലേക്കു താഴ്ന്നു. 2017-18ല്‍ 21ലേക്ക് ഇടിഞ്ഞു. ഇടിഞ്ഞിടിഞ്ഞ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും പിറകിലായി.

ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കേരളത്തിന് എന്തുപറ്റി? സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും?

വ്യവസായ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കെഎസ്‌ഐടിസിയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 5 എംഡിമാര്‍. ഇപ്പോഴുള്ളത് ഇന്‍ ചാര്‍ജ് എംഡി.

ഇതിനിടയിലാണ് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂര്‍ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ക്കു കൊണ്ടുവന്ന, ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മര്‍ദനമേറ്റു. വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കില്‍ കയറി സാധനം ഇറക്കേണ്ടി വന്നു.

കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9ന്റെ തലേദിവസം കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കോടതി ഹര്‍ത്താല്‍ നിരോധിച്ച നാടാണു നമ്മുടേത്. ഗെയില്‍ പൈപ്പ് ലൈന്‍, എക്‌സ്പ്രസ് ഹൈവെ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്‌സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ ആരു വിശ്വസിക്കും?

അതോടൊപ്പം കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി കോടികള്‍ മുടക്കിയ തന്റെ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പുനലൂര്‍ സ്വദേശിയായ പ്രവാസി, വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തം.



2020, ജൂൺ 15, തിങ്കളാഴ്‌ച

സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഇടതുസര്‍ക്കാരിന്‍റെ പിആര്‍ പരിപാടികള്‍; യുഡിഎഫ് കാലത്ത് ഉപയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സികളെ; സിപിഎം പുകമറ സൃഷ്ടിക്കുന്നു


സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. 12 ചാനലുകളില്‍ പ്രതിവാരം സംപ്രേക്ഷണം ചെയ്യാന്‍ 10 ലക്ഷം രൂപയാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടിയായി മാറിയത്. പാര്‍ട്ടിയുമായി ബന്ധമുള്ള കോഴിക്കോട്ടെയും എറണാകുളത്തെയും സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കിയിട്ടുണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ജോലിയുടെ ഭാഗമായി സിഡിറ്റ് ജീവനക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കി. വേറെ ആരെയും ഇതിനായി നിയമിച്ചില്ല. ടീമിലെ 70ശതമാനം ജീവനക്കാരും സിഐടിയു യൂണിയന്‍ അംഗങ്ങളായിരുന്നു. ഇവരുടെയും സെക്രട്ടേറിയറ്റില്‍ ക്രമീകരിച്ച പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെയും രണ്ടു വര്‍ഷത്തെ ശമ്പളമാണ് 3.5 കോടി രൂപ.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 6 പേരെ നിയമിച്ചു എന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതം. സിഡിറ്റിലെ വെബ്‌സര്‍വീസസ് വകുപ്പിലെ ജീവനക്കാരായ 6 പേരെ മേല്‍പറഞ്ഞ ജോലികള്‍ക്കായി പുനര്‍വിന്യസിക്കുക മാത്രമാണ് ചെയ്തത്. പുതുതായി ആരെയും നിയമിച്ചില്ല. അതേസമയം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകികയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 5 കോടി രൂപയുടെ ചെലവ്, 5 വര്‍ഷത്തേക്കുള്ള വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് ഇതിനുവേണ്ടുന്ന സെര്‍വര്‍ എന്നിവയുള്‍പ്പെടെ പരിപാലിക്കുന്നതിനുള്ള സാങ്കേതിക ചെലവാണ്. പൊതുഭരണവകുപ്പും ഐടി വകുപ്പും പിആര്‍ഡിയുടെ ഉന്നതതല മോനിട്ടറിംഗ് കമ്മിറ്റിയും അംഗീകരിച്ച തുകയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഈ പദ്ധതി ഉപേക്ഷിച്ചു.

മുന്‍ മൂഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് 808.78 കോടി രൂപ വിതരണം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മെയ് 28ന് മറുപടി നല്കിയിട്ടുണ്ട്. ഓഖി, രണ്ടു പ്രളയം എന്നിവയില്‍ ദുരിതം അനുഭവിച്ചവര്‍ക്കു നല്കിയ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്ക് പുറത്തുവിടുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 244 കോടി രൂപ വിതരണം ചെയ്‌തെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി വെറും ദുരിതാശ്വാസ വിതരണ പരിപാടി മാത്രമായിരുന്നില്ലെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ 45 സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

2020, ജൂൺ 12, വെള്ളിയാഴ്‌ച

നിരക്കു കൂട്ടാതെ കെഎസ്ഇബി മലയാളികളെ ഷോക്കടിപ്പിച്ചു


വൈദ്യുതി ബോര്‍ഡ് നിരക്ക് കൂട്ടുമ്പോഴൊക്കെ ഷോക്കടിപ്പിച്ചു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിരക്കു കൂട്ടാതെ തന്നെ ഷോക്കടിപ്പിച്ചു എന്നതാണ് കോവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേകത.

ബോര്‍ഡിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് അതിനു കാരണം.

ബസ് ചാര്‍ജ്, മദ്യത്തിന്റെ വില തുടങ്ങി കൂട്ടാവുന്നതൊക്കെ കൂട്ടുന്നതിനിടയ്ക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പിച്ചത്.

ലോക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ നട്ടംതിരിയുമ്പോഴാണ് വെള്ളിടിപോലെ ഈ നിരക്ക് വന്നത്.

ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്‌സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കോവിഡുമൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിനു മുകളിലാകുകയും സബ്‌സിഡി നഷ്ടപ്പെട്ട അവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരുകയും ചെയ്തു.

മറ്റു സ്ലാബുകളില്‍ ഉള്ളവര്‍ക്കും കൂടിയ സ്ലാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ലാബുകളിലേക്കു മാറുകയും ചെയ്തു.

ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതു ശിക്ഷ ലഭിച്ചത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസില്‍ ചെന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. ആളുകള്‍ അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല്‍ കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്‍ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നത്.

ലോക്ഡൗണ് കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു.

വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം.

ഉപയോക്താക്കള്‍ക്ക് നീതി നല്കണം.

2020, ജൂൺ 2, ചൊവ്വാഴ്ച

ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അഭിമാനിക്കുന്നു


വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍  പദ്ധതിയെ കൊണ്ടാടുന്നത്.

പിണറായി  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു  നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത്, യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ  പത്രസമ്മേളനത്തിലും ലേഖനത്തിലും സിപിഎം പ്രചാരണത്തിന് സര്‍ക്കാര്‍ അച്ചടിച്ചു നല്കുന്ന ലഘുലേഖയിലും സോഷ്യല്‍ മീഡിയയിലും ഈ നേട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് സിപിഎം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു. 'ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക് ' എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്റെ പൂര്‍ണ രക്ഷയ്ക്കായി സിപിഎം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്നു.  വോട്ട് നല്കിയ ജനങ്ങളെയും പ്രതിനിധീകരിച്ച നാടിനെയും, ഭയാശങ്കയിലാക്കിയ ജനപ്രതിനിധികളെയും ഭരണക്കാരെയും തിരിച്ചറിയണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. 2015 ജൂണ്‍ 16ന്  ഇത് ഒന്നാംഘട്ട സമരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

സിപിഎമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകള്‍ക്ക്  സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കി.

യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.  ആ പദ്ധതി ഇപ്പോള്‍ എല്‍ഡിഎഎഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ട്.

നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍  വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.

ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന്  മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാന്‍.  കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സിപിഎമ്മാണ്.

2020, ജൂൺ 1, തിങ്കളാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നു



ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ ഇന്റർനെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. ആ വിദ്യാർത്ഥികളെ കൂടി ഉൾക്കൊള്ളിച്ച് വേണം ക്ലാസ്സുകൾ ആരംഭിക്കാൻ.

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്.

2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകൡരുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. . അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു.

എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‌സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. IT പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമില്‍ IT പരീക്ഷ സോഫ്റ്റ്വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു.

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 2011-16ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിംഗ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്‌സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു.

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.

2020, മേയ് 28, വ്യാഴാഴ്‌ച

യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല


യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല. ഇപ്പോൾ കൊവിഡിനെ പഴിക്കുന്ന സർക്കാർ കഴിഞ്ഞ നാല് വർഷം കൊണ്ട് എന്താണ് ചെയ്തത്.

പ്രതിപക്ഷം കൂടെ നിന്നു കടമകൾ നിറവേറ്റി ഒപ്പം സർക്കാരിന്‍റെ വീഴ്ചകളും ചൂണ്ടിക്കാട്ടി. എന്നാല്‍ ചൂണ്ടിക്കാണിച്ച വീഴ്ചകൾ പോലും വീണ്ടും ആവർത്തിക്കുകയാണ് സർക്കാർ.

ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാണിച്ചതാണ് എന്നാല്‍ ഇക്കുറിയും അത് ആവർത്തിച്ചു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയത് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയത് മൂലമാണ്. വെള്ളം കയറിയ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കണം.


MAY 25, 2020

2020, മേയ് 16, ശനിയാഴ്‌ച

പാക്കേജുകള്‍ അപര്യാപ്തം, പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ മാധ്യമങ്ങളെ കാണുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ പാക്കേജ് പ്രഖ്യാപനം. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യ വിൽപനയ്ക്ക് തടയിട്ട സംസ്ഥാന സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും.

പാവപ്പെട്ടവരെ മറന്നുകൊണ്ടാണ് കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്.  ഇന്ന് വരെ പ്രഖ്യാപിച്ച ഒരു സഹായവും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിരക്കുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയിലിന്‍റെ വില ഇടിഞ്ഞിട്ടും ഒരു രൂപ പോലും ജനങ്ങൾക്ക് പ്രയോജനമുണ്ടായില്ല.  ജനങ്ങൾക്ക് നൽകേണ്ട തുകയാണ് കേന്ദ്ര ഖജനാവിലേക്ക് പോയത്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്ര സർക്കാർ അത് നൽകിയില്ല.

കേന്ദ്ര സർക്കാരിന്‍റെ അതേ പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു രൂപ പോലും നല്‍കാന്‍ സർക്കാർ തയാറായില്ല .  കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. തുടർച്ചയായ മദ്യദുരന്തങ്ങൾ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബിവറേജസ് കോർപറേഷൻ എന്ന ആശയം കൊണ്ടുവന്നത്. എന്നാൽ ഇതിനെ തകിടംമറിക്കുന്നതാണ് ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് തടയിട്ട സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് പിന്‍വലിച്ച് മദ്യദുരന്തം ഒഴിവാക്കാൻ സർക്കാർ തയാറാകണം.

പാസില്ലാതെ ആരെയും കടത്തിവിടണമെന്ന് ഒരു യു.ഡി.എഫ് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ദുരിതം കാണണമെങ്കില്‍ ചെക്ക്പോസ്റ്റില്‍ ഒന്നു ചെന്നുനോക്കിയാല്‍ മാത്രം മതി.




2019, ഡിസംബർ 16, തിങ്കളാഴ്‌ച

വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലാ


വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടത്ര പിന്തുണ നല്കാതിരുന്നതുകൊണ്ടാണ്. പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്കിയിരുന്നതാണ്. പക്ഷേ, അതു നടപ്പായില്ല. വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വപ്‌ന പദ്ധതിയാണ്.

അതുകൊണ്ട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റവും വലിയ
ത്യാഗം സഹിച്ചത് അവിടെയുള്ള മത്സ്യത്തൊഴിലാളികളാണ്. പക്ഷേ അവരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുന്നു. അതും അടിയന്തരമായി ശ്രദ്ധിക്കുകയും പരിഹാരനാടപടികൾ സ്വീകരിക്കുകയും വേണം.

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പോലീസിനെ ഇനിയും വിമര്‍ശിക്കും


അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.


2019, ജനുവരി 8, ചൊവ്വാഴ്ച

ശബരിമല: കലാപങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്


സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപരമായ നിലപാടും ആണ്.  സമാധാനപരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം സങ്കീർണമാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് സി.പി.എമ്മും ഗവൺമെന്‍റും ശ്രമിക്കുന്നത്.

വിമർശനങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്ന അസഹിഷ്ണുത അവരുടെ ഫാസിസ്റ്റ് പ്രവർത്തന രീതിയുടെ തെളിവാണ്. എന്ത് വിലകൊടുത്തും വിശ്വാസികൾ പോലും അല്ലാത്ത രണ്ട് സ്ത്രീകളെ പിൻവാതിലിലൂടെ ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് സന്നിധാനത്തിൽ എത്തിച്ചതിന്‍റെ പിന്നിൽ ഗവൺമെന്‍റിന്‍റെ പിടിവാശിയും ധിക്കാരവുമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും പോയത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയല്ല, മറിച്ച് മുഖ്യമന്ത്രിയും ഗവൺമെന്‍റും ആണെന്ന് പൊതു സമൂഹത്തിന് തന്നെ ബോധ്യമായ കാര്യമാണ്. രണ്ട് വനിതകൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ തന്‍റെ അറിവോടെയല്ല ഇവര്‍ ദർശനം നടത്തിയതെന്ന് പറയുന്നത് ആരുംതന്നെ വിശ്വസിക്കുകയില്ലെന്നും പറഞ്ഞു.

സമുദായാചാര്യനായ മന്നത്തുപത്മനാഭന്‍റെ കാലം മുതൽ സമുദായ സൗഹാർദത്തിന് വേണ്ടി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാനപൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർഥാടനം സംഘർഷ കലുഷിതമാക്കിയതിന്‍റെയും വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതിന്‍റെയും പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മാർക്‌സിസ്റ്റ് പാർട്ടിക്കുമാണ്. വിവാദങ്ങൾ പരിഹരിക്കാനല്ല ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെ എതിർക്കുന്നവരെ എല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സി.പി.എം തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും  എൽ.ഡി.എഫ് ഘടക കക്ഷികൾ സമീപകാല സംഭവങ്ങളിൽ പുലർത്തുന്ന നിസംഗതയും നിശബ്ദതയും അവരുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.