UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ജൂൺ 6, ശനിയാഴ്‌ച

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പുനഃരാരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണം


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഒരു പദ്ധതിയെ ഇല്ലാതാക്കി. ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഇവരുടെ മത്സരത്തില്‍ അനിശ്ചിതത്വത്തിലായത്.

69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം  സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു.

2019 ഫെബ്രുവരി പത്തിന് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഒന്നര വര്‍ഷമായപ്പോള്‍  കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.  ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇത്.  കേരളവും നാരായണ ഗുരുഭക്തരും ഏറെ വിഷമത്തോടെയാണ് ഈ തീരുമാനം കേട്ടത്.

കേന്ദ്രം അംഗീകരിച്ച പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വഴി പദ്ധതി നടപ്പാക്കണം എന്നാതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമാണ്  വിഭാവനം ചെയ്തിരുന്നത്. ശ്രീനാരായണ ഗുരു സൂക്തങ്ങള്‍ കൂടുതല്‍ മിഴിവോടെ പ്രചരിപ്പിക്കാന്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമായെങ്കില്‍ സാധിക്കുമായിരുന്നു.

കേരളത്തിന്റെ ആധ്യാമിക ഗുരുവായി കരുതപ്പെടുന്ന ശ്രീനാരായണ ഗുരുദേവന്റെയും  ആധ്യാത്മിക ഗോപുരമായി അറിയപ്പെടുന്ന ശിവഗിരിയുടെയും പ്രാധാന്യം തെല്ലും തിരിച്ചറിയാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍  ചക്കളത്തിപ്പോരാട്ടം നടത്തിയാണ് ഈ പദ്ധതി ഇല്ലാതാക്കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നടപ്പാക്കാന്‍ അടിയന്തരമായി മുന്നിട്ടിറങ്ങണം.

2020, ജൂൺ 5, വെള്ളിയാഴ്‌ച

കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുത്


കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണ്. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020). തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.

പദ്ധതിയെ ദയാവധം ചെയ്യാനാണോ സര്‍ക്കാരിന്റെ നീക്കം?

യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കുകയാണു വേണ്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. . പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ്, കാരുണ്യ പദ്ധതിയുമായി മുന്നോട്ടുകൊണ്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി.

ആരോഗ്യവകുപ്പിന്റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കം.

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി മാണി സാറിന്റെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയായിരുന്നു ഇത്.

കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലുടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്.

2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.

കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കരുതേ എന്ന പാവപ്പെട്ടവരുടെ നിലവിളി ഈ സര്‍ക്കാര്‍ കേള്‍ക്കുമോ?

പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്‍റെ മുന്നൊരുക്കങ്ങള്‍ പാളി


പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങള്‍ അമ്പേ പാളി. ഇത് ഗള്‍ഫില്‍ 160ലധികം മലയാളികളുടെയും ദേവിക എന്ന 14കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയുടെയും ജീവനെടുത്തു.

ഈ സാഹചര്യത്തില്‍..

1) മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ അടിയന്തരനടപടികള്‍ ഉണ്ടാകണം.

2) ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തിയിട്ടേ ഇനി തുടരാവൂ.

3) വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണം.

മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2020, ജൂൺ 3, ബുധനാഴ്‌ച

'തൊഴില്‍ തിന്നുന്ന ബകന്‍'; ആ പുസ്തകം കയ്യിലുണ്ടോ?


വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.

ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrastructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.

Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും.

ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.

2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. 'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ.

യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു.

https://kite.kerala.gov.in/KITE/index.php/welcome/about_victers


2020, ജൂൺ 2, ചൊവ്വാഴ്ച

ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അഭിമാനിക്കുന്നു


വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍  പദ്ധതിയെ കൊണ്ടാടുന്നത്.

പിണറായി  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു  നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത്, യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ  പത്രസമ്മേളനത്തിലും ലേഖനത്തിലും സിപിഎം പ്രചാരണത്തിന് സര്‍ക്കാര്‍ അച്ചടിച്ചു നല്കുന്ന ലഘുലേഖയിലും സോഷ്യല്‍ മീഡിയയിലും ഈ നേട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് സിപിഎം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു. 'ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക് ' എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്റെ പൂര്‍ണ രക്ഷയ്ക്കായി സിപിഎം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്നു.  വോട്ട് നല്കിയ ജനങ്ങളെയും പ്രതിനിധീകരിച്ച നാടിനെയും, ഭയാശങ്കയിലാക്കിയ ജനപ്രതിനിധികളെയും ഭരണക്കാരെയും തിരിച്ചറിയണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. 2015 ജൂണ്‍ 16ന്  ഇത് ഒന്നാംഘട്ട സമരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

സിപിഎമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകള്‍ക്ക്  സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കി.

യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.  ആ പദ്ധതി ഇപ്പോള്‍ എല്‍ഡിഎഎഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ട്.

നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍  വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.

ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന്  മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാന്‍.  കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സിപിഎമ്മാണ്.

2020, ജൂൺ 1, തിങ്കളാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നു



ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ ഇന്റർനെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. ആ വിദ്യാർത്ഥികളെ കൂടി ഉൾക്കൊള്ളിച്ച് വേണം ക്ലാസ്സുകൾ ആരംഭിക്കാൻ.

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്.

2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകൡരുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. . അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു.

എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‌സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. IT പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമില്‍ IT പരീക്ഷ സോഫ്റ്റ്വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു.

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 2011-16ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിംഗ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്‌സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു.

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.

2020, മേയ് 29, വെള്ളിയാഴ്‌ച

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി


പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വിരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായാണ് നല്‍കിയത്.

നീണ്ടകാലത്തെ അടുത്ത സൗഹൃദ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ആത്മസംയമത്തോടെ പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിനെയാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.

യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോഴും എന്നോട് ആത്മാര്‍ഥമായ സൗഹ്യദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികൾ.


2020, മേയ് 28, വ്യാഴാഴ്‌ച

യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല


യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല. ഇപ്പോൾ കൊവിഡിനെ പഴിക്കുന്ന സർക്കാർ കഴിഞ്ഞ നാല് വർഷം കൊണ്ട് എന്താണ് ചെയ്തത്.

പ്രതിപക്ഷം കൂടെ നിന്നു കടമകൾ നിറവേറ്റി ഒപ്പം സർക്കാരിന്‍റെ വീഴ്ചകളും ചൂണ്ടിക്കാട്ടി. എന്നാല്‍ ചൂണ്ടിക്കാണിച്ച വീഴ്ചകൾ പോലും വീണ്ടും ആവർത്തിക്കുകയാണ് സർക്കാർ.

ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാണിച്ചതാണ് എന്നാല്‍ ഇക്കുറിയും അത് ആവർത്തിച്ചു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയത് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയത് മൂലമാണ്. വെള്ളം കയറിയ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കണം.


MAY 25, 2020

2020, മേയ് 27, ബുധനാഴ്‌ച

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടി



പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.

നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല.

പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം.

അവരില്‍ നിന്ന് ക്വാറന്റീന്‍ തുക ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം.

2020, മേയ് 24, ഞായറാഴ്‌ച

വയ്പ്പകൾക്ക് മൊറോട്ടോറിയം കാലപരിധി ആഗസ്റ്റ് 31 വരെ നീട്ടാനുള്ള ബാങ്കിന്റെ തീരുമാനം സ്വാഗതാർഹമാണ്


പക്ഷെ അതുകൊണ്ട് കാർഷിക മേഖലയ്ക്കും എം.എസ്.എം.ഇ മേഖലയ്ക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം നോട്ടുനിരോധന പ്രഖ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂണിന്മേൽ കുരു എന്ന പോലെ കോവിഡ് രോഗ വ്യാപനം സാമ്പത്തിക രംഗത്തെ നിശ്ചലമാക്കി. മാർച്ച് 1 മുതൽ മൂന്ന് മാസമായി സമ്പത്ഘടന ചലനരഹിതമാണ്. എല്ലാം  പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ക്രയശേഷി ഇല്ലാതെയായി. സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഇതിൽ നിന്നും മോചനം ഇല്ലാതെ ഒരു വയ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് . 

സാമ്പത്തിക പാക്കേജുകളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് സർക്കാർ തയ്യാറാവണം .  മൊറോട്ടോറിയം കാലഘട്ടത്തിലെ   പലിശ മുഴുവൻ എഴുതി തള്ളുകയും 25 ലക്ഷം രൂപയോ അതിൽ കുറവായിട്ടുള്ള വിദ്യാഭ്യാസ വായ്‌പ അടക്കം ഉള്ള എല്ല വയ്പ്പകളുടെ കാപ്പിറ്റൽ ലോൺ സംഖ്യയിൽ നിന്ന്  5 ലക്ഷം രൂപയെങ്കിലും കുറവ് ചെയ്യാനും കേന്ദ്ര ഗവർണമെന്റ് തയ്യാറാകണം.അല്ലാതെ മൊറോട്ടോറിയം കാലാവധി നീട്ടുന്നത് ഒരു കാലിലെ മന്ത് മറുകാലിലേക്കു മാറ്റുന്നതിന് തുല്യമായിരിക്കും.