UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഡിസംബർ 16, തിങ്കളാഴ്‌ച

പൗരത്വ ഭേദഗതി ബിൽ: ഭരണഘടനാവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്


പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്. മതത്തിന്‍റെ പേരിൽ പൗരത്വം നിർണയിക്കുന്ന ഈ നിയമം ഭരണഘടന നൽകുന്ന തുല്യാവകാശത്തെയും അതിലുപരി മനുഷ്യാവകാശത്തെയും ലംഘിക്കുന്നതുമാണ്. നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക്‌ വേണ്ടിയുള്ള നീക്കത്തിന്‍റെ പ്രധാന ചുവടുവെപ്പാണ്. മുത്തലാക്ക് ബില്ലും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയലും കഴിഞ്ഞു, പൗരത്വ നിയമത്തിലൂടെ ബി.ജെ.പി സർക്കാർ മതത്തിന്‍റെ പേരിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കുന്ന അജണ്ടയുടെ വേഗത കൂടിയിരിക്കുകയാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

1947-ൽ എങ്ങനെയാണ്, ഏത് ആശയത്തിന്‍റെ പേരിലാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും പാക്കിസ്ഥാൻ രൂപീകൃതമായതെന്നും നമുക്ക് അറിയാവുന്നതാണ്. മതത്തിന്‍റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ “നാനാത്വത്തിൽ ഏകത്വം” എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മൂടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ആശങ്കപ്പെടുകയാണ്. പാർലമെന്‍റിനുള്ളിൽ വിനാശകരമായ കുറെയേറെ ലക്ഷ്യങ്ങളും, അതിലേക്ക് എത്താനായി ഒരുകൂട്ടം നുണകളുമായാണ് ഭരണകക്ഷി പ്രവർത്തിക്കുന്നത്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും, രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണം.

#NationAgainstCAA

2019, ഡിസംബർ 8, ഞായറാഴ്‌ച

ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ഇടപെടണം


 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്.

കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ തീരുമാനം പുന:പരിശോധിക്കണം സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ- നാഡി രോഗികള്‍ക്ക് നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബര്‍ ഒന്നിന് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളില്‍ 7 എണ്ണം ഉള്ളവര്‍ക്കേ സൗജന്യ ചികിത്സ ലഭിക്കൂ. രോഗിക്ക് സ്വന്തം വീടുണ്ടാകരുത്, ഭൂമിയുടെ രേഖ ഹാജരാക്കണം, കുടുംബത്തില്‍ നിത്യരോഗിയായ ഒരാളെങ്കിലും ഉണ്ടായിരിക്കണം, നിശ്ചിത വരുമാനം ഇല്ലെന്നു സാക്ഷ്യപ്പെടുത്തണം തുടങ്ങിയ നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളെല്ലാം സത്യമാണോയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ഉറപ്പാക്കും. ഫലത്തില്‍ പാവപ്പട്ട മിക്ക രോഗികള്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുകയില്ല.

ഈ കടമ്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാരിന്റെയോ, ആയുഷ്മാന്‍ ഭാരതത്തിന്റെയോ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ സ്ഥാപനത്തെ ഉള്‍പ്പെടുതാത്തത് രോഗികൾക്ക് ഇരട്ട പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പതിനായിക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയുടെ തന്നെ അഭിമാന സ്ഥാപനമാണെും അതിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അഭ്യർത്ഥിക്കുന്നു.

2019, ഡിസംബർ 3, ചൊവ്വാഴ്ച

എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് അത്യന്തം അപലപനീയമാണ്.

യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾ അടക്കം നിരവധി കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചു. ഈ സംഭവം അറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത് അടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ഭീകരമായ അക്രമമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്.

എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചുവരുന്നത്.

യൂണിവേഴ്സിറ്റി കോളേജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്.

കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സാഹചര്യം സർക്കാർ ഒരുക്കണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടി അടിയന്തരമായി സർക്കാർ സ്വീകരിക്കണം.

2019, നവംബർ 25, തിങ്കളാഴ്‌ച

നെല്‍സംഭരണം: 1450 കോടി ഉടനേ നല്കണം


നെല്‍ സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശിക വരുത്തിയതുമൂലം നെല്‍കര്‍ഷകര്‍ റവന്യൂ റിക്കവറി നേരിടുകയാണ്. തുക അടയിന്തരമായി നല്കാന്‍ സർക്കാർ നടപടി എടുക്കണം. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നു. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നെല്ലിന്റെ തുകയായ 1450 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന് PRS ഹാജരാക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നല്‍കിയിട്ടുമില്ല.

ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് റിക്കവറി നോട്ടീസ് നല്‍കുകയാണ്.

സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിഖ എത്രയും വേഗം ലഭ്യമാക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം. മില്ലുടമകള്‍ കര്‍ഷകര്‍ക്ക് നല്‍കിയ PRS സ്വീകരിച്ച് തുക വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നൽകുകയും വേണം.


2019, നവംബർ 22, വെള്ളിയാഴ്‌ച

നിയമസഭാ മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട്


വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം നടപ്പാക്കുക, എം.ജി - കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് .

ജനപ്രതിനിധിയായ ശ്രീ. ഷാഫി പറമ്പിൽ MLA, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയത്.

വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും. സർവ്വകലാശാലകളുടെ വിശ്വസ്തത നശിപ്പിക്കുന്ന പ്രവണതകൾ നിരാശാജനകമാണ്.

2019, നവംബർ 15, വെള്ളിയാഴ്‌ച

ശബരിമല: സുപ്രീംകോടതി നടപടി വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സഹായിക്കും



വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും ശബരിമല സ്ത്രീപ്രവേശന വിഷയം വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സഹായിക്കും.

സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം സുഗമമാക്കാനും അതിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.


2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ഇന്ദിരാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.


ഇന്ത്യയുടെ ഉരുക്കുവനിതയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികമാണ് ഇന്ന്. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ദിര ശ്രമിച്ചിട്ടില്ല.

'പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അവര്‍ക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ അവരെതിര്‍ത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവര്‍ തിളക്കമേറ്റി.

ഇന്ദിരാജിയെ 'ഉരുക്കുവനിത' എന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്‌കതയും മനുഷ്യത്വവുമാണ് പ്രധാന സ്വഭാവ വിശേഷങ്ങള്‍. ശരിയാണ് അവര്‍ പോരാടിയിരുന്നു, എന്നാല്‍ അത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നില്ല.പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങള്‍.

ഭയപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ഈ ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും അവര്‍ ആഴത്തില്‍ സഹായിച്ചു.

പിതാവിന്റെ ഉപദേശങ്ങള്‍ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടര്‍ന്നു. 16 വര്‍ഷം അവര്‍ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതല്‍ ഭീകരവാദവും യുദ്ധവും വരെ അവര്‍ ധൈര്യത്തോടെ നേരിട്ടു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാന്‍ ജീവിതം അര്‍പ്പിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

#IndiasIndira

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

അടുത്ത സർക്കാറിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം

എൻ.ജി.ഒ. അസോസിയേഷൻ 45-ആമത് സ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അടുത്ത സർക്കാറിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം. ശമ്പള കമ്മീഷന്‍റെ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കമ്മീഷനെ വയ്ക്കുമെന്നാണ് പറയുന്നത്. ഓരോ 10 വർഷവും പെൻഷൻ കുടിശ്ശിക 5 ഇരട്ടി വർദ്ധിക്കും. കാര്യങ്ങൾ മുൻകൂട്ടി കാണാൻ സർക്കാറിന് കഴിയണം.  സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകണം. മരണാനന്തര പെൻഷൻ 30 ശതമാനം കുറച്ചത് തിരുത്തണം. ജീവനക്കാരെ സർക്കാർ വേട്ടയാടുന്നുവെന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ ജീവനക്കാരുടെ കാര്യങ്ങൾ മറക്കുന്നു. 



2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.


ശരത് ലാലിന്റേയും കൃപേഷിന്റെയും കുടുംബങ്ങൾക്ക് നീതി നിഷേധിച്ച കേരള ഗവണ്മെന്റിന്റെ നടപടിക്ക് കനത്ത തിരിച്ചടിയാണ് കേസ് സി.ബി.ഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈകോടതി വിധി. ഈ വിധിയിൽ കേസന്വേഷണത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത , അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നിൽക്കാൻ സാധ്യമല്ല. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം സത്യപ്രതിജ്ഞ ലംഘനമാണ്. അത് അദ്ദേഹത്തിന് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു.