UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

പ്രകൃതിക്ഷോഭത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണിത്. പ്രകൃതി ദുരന്തത്തില്‍പെട്ട ഒന്നരലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യങ്ങളിലെ പോരാഴ്മകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കനത്ത മഴമൂലം സംസ്ഥാനം കടുത്ത ദുരിതം നേരിടുന്നതിനിടെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. വ്യാജ സന്ദേശങ്ങള്‍ വീണ്ടും മറ്റുള്ളവരിലേക്ക് കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുത്. അപകട സാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണം. അതിനു മുന്നില്‍ ഒരുകാരണവശാലും ഭയന്ന് നില്‍ക്കരുത്. പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

#ഒരുമിച്ചുനിൽക്കാം
#നേരിടാം_ഒറ്റക്കെട്ടായ്
#StandWithKerala
#KeralaFloods2019


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും


ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

'രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

 ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം  എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' 

ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 42 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.

കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 42 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നത്. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.

പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നത്.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


2019, ജൂലൈ 17, ബുധനാഴ്‌ച

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു. ശിവരഞ്ജിതിന്റെ വീട്ടില്‍നിന്നും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ എസ് യൂ വിന്റെ ആവശ്യം. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണമെന്നും രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഈ സമരത്തെ പിന്തുണയ്ക്ക്കും.  

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍ , അസ്ലം, ജെ എസ് അഖില്‍, ജോബിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. 


യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ അതീവ ഗുരുതരം


യൂണിവേഴ്‌സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിന് ആകെ അപമാനകരം ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല. കാരണം യൂണിവേഴ്‌സിറ്റി കോളജില്‍ പല അരുതാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ 1992ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി 92 ലെ ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ ഗവണ്‍മെന്റ് കോളേജ് തുടങ്ങി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചു.

കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കേളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള ഡിഗ്രി കോളേജ് തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. ഏതാണ്ട് 18 വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി എല്ലാ സംവിധാനങ്ങളും ഒരുക്കി. അപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുക. അവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമാവധി സൗകര്യങ്ങല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. ഡിഗ്രി കോളേജ് കാര്യവാട്ടത്ത് തുടങ്ങുക. എന്നാല്‍ 96 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതുമാറ്റി കാര്യവാട്ടത്തെ കോളേജ് നിലനിര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് വളരെ അപമാനകരമായ സംഭവങ്ങള്‍. 187 കുട്ടികള്‍ ടി.സി വാങ്ങിപ്പോകുക, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുക എന്നിവ കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്നു. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്.

യൂണിവേഴ്‌സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യുഡി.എഫ് കൈക്കൊണ്ട നടപടികളെയും മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തി.

ഇന്നിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ കോളേജുകളിലെ അഡ്മിഷന്‍ സംവിധാനം കേരളത്തില്‍ കുറ്റമറ്റ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതി അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ ചില തന്ത്രങ്ങള്‍ ചെയ്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂണിവേഴ്‌സ്റ്റി കോളേജിലെ എസ്.എഫ്.ഐ ഓഫീസിലും പ്രവര്‍ത്തകരുടെ വീടുകളിലും യൂണിവേഴ്‌സിറ്റ് എക്‌സാം പേപ്പറുകള്‍ കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.


2019, ജൂലൈ 15, തിങ്കളാഴ്‌ച

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം


പാട്ട് പാടിയതിനെച്ചൊല്ലി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ  എസ്.എഫ്.ഐ നേതാക്കൾ മാരകമായി കുത്തി പരുക്കേൽപ്പിച്ചത് അതീവ ഗുരുതരമാണ്. സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും പ്രവർത്തിക്കാനാവാത്തവിധം ഈ സംഘടന അധഃപതിച്ചിരിക്കുന്നു. വർഷങ്ങളായി കേരളത്തിലെ പല ക്യാമ്പസ്സുകളും എസ.എഫ്.ഐ മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ  കുത്തകയാക്കി വച്ചിരിക്കുകയാണ്. മിക്ക കോളേജുകളിലും യൂണിയൻ ഓഫിസും മറ്റും വടിവാളും കത്തിയും ഉൾപ്പെടെ മാരകായുധങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടാണ് എസ്.എഫ്.ഐ ഈ പ്രവർത്തനം നടത്തുന്നത്. 

കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി കോളേജിൽ ഒരു  വിദ്യാർത്ഥി ആത്മഹത്യശ്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. ഉയർന്ന അക്കാദമിക് നിലവാരത്തിൻെറയും സർഗ്ഗാത്മകതയുടെയും കേന്ദ്രമാവണം കോളേജ് ക്യാമ്പസുകൾ. ഇത്തരം അതി തീവ്ര ഫാസിസ്റ്റ് രീതികൾ ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി എസ.എഫ്.ഐ  മുദ്രവാക്യം മുഴക്കുമ്പോഴാണ്‌ അവർ തന്നെ ഇത്തരം പ്രവർത്തികകളിൽ കേരളമെമ്പാടും ഏർപ്പെടുന്നത് എന്നത് ലജ്ജാവഹമാണ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം. കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനവും സാഹോദര്യവും സർഗാത്മകതയും പുലരട്ടെ. വിദ്യാർത്ഥികൾ ഒന്നനടങ്കം അതിനായി മുന്നോട്ടു വരട്ടെ.




രാജ്യത്ത് ജനാധിപത്യം അപകടത്തിൽ

കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യം ഗുരുതരമായ അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രിയുടെ ഒത്താശയോടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നു. ഗോവയിലും മേഘാലയയിലും ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സര്‍ക്കാര്‍ തട്ടിക്കൂട്ടാന്‍ അവസരമൊരുക്കുന്നു.  

പണം ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുവശത്ത് ശ്രമിക്കുമ്പോള്‍, മറുവശത്ത് എന്ത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ചും ക്യാമ്പസുകളിലെ ജനാധിപത്യം അട്ടിമറിക്കാന്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും ശ്രമിക്കുന്നു. അക്രമങ്ങളിലൂടെ ക്യാമ്പസ്സുകളെ കലാപഭൂമിയാക്കി മാറ്റുന്ന ശ്രമങ്ങളെ കേരളസമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കും.

കേരളാ വിദ്യാർത്ഥീ പ്രസ്ഥാനം ഇന്ന് ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് . അക്രമ സമരത്തിലൂടെ ക്യാമ്പസുകളെ കലാപശാലകളാക്കി മാറ്റുന്ന കിരാതന്മാരുടെ വിളയാട്ടത്തിനെതിരെയുള്ള സത്യത്തിന്റെ ശബ്ദം. സമരമുഖങ്ങളിൽ ഈ നീല പതാക ഉയരുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയാണ്. പരസ്പരം കൈത്താങ്ങായ്, നീതിക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കാനുള്ള ആർജ്ജവമാണ് ഓരോ കെ.എസ് യു ക്കാരന്റെയും സ്വത്ത്.

 വിദ്യാർത്ഥി സംഘടനാ എന്ന പേരിൽ ആയുധവും ഗുണ്ടായിസവും കൊണ്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കാൻ  ശ്രമിക്കുന്നവർ ക്യാമ്പസുകളെ വെറും അക്രമ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നത് തികച്ചും ഖേദകരമാണ്. ഈ സാഹചര്യങ്ങളിലാണ് കെ.എസ്. യു എന്ന പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സൗഹൃദ സമീപനവും നീതിയ്ക്കായുള്ള പോരാട്ടങ്ങളും വേറിട്ട ശബ്ദമായ്, വീര്യമായ് മാറുന്നത്. 



2019, ജൂലൈ 5, വെള്ളിയാഴ്‌ച

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബദ്ധമാണ്


രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ യൂ.ഡി.എഫ് പ്രതിഞ്ജാബദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മാന്യതയും ലംഘിച്ച് കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്  ബിജെപി ബന്ധം ആരോപിച്ചവർക്ക് ജനങ്ങൾ ചുട്ട മറുപടിയാണ് നൽകിയത്. നാട്ടിൽ വികസനം നടക്കണമെങ്കിൽ യൂ.ഡി.എഫ് വരണം.


2019, ജൂലൈ 4, വ്യാഴാഴ്‌ച

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണിയുടെ കൈയ്യൊപ്പ്

കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു. (file pic)

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ട്.  യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു വികസനവും കരുതലും. വികസന പദ്ധതികൾക്ക് ഒരിക്കലും പണമില്ല എന്ന് കെ.എം മാണി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾക്ക് പോലും കൃത്യമായ ഇടപെടൽ കെ.എം മാണി നടത്തിയിട്ടുണ്ട്.

സർക്കാരിന്റെ രണ്ടാമത്തെ കരുതൽ എന്ന മുദ്രാവാക്യത്തിൽ ആയിരുന്നു. ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി.  മാണിസാറിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. മനുഷത്വം ഉള്ള രാഷ്ട്രീയ നേതാവ് ഭരണാധികാരി എന്ന പേരിലാവും കെ.എം മാണി ജനങ്ങളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.



2019, ജൂൺ 20, വ്യാഴാഴ്‌ച

സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ


സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ടോമി കല്ലാനി , തോമസ് കല്ലാടൻ , കോട്ടാത്തല മോഹനൻ എന്നിവർ സമീപം. 

കേരളത്തിലെ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവ്വീസ് സംഘടനകൾ മികച്ച സംഭാവനകളാണ് നൽകിയത്.

2019, ജൂൺ 11, ചൊവ്വാഴ്ച

ആന്റണിക്കെതിരേയുള്ള പരാമര്‍ശം നിര്‍ഭാഗ്യകരം


ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിർഭാഗ്യകരമാണ്.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല.

കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ
ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.