UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ജൂലൈ 15, തിങ്കളാഴ്‌ച

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം


പാട്ട് പാടിയതിനെച്ചൊല്ലി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ  എസ്.എഫ്.ഐ നേതാക്കൾ മാരകമായി കുത്തി പരുക്കേൽപ്പിച്ചത് അതീവ ഗുരുതരമാണ്. സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും പ്രവർത്തിക്കാനാവാത്തവിധം ഈ സംഘടന അധഃപതിച്ചിരിക്കുന്നു. വർഷങ്ങളായി കേരളത്തിലെ പല ക്യാമ്പസ്സുകളും എസ.എഫ്.ഐ മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ  കുത്തകയാക്കി വച്ചിരിക്കുകയാണ്. മിക്ക കോളേജുകളിലും യൂണിയൻ ഓഫിസും മറ്റും വടിവാളും കത്തിയും ഉൾപ്പെടെ മാരകായുധങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടാണ് എസ്.എഫ്.ഐ ഈ പ്രവർത്തനം നടത്തുന്നത്. 

കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി കോളേജിൽ ഒരു  വിദ്യാർത്ഥി ആത്മഹത്യശ്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. ഉയർന്ന അക്കാദമിക് നിലവാരത്തിൻെറയും സർഗ്ഗാത്മകതയുടെയും കേന്ദ്രമാവണം കോളേജ് ക്യാമ്പസുകൾ. ഇത്തരം അതി തീവ്ര ഫാസിസ്റ്റ് രീതികൾ ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി എസ.എഫ്.ഐ  മുദ്രവാക്യം മുഴക്കുമ്പോഴാണ്‌ അവർ തന്നെ ഇത്തരം പ്രവർത്തികകളിൽ കേരളമെമ്പാടും ഏർപ്പെടുന്നത് എന്നത് ലജ്ജാവഹമാണ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം. കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനവും സാഹോദര്യവും സർഗാത്മകതയും പുലരട്ടെ. വിദ്യാർത്ഥികൾ ഒന്നനടങ്കം അതിനായി മുന്നോട്ടു വരട്ടെ.




രാജ്യത്ത് ജനാധിപത്യം അപകടത്തിൽ

കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യം ഗുരുതരമായ അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രിയുടെ ഒത്താശയോടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നു. ഗോവയിലും മേഘാലയയിലും ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സര്‍ക്കാര്‍ തട്ടിക്കൂട്ടാന്‍ അവസരമൊരുക്കുന്നു.  

പണം ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുവശത്ത് ശ്രമിക്കുമ്പോള്‍, മറുവശത്ത് എന്ത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ചും ക്യാമ്പസുകളിലെ ജനാധിപത്യം അട്ടിമറിക്കാന്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും ശ്രമിക്കുന്നു. അക്രമങ്ങളിലൂടെ ക്യാമ്പസ്സുകളെ കലാപഭൂമിയാക്കി മാറ്റുന്ന ശ്രമങ്ങളെ കേരളസമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കും.

കേരളാ വിദ്യാർത്ഥീ പ്രസ്ഥാനം ഇന്ന് ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് . അക്രമ സമരത്തിലൂടെ ക്യാമ്പസുകളെ കലാപശാലകളാക്കി മാറ്റുന്ന കിരാതന്മാരുടെ വിളയാട്ടത്തിനെതിരെയുള്ള സത്യത്തിന്റെ ശബ്ദം. സമരമുഖങ്ങളിൽ ഈ നീല പതാക ഉയരുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയാണ്. പരസ്പരം കൈത്താങ്ങായ്, നീതിക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കാനുള്ള ആർജ്ജവമാണ് ഓരോ കെ.എസ് യു ക്കാരന്റെയും സ്വത്ത്.

 വിദ്യാർത്ഥി സംഘടനാ എന്ന പേരിൽ ആയുധവും ഗുണ്ടായിസവും കൊണ്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കാൻ  ശ്രമിക്കുന്നവർ ക്യാമ്പസുകളെ വെറും അക്രമ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നത് തികച്ചും ഖേദകരമാണ്. ഈ സാഹചര്യങ്ങളിലാണ് കെ.എസ്. യു എന്ന പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സൗഹൃദ സമീപനവും നീതിയ്ക്കായുള്ള പോരാട്ടങ്ങളും വേറിട്ട ശബ്ദമായ്, വീര്യമായ് മാറുന്നത്. 



2019, ജൂലൈ 5, വെള്ളിയാഴ്‌ച

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബദ്ധമാണ്


രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ യൂ.ഡി.എഫ് പ്രതിഞ്ജാബദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മാന്യതയും ലംഘിച്ച് കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്  ബിജെപി ബന്ധം ആരോപിച്ചവർക്ക് ജനങ്ങൾ ചുട്ട മറുപടിയാണ് നൽകിയത്. നാട്ടിൽ വികസനം നടക്കണമെങ്കിൽ യൂ.ഡി.എഫ് വരണം.


2019, ജൂലൈ 4, വ്യാഴാഴ്‌ച

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണിയുടെ കൈയ്യൊപ്പ്

കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു. (file pic)

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ട്.  യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു വികസനവും കരുതലും. വികസന പദ്ധതികൾക്ക് ഒരിക്കലും പണമില്ല എന്ന് കെ.എം മാണി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾക്ക് പോലും കൃത്യമായ ഇടപെടൽ കെ.എം മാണി നടത്തിയിട്ടുണ്ട്.

സർക്കാരിന്റെ രണ്ടാമത്തെ കരുതൽ എന്ന മുദ്രാവാക്യത്തിൽ ആയിരുന്നു. ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി.  മാണിസാറിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. മനുഷത്വം ഉള്ള രാഷ്ട്രീയ നേതാവ് ഭരണാധികാരി എന്ന പേരിലാവും കെ.എം മാണി ജനങ്ങളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.



2019, ജൂൺ 20, വ്യാഴാഴ്‌ച

സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ


സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ടോമി കല്ലാനി , തോമസ് കല്ലാടൻ , കോട്ടാത്തല മോഹനൻ എന്നിവർ സമീപം. 

കേരളത്തിലെ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവ്വീസ് സംഘടനകൾ മികച്ച സംഭാവനകളാണ് നൽകിയത്.

2019, ജൂൺ 11, ചൊവ്വാഴ്ച

ആന്റണിക്കെതിരേയുള്ള പരാമര്‍ശം നിര്‍ഭാഗ്യകരം


ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിർഭാഗ്യകരമാണ്.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല.

കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ
ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.


2019, മേയ് 29, ബുധനാഴ്‌ച

മാണിസാറിനോടുള്ള ആദരസൂചകമായി കാരുണ്യ ചികിത്സാ പദ്ധതി അതേനിലയില്‍ നിലനിര്‍ത്തണം.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ശ്രീ.കെ.എം. മാണി ആവിഷ്‌കരിച്ച് നടപ്പാക്കിയ കാരുണ്യ ചികത്സാസഹായ പദ്ധതി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസവും താങ്ങും തണലുമായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു പൈസ ചെലവഴിക്കാത്ത ഈ പദ്ധതിക്കുള്ള പണം സമാഹരിച്ചത് ലോട്ടറിയിലൂടെയാണ്. 

എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാക്കുകയാണ്. ഇതു പാവങ്ങളെ ചതിക്കുകയാണ്. ഈ തീരൂമാനം പുന:പരിശോധിച്ച് കാരുണ്യ ചികിത്സാ പദ്ധതി നിലവിലുള്ള രീതിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചു.

2019, മേയ് 10, വെള്ളിയാഴ്‌ച

പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം


അന്‍പതിനായിരത്തോളം വരുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചും, ഡ്യൂട്ടിയിൽ സ്വന്തം നിയോജകമണ്ഡലത്തിൽ നിയോഗിക്കപ്പെട്ടവർക്കും അവിടെ നേരിട്ട് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചുകൊണ്ട് പോസ്റ്റൽ ബാലറ്റ് വാങ്ങി ബന്ധപ്പെട്ടവരെ ഏൽപ്പിക്കാൻ സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ചത്, തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കളമൊരുക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് മെയ് 15ന് മുന്‍പ് നല്‍കാന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.

നിർഭയമായും സ്വതന്ത്രമായും നിഷ്പക്ഷമായും വോട്ടവകാശം വിനിയോഗിക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഗവൺമെന്റും, പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരും തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് സഹായകമായ നിലപാട് സ്വീകരിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്.

അതീവ ഗുരുതരമായ ഈ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും ഇതില്‍ പ്രത്യക്ഷവും പരോക്ഷവും ആയി പങ്കുള്ള ഉദ്യോഗസ്ഥന്മാരെ കണ്ടെത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും, പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കി അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണം എന്നും ചീഫ് ഇലക്ഷൻ കമ്മീഷണറോട് അഭ്യർത്ഥിക്കുന്നു.

2019, മേയ് 9, വ്യാഴാഴ്‌ച

പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം


തൃശൂർ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്.അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളും.ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതർ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.

തൃശൂർ പൂരത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്കു ആത്മ വിശ്വാസം നൽകി പൂരം സുഗമമായി നടത്തുവാൻ ആവശ്യമായ തീരുമാനങ്ങൾ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

2019, മേയ് 8, ബുധനാഴ്‌ച

മോദിയുടെ പരാമര്‍ശം ക്രൂരം


രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ക്രൂരമാണ്. ഇന്ത്യ കണ്ട ഏറ്റവും ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പരാജയം തുറിച്ചുനോല്‍ക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക്  അദ്ദേഹം കൂപ്പുകുത്തി. പ്രധാനമന്ത്രി പദത്തിന് അപമാനം ഏല്‍പ്പിച്ചാണ് മോദി പടിയിറക്കത്തിനു തയാറെടുക്കുന്നത്.

ബോഫോഴ്‌സ് ആരോപണം ഉന്നയിച്ച ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാര്‍ലമെന്ററിന്റെ സംയുക്ത സമിതി രൂപീകരിച്ച് 50 സിറ്റിംഗ് നടത്തിയശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുതുതായൊന്നും കണ്ടെത്താനായില്ല. പാര്‍ലമെന്റിനകത്തും പുറത്തും രാജീവ് ഗാന്ധി നിരപരാധിത്വം തെളിയച്ചപ്പോള്‍ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പോലും മോദി നിരസിക്കുകയാണുണ്ടായത്. 

എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മാറ്റിവച്ച് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനകീയനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 
രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നയിച്ച രാജീവ് ഗാന്ധിയെ മോദി അധിക്ഷേപിച്ചാലും ഇന്ത്യന്‍ ജനത എന്നും നന്ദിയോടെ സ്മരിയ്ക്കും എന്നതിൽ തർക്കമില്ല.