UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ജനുവരി 7, തിങ്കളാഴ്‌ച

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ


Wishing you a very happy new year. I pray that you are blessed with courage and joy, success and humility, patience and resilience in equal measure. May each day of 2019 be a wonderful one.



#HappyNewYear2019

2019, ജനുവരി 4, വെള്ളിയാഴ്‌ച

സെമിഫൈനലില്‍ തോറ്റ മോദിയും വിജയിച്ച രാഹുലും തമ്മിലുള്ള മത്സരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്

കോൺഗ്രസ് അധ്യക്ഷൻ ശ്രീ.രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ നടന്ന യോഗത്തെ അഭിസംബോധന ചെയ്യുന്നു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ.എം.ജി.പുഷ്പാകരൻ, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍, ജനറല്‍ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവര്‍ വേദിയിൽ

സെമിഫൈനലില്‍ തോറ്റ മോദിയും, വിജയിച്ച രാഹുല്‍ ഗാന്ധിയും തമ്മിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നത്. ഒരു കേന്ദ്രമന്ത്രി പോലും അല്ലാതിരുന്ന, രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും, ഇല്ലാത്ത ഹെലികോപ്ടര്‍ കഥകള്‍ പറഞ്ഞ്, മോദിയും ബി ജെ പിയും ഭീഷണിപ്പെടുത്തുകയാണ്. ഇത് കോടികളുടെ റഫാല്‍ യുദ്ധവിമാന അഴിമതി മറച്ചു വെയ്ക്കാന്‍ വേണ്ടിയാണ്.



ശബരിമലയിലെ പുതിയ വിവാദം സര്‍ക്കാര്‍ ഗൂഡാലോചന


ശബരിമലയിലെ യുവതീപ്രവേശ വിഷയം സംബന്ധിച്ച പുതിയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണ്.

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ഗവര്‍മെന്റും മുഖ്യമന്ത്രിയും മുന്‍കൈയ്യടുക്കേണ്ടത്. അതിന് പകരം, ഒരു പക്ഷം പിടിച്ച് , വിഭാഗീതയ വളര്‍ത്തുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് ദോഷമേ ചെയ്യൂ. അതിനാല്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളം ഇതുവരെ നേടിയിട്ടുളള എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഈ പുതിയ സംഭവങ്ങള്‍. ഒപ്പം, ഇത് ജനങ്ങളെ വ്യത്യസ്ത ചേരികളിലാക്കി , ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

യുഡിഎഫ് ഭരണക്കാലത്തും പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ ഒന്നിലും പക്ഷം പിടിക്കുകയോ, തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം.




2018, ഡിസംബർ 31, തിങ്കളാഴ്‌ച

ഇതാണോ നിങ്ങളുടെ നവോത്ഥാനപ്രവര്‍ത്തനവും സ്ത്രീസുരക്ഷയും?


കോട്ടയം പാത്താമുട്ടം ആംഗ്ലിക്കൻ പള്ളിയിലെ കരോൾ സംഘത്തെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഏറ്റവും പ്രതിഷേധാർഹമാണ്.വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും അതിനെതിരെ നടപടി എടുക്കുന്നതിൽ പോലീസ് ദയനീയമായി പരാജയപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും, സ്വന്തം വീടുകളിലേക്ക് പോലും പോകാൻ തയ്യാറാകാതെ ജനങ്ങൾ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനിൽക്കുകയാണ്. അക്രമത്തിനിരയായ പെൺകുട്ടികൾ പറയുന്ന അവരുടെ അനുഭവങ്ങൾ കേട്ടിട്ട് ഇത് കേരളത്തിൽ തന്നെയാണോ ഈ സംഭവങ്ങൾ നടന്നത് എന്ന് പോലും സംശയിച്ചു പോയി.

അക്രമം നടത്തുന്നതിനു മുൻപ് ആശുപത്രിയിലെത്തി അഡ്മിറ്റ് ആയി എന്ന് കൃത്രിമ രേഖയുണ്ടാക്കി പ്രതികൾ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി ഇതേപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കണം.

ഇതാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നവോഥാന പ്രവർത്തനവും, നിങ്ങൾ ലക്ഷ്യമാക്കുന്ന സ്ത്രീസുരക്ഷയും എന്ന് വനിതാ മതിൽ തീർക്കുന്ന സർക്കാർ മറുപടി പറയണം.

ഈ അനീതിയിൽ പ്രതിഷേധിച്ച് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആംഗ്ലിക്കൽ പള്ളിയങ്കണത്തിൽ നിന്നും കോട്ടയം എസ് പി ഓഫീസിലേക്ക് ജനുവരി നാലിന് നടത്തുന്ന ലോങ്ങ്‌ മാർച്ച് വിജയിപ്പിക്കണം എന്നഭ്യർത്ഥിയ്ക്കുന്നു.


2018, ഡിസംബർ 28, വെള്ളിയാഴ്‌ച

വനിതാ മതിൽ വിജയിപ്പിക്കാനായി സർക്കാർ നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്


രണ്ടാഴ്ചയിലേറെയായി സർക്കാർ മെഷിനറികളുടെ പൂർണ്ണശ്രദ്ധ വനിതാ മതിൽ വിജയിപ്പിക്കാനാണ്. ഇതിന്റെ പത്ത്‌ ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കിൽ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാൻ കഴിയുമായിരുന്നു.

സർക്കാർ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സർക്കാർ ഇപ്പോൾ മതിൽ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്.

ആശ വർക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി പാവപ്പെട്ട സ്ത്രീകളിൽനിന്നും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ നിന്നും നിർബന്ധമായി പ്രാദേശിക പാർട്ടി നേതാക്കൾ പണം പിരിക്കുന്നതായി വ്യാപകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പാലത്ത് നിർബന്ധിത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണു പത്രവാർത്ത.

മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളിൽ നിന്നും നടത്തുന്ന നിർബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം. സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാൾ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടിപ്പെടുത്തുന്നത്.

ഇതിനോടകം മതിലിന്റെ പേരിൽ അനാവശ്യമായ ചേരിതിരിവും സംഘർഷങ്ങളും സമൂഹത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഈ വർഗ്ഗീയ മതിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.

2018, ഡിസംബർ 27, വ്യാഴാഴ്‌ച

വർഗീയ മതിൽ പൊളിയുമ്പോൾ ന്യൂനപക്ഷങ്ങളെ കൂട്ടാൻ ശ്രമം


സി.പി.എം നടത്തുന്ന വർഗ്ഗീയ വനിതാ മതിലിന് വിശ്വാസികളുടെ പിന്തുണ ലഭിക്കില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് മത ന്യൂനപക്ഷങ്ങളെയും കൂട്ടുവാൻ തീരുമാനിച്ചത്. മതമേലദ്ധ്യക്ഷന്മാരെയും കൂട്ടുമെന്ന പ്രഖ്യാപനം വനിതാ മതിൽ മനുഷ്യ മതിൽ ആക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. വനിതാ മതിൽ രൂപീകരണത്തിനായി താഴേതട്ടിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കിയ സി.പി.എംന് വൈകി വന്ന ബോധോദയമാണ് മനുഷ്യ മതിലും ന്യൂനപക്ഷ പങ്കാളിത്തവും.

വനിതാ മതിൽ പ്രഖ്യാപിച്ച ശേഷം സർക്കാരും സി.പി.എം ഉം പല തവണ കാര്യങ്ങൾ മാറ്റിപ്പറഞ്ഞു. വേണ്ടത്ര ആലോചനയില്ലാതെ സി.പി.എം എടുത്ത തീരുമാനമായിരുന്നു വർഗ്ഗീയ മതിൽ എന്നത് വ്യക്തമാണ്.

സർക്കാർ ഖജനാവിലെ പണം വനിതാ മതിലിനായി വിനിയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും പ്രസ്ഥാവനകളാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഫണ്ട് വിനിയോഗിക്കുമെന്ന് ആദ്യം പറഞ്ഞു. പുതിയ ഫണ്ട് ഇതിന് വേണ്ടി നൾകില്ലെന്നും വകുപ്പുകൾക്ക് വേണ്ടി നീക്കി വച്ച തുകയിൽ നിന്നും ഇതിന്റെ ചെലവ് വഹിക്കാമെന്നും പിന്നീട് തിരുത്തിപ്പറഞ്ഞു. അതിനും എതിർപ്പ് വന്നപ്പോൾ സർക്കാർ ഫണ്ട് വനിതാ മതിലിനായി വിനിയോഗിക്കില്ല എന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പ്രഖ്യാപിച്ചു. പക്ഷേ ഹൈക്കോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ്മൂലം പ്രകാരം വനിതാ-ശിശു ക്ഷേമത്തിന് വക കൊള്ളിച്ചിട്ടുള്ള 50 കോടി രൂപയിൽ നിന്നും വനിതാ മതിലിനായി ചെലവഴിക്കും എന്ന് വ്യക്തമാകുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള ഫണ്ട് വനിതാ മതിലിനായി ചെലവഴിക്കുന്നതിൽ തെറ്റില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ എതിർപ്പ് ഇക്കാര്യത്തിൽ ഉയർന്ന് വരികയും മുഖ്യമന്ത്രിക്കെതിരെ ശ്രീ.K.C.ജോസഫ് MLA അവകാശ ലംഘന നോട്ടീസ് നൾകുകയും ചെയ്തതോടെ സർക്കാർ വീണ്ടും മലക്കം മറിഞ്ഞു.

വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കുന്നു എന്നതിനെക്കാൾ ദുഃഖിപ്പിക്കുന്ന ഒരു വാർത്ത പത്രത്തിൽ കണ്ടത് ഞെട്ടിച്ചു. ഒറ്റപ്പാലത്ത് സാമൂഹ്യക്ഷേമ പെൻഷൻ ലഭിച്ചവരിൽ നിന്നും 100, 50 രൂപാ കണക്കിൽ വനിതാ മതിലിനായി നിർബന്ധപൂർവ്വം വാങ്ങിയെന്നാണ് വാർത്ത. ആക്ഷേപം ശരിയാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നും വാർത്തയിലുണ്ട്. മറ്റൊരു വരുമാനവും ഇല്ലാത്ത പാവങ്ങളുടെ സാമൂഹിക ക്ഷേമ പെൻഷൻ തുക ഭീഷണിയിലൂടെ കവർന്നെടുത്ത് വർഗ്ഗീയ മതിൽ തീർക്കാനുള്ള സി.പി.എം ശ്രമം അത്യന്തം ഹീനവും അപലപനീയവുമാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുടക്കം മുതലേ അടവുകളെല്ലാം പാളിയ മുഖ്യമന്ത്രിയുടേയും സി.പി.എം ന്റേയും സമനില തെറ്റിയ നടപടികളാണ് വനിതാ മതിലിന്റെ കാര്യത്തിൽ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

എൻ.എസ്.എസ്  വനിതാ മതിലിനെ എതിർക്കുന്നത് ആർ.എസ്.എസ് നെ സഹായിക്കാനാണ് എന്ന സി.പി.എം ആരോപണത്തിന്റെ വാസ്തവം ജനങ്ങൾക്ക് മനസ്സിലാകും. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിശ്വാസ സംരക്ഷണത്തിനും ആചാര അനുഷ്ഠാനങ്ങളുടെ നിലനിൽപ്പിനും വേണ്ടി നില കൊണ്ട എൻ.എസ്.എസ്  വർഗ്ഗീയ മതിലിനെ എതിർക്കുന്നത് പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്ന് എല്ലാപേർക്കും അറിയാം.

വർഗ്ഗീയ വനിതാ മതിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ദൗർഭാഗ്യകരമായ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അനുദിനം ഒറ്റപ്പെടുന്ന മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും സി.പി.എം ന്റേയും ആശയക്കുഴപ്പങ്ങളുടെ പ്രതിഫലനങ്ങളാണ് ഈ ചുവട് മാറ്റങ്ങൾ എല്ലാം തന്നെ.

വർഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ എന്നും നിലകൊണ്ടിട്ടുള്ള കേരള ജനത ചരിത്രം ആവർത്തിക്കും എന്ന് എനിക്കുറപ്പുണ്ട്.

2018, ഡിസംബർ 25, ചൊവ്വാഴ്ച

നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം



“പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യം വളരെയേറെ മനസിലാക്കിയ ഒരു വർഷം അവസാനിക്കുമ്പോൾ, തുടർന്നും നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം. അത് തന്നെയാകട്ടെ ക്രിസ്തുമസിന്‍റെ സന്ദേശവും.

ഏവർക്കും എന്‍റെയും കുടുംബത്തിന്‍റെയും ക്രിസ്തുമസ് ആശംസകൾ…”




2018, ഡിസംബർ 21, വെള്ളിയാഴ്‌ച

എൻഎസ്എസിനെ അപമാനിക്കുന്നത് വർഗീയ മതിലിന് ആളെക്കൂട്ടാൻ


എൻഎസ്എസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നത് വർഗീയ മതിൽ കെട്ടിപ്പൊക്കാൻ വേണ്ടി മാത്രമാണ്. വർഗീയ മതിലിന് ആളെക്കൂട്ടാനുള്ള രാഷ്ട്രീയക്കളിയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിനു പകരം എൻഎസ്എസിനെപ്പോലെയുള്ള സംഘടനകളെയും അതിന്റെ നേതൃത്വത്തെയും അവഹേളിക്കുകയാണ് ചെയ്യുന്നത്. മന്നത്തു പത്മനാഭൻ നവോത്ഥാന മുന്നേറ്റത്തിനും കേരള സമൂഹത്തിനും നല്കിയ വലിയ സംഭാവനകൾ ആർക്കാണു മറക്കാൻ കഴിയുക? നിരവധി മറ്റു സാമൂഹിക സംഘടനകളെയും ജനവിഭാഗങ്ങളെയും മാറ്റിനിർത്തി സിപിഎം കേരളത്തെ പിളർക്കാനാണു നോക്കുന്നത്. 

ജനങ്ങളെ വിഭജിച്ചുകൊണ്ട് ബിജെപി നടത്തുന്ന അതേ രാഷ്ട്രീയമാണു സിപിഎമ്മും പയറ്റുന്നത്. ബിജെപി അയോധ്യയെയും പശുവിനെയും കരുവാക്കുമ്പോൾ സിപിഎം ശബരിമലയെയും വർഗീയ മതിലി- നെയുമൊക്കെയാണ് അതിനായി ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ നിരവധി സംസ്കാരിക സാമൂഹിക പ്രവർത്തകർ വർഗീയ മതിലിൽ നിന്നു പിന്മാറി. വർഗീയ മതിൽ കേരളത്തിന് അപമാനമാണ്. 

2018, ഡിസംബർ 13, വ്യാഴാഴ്‌ച

വനിതാ മതില്‍: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രം


നവോത്ഥാനത്തിന്റെ കപട മുദ്രാവാക്യങ്ങളുമായി ഇടത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ പോകുന്ന 'സ്ത്രീകളുടെ മതില്‍' ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മറ്റൊരു തന്ത്രമാണ്. ജര്‍മ്മന്‍ ജനതയെ ഭിന്നിപ്പിച്ച ബര്‍ലിന്‍ വന്‍ മതില്‍ തകര്‍ന്നതുപോലെയുള്ള സ്വാഭാവിക പരിണാമമായിരിക്കും ഈ മതിലിനും ഉണ്ടാകാന്‍ പോകുന്നത്.

സുപ്രീംകോടതി വിധി പരിശോധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോടനകള്‍ നടത്തി സമവായം ഉണ്ടാക്കാന്‍ യാതൊരു ശ്രമവും നടത്താതെ വിധി പകര്‍പ്പ് ലഭിക്കുന്നതിന് മുന്‍പ് അത് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കാണിച്ച വ്യഗ്രത ദുരുദ്ദേശപൂര്‍ണ്ണമായിരുന്നു. പക്വതയോടെ ശബരിമല പ്രശ്‌നപരിഹാരത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു പകരം വര്‍ഗ്ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. ഭരണകക്ഷി തന്നെ സ്‌പോണ്‍സര്‍ ചെയ്ത 'ചില വനിതകളെ' കനത്ത പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ കാണിച്ച വിവേക ശൂന്യമായ നടപടികളാണ് കലാപത്തിന് വഴിയൊരുക്കിയത്. ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും സമരത്തിന് കളമൊരുക്കിയ പിണറായി സര്‍ക്കാര്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വര്‍ഗ്ഗീയ ചേരിതിരിവിന് ചരിത്രം മാപ്പ് നല്‍കില്ല.

ചില സംഘടനങ്ങളുടെ യോഗത്തിന്‍ മറവില്‍ സ്ത്രീകളുടെ മതില്‍ സൃഷ്ടിക്കാനുള്ള പ്രഖ്യാപനം സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രളയക്കെടുതില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് നാമമാത്രമായ സഹായം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് മതിലിനായി ലക്ഷങ്ങള്‍ ചെലവിടാന്‍ പോകുന്നത്.

ജനങ്ങളുടെ ഇടയില്‍ മതിലുകള്‍ പൊളിച്ചും തകര്‍ത്തുമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം മുന്നേറിയതും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതും. കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നശിപ്പിച്ച് ജനങ്ങളെ ഭിന്നചേരിയില്‍ ആക്കുവാനുള്ള നീക്കങ്ങളെ എല്ലാവരും യോജിച്ച് പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നമുക്കു ഉയര്‍ത്തി പിടിക്കാം.


രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ ജനവിധി.


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ ഒരു തുടക്കം മാത്രമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന് ഏറ്റവും ശക്തമായ ജനപിന്തുണയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനുള്ള ജനങ്ങളുടെ  അംഗീകാരമാണ് ഈ ജനവിധി.