UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ - ഓണം ആശംസകൾ


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ട്.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. 

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ  ബലിപെരുന്നാൾ - ഓണം ആശംസകൾ നേരുന്നു. 

ഹജ്ജ് സബ്‌സിഡി: സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ല.

ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ള ഹജ്ജ്‌ ക്യാമ്പിൽ എം.എൽ.എ. മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദാത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്നുമൊപ്പം സന്ദർശനം നടത്തിയപ്പോൾ.

ഹജ്ജ് സബ്‌സിഡിയെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളോട് യോജിക്കാനാവില്ല. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ല. ചോദിച്ച് വാങ്ങിയതുമല്ല, സ്വതന്ത്ര ഭാരതം എടുക്കുന്ന ഓരോ നിലപാടുകളും ലോക രാജ്യങ്ങള്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ മത വിഭാഗങ്ങളോടുള്ള ഉത്തമ സമീപനത്തിന്റെ ഉദാഹരണമായി ഹജ്ജ് സബ്‌സിഡി വിലയിരുത്തിയിരുന്നു.


മതേതരത്വമെന്നതു കൊണ്ട് മതമില്ലാത്ത രാജ്യമെന്ന് അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ ആശയങ്ങളും പ്രചരിപ്പിക്കാം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനു പകരം സബ്‌സിഡിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.  


2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

സൗമ്യ കേസിൽ സർക്കാരിന്റേതു ഗുരുതര വീഴ്ച


സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ശിക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത മുഴുവൻ ഒറ്റയടിക്കു കളഞ്ഞുകുളിച്ച എൽഡിഎഫ് സർക്കാർ ഇനിയെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കാൻ തയാറാകണം.

കേസ് വിചാരണ കോടതിയിലും ഹൈകോടതിയിലും നടന്നപ്പോഴുണ്ടായ അനുഭവം മുന്‍നിര്‍ത്തി സുപ്രിം കോടതിയിലെ അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സൌകര്യമൊരുക്കിയില്ല. കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനെ കേസ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായിപോയി.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകരെയും അവരെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചാണു യുഡിഎഫ് സർക്കാർ കേസിനു കോട്ടംതട്ടാതെ സൂക്ഷിച്ചത്. പ്രതി സുപ്രീം കോടതിയിൽ അപ്പീലിനു പോയപ്പോൾ അവിടെ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണു യുഡിഎഫ് സർക്കാർ അഭിഭാഷകനായി വച്ചത്. അദ്ദേഹത്തെ കേസിൽ സഹായിക്കാൻ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

എന്നാൽ ഇൗ സർക്കാർ നിയോഗിച്ച പുതിയ സ്റ്റാൻഡിങ് കോൺസലിന്റെ ജാഗ്രതക്കുറവാണു സുപ്രീംകോടതിയിൽ ദയനീയ സ്ഥിതിയുണ്ടാക്കിയത്. തോമസ് പി.ജോസഫിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഒരു മാസം മുൻപു തന്നെ കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും സർക്കാരോ സ്റ്റാൻഡിങ് കോൺസലോ അറിഞ്ഞില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശക്തമായ 17 സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ള കേസിൽ സുപ്രീം കോടതിക്കു മുന്നിൽ‌ ഉത്തരംമുട്ടേണ്ടിവന്നതു സർക്കാരിന്റെ ഏകോപനമില്ലായ്മയുടെ തെളിവാണ്‌.




2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതം


ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. 

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ്‌ പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവൺമെന്റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ്‌ നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം.മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ്‌ നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും. 

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

സമരം പോലെയല്ല ഭരണമെന്നു എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു


സമരം പോലെയല്ല ഭരണമെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു തുടങ്ങി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം വൈകിയതിന് സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നിട്ട് ആഗസ്ത് മാസം കഴിയാറായിട്ട് പോലും കുട്ടികള്‍ക്ക് പാഠപുസ്തകം കിട്ടിയിട്ടില്ല. ഓണപ്പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്തും കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. 

നിയമന നിരോധനം ആരോപിച്ച് സമരം നടത്തിയ ഡി.വൈ.എഫ്.ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാത്തിനേയും എതിര്‍ക്കുകയും ഏതിലും അഴിമതി ആരോപിക്കുകയും മാണ് എല്‍.ഡി.എഫ് ചെയ്തത്. ആ സമരങ്ങളെല്ലാം ജനങ്ങളുടെ മുമ്പിലുണ്ട്‌. 


2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മലയോര ഹൈവേയുടെ പ്രവൃത്തി നിർത്തി വെക്കരുത്


മലയോര ഹൈവേയുടെ പ്രവൃത്തി നിർത്തി വയ്ക്കാനുള്ള ഗവണ്മെന്റ് തീരുമാനം പിൻവലിച്ചു പണി മുടങ്ങാതെ നടക്കുവാൻ അവസരം ഉണ്ടാക്കണം.   ആവശ്യമായ ഫണ്ട് മലയോര ഹൈവേക്കു മാറ്റി വെച്ചില്ലായെന്ന ആരോപണം അടിസ്ഥാനരഹിതമാണ് . ഒരു ലിറ്റർ പെട്രോൾ / ഡീസൽ വിൽക്കുമ്പോൾ ലഭിക്കുന്ന സെസ്സായ ഒരു രുപയിൽ 50 പൈസ PWD ക്കു നൽകിയത് മലയോര ഹൈവേ ഉൾപ്പെടയുള്ള 10 ജില്ലാതല പതാകാ നൗക പദ്ധതികൾക്ക് വേണ്ടിയാണ്. അതിനു പ്രത്യേകമായി ബഡ്ജറ്റിൽ പണം മാറ്റി വയ്ക്കേണ്ട കാര്യമില്ല.

മലയോര മേഖലയിലെ ജനങ്ങളുടെ വലിയ ഒരാഗ്രഹമാണ് മലയോര ഹൈവേ .അതിന്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് UDF ഗവണ്മെന്റ് ആരംഭിച്ചത് . ഗവൺമെന്റുകൾ ഒരു തുടർച്ചയാണെന്നും മുൻ ഗവൺമെന്റിന്റെ വികസന പദ്ധതികൾ തുടർന്ന് നടത്തുവാൻ ഇപ്പോഴത്തെ ഗവൺമെന്റിനു ചുമതലയുണ്ടന്നതും വിസ്മരിക്കരുത്.

ഏതു പദ്ധതിയിൽ ഉൾപ്പെടുത്തി ആണെങ്കിലും മലയോര ഹൈവേ പ്രവർത്തി നിർത്തിവയ്ക്കാനുള്ള ഉത്തരവ് റദ്ധാക്കി തുടർന്നും പ്രവർത്തി നടത്തുവാൻ മുഖ്യമന്ത്രി ഇടപെടണം.

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കെ.എം.മാണിയ്‌ക്കെതിരെയുള്ള അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.


ശ്രി കെ.എം.മാണിയ്‌ക്കെതിരെ വിജിലൻസ് കോടതിയുടെ പുതിയ അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.  ഏതു അന്വേഷണവും നടക്കട്ടെ.  തന്റെ നിരപരാധിത്വം തെളിയിക്കുവാൻ ശ്രി കെ. എം. മാണിയ്ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ശ്രി മാണിയ്‌ക്കെതിരെയുള്ള ആരോപണം സംബന്ധിച്ചു യുഡിഫിന്റെ തീരുമാനം അന്നും ഇന്നും ഒന്നാണ്.  അദ്ദേഹം യുഡിഫ് വിട്ടത് കൊണ്ട് നിലപാടിൽ മാറ്റമൊന്നുമില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിജിലൻസ് ഉദ്യോഗസ്ഥരെ വിനിയോഗക്കുന്നതു ഇടതു മുന്നണിക്ക് വിനയായി തീരും.


2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആഗോളനേട്ടം കൈവരിച്ച സ്റ്റാർട്ടപ്പ് കമ്പനിക്ക് തുണയായത് യുഡിഎഫ് സർക്കാർ


നമ്മുടെ സ്റ്റാർട്ട് അപ്പ് വില്ലേജ് കേരളത്തിന്റെ സ്വപ്നങ്ങളുടെ ഒരു ഗ്രാമമാണ്. ഡിജിറ്റൽ ലോകത്തു യുവസംരഭകത്വം എന്ന സ്വപ്നങ്ങളുമായെത്തിയ യുവാക്കൾക്ക് വേണ്ടി ഈ ഗ്രാമം നിർമ്മിക്കാനായി എന്നത് കഴിഞ്ഞ സർക്കാരിനെ നയിച്ച വ്യക്തിയെന്ന നിലയിൽ എന്നെ ഏറെ അഭിമാനപ്പെടുത്തുന്നു. ഇന്ന് ഈ സ്റ്റാർട്ട് അപ്പ് വില്ലേജിലുള്ള "പ്രൊഫൗണ്ടിസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് കന്പനിയുടെ വിജയം അതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. വ്യക്തികളേയും കന്പനികളേയും കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇമെയിൽ വിലാസം നൽകിയാൽ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്വെയറാണിത്.

സാധാരണകാരായ നാലു ചെറുപ്പക്കാരാണ് വികസനത്തിൻറെ മാറ്റത്തിനൊപ്പം നിന്ന് ഈ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നിട്ട്, കഷ്ട്ടപ്പാടിനിടയിലും അവർക്ക് കരുത്തു പകർന്ന ഇവരുടെ മാതാപിതാക്കളെ ഞാനാദ്യം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഒപ്പം ഈ കന്പനിയുടെ അമരക്കാരനായ അർജുൻ ആർ പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം ഉമ്മൻ എന്നിവർക്കും അഭിനന്ദനം.

സാങ്കേതികവിദ്യയുടെ മാറ്റത്തെ എതിർക്കാതെ കൈപിടിച്ചു നിന്ന ചരിത്രമാണ് എക്കാലത്തെയും യുഡിഫ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇതേ പാതയിൽ നിന്ന് പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബർ 12ന് സ്റ്റുഡെന്റ സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാർത്ഥി സംരംഭകർക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായായിരുന്നു ഇത്തരമൊരു നയം തന്നെ. ആ പ്രഖ്യാപനം ഏറ്റെടുത്ത പോലെ സ്റ്റാർട്ട് അപ്പ് കന്പനികൾ ഏറെയുണ്ടായി. അപ്പോഴും പലരും ഉന്നയിച്ച സംശയം കേരളത്തിന് ഒരു വലിയ നേട്ടം സാധിക്കുമോ എന്നാണ്. അതിനുള്ള തെളിവാണ് പ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തന്നെ നിൽക്കാൻ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കേരളത്തിന് ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ രംഗത്തു വൻ കുതിച്ചു ചാട്ടങ്ങൾ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്ന് ഇനിയുമുണ്ടാകും.

അനുദിനം മാറുന്ന ഡിജിറ്റൽ ലോകം എന്താണെന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമമായിരുന്നു വിദ്യാർഥികളുടെ സിലിക്കൺ വാലി യാത്ര. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവർ പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ അതിൽ നിന്ന് വിജയ കഥകൾ പലതുമുണ്ടായി. സിലിക്കൺ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചാണ് അവരുടെ അനുഭവവും വിജയവും നേരിട്ട് മനസ്സിലാക്കി മന്ത്രിസഭ അവരെ ആദരിച്ചത്. പ്രൊഫൗണ്ടിസിന്റെ നേട്ടത്തിന്റെ കഥയിൽ ഒരു ചെറിയ വരി കഴിഞ്ഞ സർക്കാരിനെഴുതി ചേർക്കാനായി. 2013ൽ മൈക്രോസോഫ്റ്റിന്റെ ബ്ലാക്ക് ബോക്സ് കണക്കിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ സിലിക്കൺ വാലിയിലേക്ക് പോകാൻ അവർക്ക് 7 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ആ യാത്രയാണ് പ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിയത് എന്ന വാർത്ത അഭിമാനാർഹമാണ്. ഐ.റ്റി ഡിപ്പാർട്ടമെന്റീന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്.

നയരൂപീകരണത്തിൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സർക്കാർ സ്റ്റാർട്ട് അപ്പ് കന്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടർച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാർട്ട് അപ്പ് കന്പനികളുടെ കുതിച്ചു ചാട്ടം നടക്കുന്പോൾ നമ്മൾ പിന്നിലായി പോകരുത്. കംപ്യൂട്ടർ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയിൽ ഉണ്ടായിക്കൂടാ. വരും കാല സ്റ്റാർട്ട് അപ്പ് കന്പനികളുടെ വിജയത്തിനായി ഫൗണ്ടേഷൻ തീർത്ത പ്രൊഫൗണ്ടിസിന് ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കേരളത്തിൽ വിജയത്തിന്റെ പുതുമയാർന്ന വഴിയിലൂടെ നടന്ന ഇവരെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പരിഹരിക്കാൻ കഴിയാത്തവിധത്തിലുള്ള പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല


പ്രശ്നം ഹൈക്കമാൻഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ ആ രീതിയിൽ ചർച്ചയാവാമായിരുന്നു.

യുഡിഎഫിലെ കക്ഷികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റു പാർട്ടികൾ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തിൽ കോൺഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട്. അതുപോലെയാണ് കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നത്.

എ.കെ.ആന്റണിയുടെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ പ്രധാന്യമുണ്ട്. കേരള കോൺഗ്രസ് (എം) സ്വന്തമായി തീരുമാനമെടുത്താണ് യുഡിഎഫ് വിട്ടത്. ജനാധിപത്യ ശക്തികൾ ഒരു ചേരിയിൽ നിൽക്കണമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളത്.




2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്


 ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടരുത്. അത്തരം വിഷയങ്ങളിൽ അർഹതപ്പെട്ടവർ അർഹതപ്പെട്ട വേദികളിൽ ചർച്ച ചെയ്താണ് തീരുമാനം എടുക്കേണ്ടത്. ആചാരങ്ങളിൽ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടാക്കിയിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്.

മറ്റ് വിശ്വാസങ്ങളിൽ സർക്കാർ ഇടപെടുന്നില്ല അതുപോലെ ഹൈന്ദവ വിശ്വാസങ്ങളിലും സർക്കാർ സർക്കാർ കൈകടത്തരുത്. മ റ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം ശബരിമലയിലും നൽകണം. ശബരിമലയിൽ വിവാദം സൃഷ്ടിക്കരുത്.