UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അംജദ് അലിഖാന്‍ സംഗീത അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി നല്‍കും


തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായ സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീത അക്കാദമി ആരംഭിക്കാന്‍ രണ്ടേക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വേളിയില്‍ സ്ഥലം നല്‍കാനാണ് ആലോചിക്കുന്നത്. ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിലെ കുട്ടികളുടെ സംഗീതത്തിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സംഗീത അക്കാദമി സഹായിക്കും. ഉദാത്തമായ വിദ്യാഭ്യാസമാതൃകയാണ് ഗുരുകുലസമ്പ്രദായം. അത് കേരളത്തിലും നടപ്പാക്കാമെന്നാണ് ഉസ്താദിന്റെ പദ്ധതി. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കേരളം അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 



2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം ഉദ്ഘാടനവും രണ്ടാം ഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍


കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്ഘാടന ദിവസവും പരിപാടികളും ദുബായ് സര്‍ക്കാറുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

ഡിസംബര്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള തീയതിയാണ് ആലോചിക്കുന്നത്. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുക. രണ്ടാം ഘട്ടത്തിലെ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അന്തിമ തീരുമാനമായത്.

രണ്ടാം ഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും സഹ കമ്പനികളും ചേര്‍ന്ന് നടത്തും. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെത്തുന്ന കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നു. പരോക്ഷമായി 18,000 പേര്‍ക്ക് വരെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തില്‍ 45,000 തൊഴിലവസരങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്‍കി. ഡിസംബറിനു മുന്‍പ് കൂടുതല്‍ കമ്പനികളെത്തും. 

സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

The inauguration of the Kochi SmartCity Phase I would be held between December 10 and 20, Kerala Chief Minister Oommen Chandy has said.

About 15 companies will start function in the phase I, which will give jobs to 6,000 people, he added.


The stone laying ceremony of the second phase would also be held along with the inauguration of phase I, he said while talking to reporters after meeting with the SmartCity officials in Kochi on Saturday.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു

 ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയുടെ ഫലമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ച മറ്റു കാര്യങ്ങൾ ഇവയാണ്:

  • കഴിഞ്ഞ വർഷം മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്‌ഞാപനത്തെ അടിസ്‌ഥാനമാക്കിയാവും തുടർനടപടികൾ. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്‌ഞാപന പരിധിയിലുൾപ്പെടുക.
  • വില്ലേജിനെ മുഴുവനായി ഇഎസ്‌എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചു. ഒരു വില്ലേജിൽ തന്നെ ഇഎസ്‌എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
  • പശ്‌ചിമഘട്ടത്തിലുൾപ്പെടുന്ന വനഭൂമിയത്രയും ഇഎസ്‌എയിൽ പെടുത്തും. ആൾത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേർന്നുള്ള സർക്കാർ വക ഭൂമിയും ഇഎസ്‌എയിൽ ഉൾപ്പെടുത്തും.

കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായതിനാൽ ചില വിശദീകരണങ്ങൾ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതിനാലാണു നേരിട്ടുവന്നത്. കേരളത്തിന് ആശങ്കപ്പെടാൻ തക്കതായി ഒന്നുംതന്നെയില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഒൻപതിന് അവസാനിക്കുമെന്നും ബാക്കി നടപടികൾക്ക് ഒന്നുരണ്ടു മാസം വേണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കരട് വിജ്‌ഞാപനത്തിന്റെ പ്രശ്‌നം എങ്ങനെ നേരിടണമെന്നതു കേന്ദ്രത്തിന്റെ പ്രശ്‌നമാണ് – മുഖ്യമന്ത്രി വിശദീകരിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.

ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷം: മുഖംനോക്കാതെ നടപടി



തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിന് മുഖംനോക്കാതെ നീതിപൂര്‍വമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും നീതികിട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. ബി.ജെ.പി പ്രസിഡന്റ് വി. മുരളീധരന്‍ നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് അവരെ അറിയിച്ചിട്ടുണ്ട്.

ശാന്തത കൈവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി എല്ലാവരുമായും ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി മെട്രോ: 100 ദിവസത്തിനകം കോച്ചുകളെത്തും

പുതിയ ഡിസൈനും ലോഗോയുമായി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. 

മെട്രോ പദ്ധതിയുടെ അവലോകന യോഗവും വിമാനത്താവളത്തില്‍ നടന്നു. മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അവലോകന യോഗം എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
 പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഉംട) രൂപവത്കരണത്തിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വ്യക്തമാക്കി.

തിര. കമ്മിഷനുമായി യോജിച്ചുപോകും


വണ്ടൂര്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി നിലവില്‍ സര്‍ക്കാറിന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വണ്ടൂരില്‍ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു. 

ഹൈക്കോടതിയില്‍ സര്‍ക്കാറും കമ്മിഷനും ഒരേനിലപാടാണ് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാറിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കും



കൊച്ചി: കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലബാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂരിലും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊച്ചിയിലും സ്ഥിരം ഹജ്ജ് ഹൗസ് ഉണ്ടാകുന്നത് യാത്ര എളുപ്പമാക്കും. ഹജ്ജ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ലഗ് ഓഫ് ചെയ്ത ശേഷം ഹജ്ജ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അല്ലാഹുവിന്റെ അതിഥികളായി പോകുന്ന ഹാജിമാര്‍ നാടിന്റെ ഭാഗ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലാഹു ജീവിതത്തില്‍ മനുഷ്യന് തന്ന മഹാ സൗഭാഗ്യമാണ് ഹജ്ജ്. ദൈവത്തില്‍ സമര്‍പ്പിതമായ മനസ്സാണ് ഹാജിമാരുടെ മുഖമുദ്ര. അവനവന് മാത്രമല്ലാതെ ലോകനന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് ഹജ്ജിന്റെ ഏറ്റവും വലിയ പുണ്യമെന്നും മന്ത്രി പറഞ്ഞു. 

വിമാനത്താവളത്തിലെ ഫ്ലഗ് ഓഫ് കര്‍മത്തിനു ശേഷം ഹജ്ജ് ഹൗസിലെത്തിയ മുഖ്യമന്ത്രി തീര്‍ത്ഥാടകരുമായും സംസാരിച്ചു. ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്. 


2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.