UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 3, ചൊവ്വാഴ്ച

ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കും


ഇടുക്കി ജില്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരം ഇടുക്കി ജില്ലാ സഹകരണ ബാങ്ക് രൂപം നല്‍കിയ ഭവനവായ്പ പദ്ധതിയായ ജവഹര്‍ ഭവന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ജവഹര്‍ ഭവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ രൂപരേഖ സംസ്ഥാനത്തെ മറ്റു ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ജില്ലയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ്, പദ്ധതി കേരളം മുഴുവന്‍ നടപ്പാക്കുക. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാത്ത പദ്ധതി ഒരു മാതൃകാ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ഗ്രാമസഭകള്‍ തിരഞ്ഞെടുത്ത 150ല്‍പരം ഗുണഭോക്താക്കള്‍ക്കുള്ള വായ്പ വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.



2015, മാർച്ച് 2, തിങ്കളാഴ്‌ച

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതിയ്ക്ക് ധാരണ


നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകം . എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ കമ്പനിയാണിത് . ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു.  

ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ.  കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

മതേതരത്വം വെല്ലുവിളി നേരിടുന്നു


സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും ഇത് ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.വൈ.എസ്. അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സഹിഷ്ണുതയും വിശാല മനോഭാവത്തിലൂന്നിയതുമാണ് നമ്മുടെ പാരമ്പര്യം. മതസൗഹാര്‍ദവും മതേതരത്വവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്. എന്നാല്‍, ഇതിനെ വെല്ലുവിളിച്ച് ദുര്‍ബലപ്പെടുത്താനുള്ള ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. ഒരുവിധത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഈ തെറ്റായ പ്രവണതയെ എല്ലാവരും ഒന്നിച്ചെതിര്‍ക്കണം. വിഭാഗീയതക്കെതിരെ ഉയരുന്ന ശബ്ദവും വിഭാഗീയമാകരുത്. ഒരുമിച്ചുനിന്നുള്ള ചെറുത്തുനില്‍പ്പാണ് വേണ്ടത്. ഇതാണ് മതസൗഹാര്‍ദത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്


ജപ്പാന്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെയും പരിസരത്തെ 16 പഞ്ചായത്തുകളിലെയും താമസക്കാരായ 21 ലക്ഷം പേര്‍ക്ക് ദിവസം 17.4 കോടി ലിറ്റര്‍ കുടിവെള്ളം നല്‍കുന്ന പദ്ധതിയാണിത്.

സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത കടുത്ത വരള്‍ച്ചയെയാണ് നേരിടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സജ്ജമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാതല നടപടികളാണ് സ്വീകരിക്കുന്നത്. ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് പ്രാദേശിക കര്‍മപദ്ധതികള്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഫറോക്ക്, മാവൂര്‍, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ പ്രദേശങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാവൂര്‍ പഞ്ചായത്തിന് 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് നല്‍കുക. പെരുവണ്ണാമൂഴിയുടെ അയല്‍പ്രദേശങ്ങളായ ചങ്ങരോത്തിനും ചക്കിട്ടപാറയ്ക്കും പുതിയ പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം കുടിവെള്ളം നല്‍കും.

2036 വരെയുള്ള ജല ആവശ്യകത കണക്കിലെടുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 3.6 കോടി ലിറ്റര്‍ വെള്ളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 1, ഞായറാഴ്‌ച

വിഴിഞ്ഞം: മുഖ്യമന്ത്രി ചൊവ്വാഴ്ച മോദിയെ കാണും


വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും ചര്‍ച്ച നടത്തും. മന്ത്രി കെ.ബാബുവും ചര്‍ച്ചയില്‍ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കുന്നതില്‍ നിന്ന് അവസാനനിമിഷം കമ്പനികള്‍ പിന്‍മാറിയിരുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയെന്ന് ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് എന്നപോലെ വിഴിഞ്ഞത്തിനും നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ച.

ഇന്ത്യയിലെ ഒരു തുറമുഖത്തില്‍നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശക്കപ്പലുകളെ ചരക്ക് കടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് മാറ്റിയാലേ തുറമുഖം ലാഭകരമായി നടത്താനാവൂ. മുമ്പ് ഇക്കാര്യം കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ചില്ല. ഈ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. ഇത് മാറ്റിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
കബോട്ടാഷ് നിയന്ത്രണം ഉള്ളതിന്റെ ഗുണം ഇപ്പോള്‍ ഫലത്തില്‍ കൊളംബോ തുറമുഖത്തിനാണ്. വിദേശ കപ്പലുകള്‍ അവിടെ അടുപ്പിച്ചിട്ട് അവിടെനിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ ചെയ്യുന്നത്. 

കേന്ദ്ര ബജറ്റ്‌ കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചു



കേന്ദ്ര ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐഐടിയും എയിംസും നല്‍കിയില്ല. ഇവ രണ്ടിനും സ്ഥലംവരെ കണ്ടെത്തി കേരളം ഒരുങ്ങിയിരുന്നതാണ്. ഐഐടിക്കു പാലക്കാടും എയിംസിനു മറ്റു നാലു സ്ഥലവും നിര്‍ദേശിച്ചിരുന്നു. എയിംസിന്റെ നിര്‍ദിഷ്ടമായ നാലു സ്ഥലത്തില്‍ ഏതെങ്കിലും ഒന്നു നിര്‍ദേശിക്കാന്‍ കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ നിര്‍ദേശിക്കുമായിരുന്നു. 

ഐഐടിക്കു വേണ്ടി നിര്‍ദേശിച്ച പാലക്കാടാകട്ടെ കേന്ദ്ര സംഘം സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തി തിരികെ പോയതുമാണ്. നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കിയതും കൊച്ചി മെട്രോയ്ക്കു ധനസഹായം അനുവദിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുക വകയിരുത്തിയതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുകൊണ്ടു കേരളം അര്‍ഹിക്കുന്നതിന്റെ ഒരംശംപോലും ആകുന്നില്ല.

കോര്‍പറേറ്റ് നികുതി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവിന്റെ പരിധി കൂട്ടിയില്ല. റബറിന്റെ വിലയിടിവു തടയാനും സുഗന്ധവ്യഞ്ജന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാനും നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നു. 


2015, ഫെബ്രുവരി 28, ശനിയാഴ്‌ച

സോളാര്‍ കേസിലെ പ്രതികളെ സഹായിചിട്ടില്ല


സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ എം.എല്‍.എയെ വിളിക്കാന്‍ താന്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സോളാർ തട്ടിപ്പ് കമ്പിനി ഉടമകൾ സരിത - ബിജു രാധാകൃഷ്ണൻ മാരുടെ സഹായിയും വിശ്വസ്തനുമായിരുന്നു മണിലാൽ. വ്യാജ ഡ്രൈവിംഗ് ലൈസൻസും രേഖകളും തയ്യാറാക്കി കൊടുത്തത് മണിലാലാണ് എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ആ വ്യാജ രേഖാ കേസിലാണ് മണിലാൽ ജയിലിലായത്. ഈ വിരുതന്റെ സഹോദരനാണ് രണ്ടു കാലിനും സ്വാധീനമില്ലാത്ത റജീഷ്. ഇയാളാണ് മുഖ്യമന്ത്രിയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും മീഡിയ വണ്‍ ടി വി വസ്തുത നോക്കാതെ അതൊരു മഹാ സംഭവമായി സംപ്രേക്ഷണം ചെയ്തതും.

എൻറെ മകൻ ജയിലിലാണെന്നും ഞങ്ങളുടെ കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു ഒരു വൃദ്ധ മുഖ്യമന്ത്രിയുടെ അടുത്ത് വന്നു കരയാൻ തുടങ്ങി. യു ഡി എഫ് സമ്മേളനം നടക്കുന്നതിനിടെ സ്റ്റേജിനരികെയാണ് സംഭവം. കൂടെ മണലൂർ യൂത്ത് കോണ്‍ഗ്രെസ് ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ വികലാംഗനായ റെജീഷും ഉണ്ട്. കാര്യമറിയാതെ ഉമ്മൻചാണ്ടി അവിടെയുണ്ടായിരുന്ന മണലൂർ എം എൽ എ, പി എ മാധവനെ വിളിച്ച് ഇവരുടെ കാര്യം നോക്കാൻ ഏൽപിച്ചു. മണ്ഡലത്തിലെ വികലാംഗനായ ഒരു പാവം യുവാവും അവരുടെ അമ്മയും വരും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കൂ എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. മാധവൻ എം എൽ എ തന്നെ പിന്നീട് വന്നു കാണാൻ പറഞ്ഞു കൊണ്ട് അവരെ പറഞ്ഞു വിട്ടു.

പിന്നീട് വന്നു കണ്ടപ്പോഴാണ്, വിഷയം സോളാർ കേസുമായി ബന്ധപെട്ടതാണെന്നും ജയിലിൽ കഴിയുന്ന സഹോദരൻ വ്യാജ രേഖാ ഉണ്ടാക്കിക്കൊടുത്ത മണിലാൽ ആണെന്നെതും പി എ മാധവൻ അറിയുന്നത്. സഹായിക്കാൻ കഴിയില്ല എന്ന് പറഞ്ഞു അവരെ ഉടനെ തിരിച്ചയച്ചു. ഇതിന് ശേഷമാണ് റെജീഷ് മുഖ്യമന്ത്രിക്കും മാധവൻ എം എൽ എ ക്കും ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. മുഖ്യമന്ത്രിയെ വിളിച്ച് ഞാൻ മണലൂരിലെ അന്ന് വന്നു കണ്ട റെജീഷ് ആണെന്ന് പറയുമ്പോൾ എല്ലാം മാധവനോട്‌ പറയൂ എന്ന് പറയും. മാധവൻ എം എൽ എ ആകട്ടെ ഈ ശല്യക്കാരൻ വിളിക്കുമ്പോൾ ഫോണെടുക്കില്ല. റെക്കോർഡ് ചെയ്യുന്ന ഫോണിൽ അതിനനുസരിച്ചാണ് റെജീഷ് സംസാരിക്കുന്നത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ ഞങ്ങളോട് ഹാരജാകാൻ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ എന്താണ് പറയേണ്ടത് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് പറയാനുള്ളത് എന്താണോ, അതെല്ലാം പറഞ്ഞേക്കൂ എന്ന് ഉമ്മൻചാണ്ടി മറുപടി പറയുന്നതും കേൾക്കാം.
ഫോണിൽ കിട്ടാത്ത എം എൽ എ യെ കുടുക്കാൻ രഹസ്യ കേമറയുമായി റജീഷ്, മാധവൻ എം എൽ യുടെ വീട്ടിലെത്തുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്നും ഇറങ്ങി പോവാനും എം എൽ എ പറഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽക്കുന്നു. അപ്പോഴാണ്‌ എം എൽ എ ചെരുപ്പ് ഊരി എൻറെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ എന്ന് ഒളി കാമറയുമായി വന്ന ഈ തട്ടിപ്പ് കാരനോട് പറഞ്ഞത്. ഈ ടേപ്പ് റജീഷ് കൈരളി ടി വി ക്ക് കൊടുക്കുകയും അവർ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ഈ ടേപ്പ്കളാണ് മീഡിയവണ്‍ കീഴ്മേൽ നോക്കാതെ അങ്ങ് കൊടുത്തത്. സോളാർ പ്രതി മണിലാലിനെ സഹായിക്കാൻ മുഖ്യമത്രി ഇടപെട്ടു എന്നാണ് വാർത്ത. കൂടെ, കൊഴുപ്പിക്കാൻ മാധവൻ എം എൽ എ തനിക്ക് അൻപതിനായിരം രൂപ തന്നു എന്ന റജീഷിന്റെ വെളിപ്പെടുത്തലും.

അവസാനം മുഖ്യമന്ത്രി അന്നത്തെ സംഭവങ്ങൾ പറയുകയും മണലൂർ എം എൽ എ കാര്യങ്ങൾ ചാന്നലിൽ വന്ന് വെളിപ്പെടുത്തുകയും ചെയ്തപ്പോൾ വിഷയം ബൂമറാങ്ങായി മാറി.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

മതേതരത്വത്തിന് പോറലേല്പിക്കുന്നവരെ പരാജയപ്പെടുത്തണം



 മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. രജതജൂബിലി ഗ്രാന്റ് ഫിനാലെ സമാപന സമ്മേളനത്തില്‍ 25,000 സന്നദ്ധസേവകരെ നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം. സമൂഹത്തിന്റെ വികാരം ഒപ്പിയെടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി നന്മ, സ്‌നേഹം, കരുതല്‍ എന്നിവ ചെയ്യാനും വിഖായ വളണ്ടിയര്‍മാര്‍ക്ക് (സന്നദ്ധസേവകര്‍ക്ക്) കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പുഴയ്ക്കല്‍പ്പാടത്ത് തയ്യാറാക്കിയ 'സമര്‍ഖന്ദ്' വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സ്‌പെഷല്‍സ്‌കൂളുകള്‍ക്കെല്ലാം എയ്ഡഡ് പദവി നല്‍കുക ലക്ഷ്യം




ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ജി.സര്‍വകലാശാലാഎന്‍.എസ്.എസ്സുമായി സഹകരിച്ച് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ അനീതി അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ നാട്ടില്‍ സൗജന്യ വിദ്യാഭ്യാസമാണ്. എന്നാല്‍, ഏറെ ശ്രദ്ധവേണ്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ സഹായത്താലോ ഫീസ് നല്‍കിയോ പഠിക്കേണ്ട സ്ഥിതിയിലായിരുന്നു.

അന്ധ-ബധിര- മൂകവിദ്യാലയങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുവേണം ബുദ്ധിമാന്ദ്യം സംഭവിച്ചകുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നിശ്ചയിക്കാന്‍. ഇപ്പോള്‍ നൂറ് വിദ്യാര്‍ഥികള്‍ എന്നത് എണ്ണംകുറച്ച് അടുത്തവര്‍ഷം എയ്ഡഡ് പദവി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.


ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹികവത്കരണവും അവകാശസംരക്ഷണവും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ആരംഭിച്ചതാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സ്. 

ഭിന്നശേഷിയുള്ള വ്യക്തികളെയും സാധാരണസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ നടക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സമൂഹവുമായി ഇടപഴകാനും അവസരം കിട്ടുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇങ്ങനെ മത്സരം നടത്തുന്നത്. 

സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാനായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന മലയാളിയായ ഡോ.സതീഷ് പിള്ളെയയും എസ്.ഒ.ബിയുടെ ദേശീയ ഡൊറേസ്യോ അവാര്‍ഡ് ജേതാവ് ഫാ.തോമസ് ഫെലിക്‌സിനെയും മുഖ്യമന്ത്രി ആദരിച്ചു. 

 സ്‌പെഷല്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ട മേളത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വിശിഷ്ടാതിഥികളെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളായിരുന്നു. 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കും


പുതുതലമുറയ്ക്ക് ഐടി വിദ്യാഭ്യാസം ഏറ്റവും സുഗമമായ രീതിയിലും കൈയ്യിലൊതുങ്ങുന്ന വിധത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേണ്‍ ടു കോഡ് പദ്ധതി ഐടി വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റമാണ്. പദ്ധതിയുടെ ഭാഗമായി റാസ്‌ബെറി പൈ കംപ്യൂട്ടറുകളുടെ സംസ്ഥാനതല വിതരണം പറവൂര്‍ വ്യപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി വളരെയേറെ പ്രതീക്ഷ നല്‍കുന്നു. ആഗോള ഐടി കയറ്റുമതിയില്‍ 54, 000 കോടിയാണ് ഇന്ത്യയുടെ സംഭാവന. ഇതില്‍ പത്ത് ശതമാനമാണ് കേരളത്തിന്റെ സംഭാവന. 

ഐടി രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ സംഭാവനയില്‍ അഭിമാനമുണ്ട്. ഐടി കയറ്റുമതിയില്‍ കര്‍ണ്ണാടകയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും വിദ്യാഭ്യാസ നിലവാരമനുസരിച്ച് കേരളത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ട്. സാക്ഷരതയില്‍ ഒന്നാമതെത്തിയ കേരളം ഐടി വിദ്യാഭ്യാസ രംഗത്തും ഒന്നാമതെത്തണം. അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി സംരംഭക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ് ഗോപാലകൃഷ്ണനേപ്പോലുള്ള വ്യക്തികള്‍ കൂടുതലായി മുന്നോട്ടു വരണം. ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.