UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

കെട്ടുകാഴ്‌ചകളുടേയും പ്രഭാപൂരങ്ങളുടേയും അകമ്പടിയില്ലെങ്കില്‍ തമിഴകത്തെ തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്ക്‌ കൊഴുപ്പുണ്ടാവില്ല. പ്രകടനപരതയാണ്‌ ഇവിടത്തെ രാഷ്‌ട്രീയക്കാരന്റെ അസ്ഥിത്വത്തിന്റെ മാറ്റുരയ്‌ക്കുന്നത്‌. സാധാരണക്കാരനു കയറിച്ചെല്ലാന്‍ കഴിയാത്ത മേഖലയാണ്‌ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം. ഗ്ലാമറിന്റെ കത്തിവേഷങ്ങളാണ്‌ സര്‍വത്ര. അതുകൊണ്ടാണ്‌ സിനിയുടെ മടിത്തട്ടില്‍ രാഷ്‌ട്രീയം പടര്‍ന്നുപന്തലിച്ചത്‌. എന്നാല്‍ രാഷ്‌ട്രീയത്തിലെ ഗ്ലാമര്‍ കണ്ടു പകച്ചുനില്‍ക്കുന്ന തമിഴ്‌ജനതയുടെ മുന്നില്‍ സാധാരണക്കാരനായ ഒരു മുഖ്യമന്ത്രി എത്തിയപ്പോള്‍ അത്ഭുതങ്ങളുടെ കുത്തൊഴുക്കായി.

ആര്‍ഭാടങ്ങളില്ലാതെ, കൊടിതോരണങ്ങളും കൊട്ടുവാദ്യങ്ങളുമില്ലാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കന്യാകുമാരിയിലും കോയമ്പത്തൂരിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോള്‍ ജനം അന്തംവിട്ടുപോയത്‌ അവര്‍ തമിഴകത്തെ താരപരിവേഷം കണ്ടുമടുത്തതിനാലാണ്‌. ഡിഎംകെക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നടി കുശ്‌ബുവിനുപോലും ആയിരക്കണക്കിനു പൊലീസ്‌അകമ്പടിയാണെന്നോര്‍ക്കണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ്‌ ബന്തവസ്‌ ഏതാനും പൊലീസുകാരില്‍ ഒതുങ്ങി. ഇതു കണ്ടിട്ടാണ്‌ തമിഴിലെ ഒരു പ്രമുഖപത്രം എഴുതിയത്‌- ആശ്ചര്യം, ആനാല്‍ ഉണ്മൈ! (ആശ്ചര്യം, എന്നാല്‍ സത്യം!) ഇതൊക്കെ തമിഴകത്തെ രാഷ്‌ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ടതാണെന്നും ആ പത്രം തട്ടിവിട്ടു. ചായക്കടയുടെ മുന്നിലിരുന്നു പത്രംവായിച്ച ഒരു തമിഴ്‌ കണ്‍സ്‌ട്രക്ഷന്‍തൊഴിലാളി പറഞ്ഞു, 'പാരുങ്കെ, എന്നാ സിംപ്ലിസിറ്റി!'

ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന്‌ അഭിമാനിക്കുന്ന ജയലളിതക്കും കരുണാനിധിക്കും വമ്പിച്ച സുരക്ഷയാണ്‌ ഏര്‍പ്പാടാക്കിയിരിക്കുന്നത്‌. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളിലാണ്‌ പുരട്‌ശ്ചിത്തലൈവി (വിപ്ലവനായിക) ജയലളിതയുടെ തെരഞ്ഞെടുപ്പുപ്രചാരണ 'പയനം'. കരിമ്പൂച്ചകളുടെ വലയമില്ലെങ്കില്‍ ഒരിഞ്ചുനീങ്ങാനാവില്ല. പക്ഷേ സാധാരണക്കാരില്‍ സാധാരണക്കാരനായി ഉമ്മന്‍ചാണ്ടി കന്യാകുമാരിയില്‍ വന്നിറങ്ങിയപ്പോള്‍ ചിലര്‍ രഹസ്യം പറഞ്ഞു, 'ഇത്‌ കേരളാ മുതല്‍ അമൈച്ചറല്ലൈ. അവരുടെ ഡ്യൂപ്പുതാന്‍.' (ഇതു കേരളാമുഖ്യമന്ത്രിയല്ല, അങ്ങോരുടെ ഡ്യൂപ്പാണ്‌ കേട്ടാ!). വമ്പന്‍ സ്റ്റേജുകളോ സന്നാഹങ്ങളോ ഇല്ല. കരിമ്പൂച്ചകളില്ല. പതാകയുമായി നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍മാത്രം. പലസ്ഥലങ്ങളിലും ജനം അദ്ദേഹത്തെ സാകൂതം നോക്കിനില്‍ക്കുന്നു.

കോയമ്പത്തൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഉമ്മന്‍ചാണ്ടി എത്തിയതും ഇതേ രീതിയിലായിരുന്നു. മാത്രമല്ല മലയാളത്തില്‍ 'പേശി' വോട്ടുചോദിക്കുകയും ചെയ്‌തു. (അടുത്തകാലത്ത്‌ ഔദ്യോഗികവാഹനം താമസിച്ചപ്പോള്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍നിന്ന്‌ ടാക്സി കാറിൽ സെക്രട്ടേറിയേറ്റിലേക്ക്‌പോയ മുഖ്യമന്തിയുടെ നടപടി തമിഴ്‌ജനതക്ക്‌ അവിശ്വസനീയമായിരിക്കാം!)

എന്തായാലും പലരിലും ഉമ്മന്‍ചാണ്ടിയുടെ പ്രാചരണരീതി അത്ഭുതങ്ങള്‍ വാരിക്കോരിയിട്ടു. പ്രാചരണം ബഹളമയമായില്ലെങ്കില്‍ വോട്ടുകിട്ടില്ല എന്ന ദ്രാവിഡനേതാക്കന്മാരുടെ അഹന്തക്ക്‌ സ്വന്തം പ്രവര്‍ത്തനത്തിലൂടെ പ്രഹരമേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. ആര്‍ഭാടം സൃഷ്‌ടിച്ച്‌ പ്രചാരണം നടത്തുന്ന തമിഴകത്തെ നേതാക്കള്‍ ഇതു കണ്ടുപഠിക്കണമെന്ന്‌ തമിഴ്‌ പത്രം എഴുതിയത്‌ അതിനാലാണ്‌.


കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടി വാഴ്‌ക...

കോയമ്പത്തൂര്‍: ഓരോ പ്രധാന ജങ്ഷനിലും പോലീസിന്റെ റോഡ് ബ്ലോക്ക്. ഒരു ഡിവൈ.എസ്.പി.യുടെയും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ 80ഓളം വരുന്ന പോലീസ്സുരക്ഷ. പൈലറ്റിനും അകമ്പടിക്കും വാഹനങ്ങളുടെ നിര. കോയമ്പത്തൂരിലെ വഴിയോരത്ത് ചോദ്യങ്ങളത്രയും ആരാണീ വി.ഐ.പി. എന്നുമാത്രമായിരുന്നു. കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടിയെന്ന് മറുപടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. പ്രഭുവിനുവേണ്ടിയുള്ള പ്രചാരണത്തിനായാണ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോയമ്പത്തൂരിലെത്തിയത്. അഞ്ചുലക്ഷത്തോളം മലയാളികളുള്ള നഗരത്തില്‍ പൊരിഞ്ഞ ഉച്ചവെയിലത്ത് മൂന്നിടത്ത് പൊതുയോഗങ്ങള്‍. ഗണപതിയിലും കവുംപാളയത്തും ഉക്കടത്തും. എല്ലായിടത്തും കേരള മുഖ്യമന്ത്രിയെ കാത്ത് വന്‍ജനക്കൂട്ടം. മലയാളത്തില്‍ കാര്യങ്ങളെല്ലാം വിശദീകരിച്ച് പൊടുന്നനെ അദ്ദേഹം കൈയടിവാങ്ങി. കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാകകളും ചിഹ്നവുമേന്തിയ പ്രവര്‍ത്തകര്‍ വന്‍ ആരവത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ശ്രവിച്ചത്. ആട്ടവും പാട്ടുമായി വനിതാപ്രവര്‍ത്തകരും പ്രചാരണത്തിന് കൊഴുപ്പേകി.

രാവിലെ 8.30ഓടെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടി നേരെ വിശ്രമസ്ഥലത്തേക്ക്. പ്രഭാതഭക്ഷണശേഷം രാമനാഥപുരം രൂപതാധ്യക്ഷനെ നേരില്‍ക്കാണാന്‍ പുറപ്പെട്ടു. രാമനാഥപുരം ഹോളി ട്രിനിറ്റി പള്ളിയില്‍ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയോട് തൊട്ടുചേര്‍ന്നുള്ള ബിഷപ്‌സ് ഹൗസില്‍ പത്തുമിനിറ്റ് സംഭാഷണം.

നേരെ സിദ്ധാപുതൂര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്. അവിടെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.പി. പ്രഭാകരന്‍, സെക്രട്ടറി കെ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിദ്ധാപുതൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തിരുപ്പൂര്‍ കേരളസമാജം ഭാരവാഹികള്‍ കാണാന്‍നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം തിരുപ്പൂരിലെ കോയമ്പാളയത്ത് പീഡനത്തിനിരയായ ബാലികയുടെ കുടുംബവുമുണ്ട്. കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ഇനി അവിടെ നില്‍ക്കാന്‍ ഭയമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യണം...

തിരഞ്ഞെടുപ്പ് കഴിയട്ടെ, വിഷയത്തില്‍ ഇടപെടാമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. വാഹനവ്യൂഹം ഗണപതിയിലേക്ക്.
ഗണപതി ബസ്സ്റ്റാന്‍ഡില്‍ പ്രചാരണവാഹനത്തില്‍ ഏണസ്റ്റ് പോള്‍ കത്തിക്കയറുന്നു. സ്ഥാനാര്‍ഥി ആര്‍. പ്രഭുവും ഇവിടെ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ വരുന്നത് തനിക്ക് ഗുണകരമാണെന്ന് പ്രഭു പ്രത്യാശിച്ചു. കേരള മുതല്‍അമൈച്ചര്‍ നിങ്ങളെ നേരില്‍ക്കാണാന്‍ ഉടനെത്തുമെന്ന് അറിയിപ്പ്. തൊട്ടുപിന്നാലെ പോലീസ്വാഹനങ്ങള്‍ ജങ്ഷനിലേക്ക് ഇരമ്പി. വാഹനത്തില്‍നിന്ന് തിരക്കിനിടയിലൂടെ ഉമ്മന്‍ചാണ്ടിയെ പ്രചാരണജീപ്പിലേക്ക് കയറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ഷാള്‍ അണിയിക്കലിന്റെ ബഹളം. തുടര്‍ന്ന്, രണ്ട് മൈക്രോഫോണ്‍ കൈയിലെടുത്ത് ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ആദ്യം പതിഞ്ഞ താളത്തില്‍. പ്രഭുവിന്റെ സ്ഥാനാര്‍ഥിത്വം എന്തുകൊണ്ട് എന്നുള്ള വിശദീകരണം, പിന്നാലെ മോദിക്കും ബി.ജെ.പി.ക്കുമെതിരായ കടന്നാക്രമണം.

15 മിനിറ്റിനുള്ളില്‍ ഗണപതിയിലെ യോഗം അവസാനിച്ചു. നേരെ കവുണ്ടംപാളയത്തേക്ക്. അവിടെയും റോഡിനിരുവശവും വന്‍ ജനക്കൂട്ടം. ഉമ്മന്‍ചാണ്ടിയെത്തിയതോടെ ഗതാഗതം സ്തംഭിച്ച അവസ്ഥ. പ്രസംഗത്തില്‍ പറയുന്നത് ഏതാണ്ട് ഒരേകാര്യങ്ങള്‍. കവുണ്ടംപാളയത്തുനിന്ന് കോവില്‍മേട്ടില്‍ അനൂപ് ആന്റണിയുടെ വീട്ടിലേക്ക്. കോയമ്പത്തൂരില്‍ ശനിയാഴ്ച ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ സാരഥിയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സുകാരനായ അനൂപ്. ചെറിയ റിഫ്രഷ്‌മെന്റ്. ഇവിടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെല്ലാം ഒപ്പംനിന്ന് ഫോട്ടോ.


ബ്രൂക്ക്‌ബോണ്ട് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്കാണ് ഇനി യാത്ര. അവിടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ പ്രഭാഷണത്തിനില്ലെന്ന് മുഖ്യമന്ത്രി. ഇവിടെയും ഇത്തിരിനേരം കുശലാന്വേഷണം. പള്ളിയില്‍നിന്ന് ഗാന്ധിപുരം നൂറടി റോഡിലെ സി.എം.എസ്. ഹാള്‍. അവിടെ എഫ്.സി.എം.എ.യുടെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ദീപംതെളിച്ചു. പ്രസിഡന്റ് എം.സി. ജോസഫിന്റെയും സെക്രട്ടറി എം.ആര്‍. ദാസിന്റെയും നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇവിടെ കേരള മുഖ്യമന്ത്രിയെ ഷാളണിയിച്ച് ആദരിക്കാന്‍ നീണ്ട ക്യൂ. സ്ഥാനാര്‍ഥിയുടെ മകന്‍ വിക്രമും അവരിലൊരാളായി. ഷാളണിയിക്കല്‍ 20 മിനിറ്റിലേറെ നീണ്ടു.

ഉച്ചവെയിലത്തും ഉക്കടത്ത് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ കാത്ത് വലിയ ജനക്കൂട്ടം. പാട്ടും നൃത്തവുമൊക്കെയുണ്ട്. നേതാവെത്തിയപ്പോള്‍ അണികളുടെ ആവേശം അണപൊട്ടി. പ്രചാരണവാഹനത്തിലേക്ക് കയറാന്‍ തിക്കും തിരക്കും.

ഒരുകണക്കിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇവിടെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി എടുത്തുപറഞ്ഞാണ് പ്രസംഗം. ബി.ജെ.പി.യെയും മോദിയെയും കണക്കിന് പ്രഹരിക്കുന്നുമുണ്ട്. ഓരോവാക്കിനും ജനം കൈയടിക്കുന്നു. 

ഉക്കടത്തെ യോഗം അവസാനിപ്പിച്ചശേഷം ബൈപ്പാസ്വഴി റേസ്‌കോഴ്‌സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഓഫീസിലേക്ക്. അവിടെ തമിഴ്ചാനലുകളടക്കം വന്‍ മാധ്യമപ്പട കേരള മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. തിരഞ്ഞെടുപ്പും രാഷ്ട്രീയവുംവിട്ട് മുല്ലപ്പെരിയാറും നദീജലവും കേരളത്തില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നതായുള്ള എന്‍.ഐ.എ. റിപ്പോര്‍ട്ടും ഒക്കെ ചോദ്യങ്ങളായി വന്നു. എല്ലാറ്റിനും ശാന്തമായി ഇംഗ്ലീഷില്‍ത്തന്നെ മറുപടി. കേരളത്തില്‍ യു.ഡി.എഫ്. മികച്ചവിജയം നേടുമെന്ന് ആത്മവിശ്വാസത്തോടെയുള്ള പറച്ചില്‍. തമിഴ്‌നാടുമായി എക്കാലത്തും കേരളം നല്ലബന്ധത്തിലാണെന്ന് ആവര്‍ത്തിക്കല്‍.

പത്രസമ്മേളനം കഴിഞ്ഞ് സ്ഥാനാര്‍ഥിക്കൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഉച്ചഭക്ഷണം. വിശ്രമിക്കാന്‍പോലും നേരമില്ലാതെ നേരെ എയര്‍പോര്‍ട്ടിലേക്ക്. അവിടെനിന്ന് തിരുവനന്തപുരം ഫ്ലൈറ്റ് പിടിക്കണം. എന്നിട്ട് റോഡുമാര്‍ഗം വൈകീട്ട് നാഗര്‍കോവിലില്‍ എത്തണം. ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ്സുകാരന് വിശ്രമമില്ല...

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം -മുഖ്യമന്ത്രി



തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌കൂള്‍-കോളേജ് തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നേടിയ പുരോഗതി, ഉന്നതസാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പില്‍നിന്ന് ക്ലിഫ്ഹൗസിലെത്തിയ സ്‌കൂള്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതിയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ ഉണ്ടാവണം. ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിതലമുറയെക്കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ളതാവണം വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്‌പെറിയ അവധിക്കാല ക്യാമ്പില്‍ നിന്നെത്തിയ പതിനഞ്ചോളം കുട്ടികളാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്. കുട്ടികള്‍ മുഖ്യമന്ത്രിയെ വിഷുക്കണിയൊരുക്കി പൊന്നാടയണിയിച്ചു. ക്ലിഫ്ഹൗസിലെത്തിയ കുട്ടികള്‍ക്കെല്ലാം വിഷുകൈനീട്ടം നല്‍കിയാണ് മുഖ്യമന്ത്രി യാത്രയയച്ചത്.

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും

തിരഞ്ഞെടുപ്പ് ഫലം കേരള സര്‍ക്കാറിന്റെ വിലയിരുത്തലാകും - ഉമ്മന്‍ ചാണ്ടി


ബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ പ്രശ്‌നങ്ങളോടൊപ്പം കേരളാ ഭരണത്തിന്റെ കൂടി വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാറിന്റേത് കൂട്ടായ തീരുമാനമാണെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം കൂടുതലായി തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോട് ബാംഗ്ലൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. 

പത്തനംതിട്ടയില്‍ പോളിങ് കുറഞ്ഞുവെന്നത് ശരിയല്ല. എല്ലാകാലത്തും പത്തനംതിട്ടയില്‍ പോളിങ് കുറവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ദശാംശം എട്ട് ശതമാനം വോട്ട് കൂടുകയാണ് ചെയ്തത്. പ്രചാരണം കുറഞ്ഞെന്നതും അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ജോര്‍ജിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. ഇതിനെക്കുറിച്ച് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും മണ്ഡലത്തില്‍ യു.ഡി. എഫ്. വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫ്. നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്നതിന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. 

സലീംരാജ് ഉള്‍പ്പെട്ട ഭൂമിവിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇടതുപക്ഷംപോലും ഈ വിഷയം പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

ബി.ജെ.പി. മോദികേന്ദ്രീകൃത പ്രചാരണമാണ് നടത്തുന്നതെന്നും കേരളത്തിലും കര്‍ണാടകത്തിലും മോദി ബി.ജെ.പി. തരംഗമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഇക്കുറി ബി.ജെ.പി. അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യത്തിന് അതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു മറുപടി. രാജ്യത്ത് മോദി തരംഗമില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി തന്നെ സമ്മതിച്ചതാണ്. മോദിയെ ഉയര്‍ത്തിക്കാട്ടിയ പ്രചാരണമാണ് ബി. ജെ.പി.യുടേത്. മറ്റ് വിഷയങ്ങളൊന്നും മുന്നോട്ടുവെക്കാന്‍ ബി.ജെ.പി.ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിനോടൊപ്പം കര്‍ണാടകത്തിലും കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. സ്ഥിരതയും മതേതരത്വ സ്വഭാവവുമുള്ള സര്‍ക്കാറിനായിരിക്കണം ജനങ്ങള്‍ വോട്ടുചെയ്യേണ്ടത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് തൃപ്തിയുണ്ട്. കേന്ദ്രത്തില്‍ മുന്നണി ഭരണം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന സത്യവാങ്മൂലം നല്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീരദേശ പരിപാലന നിയന്ത്രണ നിയമം ലംഘിച്ച വേമ്പനാട് കായല്‍ തുരുത്തിലെ രണ്ടു റിസോര്‍ട്ടുകള്‍ പൊളിക്കുന്നതു സംബന്ധിച്ച കേസില്‍ അവര്‍ നടത്തിയ ലംഘനങ്ങളാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. റിസോര്‍ട്ടുകള്‍, വന്‍കിട ഹോട്ടലുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉറപ്പു വരുത്താനുമുള്ള നടപടികളാണ് സത്യവാങ്മൂലത്തിലുള്ളത്. വന്‍കിട റിസോര്‍ട്ടുകളെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും വേണ്ടി തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ഇതുസംബന്ധിച്ച് ഏഴു തീരുമാനങ്ങള്‍ എടുത്ത് കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തെ അറിയിച്ചു. അവ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ശുപാര്‍ശയ്ക്കായി കേന്ദ്രം അയച്ചുതന്നു. അതോറിറ്റിയുടെ യോഗം ചൊവ്വാഴ്ച ചേരുകയും ഏഴ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനം എടുക്കുകയും ചെയ്തു.

തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നടപ്പിലായത് ഇടതുസര്‍ക്കാരിന്റെ വീഴ്ചകൊണ്ടായിരുന്നു. ഇടതുസര്‍ക്കാര്‍ സമയോചിതമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന്, കേരളത്തിന്റെ തീരദേശത്തെ ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ 2011 ജനവരി ആറിനാണ് തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം നിലവില്‍ വന്നത്. അതിനു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇടതുസര്‍ക്കാര്‍ പാഴാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തീരദേശ നിയന്ത്രണം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടപടി എടുക്കുകയും ഏഴ് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. - മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതനുസരിച്ച് കടലോര, പുഴയോര പ്രദേശങ്ങളില്‍ പരമ്പരാഗതമായി വസിക്കുന്നവര്‍ക്ക് വീട്/ടോയിലറ്റ് എന്നിവയ്ക്കും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി നല്‍കണം. കടല്‍ത്തീരത്ത് വീട്‌ െവയ്ക്കുന്നതിനുള്ള 200 മീറ്റര്‍ പരിധി യാതൊരു ഉപാധികളുമില്ലാതെ 100 മീറ്ററാക്കി ചുരുക്കണം. ഉള്‍നാടന്‍ ജലാശയങ്ങളുടെ തീരത്തെ നിയന്ത്രണമേഖല നിലവിലുള്ള 100 മീറ്ററില്‍ നിന്നും 50 മീറ്ററായി ചുരുക്കണം. 60 ചതുരശ്രയടി വീടുകള്‍ എന്നത് 100 ചതുരശ്രയടി വീട് എന്നാക്കണം. തീരദേശ നിയന്ത്രണ മേഖലയില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ തദ്ദേശവാസികള്‍ക്ക് തീരദേശത്ത് കുടുംബസ്വത്ത് ഭാഗിച്ചു കിട്ടുന്ന ഭൂമിയില്‍ വീടുെവയ്ക്കുന്നതിന് അനുമതി നല്‍കണം. പൊക്കാളി പാടശേഖരങ്ങളുടെ കരഭാഗം തദ്ദേശവാസികളുടെ വീട് നിര്‍മ്മാണത്തിന് വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം. പത്ത് മീറ്റര്‍ വീതിക്ക് താഴെയുള്ള തോടുകളുടെ കരയോടു ചേര്‍ന്ന പ്രദേശവും ഒഴിവാക്കണം. തദ്ദേശവാസികളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള തറവിസ്തീര്‍ണത്തിന് ആനുപാതികമായി മാത്രം പുനര്‍നിര്‍മ്മിക്കാം എന്നത് 100 ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണംവരെ അനുവദിക്കണം. കായല്‍ദ്വീപുകളില്‍ നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളോ, റോഡുകളോ ഉള്ളതുവരെ തദ്ദേശവാസികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ ഇളവുകളെല്ലാം തീരദേശവാസികള്‍ക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

പരാജയഭീതികൊണ്ട് പിണറായി വിജയന്റെ സമനിലപോയി

പരാജയഭീതികൊണ്ട് പിണറായി വിജയന്റെ സമനിലപോയി- ഉമ്മന്‍ചാണ്ടി


റാന്നി: പരാജയഭീതികൊണ്ട് സമനിലവിട്ടതിനാലാണ് സാധാരണക്കാരന്‍പോലും പറയാന്‍മടിക്കുന്ന പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവസാന നിമിഷമെങ്കിലും എന്‍.കെ.പ്രേമചന്ദ്രനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോട് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം റാന്നി ഇട്ടിയപ്പാറയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്നതല്ല പിണറായിയുടെ പരാമര്‍ശം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആര്‍.എസ്.പി.ക്ക് ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേരേണ്ടി വന്നു. ഇത് അവരുടെ പാര്‍ട്ടി തീരുമാനമാണ്. മുന്നണി വിടുംമുമ്പ് പ്രേമചന്ദ്രന്‍ എല്‍.ഡി.എഫിന്റെ വക്താവായിരുന്നു. അന്ന് യു.ഡി.എഫ്. നേതാക്കളെ വിമര്‍ശിച്ചപ്പോള്‍ മോശം വാക്കുകളിലൂടെയല്ല; ജനാധിപത്യ മര്യാദയ്ക്കുള്ളില്‍നിന്നു മാത്രമാണ് പ്രതികരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയോട് മര്യാദയുടെ പരിധിലംഘിച്ച് തരംതാണ് മുന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ്. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍ അധ്യക്ഷതവഹിച്ചു.

2014, ഏപ്രിൽ 6, ഞായറാഴ്‌ച

തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ കൂടുതല്‍ ഉത്തരവാദിത്വം തനിക്ക്

തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ കൂടുതല്‍ ഉത്തരവാദിത്വം തനിക്ക് -ഉമ്മന്‍ചാണ്ടി


തൃശ്ശൂര്‍: കോണ്‍ഗ്രസ്സും യു.ഡി.എഫും ഒരു ടീം ആയി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ അതിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പാര്‍ട്ടികളിലെയും മുന്നണിയിലെയും ഐക്യവും തിരഞ്ഞെടുപ്പിലെ ജയസാധ്യതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷം അത് സ്വാഗതംചെയ്യാന്‍ ഇതുവരെ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. സരിത, സലിംരാജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന്, ജനങ്ങളാണ് അന്തിമവിധി പറയേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജൂണ്‍ മുതല്‍ ചര്‍ച്ചചെയ്യുന്ന പ്രശ്‌നമാണിത്. നിയമസഭയ്ക്കകത്തും പുറത്തും എന്റെ വാദങ്ങള്‍ക്ക് ഒരാള്‍പോലും മറുപടി പറഞ്ഞില്ല. സര്‍ക്കാരിന്റെ ഖജനാവിന് 379 കോടി നഷ്ടമുണ്ടാക്കിയ ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്നാണ് നിലപാട്. ഏത് ആരോപണത്തിനും മറുപടി പറയാന്‍ എനിക്ക് മടിയില്ല. ഏതന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സര്‍വ്വെഫലം ഒരു ചൂണ്ടുപലകയാണ്. ആര്‍.എസ്.പി. നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് മുന്നണി വിട്ടതിനുശേഷമാണ്. തൃശ്ശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ വച്ചുമാറ്റിയത് ദോഷം ചെയ്യില്ല.

കോടതി വിധി അനുകൂലമാകുമ്പോള്‍ ആഹ്ലാദിക്കുകയും വിധി എതിരാകുമ്പോള്‍ പ്രതിഷേധിക്കുകയും ചെയ്യുന്ന നയം കോണ്‍ഗ്രസ്സിനില്ല. നീതിപീഠത്തിന്റെ വിശ്വാസ്യത ജനാധിപത്യസംവിധാനത്തില്‍ സുപ്രധാനമാണ്. അത് കളയുന്നത് ശരിയല്ല. അത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, അഡ്വ. വി. ബാലറാം എന്നിവരും പങ്കെടുത്തു.

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രഹസ്യ അജണ്ടയു




തിരുവനന്തപുരം: ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രഹസ്യ അജണ്ടയുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അവിടെ മത്സരിക്കുന്ന ജോയ്‌സ് ജോര്‍ജിനും രഹസ്യ അജണ്ടയുണ്ടായിരുന്നു. ജോയ്‌സ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ ഇത് വ്യക്തമായി. ജോയ്‌സിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ തന്നെ അണിയറ നീക്കം നടത്തി.

ചാരക്കേസിനെ തുടര്‍ന്നല്ല കെ.കരുണാകരന് രാജിവെക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ഹൈക്കമാന്‍ഡുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയില്‍ മറ്റൊരു സാഹചര്യത്തിലാണ് കരുണാകരന്‍ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ടി.എന്‍ പ്രതാപന്‍ കത്തയച്ചത് ശരിയായില്ല. അത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികളെ അടിസ്ഥാനമാക്കി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം

തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം


പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും കൂടിയാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തിങ്കളാഴ്ച ജില്ലയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി പുതുശ്ശേരി കൊയ്യാമരക്കാട്ട് നടന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെ വിലയിരുത്തണമെന്ന ആവശ്യം മുഖ്യമന്ത്രിതന്നെ ഉന്നയിക്കുമ്പോള്‍ സാധാരണനിലയില്‍ പ്രതിപക്ഷം അത് സ്വാഗതംചെയ്യേണ്ടതാണ്. പക്ഷേ, എന്റെ നിര്‍ദേശം സി.പി.എം. എതിര്‍ക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

അതിനുകാരണം സര്‍ക്കാരിന്റേതിനോടൊപ്പം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എമ്മിന് തിരിച്ചടി നേരിട്ടു. അവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു. കേന്ദ്രത്തില്‍ മൂന്നാംമുന്നണിയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും പിന്തുണയും നഷ്ടപ്പെട്ടതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തൊഴിലുറപ്പുപദ്ധതിപോലും സി.പി.എം. രാഷ്ട്രീയവത്കരിക്കുന്നതായി ആരോപണമുയരുന്നു. അതേസമയം, യു.ഡി.എഫിനെതിരെ സി.പി.എം. കള്ളപ്രചാരണങ്ങള്‍ നടത്തുന്നുമുണ്ട്. കര്‍ഷകര്‍ക്കുള്ള വൈദ്യുതി സബ്‌സിഡി സര്‍ക്കാര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും കര്‍ഷകദ്രോഹപരമായ ഒരുനടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയമാണ് ജനങ്ങളില്‍ ഏറെ മടുപ്പും വെറുപ്പും ഉണ്ടാക്കിയിരിക്കുന്നത്. ടി.പി. വധം ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പ് തൃശ്ശൂര്‍ പെരിഞ്ഞനത്തും പാര്‍ട്ടിയുടെ രാഷ്ട്രീയവൈരം നിഷ്‌കളങ്കമായ ഒരു ജീവനെടുത്തു. അക്രമങ്ങളെ എതിര്‍ത്ത് വി.എസ്. അച്യുതാനന്ദന്‍ ചിലതൊക്കെ പറഞ്ഞു. അതില്‍നിന്ന് ശരി പഠിക്കാതെ തിരുത്താന്‍ ശ്രമിച്ച തങ്ങളുടെ നേതാവിനെത്തന്നെ സി.പി.എം. തിരുത്തുന്നതാണ് നമ്മള്‍ കണ്ടത്. വി.എസ്. സ്വയം തിരുത്തിയാലും പറഞ്ഞതൊന്നും ജനങ്ങള്‍ മറക്കില്ല. കേരളീയര്‍ സ്വൈരജീവിതം ആഗ്രഹിക്കുന്നവരാണ്. സി.പി.എം. ജനങ്ങളുടെ പ്രതിക്കൂട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദോഷംചെയ്യും. ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കളും മോദി അനുകൂലികളും ഇപ്പോള്‍തന്നെ തമ്മിലടി തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് കൊടുക്കാന്‍പോലും ഒരാഴ്ച സമയമെടുത്തു.

സ്ഥിരതയുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറണം. മതേതരസ്വഭാവവും വികസന ആശയങ്ങളുമുള്ള യു.പി.എ. സര്‍ക്കാരിനുമാത്രമേ രാജ്യത്തെ നേരായ ദിശയില്‍ നയിക്കാന്‍ കഴിയൂ. പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം.പി. വീരേന്ദ്രകുമാറിനെ കേരളത്തിന് പരിചയപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയം, സാഹിത്യം, പത്രപ്രവര്‍ത്തനം, ഭരണം, പൊതുപ്രവര്‍ത്തനം എന്നിങ്ങനെ വിവിധമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വീരേന്ദ്രകുമാറിനെ യു.ഡി.എഫ്. അഭിമാനത്തോടെയാണ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്.

പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറും ആലത്തൂര്‍ മണ്ഡലത്തില്‍ കെ.എ. ഷീബയും തിരഞ്ഞെടുക്കപ്പെട്ടാല്‍ പാലക്കാടിന് വികസനകാര്യങ്ങളില്‍ വന്‍കുതിപ്പ് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെന്മാറ, കോഴിപ്പാറ, കുഴല്‍മന്ദം, കോങ്ങാട്, പത്തിരിപ്പാല, മണ്ണാര്‍ക്കാട്, ഷൊറണൂര്‍, കൊപ്പം, തൃത്താല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചു.

ടി.പി. വധക്കേസ്: സി.ബി.ഐ. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഉറച്ചുതന്നെ


ടി.പി. വധക്കേസ്: സി.ബി.ഐ. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഉറച്ചുതന്നെ -മുഖ്യമന്ത്രി



പാലക്കാട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന നിലപാടില്‍ സംസ്ഥാനസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പത്തിരിപ്പാലയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ടി.പി. വധത്തിനുപിന്നിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരസമരം നടത്തിയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് അനുകൂലമാണ്. സി.ബി.ഐ. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും സംസ്ഥാനസര്‍ക്കാര്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐ. ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുള്‍പ്പെടെ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.