UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 6, ചൊവ്വാഴ്ച

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടാകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്നത്തിന് പരിഹാരംകണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. തമിഴ്നാട് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഉന്നതാധികാരസമിതി അംഗങ്ങള്‍ ഉടന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകളും മറ്റു നടപടികളും വിജയിക്കുകയുള്ളൂവെന്നും അതിന് സഹായകരമായ രീതിയില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തമിഴ്നാട് പൊലീസ് അധികൃതരുമായി ഡി.ജി.പി ബന്ധപ്പെട്ടുവരുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. അത്തരം സംഭവങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.

ചര്‍ച്ചയില്‍ പ്രതീക്ഷ -മുഖ്യമന്ത്രി
















 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈകോടതിയില്‍
വിവാദ പരാര്‍മശം നടത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കെതിരെ
നടപടിയെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
ബുധനാഴ്ച മന്ത്രിസഭക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍
ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ ചര്‍ച്ച
മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചൊവ്വാഴ്ച
ഹൈകോടതിയില്‍ ദണ്ഡപാണിതന്നെ ഹാജരാകുമെന്നാണ് വിവരം. എ.ജി ചൊവ്വാഴ്ച
കോടതിയില്‍ ഹാരാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും
മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.


സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി എ.ജി ഹൈകോടതിയില്‍ പ്രകടിപ്പിച്ച
അഭിപ്രായങ്ങള്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
എ.ജിയുടെ അഭിപ്രായത്തെ മിക്ക കക്ഷികളും തള്ളുകയും നടപടി ആവശ്യപ്പെടുകയും
ചെയ്ത ഘട്ടത്തിലാണ് തിങ്കളാഴ്ച രാത്രി പത്തിന് അടിയന്തര മന്ത്രിസഭായോഗം
ചേര്‍ന്നത്. ചൊവ്വാഴ്ച സര്‍വകക്ഷി യോഗത്തില്‍ ഒത്തൊരുമിച്ച നിലപാട്
കൈക്കൊള്ളാന്‍ കൂടി ലക്ഷ്യമിട്ടാണ് രാത്രി തന്നെ യോഗം ചേര്‍ന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫിലെ കക്ഷികള്‍ പ്രത്യേകം സമരം
നടത്തുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന്
ഒറ്റ ശബ്ദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് വ്യത്യസ്തമായ
മാര്‍ഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും
ലക്ഷ്യത്തിലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഒരേ അഭിപ്രായമാണ്
എല്ലാവര്‍ക്കും -   മുഖ്യമന്ത്രി പറഞ്ഞു.


തമിഴ്നാടുമായി ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍
പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. തിങ്കളാഴ്ച ജലവിഭവവകുപ്പ്
ദല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് തമിഴനാട്
പിന്‍വാങ്ങിയെങ്കിലും 15നോ 16നോ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ തീയതി നിശ്ചയിച്ച അറിയിപ്പ് ഉടന്‍
ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഒടുവിലത്തെ സാഹചര്യം മന്ത്രിസഭ
വിലയിരുത്തി. ദല്‍ഹിയില്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അവിടെയുണ്ടായ കാര്യങ്ങള്‍
വിശദീകരിച്ചു.

കേരളത്തിലുള്ളവര്‍ ആത്മസംയമനം പാലിക്കണം. തമിഴ്നാടുമായി നല്ല ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. അത് തുടരാന്‍ കേരളം ആഗ്രഹിക്കുന്നു.


നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍
പാടില്ല. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുമളിയിലും
കമ്പംമേട്ടിലും നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല അന്തരീക്ഷം
നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2011, ഡിസംബർ 5, തിങ്കളാഴ്‌ച

എ.ജി മന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി


കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു രാവിലെ പുതുപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെ വന്നു കണ്ടപ്പോളാണ് അദ്ദേഹം എ.ജിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എ.ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും തന്നെ മാത്രം കണ്ട് എ.ജി കാര്യങ്ങള്‍ വിശദീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും എല്ലാവരോടും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലെ സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തില്‍ എ.ജിയും രണ്ട് അഡീഷണല്‍ എജിമാരും മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കണ്ടിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും പറ്റിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ബദല്‍ നടപടികളെക്കുറിച്ച് കോടതി ചോദിച്ചപ്പോളാണ് എ.ജി വിവാദമായ മറുപടി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ മൂന്നു ഡാമുകളിലായി ഉള്‍ക്കൊള്ളാമെന്നാണ് എ.ജി. വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് എ.ജിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുകയും എ.ജി രാജിവെക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.

2011, ഡിസംബർ 4, ഞായറാഴ്‌ച

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന്
കേന്ദ്രത്തിന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമ
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ
ധരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍
കേന്ദ്രത്തിന് ബോധ്യപ്പെട്ടുവെന്നുവേണം കരുതാന്‍. അഡ്വക്കേറ്റ് ജനറല്‍
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് പരിശോധിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ഭീതി സൃഷ്ടിക്കുന്നുവെന്ന
ആരോപണത്തോട് യോജിപ്പില്ല- മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിലയിരുത്തി. ദല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഡി.ജി.പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു. ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ അഭിപ്രായം ഏത് സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി വിലയിരുത്തിയതായി അറിയുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ ആവശ്യം ന്യായമാണെന്ന് ദേശീയതലത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചക്കുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലായിരിക്കും ആദ്യചര്‍ച്ച.

എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറായില്ല. കേരളം നിലപാട് മാറ്റുന്നതായ വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളതാല്‍പര്യത്തിനുവിരുദ്ധമായി ഹൈകോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ മാറ്റുന്ന കാര്യത്തില്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഗ്ലോബല്‍ വില്ലേജ് സ്ഥാപിക്കും: മുഖ്യമന്ത്രി


               
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) ഭാഗമായി കൊച്ചിക്കടുത്തു ഗ്ലോബല്‍ വില്ലേജിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തവണത്തെ മേള കഴിഞ്ഞാലുടന്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജികെഎസ്എഫിന്റെ അഞ്ചാം പതിപ്പ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യാപാര, വ്യവസായ രംഗത്തു പുതിയ ഉണര്‍വു നല്‍കാന്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു സാധിച്ചു. നാലു വര്‍ഷമായി ഫെസ്റ്റിവല്‍ ഈ ലക്ഷ്യം നിറവേറ്റുന്നു.

ഈ വര്‍ഷം പുതുതായി ചില പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണു ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതിനായി വിദേശീയരും സ്വദേശീയരുമായ ടൂറിസ്റ്റുകള്‍ക്കായി ദര്‍ശന്‍ യാത്ര എന്ന പേരില്‍ തീര്‍ഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദേശീയരും മറ്റും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള പാക്കേജുകളാണിത്. വ്യാപാരികളുടെ പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ മേള വിജയിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിനു ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങളുടെ തുടക്കമായി വേണം ജികെഎസ്എഫിനെ പരിഗണിക്കേണ്ടതെന്നു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളാണു മേള സമ്മാനിക്കുന്നത്. ടൂറിസം സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. പുറത്തുനിന്നു വരുന്നവരെക്കൂടി വ്യാപാര മേള ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് എന്നു കരുതി വാങ്ങാവുന്ന ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു നടന്‍ മമ്മൂട്ടി നിര്‍ദേശിച്ചു.

ഇത്രയേറെ വ്യാപാരം നടക്കുന്ന വേളയില്‍, കേരളം എത്രത്തോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആലോചിച്ചുപോകുകയാണ്. വളരെ ചുരുക്കം ഉല്‍പന്നങ്ങള്‍ മാത്രമാണ് കേരളം ഉത്പാദിപ്പിക്കുന്നത്.  പുതിയ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി പാക്കേജ് ബ്രോഷര്‍ മന്ത്രി ബാബു ജയറാമിനു നല്‍കി പ്രകാശനം ചെയ്തു.

മേളയുടെ സ്‌പോണ്‍സര്‍മാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മലബാര്‍ ഗോള്‍ഡ്, എല്‍ഐസി, ടാറ്റ മോട്ടോഴ്‌സ്, ബിഗ് ബസാര്‍, ജോസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കു ഹൈബി ഈഡന്‍ എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
മേളയുടെ ഭാഗമായുള്ള നറുക്കെടുപ്പുകളിലെ ജേതാക്കള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണ നാണയത്തിന്റെ മാതൃക ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ മമ്മൂട്ടിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എംഎല്‍എ, ജയറാം, മേയര്‍ ടോണി ചമ്മണി, ജികെഎസ് എഫ് ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

46 ദിവസം നീളുന്ന വ്യാപാരോല്‍സവത്തിന്റെ സമാപനം ജനുവരി 21 ന് മലപ്പുറത്താണു നടക്കുക. മേളയില്‍ അംഗങ്ങളായ, കേരളത്തിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവര്‍ക്കു മൊത്തം 101 കിലോ സ്വര്‍ണമാണു സമ്മാനം. മെഗാ സമ്മാനം ഒരു കിലോ സ്വര്‍ണം.

രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. കൂടാതെ, ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കലാകാരന്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്നുകള്‍ അവതരിപ്പിക്കും.


തമിഴ്‌നാടിന് കൂടംകുളം പോലെയാണ് കേരളത്തിന് മുല്ലപ്പെരിയാര്‍ - മുഖ്യമന്ത്രി


ആലുവ: കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനുള്ള ആശങ്ക പോലെ തന്നെയാണ്, കേരളത്തിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ചും ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയതായും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട്ടില്‍പോലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പുതിയ അണക്കെട്ട് എന്ന പ്രചാരണം പൂര്‍ണമായി മാറിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ ധാര്‍മിക ആവശ്യമായി എല്ലാവരും മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളേയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോടതിവിധി വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കഴിഞ്ഞ ജൂലായ് മുതല്‍ 26 പ്രാവശ്യമാണ് ഇവിടെ ഭൂചലനം ഉണ്ടായത്. അതിനാല്‍ തമിഴ്‌നാടുമായുള്ള പ്രശ്‌നം എത്രയും വേഗം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയാക്കണം: ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നത് തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ല.

കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഇത് കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. ജൂലായ്ക്കുശേഷം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐ.ഐ.ടി യുടെ പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി ഐ.ഐ.ടിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'



തിരുവനന്തപുരം: സംസ്ഥാനത്ത് 500 പേരടങ്ങുന്ന 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31ന് അവസാനിക്കുന്ന പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30വരെ നീട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡ്സ് രോഗികള്‍ക്ക് 400 രൂപ പെന്‍ഷനും അവരുടെ ചികിത്സാവശ്യാര്‍ഥമുള്ള യാത്രാചെലവിലേക്ക് മാസം 120രൂപയും അനുവദിക്കും.കൂടാതെ രോഗിയുടെ മരണ ശേഷം ഭാര്യക്കോ ഭര്‍ത്താവിനോ 400രൂപ പെന്‍ഷന്‍ നല്‍കും.

ദേശീയസ്കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അര്‍ച്ചന രാജുവിന് തുടര്‍വിദ്യാഭ്യാസ സഹായം നല്‍കും. എസ്എസ്എല്‍സി വരെ മാസം 2,000രൂപയും അതിന് ശേഷം ആവശ്യാനുസരണവുമായിരക്കും സഹായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം അന്തരാഷ്ട്ര ചലചിത്രമേളക്ക് ഒന്നര കോടി രൂപ അനവദിച്ചതായും അദ്ദേഹം അറിയിച്ചു.

മാലിന്യനിര്‍മാര്‍ജനത്തില്‍ ഗ്രാമസഭകള്‍ സജീവമാകണം - മുഖ്യമന്ത്രി



തിരുവനന്തപുരം: നാട്ടിലെ മാലിന്യനിര്‍മാര്‍ജനയജ്ഞത്തില്‍ ഗ്രാമസഭകള്‍ സജീവ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2010-11 വര്‍ഷത്തെ നിര്‍മല്‍ പുരസ്‌കാരം പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ വളരെ സജീവമായിരുന്ന ഗ്രാമസഭകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പിന്നാക്കംപോയി. മാലിന്യനിര്‍മാര്‍ജനം പ്രത്യേകയജ്ഞമായി തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഗ്രാമസഭകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേരളത്തെ മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ഉത്സാഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ മീനടം ഗ്രാമപ്പഞ്ചായത്തിനും പാലക്കാട്ടെ പെരുമാട്ടിക്കും നിര്‍മല്‍ പുരസ്‌കാരത്തിന്റെ ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചിത്വപരിപാടികള്‍ ആവിഷ്‌കരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യമുള്ളത്ര വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടും പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ വ്യാഴാഴ്ച താന്‍ ഡല്‍ഹിക്ക് പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബുധനാഴ്ച അര്‍ധരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തത്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതാണ് കേരളത്തിന്റെ സമീപനം. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം കെട്ടിയേ തീരൂ. നിലവിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുകയും വേണം. അതിനായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. പുതിയ ഡാം കെട്ടിയാലും മുല്ലപ്പെരിയാറില്‍ നിന്ന് നിലവില്‍ തമിഴ്‌നാടിനുള്ള വെള്ളം ഒരു കുറവുമില്ലാതെ കൊടുക്കാമെന്ന് കേരളം ഉറപ്പുനല്‍കുകയാണ്. ഈ ഉറപ്പ് സ്ഥാപിക്കാന്‍ എന്ത് ചെയ്യാനും കേരളം സന്നദ്ധമാണ്.

''ഇരുപതിനായിരം കോടി രൂപ മുടക്കി കൂടംകുളത്ത് നിര്‍മിച്ച ആണവനിലയത്തെ സ്വന്തം ജനങ്ങളുടെ സുരക്ഷയെക്കരുതി എതിര്‍ക്കുകയാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. ഇക്കാര്യം എന്തുകൊണ്ട് തമിഴ്‌നാട് മനസ്സിലാക്കുന്നില്ല ?'' - ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാനും ഇതിനുവേണ്ടി ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ അത് താല്‍ക്കാലികമായെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയണം. ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ചിലപ്പോള്‍ വേനല്‍ക്കാലത്ത് ഊര്‍ജപ്രതിസന്ധിയുണ്ടാകുമെങ്കിലും ഇപ്പോള്‍ സുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. സാധാരണയായി രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കൊടുക്കുന്ന ജലത്തിന്റെ അളവിനെച്ചൊല്ലിയാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതൊരു പ്രശ്‌നമേയല്ല. തമിഴ്‌നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം അതേ അളവില്‍ നല്‍കുമെന്ന് ഞങ്ങള്‍ കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.




Govt firm on its stand for new dam: CM

കടല്‍മണല്‍ ഖനനം പഠനത്തിനുശേഷം മാത്രം മതി - മുഖ്യമന്ത്രി

തിരുവനന്തപുരം: കടല്‍മണല്‍ ഖനനം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ധീവരസഭാ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

മത്സ്യത്തൊഴിലാളി മേഖലകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതികള്‍ രൂപവത്കരിക്കും. ദേശീയ ജലപാതയുടെ പേരില്‍ നീക്കംചെയ്യപ്പെട്ട ഊന്നിവലകള്‍ക്കും ചീനവലകള്‍ക്കും 16 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

1986ല്‍ കരുണാകരന്‍ മന്ത്രിസഭ ധീവരസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി ഈ തീരുമാനം റദ്ദാക്കിയെന്നുകാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഒരു മന്ത്രിസഭാ തീരുമാനം റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് മാത്രമായി കഴിയില്ല. മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെയേ അത് കഴിയൂ. അതിനാല്‍ 1986-ലെ കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ധീവരസംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

സമ്പാദ്യ-ആശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ എ.പി.എല്‍, ബി.പി.എല്‍. വേര്‍തിരിവ് ഒഴിവാക്കണമെന്ന ധീവരസഭയുടെ ആവശ്യം ചര്‍ച്ചയില്‍ അംഗീകരിച്ചു.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എ.പി.അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.