UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 9, ബുധനാഴ്‌ച

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി



തിരുവനന്തപുരം: മലയാള സര്‍വകലാശാല ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതില്‍ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാളഭാഷക്ക് പരമാവധി പ്രാധാന്യം നല്‍കാനും വളര്‍ത്താനുമുള്ള കൂട്ടായ ശ്രമമുണ്ടാകണം. മലയാളത്തെ ഒന്നാം ഭാഷയാക്കുകയും പഠനം നിര്‍ബന്ധമാക്കുകയും ചെയ്തു. ശ്രേഷ്ഠ ഭാഷാ പദവിക്ക് കേന്ദ്രം ആവശ്യപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും നല്‍കി.ഭരണഭാഷ മലയാളമാക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. ഏറ്റവും വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇതിന്‍െറ നടപടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കവയിത്രി സുഗതകുമാരിയെ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. ഭാഷ നഷ്ടപ്പെടുമ്പോള്‍ സംസ്കാരമാണ് നഷ്ടപ്പെടുന്നതെന്ന് സുഗതകുമാരി പറഞ്ഞു. മലയാള ഭാഷയെ നഷ്ടപ്പെടുത്താനുള്ള അവിരാമ ശ്രമം നടക്കുന്നു. മലയാളം പറയുന്നത് ഇന്ന് അഭിമാനമല്ലാതായിരിക്കുന്നു. മലയാളത്തിന്‍െറ വേഷവും സംസ്കാരവും ഈണവുമെല്ലാം പോയി. ഇതൊന്നും അറിഞ്ഞുകൂടാത്ത പുതിയ തലമുറവളര്‍ന്നു കഴിഞ്ഞു. മലയാള കവിതകള്‍ കാണാതെ പഠിക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തണം. നമ്മുടെ ഈണത്തില്‍ കവിത ചൊല്ലി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. മലയാളം ഒന്നാം ഭാഷയാക്കിയ ഉത്തരവ് ചില സി.ബി.എസ്.ഇ, വി.എച്ച്.എസ്.സി, സംസ്കൃതം-അറബിക് സ്കൂളുകളില്‍ നടപ്പാക്കുന്നില്ല. ഇത് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കണം. മലയാളം സര്‍വകലാശാല എവിടെ വേണമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുഗതകുമാരി പറഞ്ഞു.

അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ജെ. മാത്യു സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു.

അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും - ഉമ്മന്‍ചാണ്ടി

കൊല്ലം: അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ യു.ഡി.എഫിന് വ്യക്തമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ സമീപനം യു.ഡി.എഫ്. സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ 39-ാമത് ചരമവാര്‍ഷിക ദിനാചരണം കൊല്ലം സിംസ് ആസ്​പത്രി വളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈഴവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരേയും മറ്റും പങ്കെടുപ്പിക്കാനുള്ളതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നിശ്ചയിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം ചര്‍ച്ച നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന മാനിച്ച് ചര്‍ച്ചയ്ക്ക് അരമണിക്കൂറോ അതിലേറെ സമയമോ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം കണ്ടതില്‍വച്ച് ഏറ്റവും ശക്തനായ നേതാവാണ് ആര്‍.ശങ്കറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. അദ്ദേഹം പ്രതിനിധീകരിച്ച ഏതു രംഗത്തും വിജയം കണ്ടെത്തി. മുഖ്യമന്ത്രി എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കത്തക്ക പ്രവര്‍ത്തനമായിരുന്നു ആര്‍.ശങ്കര്‍ ഏതുരംഗത്തും കാഴ്ചവച്ചത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്ത ആദ്യ മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കര്‍. ഏറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആദ്യമായി ആവിഷ്‌കരിച്ചത് ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്തായിരുന്നു. സാമൂഹിക ക്ഷേമപെന്‍ഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും മുഖ്യമന്ത്രി ആര്‍.ശങ്കറുടെ കാലത്തായിരുന്നു. വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഏറെ കാര്യങ്ങള്‍ ചെയ്തു. പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസരംഗത്തുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഒന്നിച്ച് അനുവദിച്ച മുഖ്യമന്ത്രി ആര്‍.ശങ്കറാണ്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം കൈക്കൊണ്ടത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടിയെ വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ ഒരു സമുദായത്തിനുംകഴിഞ്ഞില്ല. സമൂഹത്തിന്റെ വളര്‍ച്ച ഏവരുടെയും സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് ശങ്കര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കിയായിരുന്നു ആര്‍.ശങ്കര്‍ ഏതു പരിപാടിയും നടപ്പാക്കിയിരുന്നതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആധ്യക്ഷ്യം വഹിച്ചു.

2011, നവംബർ 8, ചൊവ്വാഴ്ച

ശബരിമല മാസ്റ്റര്‍പ്ലാന്‍: വേണമെങ്കില്‍ കൂടുതല്‍ പണം-മുഖ്യമന്ത്രി

പമ്പ(പത്തനംതിട്ട): ശബരിമല മാസ്റ്റര്‍പ്ലാനിന് വേണ്ടിവന്നാല്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അവലോകനയോഗത്തിനുശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മാസ്റ്റര്‍പ്ലാനിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍തന്നെ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സീസണ്‍ കഴിഞ്ഞാലുടന്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. ശബരിമല വികസനകാര്യത്തില്‍ സാധ്യതാപഠനം നടത്തും. തീര്‍ത്ഥാടനകാലത്തിനുമുമ്പ് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ സീസണ്‍ കഴിഞ്ഞ് അവലോകനയോഗം നടത്തും. വീഴ്ച വരുത്തിയവരായിരിക്കും അതിന്റെ ഉത്തരവാദികള്‍.

ഇത്തവണ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനുസരണം യാത്രാസൗകര്യം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി. പരമാവധി ശ്രമിക്കും. 500 പുതിയ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബസ്സുകളുടെ ചേസിസ് കിട്ടുന്ന മുറയ്ക്ക് ബോഡി നിര്‍മ്മാണവും നടക്കുന്നുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

പേര് ശരണസേതു സന്നിധാനത്ത് ബെയ്‌ലിപാലം തുറന്നു

ശബരിമല: ശബരിമല സന്നിധാനത്ത് പുതിയതായി നിര്‍മ്മിച്ച ബെയ്‌ലിപാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
93 ദിവസംകൊണ്ടാണ് 'ശരണസേതു' എന്ന പേരില്‍ അറിയപ്പെടുന്ന ബെയ്‌ലിപാലവും സമീപനറോഡും പണി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ ബെയ്‌ലിപാലം റാന്നിയില്‍ 1996ലാണ് സ്ഥാപിച്ചത്. കരസേനയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്.

പാലം നിര്‍മ്മാണത്തില്‍ കരസേനയുടെ സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുന്‍കൈയെടുത്ത പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ അദ്ദേഹം അനുമോദിച്ചു.

ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം.മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്‍േറാ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

എം.ഇ.ജി.യെ പ്രതിനിധീകരിച്ചെത്തിയ മേജര്‍ ജനറല്‍ സുബ്രദോമിശ്ര, സമീപനറോഡ് നിര്‍മ്മിച്ച കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.ജന്‍ഗന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും ബോര്‍ഡ് അംഗം കെ.വി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു.

ശരണപാതയില്‍ മുഖ്യമന്ത്രി നടന്നു കയറി

ശബരിമല: ശരണപാതയില്‍ മുഖ്യമന്ത്രിയുടെ അതിവേഗത്തിനൊപ്പമെത്താന്‍, മന്ത്രിമാരായ ശിവകുമാറും തിരുവഞ്ചൂരും പലപ്പോഴും ബുദ്ധിമുട്ടി. നടന്നൊരു മലകയറ്റത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ മന്ത്രി കെ.എം.മാണിയുടെ യാത്ര ഡോളിയിലായിരുന്നു.

പമ്പയിലെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം വിശ്രമമില്ലാതെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മല കയറിയത്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയില്‍ അപ്പാച്ചിമേട്ടിലും ശബരീപീഠത്തിലും മാത്രമായിരുന്നു വിശ്രമം. ക്ഷീണം തീര്‍ക്കാന്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ 'ആവശ്യത്തിന് കുടിക്കുന്നുണ്ടെന്ന' മുഖ്യമന്ത്രിയുടെ മറുപടി ചിരി പടര്‍ത്തി. കാലിന് പരിക്കേറ്റശേഷം ഉമ്മന്‍ചാണ്ടിയുടെ ആദ്യ ശബരിമല യാത്രയായിരുന്നു തിങ്കളാഴ്ചത്തേത്.ഇതിന്റെ വിഷമതകളൊന്നും മലകയറ്റത്തെ ബാധിച്ചില്ലെന്നും എല്ലാം അയ്യപ്പന്‍ കാത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വികസനത്തിലെ പ്രശ്‌നം വനഭൂമിയുടെ ലഭ്യതയാണ്.യു.പി.എ.സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഈ പ്രതിസന്ധിക്ക് മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെത്തി ഉച്ചഭക്ഷണത്തിനുശേഷം മുഖ്യമന്ത്രിയും സംഘവും പോലീസ്‌മെസ്ഹാള്‍ സന്ദര്‍ശിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ക്ക് കുറവുണ്ടാകാരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി മടങ്ങുമ്പോഴേയ്ക്കും സന്നിധാനത്ത് മഴ തുടങ്ങിയിരുന്നു. മഴയത്ത് മലയിറങ്ങിയ സംഘം ഏഴുമണിക്ക് പമ്പയിലെത്തി.

2011, നവംബർ 6, ഞായറാഴ്‌ച

14 മണിക്കൂര്‍ നീണ്ട ജനകീയമേളയില്‍ തീര്‍പ്പായത് 11,000 അപേക്ഷകള്‍

കോഴിക്കോട്: രാവിലെ പത്ത് മണിക്കു തുടങ്ങി അര്‍ധരാത്രിവരെ തുടര്‍ന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഗണിച്ചത് 11,000-ത്തിലധികം പരാതികള്‍. വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത 7,800 അപേക്ഷകളിലും ശനിയാഴ്ച നേരിട്ടെത്തിയ 3,500 അപേക്ഷകളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരു കോടി രൂപയോളം അനുവദിച്ചു. എത്ര രൂപയാണ് നല്‍കിയതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. രാവിലെ പത്ത് മണി മുതല്‍ മുഖ്യമന്ത്രി ഓരോരുത്തരുടെയും പരാതി നേരിട്ട് കേട്ട് തീരുമാനം പറഞ്ഞു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സഹായമായി അനുവദിച്ചത്.

മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പാക്കി അപേക്ഷയ്ക്ക് മുകളില്‍ അനുവദിച്ച തുക എഴുതും. ഈ തുകയ്ക്കുള്ള ചെക്ക് ബന്ധപ്പെട്ട താലൂക്ക് അധികൃതര്‍ അപ്പോള്‍ത്തന്നെ കൗണ്ടറില്‍നിന്ന് നല്‍കും. വൈകുന്നേരം നാല് മണിയായപ്പോഴാണ് മുഖ്യമന്ത്രി ലഘുഭക്ഷണം കഴിച്ചത്. ഇടതടവില്ലാതെ രാത്രി എട്ട് മണിവരെ വേദിയിലിരുന്ന് പരാതികേട്ട മുഖ്യമന്ത്രി ഇടയ്ക്ക് അരമണിക്കൂര്‍കൊണ്ട് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി.

റവന്യൂ, സര്‍വേ, പഞ്ചായത്ത്, കോര്‍പറേഷന്‍, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, മൈനിങ് ആന്‍ഡ് ഇറിഗേഷന്‍, വൈദ്യുതി ബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഹജ്ജ്, നോര്‍ക്ക, മോട്ടോര്‍ വാഹനം, പൊലീസ്, എക്സൈസ്, വനം, ജയില്‍, ഫയര്‍ഫോഴ്സ്, വില്‍പന നികുതി, ബാങ്ക് രജിസ്ട്രേഷന്‍, കൃഷി, എംപ്ളോയ്മെന്‍റ്, ജലസേചനം, മൃഗസംരക്ഷണം തുടങ്ങി അറുപതില്‍പരം സര്‍ക്കാര്‍ വകുപ്പുകള്‍, ബി.എസ്.എന്‍.എല്‍, കേന്ദ്രീയ വിദ്യാലയം, എല്‍.ഐ.സി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച പതിനായിരത്തോളം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഏഴ് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
നേരത്തേ ലഭിച്ച പരാതികളില്‍ മൂവായിരത്തോളം എണ്ണം ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ള  ചിലതില്‍ മുഖ്യമന്ത്രി തീര്‍പ്പുകല്‍പിച്ചു. സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിച്ച് തീര്‍പ്പാക്കാന്‍ മാറ്റിവെച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ പടുകൂറ്റന്‍ പന്തലിലായിരുന്നു ചടങ്ങുകള്‍. പരാതിക്കാരുടെ നീണ്ട ക്യൂ പന്തല്‍ കഴിഞ്ഞ് റോഡുവരെയെത്തി. ഉദ്ഘാടനചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു.
വാഹന പണിമുടക്ക് മൂലം ശനിയാഴ്ച എത്താന്‍ കഴിയാതിരുന്നവര്‍ക്കായി നവംബര്‍ ഒമ്പതിന് ഇതേ വേദിയില്‍ വീണ്ടും ജനസമ്പര്‍ക്ക പരിപാടി നടത്തും. അന്ന് മുഖ്യമന്ത്രി ഉണ്ടാവില്ല.

അര്‍ഹമെങ്കില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കും- മുഖ്യമന്ത്രി

കോഴിക്കോട്: തീര്‍ത്തും അര്‍ഹതപ്പെട്ട പരാതികളില്‍ എ.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് മുകളില്‍) റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് താഴെ) ആക്കിനല്‍കുമെന്നും ഇതിനായി മന്ത്രിസഭ പൊതുമാനദണ്ഡം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച ബഹുജനസമ്പര്‍ക്ക പരിപാടി സമാപിച്ചശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പര്‍ക്കപരിപാടിയില്‍ 11,000ത്തില്‍പ്പരം പരാതികള്‍ ലഭിച്ചതില്‍ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കിക്കിട്ടാന്‍ നിരവധി അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ തീര്‍ത്തും ന്യായമായ ചില പരാതികള്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ മന്ത്രിസഭ നിശ്ചയിക്കുന്ന പൊതുമാനദണ്ഡപ്രകാരം ജില്ലാകളക്ടര്‍ പരിശോധിച്ച് തീര്‍പ്പ്കല്‍പ്പിക്കും.

ശരീരം പൂര്‍ണമായി തളര്‍ന്നുകിടക്കുന്നവര്‍, ഗൃഹനാഥന്‍ മരിച്ച കേസുകള്‍, അംഗവൈകല്യം സംഭവിച്ചവര്‍, പുറമ്പോക്കില്‍ കഴിയുന്നവര്‍, പൂര്‍ണമായും വാസയോഗ്യമായ വീടുകളില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തിലാണെങ്കില്‍ അത് ബി.പി.എല്ലിലാക്കി നല്‍കും. വായ്പ എടുത്ത് ഗൃഹനാഥന്‍ മരിച്ച കേസുകളില്‍ ഉദാരമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപണിമുടക്കായിട്ടും ജനസമ്പര്‍ക്കപരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച ജനപ്രതിനിധികളെയും ജില്ലാഭരണകൂടത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ആയിരംപേര്‍ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ആയിരംപേര്‍ക്ക് പട്ടയവും ദുരിതാശ്വാസസഹായവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ജനകീയമേളയായി. രോഗം തളര്‍ത്തിയ ശരീരവുമായി നിരാലംബരായി കഴിയുന്നവരുള്‍പ്പെടെ കണ്ണീരും പരിഭവവുമായി സഹായത്തിന്റെ കൈത്താങ്ങിനായി എത്തിയവരെ ആദ്യം സദസ്സിലേക്ക് ഇറങ്ങിവന്നുകണ്ട് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നു.

ഭരണവും ജനങ്ങളുംതമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്കപരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പണിമുടക്കായിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെത്തന്നെ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ പരാതിയും നിവേദനവുമായി സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ ജനസമ്പര്‍ക്കപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 11,000 പരാതികള്‍ക്ക് പരിഹാരവേദിയായി.

2008 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരംപേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും 25 പേര്‍ക്ക് കൈവശരേഖയും കുന്ദമംഗലം നാല് സെന്റ് കോളനിയില്‍ 30 പേര്‍ക്കും വടകരയില്‍ 14 പേര്‍ക്കും പട്ടയവും നല്‍കി. ഈയ്യപ്പടി കോളനിയിലെ സോഫിയസക്കറിയയ്ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രി പരിപാടിക്ക് തുടക്കമിട്ടു. ദേശീയ കുടുംബസഹായ പദ്ധതിയുടെ ധനസഹായവിതരണം, ദുരിതാശ്വാസധനസഹായം, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച 24 പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, മരംകയറ്റ തൊഴിലാളി ക്ഷേമനിധി ധനസഹായം തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ചടങ്ങില്‍വെച്ച് വിതരണം ചെയ്തു. ആകെ ലഭിച്ച 10,000 പരാതികളില്‍ മൂവായിരത്തില്‍ നേരത്തേതന്നെ ഉദ്യോഗസ്ഥര്‍ പരിഹാരം കണ്ടിരുന്നു. ഇത് വിവിധ വകുപ്പുകളുടെ ഏഴ് കൗണ്ടറുകളിലൂടെ വിതരണം ചെയ്തു. ചികിത്സാസഹായം ഉള്‍പ്പെടെ വിവിധ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ, നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനുള്ള നീണ്ട നിര വൈകുന്നേരം വരെ തുടര്‍ന്നു.

പണിമുടക്കായതിനാല്‍ ശനിയാഴ്ച നേരിട്ടെത്താന്‍ കഴിയാതിരുന്നവരുടെ പരാതികള്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒമ്പതിന് ബുധനാഴ്ച പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.എല്‍.എ. മാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ പി.ബി. സലീം സ്വാഗതം പറഞ്ഞു.




Oommen Chandy launches State-wide 'People Contact Programme'

2011, നവംബർ 4, വെള്ളിയാഴ്‌ച

വി.എസിന്റെ സ്വകാര്യകേസുകള്‍: പണം സര്‍ക്കാര്‍ നല്‍കില്ല


കോട്ടയം : വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ സുപ്രീംകോടതിയില്‍ വിവിധ കേസുകള്‍ക്ക്‌ അഭിഭാഷകരെ നിയോഗിച്ച വകയില്‍ ചെലവായ തുക സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്നു നിയമോപദേശം. വി.എസ്‌. നല്‍കിയ കേസുകളുടെ നിയമനടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും നടപടിക്രമമനുസരിച്ചു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതുവഴി ഒരുകോടിയോളം രൂപയാണു സര്‍ക്കാരിനു ബാധ്യത. ലോട്ടറിക്കേസില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതിനാണു കൂടുതല്‍ പണം ചെലവായത്‌.

നടപടിക്രമം പാലിക്കാതെയാണു വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചതിന്റെ അടിസ്‌ഥാനത്തിലാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്‌.

ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു പുറത്തുനിന്ന്‌ അഭിഭാഷകരെ നിയോഗിച്ചതെന്നാണു വി.എസിന്റെ നിലപാട്‌. എന്നാല്‍, സര്‍ക്കാരിനു വിശ്വാസമില്ലാത്ത അഭിഭാഷകരെ അഡ്വക്കേറ്റ്‌ ജനറല്‍ ഉള്‍പ്പെടെ പ്രധാനപദവികളില്‍ നിയോഗിച്ചതിനെപ്പറ്റി മറുപടി പറയാന്‍ വി.എസിനു ബാധ്യതയുണ്ടെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വി.എസിന്റെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അഴിമതിക്കേസുകളില്‍ അഭിഭാഷകരെ നിയോഗിച്ചതു പാര്‍ട്ടിയുടെ ചെലവിലല്ലെന്നും അലവന്‍സും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണു കേസ്‌ നടത്തുന്നതെന്നുമാണു വി.എസ്‌. പറഞ്ഞത്‌.

എന്നാല്‍, വി.എസ്‌. കേസ്‌ നടത്തിയതു പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ ചെലവിലാണെന്നു കോടതി പരാമര്‍ശത്തിന്റെ പശ്‌ചാത്തലത്തില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.

2011, നവംബർ 3, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പിനു മുന്‍പ് ജേക്കബ് വിഭാഗത്തിന് മന്ത്രിയുണ്ടാകില്ല:ഉമ്മന്‍ചാണ്ടി

തിരഞ്ഞെടുപ്പിനു മുന്‍പ് ജേക്കബ് വിഭാഗത്തിന് മന്ത്രിയുണ്ടാകില്ല:ഉമ്മന്‍ചാണ്ടി



ജേക്കബിനു പകരം മന്ത്രിയാരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യവകുപ്പിന്റെ ചുമതല തല്‍ക്കാലം താന്‍ വഹിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിയെ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എം.ജേക്കബിന്റെ കുടുംബത്തില്‍നിന്നൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നത് യാക്കോബായ സഭയുടെ ഔദ്യോഗിക നിലപാടാണെന്ന് ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ് പറഞ്ഞു.ഈ ആവശ്യം സര്‍ക്കാരിനെ അറിയിക്കും. അതെസമയം, മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേരും. രാവിലെ 11നാണ് യോഗം.പാര്‍ട്ടി നിര്‍ദേശിക്കുന്നയാളെ മന്ത്രിയാക്കി പിറവം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫിനോടാവശ്യപ്പെടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

യോഗത്തിനുശേഷം മുഖ്യമന്ത്രിയെയും കെ പി സി സി അധ്യക്ഷനെയും ഘടകകക്ഷിനേതാക്കളെയും കണ്ട് തങ്ങളുടെ ആവശ്യം അറിയിക്കാനാണ് തീരുമാനം.