UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

സ്മാര്‍ട്ട്‌സിറ്റി: ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും


കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാക്കനാട്ടെ പദ്ധതി പ്രദേശത്ത് സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് 'സ്മാര്‍ട്ട്‌സിറ്റി കൊച്ചി പവലിയന്റെ' നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികളും പദ്ധതിയുടെ സംരംഭകരായ ടീകോമിന്റെ ഉന്നത മേധാവികളും നാട്ടുകാരുമെല്ലാം തിങ്ങി നിറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതോടെ പുറത്തെ ഭൂമിയില്‍ ജെ.സി.ബി.ഉപയോഗിച്ച് പ്രതീകാത്മകമായി മണ്ണ് നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു.

സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ നിര്‍മ്മാണം മൂന്നര മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങും. 20 മാസത്തിനകം കെട്ടിടം പണി പൂര്‍ത്തിയാകും. രണ്ട് വര്‍ഷത്തിനകം സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍മുല്ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഇനി ഒരു തരത്തിലും വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള പദ്ധതിയാണിത്. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതി കൂടിയാണിത്. അതിനാല്‍ തന്നെ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ ടീകോം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിക്കാവശ്യമായ തുക മാറ്റിവച്ചതായി ടീകോം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അഞ്ചുവര്‍ഷം കൊണ്ട് 12 ലക്ഷം വീട്

കൃഷിക്കും ക്ഷേമത്തിനും ഐ.ടിക്കും ഊന്നല്‍
ഒരുലക്ഷം കോടിയുടെ പദ്ധതി അടങ്കല്‍
വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കും
കര്‍ഷകര്‍ക്ക് സബ്‌സിഡി നേരിട്ട്


തിരുവനന്തപുരം: ഭവനരഹിതരായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് വീട് നിര്‍മിച്ചുനല്‍കാനും വൈദ്യുതി മേഖലയില്‍ അഞ്ചുവര്‍ഷംകൊണ്ട് 100 ശതമാനം ഉത്പാദനവര്‍ധന കൈവരിക്കാനും ലക്ഷ്യമിടുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗം രൂപം നല്‍കി. 12-ാം പദ്ധതിയില്‍ കേരളം ലക്ഷ്യമിടുന്നത് 1,00,000 കോടി രൂപയ്ക്കും 1,05,000 കോടി രൂപയ്ക്കും ഇടയിലുള്ള പദ്ധതി അടങ്കലാണ്. കൃഷി, സാമൂഹ്യക്ഷേമം, ഐ.ടി. തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സമീപനരേഖ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.

11-ാം പദ്ധതിയില്‍ 40422 കോടി രൂപയുടെ പദ്ധതിയടങ്കലാണ് കേരളത്തിനുണ്ടായിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന ആസൂത്രണ ബോര്‍ഡ്‌യോഗം രൂപംകൊടുത്ത 12-ാം പദ്ധതിയുടെ സമീപനരേഖയ്ക്ക് വിവിധതലങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം അന്തിമരൂപം നല്‍കുമെന്ന് ആസൂത്രണബോര്‍ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഇ-ഗവേണന്‍സ് പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ആസൂത്രണബോര്‍ഡ് യോഗം വിലയിരുത്തി. ഇ-ഗവേണന്‍സ് സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട നടപടികള്‍ അടുത്ത പദ്ധതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതിന് മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണി, റോഡ് നിര്‍മാണം എന്നിവ നവീകരിക്കും. ഇതിനു വേണ്ട ശാസ്ത്രീയ പ്രായോഗിക സമീപനത്തിനു രൂപം നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധതരം സബ്‌സിഡികള്‍ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ദേശീയവരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഐ.ടി. രംഗത്ത് കേരളത്തിന്റെ സംഭാവന. ഇതുമാറ്റി ഐ.ടി. രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ 12-ാം പദ്ധതിയിലുണ്ടാകും.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വൈദ്യുതി ഉത്പാദനം 100 ശതമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ചെറിയ ജലവൈദ്യുത പദ്ധതികളില്‍ പരമാവധി ഉത്പാദനം സാധ്യമാക്കും. 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കല്‍ക്കരി വൈദ്യുതനിലയം കേരളത്തിനു പുറത്ത് സ്ഥാപിക്കാന്‍ ശ്രമിക്കും. വൈദ്യുതരംഗത്ത് 100 ശതമാനം ഉത്പാദന വര്‍ധന യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കാന്‍ ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിക്കും.

വ്യത്യസ്തശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിശീലനം, തൊഴില്‍ ഇവ മൂന്നും ചേര്‍ന്ന പദ്ധതിയാണ് നടപ്പാക്കുക.
കേരളത്തില്‍ വീടില്ലാത്ത 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീടുനല്‍കുകയെന്നത് 12-ാംപദ്ധതിയിലെ മുഖ്യലക്ഷ്യമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഭവനപദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഭൂമിയുള്ളവര്‍ക്ക് വീട് നല്‍കാനുള്ളതാണ് കേന്ദ്രപദ്ധതി. അതിനാല്‍ ഭൂമി നല്‍കുന്ന ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

1,05,000 കോടി രൂപയുടെ പദ്ധതിയടങ്കലിന് രൂപം നല്‍കുന്നത് സംസ്ഥാനത്തിന്റെ വിഭവങ്ങളെ മാത്രമല്ല ആശ്രയിക്കുന്നതെന്നും ബാങ്കിങ്, സ്വകാര്യമേഖല തുടങ്ങിവയെയെല്ലാം ആശ്രയിക്കുമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശികള്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവരില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിക്കും രൂപം നല്‍കും. 'എമര്‍ജിങ് കേരള' പദ്ധതിക്ക് വികസന നിക്ഷേപസാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുതകുന്ന രീതിയില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, അംഗങ്ങളായ ഇ. ശ്രീധരന്‍, സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


മലയാളത്തിനു വൈകാതെ ക്ലാസിക്‌ പദവി

തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കു വൈകാതെ ക്ലാസിക്‌ പദവി ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടുംവൈകാതെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടു കൈക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.പുതുശേരി രാമചന്ദ്രന്റെ ശതാഭിഷേകത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസിക്‌ പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്‌ഥാനത്തിന്റെ ഫയലില്‍ ചില പോരായ്‌മകള്‍ കണ്ടപ്പോള്‍ പുതുശേരിയാണു തിരുത്തിയത്‌. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും മലയാളഭാഷക്കു ക്ലാസിക്‌ പദവി ലഭിക്കുക. സാമൂഹിക വിമര്‍ശനത്തിന്റെ നല്ല ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയ വ്യക്‌തിയാണ്‌ അദ്ദേഹം. മലയാള സര്‍വകലാശാല സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി ജോസഫ്‌ അധ്യക്ഷത വഹിച്ചു.

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

എഴുത്താശാനായി ഉമ്മന്‍ചാണ്ടി; കുസൃതിയുമായി കുരുന്ന്

തിരുവനന്തപുരം: പുതുപ്പള്ളിക്കാരന്‍ കുരുന്നിന്റെ കുസൃതിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി ഒന്നു പകച്ചു. അച്ഛന്റെ മടിയിലിരുന്ന വര്‍ഗീസ് സാബുവിന്റെ നാവില്‍ ആദ്യക്ഷരം പകരാനായിരുന്നു ആചാര്യനായ മുഖ്യമന്ത്രിയുടെ ശ്രമം. സ്വതഃസിദ്ധമായ വേഗത്തിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കൈതട്ടിമാറ്റിയായിരുന്നു പുതുപ്പള്ളിക്കാരന്റെ കുസൃതി. അപ്രതീക്ഷിതമായ എതിര്‍പ്പില്‍ ഉമ്മന്‍ചാണ്ടിയും ഒന്നുപതറി. പൊട്ടിച്ചിരിയോടെ വീണ്ടും അദ്ദേഹം കുരുന്നിനോട് അടുത്തു. അല്‍പ്പനേരത്തെ പിണക്കത്തിനൊടുവില്‍ മുഖ്യമന്ത്രിയോട് കുരുന്ന് ഇണങ്ങി. പൊന്‍മോതിരം കൊണ്ട് വര്‍ഗീസ്‌സാബുവിന്റെ നാവില്‍ അദ്ദേഹം അക്ഷരമെഴുതി. പിന്നീട് കൈപിടിച്ചും ഹരിശ്രീ കുറിപ്പിച്ചു. പുതുപ്പള്ളി കുറ്റിക്കല്‍ ഹൗസില്‍ സാബുവിന്റെ മകനാണ് രണ്ടരവയസ്സുകാരനായ വര്‍ഗീസ് സാബു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനും ദേശീയബാലതരംഗവും സബര്‍മതിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭത്തില്‍ അഞ്ചുകുട്ടികള്‍ക്കാണ് മുഖ്യമന്ത്രി അക്ഷരമെഴുതിച്ചത്. വിസ്മയവിനോദ്, അലിംഅക്തര്‍, എം.ജെ.മഹാദേവന്‍, ദേവനാരായണന്‍ എന്നിവരെയും അദ്ദേഹം അക്ഷരവിദ്യ തുടങ്ങിച്ചു. ബുധനാഴ്ച രാവിലെ 6.15 നാണ് മുഖ്യമന്ത്രി വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെത്തിയത്. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.എം.ആര്‍.തമ്പാന്‍, ഡോ. ബഷീര്‍ മൗലവി, ഗിരിജാ ചന്ദ്രന്‍ എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി. നൃത്തം, ചിത്രകല എന്നിവയിലും വിദ്യാരംഭം നടന്നു. എണ്‍പതോളം കുട്ടികള്‍ അക്ഷരമെഴുതി.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

റോഡപകടം: പരിക്കേറ്റവരെ സഹായിക്കുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കരുത്

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് ആസ്​പത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അപകട രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആസ്​പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുമായി തുക വകയിരുത്തും.

ടിപ്പര്‍ ലോറി മുഖേനയുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്​പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍മൂലം റോഡപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. 2007-ല്‍ 38432 അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2010 ല്‍ 33734 ആയി കുറഞ്ഞിട്ടുണ്ട്. 2011 സപ്തംബര്‍ 25 വരെ 24529 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007 ല്‍ 3615 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. 2010 ല്‍ ഇത് 3688 ആയി. 2011 സപ്തംബര്‍ 25 വരെ 2756 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. അപകടങ്ങളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് റോഡ് സുരക്ഷയില്‍ നാം ജാഗരൂകരാകേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

രാജി ഒന്നിനും പരിഹാരമല്ലെന്ന്

തിരുവനന്തപുരം: രാജികൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും അന്വേഷിച്ച് സത്യം കണ്ടെത്തുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ അദ്ദേഹം രാജിവെയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ വി.എ. അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി എടുത്ത വി.എസ്. തനിക്കും തന്റെ ഓഫീസിനുമെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.

വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറഞ്ഞതിനാലാണ് എഴുതി നല്‍കിയത്. എന്നാല്‍ എഴുതിനല്‍കിയപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി ഏകപക്ഷീയമായ നിലപാട് എടുത്തു. ലോകായുക്തയുടെ അധികാര പരിധിയില്‍ വരാത്ത അന്വേഷണമാണ് ലോകായുക്തക്ക് വിട്ടത്. അന്നേ താന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി. എസി നെതിരെ വിജിലന്‍സ് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ള തന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെ വിളിച്ചിട്ടുണ്ടെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പിള്ളയുടെ ഫോണ്‍ വിളി അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് പറയുന്ന വിധം അന്വേഷണോദ്യോഗസ്ഥരെ കൂടെക്കൂടെ മാറ്റണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ പോലും നിയമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാളകം ആര്‍.വി.വി. ഹൈസ്‌കൂളില്‍ അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ അധ്യാപകന്റ മൊഴി നിര്‍ണായകമാവുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് സ്‌കൂളിനെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനനയം ഉടന്‍

കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയോജനനയം ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോക വയോജനദിനത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളം സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

വയോജന ഉപദേശകസമിതി പുനസ്സംഘടിപ്പിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നട അണിയിച്ച് ആദരിച്ചു.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്



തിരുവനന്തപുരം: വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പാക്കേജ് ആലോചിക്കുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് പ്രവാസി സംഗമം സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന എമര്‍ജിങ് കേരളയുടെ മുന്നോടിയായി വിദേശത്തുവെച്ച് പ്രവാസി സംഘടനകളുടെ യോഗം വിളിക്കും. ഉത്സവ സീസണില്‍ എയര്‍ ഇന്ത്യ യാത്രക്കൂലി കുത്തനെ ഉയര്‍ത്തുന്നത് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. 60 കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നടപ്പാക്കും. വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനും നിയമ പരിരക്ഷക്കും ശ്രമിക്കും. വിദേശ രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ എംബസികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരെ മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കും.മൃതദേഹം നാട്ടില്‍കൊണ്ടുവരാന്‍ സ്പോണ്‍സര്‍മാരും മറ്റും സഹായിക്കുന്നില്ളെങ്കില്‍ അതിനായി കാരുണ്യം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മലയാള പഠനത്തിനും സംവിധാനമൊരുക്കും.

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ തുക രണ്ട് ലക്ഷമായി ഉയര്‍ത്തും. അംഗവൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കും. വിദേശതൊഴിലിനായി പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പരിമിതമായ സാമ്പത്തിക വിഹിതവും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തി ഫലപ്രദമായ പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം



കോട്ടയം: ആരോഗ്യമുള്ള എല്ലാവരും വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മാലിന്യവിമുക്തകേരളം കര്‍മപരിപാടിയില്‍ പങ്കെടുക്കണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ശുചിത്വോത്സവം -2011’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന വലിയ പ്രതിസന്ധി മാലിന്യക്കൂമ്പാരമാണ്. ഇതിന്‍െറ ഫലമായി പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധികളും തുടര്‍ച്ചയായി സംഭവിക്കുന്നു. ആഘാതം നേരിടുന്ന പ്രദേശങ്ങള്‍ മാറിമാറി വരുന്നുവെന്നല്ലാതെ ഇവയെ പൂര്‍ണമായി വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ എല്ലാവരുടെയും സഹായത്തോടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ് വേണ്ടത്. മാലിന്യവിമുക്ത വിദ്യാലയം പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് തയാറാക്കിയ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല്‍ ഗ്രാമപുരസ്കാരം നേടിയ പഞ്ചായത്തുകള്‍ക്കുളള ആദ്യ വിഹിതം വൈക്കം ബ്ളോക് പഞ്ചായത്തിനും ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിനും മന്ത്രി നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് മാസ്ക്, ഗ്ളൗസ് എന്നിവ ജോസ് കെ. മാണി എം.പി വിതരണം ചെയ്തു. മാലിന്യം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുകള്‍ ആന്‍േറാ ആന്‍റണി എം.പി വിതരണം ചെയ്തു. യോഗത്തില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍, തദ്ദേശഭരണ സെക്രട്ടറി ആര്‍.കെ. സിങ്, കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുരേഷ് കുമാര്‍, ത്രേസ്യാമ്മ ജോര്‍ജ്, അംഗങ്ങളായ എന്‍.ജെ. പ്രസാദ്, ഫില്‍സണ്‍ മാത്യൂസ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജി ജോര്‍ജ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ രാജം ഡി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മിനി ആന്‍റണി സ്വാഗതവും ജോര്‍ജ് ചാക്കച്ചേരി പദ്ധതി വിശദീകരണവും നടത്തി. കെ.ബി. ശിവദാസ് നന്ദി പറഞ്ഞു.

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ബാലകൃഷ്ണപിള്ള വിളിച്ചിട്ടില്ല

തൃക്കാക്കര: ആര്‍.ബാലകൃഷ്ണപിള്ളയെ താന്‍വിളിച്ചിട്ടില്ലെന്നും തന്നെ പിള്ളയും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഇങ്ങനെ പറയരുതെന്നും, ഏതു വിധത്തില്‍ വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാക്കനാട്ട് പറഞ്ഞു. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തിന്റെ പ്രതികരണമാരായാന്‍ വാര്‍ത്താലേഖകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വളഞ്ഞപ്പോള്‍. എറണാകുളം ജില്ലാ ആസൂത്രണ സമിതിയുടെ സെക്രട്ടേറിയറ്റ് മന്ദിരം കാക്കനാട്ട് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുകയായിരുന്നു മുഖ്യമന്ത്രി.