UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി -ഉമ്മന്‍ചാണ്ടി

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്താണ് പാമോയില്‍ ആക്ഷേപത്തിലൂടെ തനിക്ക് കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോയില്‍ കേസില്‍ 20 വര്‍ഷം തന്‍െറ പേര് ആരും പറയാതിരുന്നിട്ട് പെട്ടെന്ന് പറഞ്ഞപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ടൈറ്റാനിയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം വന്നപ്പോള്‍ അക്കാര്യം ബോധ്യമായി. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉമ്മന്‍ചാണ്ടി നൂറ് കോടിയുടെ അഴിമതി നടത്തിയെന്ന വി. ശിവന്‍കുട്ടിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതിയില്‍ മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നാണ് ശിവന്‍കുട്ടി ആരോപിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ 32 സ്ഥാപനങ്ങള്‍ പൂട്ടാനാണ് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി കത്ത് തന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കിയാല്‍ എ.എഫ്.എ.സി.ടിയും ടൈറ്റാനിയവും പൂട്ടാതിരിക്കാമെന്ന വ്യവസ്ഥയും അവര്‍ മുന്നോട്ടുവെച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ടുപോയത്.
അഴിമതിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന് പദ്ധതി നടത്താതിരിക്കാമായിരുന്നല്ളോ. പദ്ധതിയുടെ ചെലവ് കുറഞ്ഞുവെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഉല്‍പാദനം കൂട്ടി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയാണ് തന്‍െറ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലിനീകരണം കുറയ്ക്കാനുള്ള പദ്ധതി മാത്രമാണ് എല്‍.ഡി.എഫ്നടപ്പാക്കിയത്.

കഴിഞ്ഞ സര്‍ക്കാറാണ് പദ്ധതി നടപ്പാക്കിയതും മാറ്റം വരുത്തിയതും. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കഴിഞ്ഞ നാല്വര്‍ഷം കൊണ്ട് വിജിലന്‍സ് അന്വേഷണം നടത്തി കണ്ടെത്താത്തതെന്താണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു തെളിവും കിട്ടാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്നത്.

പാമോയില്‍ കേസ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതിന് താഴെയുള്ള കാര്യങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുള്‍പ്പെട്ട കേസായതിനാല്‍ സര്‍ക്കാറിന്‍െറ പ്രധാന അഭിഭാഷകനൊന്നുമല്ല ഹൈകോടതിയില്‍ ഹാജരായത്.

പാമോയില്‍ കേസിന്‍െറ അന്വേഷണത്തെ ബാധിക്കുന്ന ഒരുഇടപെടലും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുഴുവന്‍ വാഹനങ്ങളെയും ബാധിക്കുന്ന വിധത്തില്‍ മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമത്തിന്‍െറ ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്.ഡ്രൈവര്‍മാരുടെ പരിചയം, വാഹനങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെ കാര്യങ്ങളില്‍ മാറ്റം വരണം. സ്കൂളുകളുടെ ഒൗദ്യോഗിക വാഹനങ്ങളെക്കാള്‍ സ്വകാര്യ കരാര്‍ വാഹനങ്ങളാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതില്‍ ഏറെയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമസമരം നിരുല്‍സാഹപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ പ്രതിപക്ഷത്തോട് യുദ്ധ പ്രഖ്യാപനത്തിനില്ളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നടന്നത് ജനാധിപത്യ സമരങ്ങളായിരുന്നില്ല. എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ള 556 പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റാണ് ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. അത്തരം ഉദ്യോഗസ്ഥരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കണമോയെന്ന കാര്യവും പരിശോധിക്കും. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിയതാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.വര്‍ഷങ്ങളായി പീഡനങ്ങള്‍ക്ക് വിധേയമായിരുന്ന ആദിവാസികള്‍ ഉള്‍പ്പെട്ട അവിവാഹിത അമ്മമാരില്‍ പലരില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി വാങ്ങിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിവാഹിതരായ മാതാക്കളുടെ കുട്ടികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കും.പ്രതിപക്ഷം ആഹ്വാനം ചെയ്ത കരിദിനത്തില്‍ കറുത്ത കച്ചകെട്ടി വന്നവരെയാണ് പൊലീസ് തടഞ്ഞത്. അവര്‍ പ്രതിപക്ഷ അനുകൂല സംഘടനയില്‍പെട്ടവരുമായിരുന്നു. അല്ലാതെ ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന യാതൊരു നടപടിയുമുണ്ടായില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദമായ കേരളം സൃഷ്ടിക്കുന്നതിനായുള്ള നയം രൂപവത്രിക്കാനായി ബി. സുഗതകുമാരി അധ്യക്ഷയും ലിഡാ ജേക്കബ്, ശാരദാ മുരളീധരന്‍, സുനിതാകൃഷ്ണന്‍, മല്ലികാ സാരാഭായി എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അഴിമതിക്കെതിരായി കര്‍ശനനടപടി സ്വീകരിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ്സെക്രട്ടറി മോഹന്‍കുമാര്‍ അധ്യക്ഷനും മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍, സാമുവല്‍ പോള്‍, രഘുനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാലിന്യവിമുക്ത കേരളം കര്‍മപദ്ധതിയായി; പനി നിയന്ത്രണ വിധേയം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ കരട് രൂപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പനി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിന്റെ കരട് രൂപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇത് എല്ലാ എം.എല്‍.എ.മാര്‍ക്കും വിതരണം ചെയ്യും. വൈകീട്ട് സര്‍വകക്ഷിയോഗത്തില്‍ കരട് അവതരിപ്പിക്കും. സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആസ്​പത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന പനി നിയന്ത്രണ മാര്‍ഗങ്ങളില്‍ കേന്ദ്ര മെഡിക്കല്‍ സംഘവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാംപദ്ധതിയില്‍ സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് അനുവദിക്കുമ്പോള്‍ പാലക്കാട്ടായിരിക്കും സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രസംഘം വന്ന് പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച താനടക്കമുള്ളവര്‍ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയും മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബലും വിദേശത്തായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഐ.ഐ.ടി മലപ്പുറത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ രണ്ടത്താണി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്തിന് അതിനുള്ള അര്‍ഹതയുണ്ടെങ്കിലും പാലക്കാട്ടാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചി മെഡിക്കല്‍ സിറ്റി പരിഗണിക്കും

തിരുവനന്തപും: കൊച്ചിയില്‍ ആയിരം കോടി രൂപയുടെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റല്‍ സ്ഥാപിക്കാന്‍ ലഭിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ദേവ് ഉള്‍പ്പെടുന്ന കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം കിടക്കകളുള്ള അലോപ്പതി ആശുപത്രി, 50 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി, മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണിത്. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു.

മെഡിക്കല്‍ രംഗത്തെ ഏഴായിരം പേര്‍ക്ക് പ്രത്യക്ഷമായും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലാണ് മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്ന് വന്‍തോതില്‍ സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ച തടയുന്നതിനും നാട്ടിലും വിദേശത്തുമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ സിറ്റി സഹായകരമാകുമെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ. ബാബു, കെ.പി. മോഹനന്‍ എന്നിവരും മെഡിക്കല്‍ സിറ്റി ചെയര്‍മാന്‍ മോഹന്‍ തോമസ്, എം.ഡി. ഹസന്‍കുഞ്ഞ്, മാത്യു ഫ്രാന്‍സിസ്, മിബു ജോസ്, ജയ വി. ജയനാഥന്‍, പി. സെബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.

പെന്‍ഷന്‍ പ്രായം: തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തൊഴിലിന് കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. വര്‍ഷം 25,000 പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനാവുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകുമെന്നാണ് ആശങ്കയുള്ളത്. ഇതുകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.

സഭാസമ്മേളനം കഴിഞ്ഞാലുടന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. അതിന് പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തെ കര്‍മ പരിപാടി സര്‍ക്കാര്‍ അവതരിപ്പിക്കും. സേവനാവകാശ നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും അത് നിയമമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികാരമായാണ് എമര്‍ജിങ് കേരള എന്ന വ്യവസായ സംഗമം നടത്തുന്നത്. അത് കേരളത്തിന്റെ വികാരമായി കാണണം. പി.എം.എസ്.ജി.വൈ. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകളുടെ വീതി ആറു മീറ്ററായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളാണ് പ്രധാന മന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കരകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ റോഡ് നിര്‍മിക്കാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 120 യൂണിറ്റുവരെയുള്ളവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 200 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ഹൈകോടതി മേല്‍നോട്ടം ഏര്‍പ്പെടുത്തിയത് സര്‍ക്കാറിന്‍െറ സമ്മതത്തോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ മേല്‍നോട്ടം വേണമെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത് അഡ്വക്കറ്റ് ജനറലും സമ്മതിച്ചു. വിവാദങ്ങളുടെ പേരില്‍ ഇനിയും കേരളത്തിന് നഷ്ടമുണ്ടാകാന്‍ പാടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇപ്പോഴും കേസുമായി നടക്കുകയാണ്.പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും ഭരണം. ഇതിനായി ഏത് തിരുത്തലിനും തയാറാണ്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ല.വിരമിക്കലിലൂടെ ഒരു വര്‍ഷം 25000 ത്തോളം ഒഴിവുകളാണ് സര്‍ക്കാര്‍,അദ്ധ്യാപക മേഖലയിലുണ്ടാകുന്നത്.എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍,25 ലക്ഷത്തോളം യുവജനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണുള്ളത്. നിയമസഭാ സമ്മേളനം പിരിഞ്ഞതിന് ശേഷം സ്വാശ്രയ പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിന് ചര്‍ച്ച ആരംഭിക്കും.പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ എം.എ.ബേബിയുടേതടക്കം സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചിരുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍ തീരുമാനമുണ്ടാകും.120 യൂണിറ്റ് വരെയുള്ളവരെ ഒഴിവാക്കിയിരുന്നുവെന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡുകള്‍ക്ക് ആറ് മീറ്റര്‍ വീതി മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് റോഡ് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഇത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെയായി ഹഡ്കോയുമായി നിലനിന്നിരുന്ന തര്‍ക്കവും പരിഹരിച്ചു.പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച തര്‍ക്കവും തീര്‍ന്നു. ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്.ഒരു രൂപ അരി വിതരണം തുടങ്ങി. ബി.പി.എല്‍ വിഭാഗത്തിലെ 14.6 ലക്ഷം പേര്‍ക്കും 5.96 ലക്ഷം എ.എ.വൈ ക്കാര്‍ക്കും ഒരു രൂപക്ക് അരി നല്‍കുന്നുണ്ട്.രണ്ട് തവണ പെട്രോള്‍ വിലയും ഒരു തവണ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചപ്പോള്‍ അധിക നികുതി വേണ്ടെന്ന് വെച്ചതിലൂടെ 405 കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ജൈവകൃഷിയിലൂടെ കേരളത്തെ വിഷമുക്തമാക്കണം

തിരുവനന്തപുരം: ജൈവകൃഷിയിലൂടെ സംസ്ഥാനത്തെ വിഷവിമുക്തമാക്കണമെന്നും 'ജനശ്രീ'യ്ക്ക് അതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമ്പൂര്‍ണ ജൈവസംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ജനശ്രീ'യുടെ ശ്രമത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന 'ജൈവശ്രീ' ഉത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്തവര്‍ഷം മുതല്‍ ജൈവ കര്‍ഷക വനിതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനമായി. ഇന്ത്യയിലെതന്നെ നിലവിലുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ് തുകയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ 'ജൂസ്' സാഗര സര്‍വീസുമായി ചേര്‍ന്നാണ് 'ജനശ്രീ' അവാര്‍ഡ് നല്‍കുക. 1,11,111 രൂപയാണ് അവാര്‍ഡ് തുക.

ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപന്‍, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, 'ജൂസ്' ചെയര്‍മാന്‍ കൊല്ലം പണിക്കര്‍, ജനശ്രീ ജില്ലാ അധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വനിതാ കോഡ് ബില്‍ വിശദ പരിശോധനയ്ക്കുശേഷം മാത്രം


കൊച്ചി: വിശദ പരിശോധനയ്ക്കുശേഷം മാത്രമേ വനിതാ കോഡ് ബില്ലില്‍ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിയുന്നത്ര എല്ലാ വിഭാഗങ്ങളുടെയും അംഗീകാരത്തോടെ ബില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദമായിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് വിവാദമായത്.




CM TALK TO MEDIA

ഉന്നത വിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ പരിഹരിക്കണം

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നേരിടുന്ന പോരായ്മകള്‍ പരിഹരിച്ച്‌വേണം മുന്നോട്ട് പോകാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഎം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊഫ. ബാഹുദീന്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലഘട്ടത്തില്‍ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പക്ഷെ, ഇന്ന് ഈ മേഖലയില്‍ അഭിമാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം പൂര്‍ണവിജയത്തിലെത്തിക്കാന്‍ സാധിക്കൂ. വിദ്യാഭ്യാസ രംഗത്ത് ഇന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം തന്നെ താത്കാലികമാണ്- അദ്ദേഹം പറഞ്ഞു.

പിഎം ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 1000 ത്തോളം വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായത്. പിഎം ഫൗണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഹബീബ് ഏറ്റുവാങ്ങി.

ഫൗണ്ടേഷന്റെ 25-ാമത് അവാര്‍ഡ്ദാന ചടങ്ങാണ് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.