UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

ദുബൈ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസി മലയാളികള്‍ക്കും കേരള സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് പ്രവാസി സംഘടനകളും പ്രമുഖ പ്രവാസികളും സ്വീകരിച്ചത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗള്‍ഫ് മലയാളികള്‍ക്കുള്ള കേരള സര്‍ക്കാറിന്റെ പെരുന്നാള്‍-ഓണസമ്മാനമാണെന്ന് സംഘടനകള്‍ വിലയിരുത്തി.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ ഏറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന, സുപ്രധാന വിഷയത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മരുഭൂമിയിലെ പൊരിവെയിലില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത്, രോഗാവസ്ഥയിലാകുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ നടപടി.
എന്‍.ആര്‍.ഐ വകുപ്പ് വിപുലീകരിച്ച് കൂടുതല്‍ സജീവമാക്കുമെന്ന പ്രഖ്യാപനവും എംബസികളിലും കോണ്‍സുലേറ്റുകളിലും കൂടുതല്‍ മലയാളികളെ നിയോഗിക്കുമെന്ന പ്രഖ്യാപനവും പ്രവാസികള്‍ക്ക് ഇരട്ടി മധുരമായി.
അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച നടപടിയെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മേധാവിയും യുനൈറ്റഡ് ഇന്ത്യന്‍ എക്‌സ്‌പാട്രിയേറ്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ.പി. ഹുസൈന്‍ സ്വാഗതം ചെയ്തു. പെരുന്നാള്‍-ഓണ സമ്മാനമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. പ്രവാസികളും യു.ഡി.എഫ് സര്‍ക്കാറുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രഖ്യാപനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി പ്രവാസി ആവശ്യപ്പെടുന്ന പെന്‍ഷന്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നതും എല്ലാ എംബസികളിലും മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന പ്രഖ്യാപനവും സാധാരണക്കാരായ പ്രവാസികള്‍ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പ്രവാസി ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.എ.ഇ ഈസ്റ്റ് കോസ്റ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ആദ്യമായാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു പ്രവാസി അനുകൂല തീരുമാനമുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. പ്രവാസിയുടെ യാത്രാ പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് കെ.സി. അബൂബക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ അറിയിച്ചു. 55 വയസ്സ് കഴിഞ്ഞുവെന്ന ഒറ്റക്കാരണത്താല്‍ മാത്രം പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും മാറ്റിനിര്‍ത്തിയ പ്രതികൂല സാഹചര്യങ്ങളില്‍ നമുക്ക് വഴികാട്ടികളായ ആദ്യകാല പ്രവാസികള്‍ക്കുമേല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ സ്വാഗതം ചെയ്തു.
വിദേശ രാജ്യങ്ങളിലെ ജയിലില്‍ അകപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാന്‍ ലീഗല്‍ സെല്‍ രൂപവല്‍ക്കരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ പ്രസിഡന്റ് നൂറുദ്ദീന്‍ സ്വാഗതം ചെയ്തു. കാലങ്ങളായി അജ്ഞത മൂലം നിരപരാധികളായ നിരവധിയാളുകള്‍ ജയിലിലകപ്പെട്ടിട്ടുണ്ട്. കാലവിളംബം വരുത്താതെ ഇവരുടെ മോചനം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും നോര്‍ക്കയുടെ കീഴില്‍ ലീഗല്‍ സെല്‍ ആരംഭിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനത്തെ റാസല്‍ഖൈമ കേരള സമാജം ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പ്രവാസികളെ നൂലാമാലകളില്‍പ്പെടുത്താതെ ഇത് പ്രയോഗവല്‍ക്കരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് എ.കെ. സേതുനാഥും ജന. സെക്രട്ടറി ഒ.എം. ഷരീഫും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കോള്‍സെന്ററില്‍ ഒരുദിവസം 2.25 ലക്ഷം കോള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ വ്യാഴാഴ്ച ആരംഭിച്ച 24 മണിക്കൂര്‍ കോള്‍ സെന്ററില്‍ ഒരുദിവസമെത്തിയത് 2.25 ലക്ഷം കോളുകള്‍.
ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 4220 എണ്ണം സെന്ററില്‍ രേഖപ്പെടുത്തി.
മേല്‍നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു.
സംരംഭത്തിന് ആശംസഅര്‍പ്പിക്കാനായിരുന്നു ഏറെയും. വിദേശമലയാളികള്‍ എത്തിയതോടെ രാത്രിയും തിരക്കേറി.

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും


കോട്ടയം: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക്
കൃഷിചെയ്യാന്‍ സര്‍ക്കാര്‍ എല്ലാസഹായങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് നടന്ന ഭൂരേഖാവിതരണവും വിവിധ ധനസഹായ
വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ഭൂമി
അവര്‍ക്കുതന്നെ വിട്ടുകൊടുക്കാം. വിതരണംചെയ്യുന്ന മുഴുവന്‍ ഭൂമിക്കും
പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

85 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ
കണ്ടെത്തല്‍. എന്നാല്‍, 124 ഏക്കര്‍ കൈയേറിയതായി ആദിവാസികളും സംഘടനകളും
ചൂണ്ടിക്കാട്ടുന്നു. ഈ വൈരുധ്യം എങ്ങനെയുണ്ടായെന്നറിയാന്‍ രേഖകള്‍
പരിശോധിച്ചുവരികയാണ്. പരിശോധനയുടെ വിശദാംശങ്ങള്‍ ആദിവാസികളെയും സംഘടനകളെയും
ബോധ്യപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കി.



ആദിവാസികള്‍ക്ക് ആദായം ലഭിക്കുന്നതുസംബന്ധിച്ച് നിലവിലുള്ള
തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. കാറ്റാടി ടവറില്‍നിന്നുള്ള ആദായമാണ്
അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ തടസ്സംനില്‍ക്കില്ല.



ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോട്ടയം
ജില്ലയിലെ 560 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണവും നടന്നു.

കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍ - മുഖ്യമന്ത്രി


കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍ - മുഖ്യമന്ത്രി


മരട് (കൊച്ചി): കഴിഞ്ഞ കുറച്ചുകാലമായി കാര്‍ഷിക മേഖലയില്‍ കേരളം വളരെ പിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് റബ്ബര്‍കൃഷിയിലെ നാമമാത്രമായ നേട്ടം മാത്രമാണ് കേരളത്തിന് കൈവരിക്കാനായിട്ടുള്ളതെന്ന് തുറന്നു സമ്മതിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ രണ്ടാം ഹരിതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹരിതോത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മേളയാക്കി മാറ്റുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. തൃശ്ശൂര്‍, പൊന്നാനി മേഖലയിലെ കോള്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്നറിയാം

ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്നറിയാം
ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്ന്‌ സര്‍ക്കാരിന്‌ അറിയാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാന്ധിപാര്‍ക്കില്‍ പ്രതിവാര ഭാഗ്യക്കുറികള്‍ പുനരാരംഭിക്കുന്നതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനവും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റ്‌ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനപിന്തുണയോടെ ലോട്ടറി മാഫിയയെ തുരത്തി തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉള്‍പ്പെടുത്തിയാണ്‌ പുതിയ ലോട്ടറി പദ്ധതി ആവിഷ്‌കരിക്കുന്നത്‌. മാന്യതയുടെ മുഖമാണ്‌ പുതിയ പദ്ധതി, ചൂഷണം അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു. യൂണിയന്‍ നേതാക്കളും രാഷ്‌ട്രീയത്തിനതീതമായി സഹകരിക്കുന്നതിനാല്‍ ഈ പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന്‌ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ കഷ്‌ടത അനുഭവിക്കുന്ന ജനതയെ സഹായിക്കാനാണ്‌ ഈ പദ്ധതി. ഹൃദ്‌രോഗികള്‍, വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക്‌ ലോട്ടറി മുഖേന സര്‍ക്കാരിന്‌ ലഭിക്കുന്ന ലാഭത്തില്‍നിന്ന്‌ സഹായം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക്‌ പെന്‍ഷന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അറുപതു വയസ്സുകഴിഞ്ഞ പ്രവാസികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നായിരിക്കും പെന്‍ഷന്‍ നല്‍കുക. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചെത്തുന്ന എല്ലാവരെയും ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേസുകളില്‍പെട്ട്‌ ജയലില്‍ കഴിയുന്ന മലയാളികള്‍ക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്ക യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മറ്റുള്ളവര്‍ പറയുന്നതിലെ ശരി മനസ്സിലാക്കാന്‍ ജന്രപതിനിധിക്കാകണം

എത്ര ഉന്നതപദവിയിലെത്തിയാലും എല്ലാം തികഞ്ഞുവെന്ന് ധരിച്ചാല്‍ അത് പരാജയത്തിന്റെ തുടക്കമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സാമാജികര്‍ക്കുള്ള ത്രിദിന ഓറിയന്‍േറഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25ഉം 50ഉം വര്‍ഷം മുമ്പുള്ള കാഴ്ചപ്പാടല്ല ജനങ്ങള്‍ക്ക് ഇന്നുള്ളത്. അതിനാല്‍ പലകാര്യങ്ങളും ജനപ്രതിനിധികള്‍ മനസ്സിലാക്കിയേ മതിയാകൂ. എല്ലാകാര്യങ്ങളിലും ജനപ്രതിനിധിയുടെ ഇടപെടല്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്തുപഠിക്കാനെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. അനുഭവസമ്പത്തുള്ളവരാണെങ്കിലും എല്ലാകാര്യങ്ങളിലും ജനപ്രതിനിധികള്‍ വിദഗ്ദരല്ല. മറ്റുള്ളവര്‍ പറയുന്നത് ഉള്‍ക്കൊള്ളാനും അതിലെ ശരികള്‍ മനസ്സിലാക്കാനും നാം തയാറാകണം.

ജനത്തിന്റെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നത് പ്രയാസകരമാണ്. എങ്കിലും അവര്‍ക്കൊപ്പം നിന്ന് കഴിയുന്നത്ര പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു. സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വാഗതവും ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ നന്ദിയും പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമംനിര്‍മിക്കും

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നുകയറ്റം തടയുന്നതിന് നിയമം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന മാധ്യമ അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റേത് മേഖലയേക്കാളും കടുത്ത മല്‍സരമാണ് മാധ്യമരംഗം നേരിടുന്നത്. മല്‍സരം മികവ് തെളിയിക്കാനുള്ള അവസരമായി മാറുന്നത് നല്ലവശമാണ്. എന്നാല്‍ മല്‍സരത്തിനിടെ യാഥാര്‍ഥ്യവും സത്യവും പിറകോട്ടുപോകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.

അടുത്തതവണ മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അവാര്‍ഡിന് പരിഗണിക്കും. പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അവാര്‍ഡുകാര്‍ക്ക് ഇത്തവണ മുതല്‍ 5,000 രൂപ കൂടി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം


മരണത്തിലേക്ക് അടുക്കുമ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്ന ബസിലെ മുഴുവന്‍
യാത്രക്കാരെയും രക്ഷിച്ച കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ഡ്രൈവര്‍
സുരേഷ്‌കുമാറിന് ജീവന്‍രക്ഷാ പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍
ശിപാര്‍ശചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തനംതുടങ്ങിയ മുഖ്യമന്ത്രിയുടെ
ഓഫിസിലെ കോള്‍സെന്ററിലേക്ക് ആദ്യവിളി സുരേഷ്‌കുമാറിന്റെ മകന്‍
അനീഷിന്‍േറതായിരുന്നു. ഇങ്ങേ തലയ്ക്കല്‍ ഫോണ്‍ എടുത്തത് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും.

പാപ്പനംകോട് ഡിപ്പോയിലെ എം. പാനല്‍ ഡ്രൈവറായ സുരേഷ്‌കുമാര്‍
ബസോടിക്കവെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. അപകടകരമായ റോഡില്‍ ബസ്
സുരക്ഷിതമായി നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും രക്ഷിച്ച ശേഷം അദ്ദേഹം
മരണത്തിന് കീഴടങ്ങുകയായിരുന്നു.


അനീഷ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം അച്ഛന് ജീവന്‍
രക്ഷിച്ചതിനുള്ള പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട്
നിവേദനംനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. ഉടന്‍തന്നെ
മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ വിളിച്ച് ഫയലിലെ
വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം വ്യാഴാഴ്ച തന്നെ പുരസ്‌കാരം നല്‍കാന്‍
കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കുമെന്നറിയിച്ചു.
മക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് ജോലി നല്‍കുന്നത് പരിഗണിക്കുമെന്നും
മുഖ്യമന്ത്രി വാഗ്ദാനം നല്‍കി.


സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോള്‍ സെന്റര്‍
ഒരുക്കിയിരിക്കുന്നത്. മൂന്ന് ഷിഫ്റ്റില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍
പ്രവര്‍ത്തിക്കും. പരാതിലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഇടക്കാല മറുപടി
സെക്ഷന്‍ ഓഫിസര്‍ക്ക് നല്‍കണം. നല്‍കിയില്ലെങ്കില്‍ അഞ്ച് ദിവസം
കഴിയുമ്പോള്‍ വകുപ്പുതലവന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കും. പത്ത് ദിവസം
കഴിഞ്ഞാല്‍ വകുപ്പ് സെക്രട്ടറിക്കും 14ാം ദിവസം വകുപ്പ് മന്ത്രിക്കും 15ാം
ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിലും അറിയിപ്പ് കിട്ടും.16 ജീവനക്കാരെ ഇതിനായി
നിയോഗിച്ചു.


കോള്‍ സെന്ററിലേക്ക് ബി.എസ്.എന്‍.എല്‍ ഫോണില്‍ നിന്ന് 1076 എന്ന
നമ്പറിലും മറ്റ് ഫോണുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പറിലും
വിളിക്കാം. ഏഴ് കോള്‍ വരെ ഒരേ സമയം അറ്റന്‍ഡ് ചെയ്യാനാകും. കോള്‍ വന്നാല്‍
ഓപറേറ്റര്‍ അറ്റന്‍ഡ് ചെയ്ത് അതിന്റെ സംഗ്രഹം കമ്പ്യൂട്ടറില്‍
രേഖപ്പെടുത്തി സെക്ഷന്‍ ഓഫിസര്‍ക്ക് കൈമാറും. പരാതിക്കാരന് അപ്പോള്‍
നേരിട്ടും എസ്.എം.എസ് വഴിയും ഒരു ഡോക്കറ്റ് നമ്പര്‍ ലഭിക്കും.പരാതി വകുപ്പ്
മന്ത്രി, വകുപ്പ് സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ ഓഫിസര്‍ എന്നീ അഞ്ച്
തലത്തില്‍ പോകും. സെക്ഷന്‍ ഓഫിസര്‍ ബന്ധപ്പെട്ട പരാതി ബന്ധപ്പെട്ട
ഓഫിസര്‍മാര്‍ക്ക് നല്‍കും.


പരാതി സംബന്ധിച്ച അന്തിമ തീരുമാനം എസ്.എം.എസായി പരാതിക്കാരന് നല്‍കും.
ഇതിനിടെ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരന് ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച്
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റായ www.keralacm.gov.in എന്ന സൈറ്റില്‍ നിന്ന് വിവരങ്ങള്‍ അറിയാനാകും.


കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്,
വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്,
എം.എല്‍.എമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ 24x7 കോള്‍ സെന്റര്‍ ഇന്നു മുതല്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ 24x7 കോള്‍ സെന്റര്‍ ഇന്നു മുതല്‍




മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
ഓഫീസ് വ്യാഴാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 24x7 കോള്‍
സെന്റര്‍ രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതികളും
നിര്‍ദേശങ്ങളും അറിയിക്കാം.



പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും
മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം.
വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.
www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം.



വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം
പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.
മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.