UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Showing posts with label youth. Show all posts
Showing posts with label youth. Show all posts

Sunday, February 21, 2021

‘ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരത, ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല’

 


പിഎസ് സിയുടെ പുതിയ ഭ്രാന്തന്‍ പരിഷ്‌കാരം  തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ  വെട്ടിനിരത്തും.  ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ നടപടി വരുംതലമുറയോടു കാട്ടുന്ന കൊടുംക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി.

പിഎസ് സി പരീക്ഷയെഴുതാന്‍  കണ്‍ഫര്‍മേഷന്‍ (അനുമതി) വേണമെന്ന വ്യവസ്ഥയും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ പാസാകണമെന്ന നിബന്ധനയുമാണ് ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്.

എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കുള്ള  പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയ്ക്ക് ഇത്തവണ 24 ലക്ഷം പേരാണ് അപേക്ഷിച്ചത്.  പരീക്ഷയെഴുതാനായി കണ്‍ഫര്‍മേഷന്‍ (അനുമതി) ലഭിച്ചത് 16 ലക്ഷം പേര്‍ക്ക് മാത്രമാണ്. പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ അപേക്ഷനല്‍കിയവരില്‍ 8 ലക്ഷത്തിലധികം പേര്‍  സെലക്ഷന്‍ പ്രക്രിയയില്‍ നിന്നും പുറത്തായി. 2018ല്‍ ആരംഭിച്ച ഈ പരിഷ്‌കാരം മൂലം തൊഴില്‍രഹിതരായ 8 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന സ്വപ്നമാണ് പിഎസ് സി ഒറ്റയടിക്ക് ഇല്ലതായത്.

പി.എസ്.സി. മുഖാന്തിരം ജോലി ലഭിക്കുന്നതിനായി പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്താന്‍ തീരുമാനിച്ചതാണ്  മറ്റൊരു  നടപടി.  ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളുടെ നിയമനത്തിനായി ആദ്യഘട്ടത്തില്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്തി അതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് അതതു തസ്തികകളില്‍ പരീക്ഷയെഴുതാനും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനും ഇനി മുതല്‍ കഴിയൂ.  സ്‌ക്രീനിംഗില്‍ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുപോകും. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ 3-5 വരെ വര്‍ഷം വൈകാന്‍ ഇടയുള്ളതിനാല്‍ അത്രയും കാലം ഇവര്‍ക്ക് മറ്റൊരു പരീക്ഷയില്‍ പങ്കെടുക്കാനാവില്ല.

191 തസ്തികളിലേക്കുള്ള പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  2021 ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലാണ്. ആദ്യത്തെ പരീക്ഷ ഇന്നു കഴിഞ്ഞു. ഒരു ദിവസം 4 ലക്ഷം പേര്‍ എന്ന നിലയില്‍ 4 ദിവസങ്ങളിലായാണ്  പരീക്ഷ.

അപേക്ഷ നല്‍കുന്നവരെയെല്ലാം പരീക്ഷയില്‍ പങ്കെടുപ്പിച്ചിരുന്ന പി.എസ്.സിയുടെ നയമാണ് ഇപ്പോള്‍ തലതിരിഞ്ഞത്. കോവിഡ് മഹാമാരിയും സര്‍ക്കാരിന്റെ ബന്ധുനിയമനവും താത്ക്കാലിക നിയമനവും മറ്റും മൂലം അനേകായിരം പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും  അവര്‍ തെരുവുകളില്‍ സമരം നടത്തുകയുമാണ്. അതിനിടയിലാണ് 8 ലക്ഷം പേരെ വഴിയാധാരമാക്കിയ ഈ നടപടി. ഇനിയുള്ള എല്ലാ പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താന്‍ പോകുന്നത്. ഇതു സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടും.

റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ (റൂള്‍ 2 എ) ഭേദഗതി വരുത്തിയാണ്  സ്‌ക്രീനംഗ് പരീക്ഷ  നടത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തീരുമാനിച്ചത്. കാര്യമായ ചര്‍ച്ചയോ കൂടിയാലോചനയോ അഭിപ്രായ സമന്വയമോ കൂടാതെ കൈക്കൊണ്ടതാണ് ഈ തീരുമാനം.

അതീവ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ ഈ പുതിയ സമ്പ്രദായം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ  ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷം മാത്രമേ തുടര്‍ന്ന നടപടികളുമായി പിഎസ് സി മുന്നോട്ടുപോകാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയെ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകള്‍ ചുവടെ ചേര്‍ക്കുന്നു.

1. നാലു ഘട്ടങ്ങളില്‍ നടക്കുന്ന പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷയില്‍   ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍  പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഇതേ പരീക്ഷയുടെ ഒരു ഘട്ടത്തിലും   പങ്കെടുക്കാനാവില്ല.  

2. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ  3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലാണ് നടക്കാന്‍ സാധ്യതയുള്ളത്. അവസരം നഷ്ടപ്പെട്ടവര്‍ ഇത്രയും കാലം കാത്തിരിക്കണം. അപ്പോഴേക്കും പലര്‍ക്കും പ്രായപരിധി കവിഞ്ഞുപോകും.

3. നാലു ഘട്ടങ്ങളിലെ പരീക്ഷയ്ക്കും പ്രത്യേക ചോദ്യപേപ്പര്‍ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാഫലം എന്തായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.

4. വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയായതിനാല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയത്തില്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തേണ്ടതാണ്.  അതുണ്ടാകുമോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനായി നടത്തിയ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ (സ്ട്രീം 3) പരീക്ഷ വ്യത്യസ്ത തീയതികളില്‍ വെവ്വേറെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയെങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്റ്റാന്‍ഡര്‍ഡൈസേഷന്‍  നടത്തിയിട്ടില്ല.

5. എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രാഥമിക പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ അതതു തസ്തികകളില്‍ നടക്കുന്ന തുടര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍  അവസരം ലഭിക്കും.  റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഇടം പിടിക്കാനുള്ള  സാധ്യതയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ  മാത്രമേ ഓരോ റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളു. ഒരേ ഉദ്യോഗാര്‍ത്ഥിയെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്യേണ്ടി വരും. എന്നാല്‍ ഒരിടത്തു മാത്രമാണ് ഒരാള്‍ ജോലിയില്‍ പ്രവേശിക്കുക. മറ്റ് ഒഴിവുകളിലേക്ക് വീണ്ടും  നിയമനം നടത്തേണ്ടി വരും.  തന്മൂലം കാലാവധി തികയ്ക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകള്‍ തീരാന്‍  സാധ്യതയുമുണ്ട്. നിയമന ശിപാര്‍ശ ചെയ്തവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഇതു സഹായിക്കുമെങ്കിലും ജോലി കിട്ടിയവരുടെ എണ്ണം കുറവായിരിക്കും.

6. പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് അടുത്ത 3- 5 വര്‍ഷം ഒരു തസ്തികയില്‍ അപേക്ഷിക്കാനോ, ജോലി നേടാനോ സാധിക്കില്ല. ഇത് വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും വിജയിച്ച് ജോലി നേടാനുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ നിഷേധമാണ്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നേടാനുള്ള പരീക്ഷകളടക്കമുള്ള സെലക്ഷന്‍ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവസര സമത്വം നിഷേധിക്കരുത് എന്ന് പരമോന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.  

7. എലിമിനേഷന്‍ പ്രോസസ്സിന് വേണ്ടിയാണ് പരീക്ഷയെന്ന് വാദിച്ചാല്‍പ്പോലും സ്‌ക്രീനിംഗ് ടെസ്റ്റിന് ശേഷം അതത് തസ്തികകള്‍ക്കായി പ്രത്യേക പരീക്ഷകൂടി നടത്തുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഈ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത് എന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരം നല്‍കാന്‍ പി.എസ്.സി.ക്ക് കഴിയുന്നില്ല.

8. എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായ നിരവധി സാങ്കേതിക തസ്തികകളുണ്ട്.  സാങ്കേതിക മികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക പരീക്ഷയില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്ന സാങ്കേതിക മികവ് കുറഞ്ഞവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യാം.  

ഓരോ തസ്തികകള്‍ക്കും വ്യത്യസ്തമായ നിയമനചട്ടങ്ങള്‍ നിലവിലുള്ളതിനാലും ഇത്തരം നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാലും ഏകീകൃത പരീക്ഷ നടത്തുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. സ്‌പെഷ്യല്‍ റൂളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാത്രം ജോലി ലഭിക്കുമെന്ന സാഹചര്യമുണ്ടായാല്‍ അത്  നിയമപോരാട്ടങ്ങള്‍ക്ക് വേദിയാകും.  നിലവിലുള്ള ഒഴിവുകള്‍ പോലും നികത്താന്‍ സാധിക്കാത്ത വിധം കോടതി ഇടപെടലുകള്‍ക്ക് വഴിയൊരുക്കും.    

റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുകയും പിന്‍വാതില്‍ നിയമനത്തിലൂടെ നിലവിലുള്ള തൊഴിലവസരങ്ങള്‍ ബന്ധുമിത്രാദികള്‍ക്ക്  മാറ്റിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന്  പ്രക്ഷുബ്ധരായ  യുവതി-യുവാക്കളെ വീണ്ടും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടുന്നതാണ് പുതിയ പരിഷ്‌കാരം. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അനാവശ്യമായി നടത്തുന്ന പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Thursday, February 18, 2021

റാങ്ക് ലിസ്റ്റുകള്‍ നീട്ടിയില്ല ; ഇടതുസർക്കാർ 350 പേരുടെ ജോലി നഷ്ടപ്പെടുത്തി


ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക്  ജോലി ലഭിക്കുമായിരുന്നു. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്.  നൂറുകണക്കിനു ചെറുപ്പക്കാരുടെ ജോലികള്‍ നഷ്ടപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.  മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴു പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.

പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ്  ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.  മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.

പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് മൂന്നു മാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരു വര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും  പ്രശ്‌നം പരിഹരിക്കണം.

കാലാവധി കഴിഞ്ഞ 133 പി എസ് സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും പുറത്തുവിട്ടു.

Tuesday, February 16, 2021

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.

 


സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്.  ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.  

നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍  ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി.  അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും

Tuesday, February 23, 2016

കേന്ദ്രത്തിന് പ്രതികാര മനോഭാവം


ന്യൂഡൽഹി: ജെ​എൻ​യു വിദ്യാർഥികളോട് പ്രതികാര മനോഭാവത്തോടെയാണു കേന്ദ്രസർക്കാർ പെരുമാറുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ യൂണിവേഴ്​സിറ്റിയെ അപ്പാടെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

പട്യാല ഹൗസ് കോടതിയിൽ നടന്ന അക്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്തതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സമരത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.

Sunday, February 21, 2016

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sunday, September 13, 2015

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


Sunday, August 16, 2015

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി


തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങി വെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനസംഖ്യയിൽ 65% ത്തോളം വരുന്ന യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മെ ജ്വലിപ്പിച്ചു കൊണ്ടിരിക്കും. യുവാക്കളുടെ ആശയങ്ങൾ വ്യവസായങ്ങൾ ആക്കി മാറ്റുന്നതിന് ഡോ. എ. പി. ജെ. അബ്ദുൾ കലാം യൂത്ത് ചലഞ്ച് എന്ന പേരിൽ ഒരു പതിയ പദ്ധതി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ആരംഭിക്കുന്നതാണ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്ന യുവാക്കൾക്കോ അവരുടെ സംഘങ്ങൾക്കോ ഇതിൽ പങ്കു ചേരാം. ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 സംഘങ്ങൾക്ക് വർഷം തോറും അഞ്ചു ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ഒരു വർഷം കഴിഞ്ഞ് ഏറ്റവും മികച്ച ആശയം ഇവയിൽ നിന്ന് വ്യവസായം ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപയും നൽകുന്നതാണ്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും തുടങ്ങിയെടുക്കുന്ന പദ്ധതിയായി ഇത് മാറും. ‪

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

Sunday, August 9, 2015

പെരുവള്ളൂര്‍ ഇനി ലഹരിവിമുക്തപഞ്ചായത്ത്‌


തേഞ്ഞിപ്പലം: പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരിവിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ലഹരിവിമുക്തമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും മലബാര്‍ മേഖലയില്‍ ആദ്യത്തേതുമായ പഞ്ചായത്താണ് പെരുവള്ളൂര്‍.

ലോകത്തിനുതന്നെ മാതൃകയായ ജനസമൂഹമായി പെരുവള്ളൂരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.

പെരുവള്ളൂരിനെ ലഹരിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി വിതരണംചെയ്തു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പഞ്ചായത്തില്‍ ലഹരിവിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണവും ഗൃഹസമ്പര്‍ക്കവും പ്രദര്‍ശനവും സംഘടിപ്പിച്ചു. 

പെരുവള്ളൂരിനെ കഴിഞ്ഞമാസം സമ്പൂര്‍ണ അഴിമതിരഹിത പഞ്ചായത്തായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

Sunday, July 12, 2015

ദൃഢനിശ്ചയം കേരളത്തെ മുന്‍നിരയില്‍ എത്തിച്ചു


രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍ തുറന്നു 

കൊല്ലം: മുമ്പില്ലാതിരുന്ന ദൃഢനിശ്ചയം കൈവരിച്ചപ്പോള്‍ കേരളം മാറ്റങ്ങളിലൂടെ മുന്നേറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ കേരളം ഡിജിറ്റല്‍ കേരളമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ നൈപുണ്യവികസന കേന്ദ്രമായ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ചവറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കേരളം മുമ്പന്തിയിലെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എങ്ങനെയാവണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 

സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ നാം മുന്നിലായി. ലോകത്ത് എവിടെ കലാപമുണ്ടായാലും ആദ്യം നിലവിളി ഉയരുന്നത് കേരളത്തിലാണ്. നമ്മുടെ ഉദ്യോഗാര്‍ഥകള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കാന്‍ അതുകൊണ്ട് നമുക്ക് സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിരുചി അറിഞ്ഞുള്ള പരിശീലനത്തിന് കൗശല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ മികവ് നല്‍കാന്‍ കൗശല്‍ കേന്ദ്രങ്ങള്‍


നാല് മേഖലകളിലായാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. ഉദ്യോഗാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, പുതു തലമുറയില്‍ വായനശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ മികച്ച ലൈബ്രറികളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നിവ ഒരു കുടക്കീഴില്‍ കൗശല്‍ കേന്ദ്രയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ യുവാക്കളെ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തും. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടു.


Monday, April 20, 2015

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്


 സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യരഹിത കേരളത്തിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുബോധം' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ 'സുബോധ'ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. 

Thursday, March 5, 2015

പി.എസ്.സി. സെക്രട്ടറി: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ഗവര്‍ണര്‍ക്ക് തീരുമാനിക്കാം


 പി.എസ്.സി. സെക്രട്ടറി നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് രണ്ട് തവണ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. പക്ഷേ, സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട നിലപാടില്‍ മാറ്റംവരുത്തേണ്ടെന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതേസമയം, തെറ്റുപറ്റിയെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ചെയര്‍മാന്‍മാത്രം വ്യത്യസ്ത നിലപാടാണല്ലോ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഒരാള്‍ അങ്ങനെനിന്നാല്‍ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംവരണം:നിലവിലുള്ളസ്ഥിതി തുടരും


പി.എസ്.സി. വഴി പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ നടന്ന നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

Sunday, February 22, 2015

സംസ്ഥാനത്ത് നിയമന നിരോധമില്ലസംസ്ഥാനത്ത് നിയമന നിരോധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു തസ്തികപോലും ഒഴിഞ്ഞുകിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കാലാവധി കഴിയുന്ന പി.എസ്.സി. ലിസ്റ്റിനു പകരും ലിസ്റ്റില്ലെങ്കില്‍ ലിസ്റ്റിനു കാലാവധി നീട്ടികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ നാലു കൊല്ലം തികയ്ക്കുന്ന വേളയില്‍ 121000 ജീവനക്കാരെയും അധ്യാപകരെയും പി.എസ്.സി. വഴി നിയമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെക്കാള്‍ 21,000 അധികമാണിത്. ജീവനക്കാരുടെ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് ഉന്നയിക്കുന്ന നിയമന നിരോധനം പൊള്ളയായ രാഷ്ട്രീയ മുദ്രവാക്യം മാത്രമാണ്. 

Saturday, February 14, 2015

ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. റണ്‍ കരള റണ്‍ ദേശീയ ഗെയിംസിന് നല്‍കിയത് വന്‍ ആവേശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഒളിംപിക് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കും. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളജും കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Wednesday, January 21, 2015

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.

സച്ചിന് പ്രത്യേക നന്ദിദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്‌. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ്‌ സച്ചിന്‍ ഇതിനു സമ്മതിച്ചത്‌. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചു അതിന്‌ അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ട്. 

Thank you Sachin. You played a major role in making the National Games popular. Sachin Tendulkar became the goodwill ambassador of the games, taking into account the importance of National Games. 

Sunday, January 4, 2015

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കും


ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വരാപ്പുഴ: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്ന യോഗത്തില്‍ പ്രതിപക്ഷവും പങ്കെടുത്തതാണ്. അപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗെയിംസിന്റെ മുഖ്യ ചുമതലക്കാരനായ ജേക്കബ് പുന്നൂസ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്നും മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Wednesday, November 26, 2014

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃക

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണ്

യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട്‌ കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഒരു രാജ്യത്തെ ചെറുപ്പക്കാര്‍ അച്ചടക്കമുള്ളവരും രാജ്യത്തോട്‌ കൂറുള്ളവരുമാകണം. രാജ്യത്തിന്റെ ഭാവിക്ക്‌ പ്രധാനം ഇതാണ്‌. സ്വാതന്ത്ര്യം കിട്ടിയശേഷം വലിയ പ്രാധാന്യം നല്‍കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപംകൊടുത്ത എന്‍.സി.സി. പ്രസ്ഥാനം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ആശാകേന്ദ്രമായി മാറിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ എന്‍.സി.സിക്ക്‌ എല്ലാ പിന്തുണയും നല്‍കും. 

കട്ടപ്പനയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ എന്‍.സി.സി.ക്കായി സ്ഥലം കണ്ടെത്തി നല്‍കുകയും 32 കോടി രൂപയുടെ നിര്‍മ്മാണാനുമതി ഇതിനോടകം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ എന്‍.സി.സി. അര്‍ഹിക്കുന്ന പരിഗണന തന്നെയാണ്‌ -മുഖ്യമന്ത്രി പറഞ്ഞു. 

ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ച അനസിന്റെ വീട്‌ 28-ാം തീയതി സന്ദര്‍ശിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്‌ എന്തുചെയ്യാനാകുമെന്ന കാര്യം അനസിന്റെ മാതാപിതാക്കളുമായി ആലോചിച്ച്‌ തീരുമാനിക്കും. സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍.സി.സി. നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിന്‌ ശേഷം 1949-ല്‍ ഒന്നാം ട്രാവന്‍കൂര്‍ കൊച്ചിന്‍ ബറ്റാലിയന്‍ എന്‍.സി.സി.എന്നാണ്‌ എന്‍.സി.സിയെ അറിയപ്പെട്ടിരുന്നത്‌. ആ കാലഘട്ടത്തിലെ കേഡറ്റും ഇന്ത്യന്‍ ആര്‍മിയില്‍ എമര്‍ജന്‍സി കമ്മീഷനിലൂടെ പ്രവേശനം ലഭിച്ച 87 വയസ്സുള്ള ക്യാപ്‌റ്റന്‍ തോമസ്‌ മിരാന്തയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. 2014-ല്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കേഡറ്റുകള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനദാനവും നടത്തി.

നേവല്‍ കേഡറ്റുകള്‍ നിര്‍മ്മിച്ച ഷിപ്പ്‌ മോഡലുകളും, എയര്‍ വിംഗ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ച മൈക്രോ ലൈറ്റിന്റെ മോഡലുകളും, ആര്‍മി വിംഗിന്റെ മോഡലുകളും, സ്റ്റാളുകളും, ഫ്‌ളാഗ്‌ ഏരിയായും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 2015 ജനുവരി 26-ന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള കേഡുറ്റുകളുടെ കലാ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ കേഡറ്റുകള്‍ മുഖ്യമന്ത്രിക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.Thursday, November 20, 2014

യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍


യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റര്‍പ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംരംഭകര്‍ കേരളത്തിന്റെ മണ്ണില്‍ വിജയം നേടണം. ഇതിനായി ഇവര്‍ക്ക് ആവശ്യമുള്ള സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കും. പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പലരും വിജയം നേടുന്നത്. നമ്മുടെ യുവാക്കള്‍ മറുനാട്ടില്‍ പോയാണ് ജീവിക്കുന്നത്. ഇവരെ ഇവിടെത്തന്നെ നിലനിര്‍ത്തണം- അദ്ദേഹം പറഞ്ഞു.


Friday, October 10, 2014

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു-മുഖ്യമന്ത്രി

 

തിരുവനന്തപുരം: പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍രഹിതരായ യുവാക്കളുടെ വികാരം ഉള്‍ക്കൊണ്ടാണ് ഈ നയം.

25,000 മുതല്‍ 35,000 വരെ ഒഴിവുകള്‍ മാത്രമാണ് ഒരുവര്‍ഷം കേരളത്തിലുണ്ടാകുന്നത്. പക്ഷേ, പി.എസ്.സി. വഴിമാത്രം 25 ലക്ഷത്തോളം പേരാണ് ജോലിക്ക് അപേക്ഷിക്കുന്നത്. ഇത് കേരളത്തിലെ പ്രത്യേക സാഹചര്യമാണ്. ഇത് ഉള്‍ക്കൊള്ളാതിരിക്കാനാകില്ല. ഇതിന് മുമ്പ് പെന്‍ഷന്‍ പ്രായം കൂട്ടിയത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്.

പക്ഷേ, ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഭരണകാലത്ത് വെള്ളക്കരം ഇരട്ടിയാക്കിയ ഇടതുമുന്നണിക്ക് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഇടതുമുന്നണി ശുചിത്വത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലകാര്യം ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.